ധനമന്ത്രി കഴിഞ്ഞ ജൂലൈ 23ാം തീയതി പുതിയ ബഡ്ജറ്റ് അവതരിപ്പിച്ചു. ഈ ബഡ്ജറ്റില്‍ പല മേഖലകളിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. ഇതില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഘടകമാണ് ഡയറക്ട് ടാക്സ് അഥവാ പ്രത്യക്ഷ നികുതി. ഇതില്‍ പ്രധാനമാണ് നികുതി കണക്കാക്കുന്ന ടാക്സ് സ്ലാബ്. 2020ലെ ബഡ്ജറ്റില്‍ ആണ് രണ്ട് രീതിയില്‍ നികുതി കണക്കാക്കുന്ന നിര്‍ദ്ദേശം വരുന്നത്. തുടര്‍ന്നുള്ള ബജറ്റുകളില്‍ പുതിയ രീതിയില്‍ നികുതി കണക്കാക്കുന്നതിന് കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നതാണ് കണ്ടത്. ഭവന വായ്പ, ഇന്‍ഷുറന്‍സുകള്‍ പോലുള്ള മിക്ക കാര്യങ്ങളും പലരും നികുതിയിളവ് മുന്നില്‍കണ്ട് എടുത്തവയാണ്. ഇവയുടെ കാലാവധി 10 മുതല്‍ 20 വരെയോ അതില്‍ കൂടുതലോ ആയിരിക്കും. അതുകൊണ്ടുതന്നെ പെട്ടെന്ന് പഴയ രീതിയിലുള്ള നികുതി കണക്കാക്കുന്നത് നിര്‍ത്താന്‍ സാധിക്കുകയില്ലെങ്കിലും കാലക്രമേണ പുതിയ നികുതി ഘടന കൂടുതല്‍ മെച്ചമായി വരികയും എല്ലാവരും പുതിയ രീതിയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടാകാനുമാണ് സാധ്യത. നിലവില്‍ രണ്ട് രീതിയിലുള്ള നികുതി കണക്കാക്കുന്നത് കൊണ്ട് തന്നെ ഇതില്‍ ഏത് തിരഞ്ഞെടുക്കണം എന്ന് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.
നേരത്തെ സൂചിപ്പിച്ചതുപോലെ പുതിയ രീതിയിലുള്ള നികുതി ഘടനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കൊണ്ട് തന്നെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഈ രീതി കൂടുതല്‍ ആകര്‍ഷകമായി വരുന്നുണ്ട്. നികുതി ഘടനയില്‍ മാറ്റം വരുത്തിയത് പോലെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തിയത് കൊണ്ട് തന്നെ 25,000 രൂപയുടെ വരുമാനം നികുതിയിളവ് ലഭിച്ചു എന്നു തന്നെ പറയാം. ഇത് പ്രകാരം 7,75,000 രൂപ വരെ വരുമാനം ഉള്ളവര്‍ നികുതി അടയ്ക്കേണ്ട. എന്നാല്‍ പഴയ രീതിയില്‍ ഉള്ളവര്‍ 59,800 രൂപ നികുതി അടയ്ക്കേണ്ടി വരും. ഇനി ഒന്നരലക്ഷം രൂപയുടെ 80ര ഇളവ് മുഴുവനായി എടുത്താലും 28,600 രൂപ നികുതി അടയ്ക്കണം.
പുതിയ രീതിയിലെ നികുതി ഘടനയിലെ പരിഷ്കാരമാണ് അടുത്തത്.
ഇതില്‍ 10 ലക്ഷം രൂപ വരെയുള്ള നികുതി ഘടന മാത്രമാണ് മാറിയിരിക്കുന്നത്. അതിനുമുകളില്‍ പഴയ അനുപാതത്തില്‍ തന്നെയാണ് നികുതി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന വരുമാനം ഉള്ള ആളുകള്‍ക്ക് പരമാവധി ലഭിക്കുന്ന നികുതിയിളവ് 17,500 രൂപ ആയിരിക്കും.
എല്ലാത്തരം നികുതി ഇളവ് എടുക്കാന്‍ സാധിക്കുന്ന ഒരാളെ സംബന്ധിച്ച് പഴയ രീതിയിലുള്ള നികുതി ആയിരിക്കും നല്ലത്. എന്നാല്‍ ഇത് നികുതി കണക്കാക്കി തന്നെ ഉറപ്പുവരുത്തേണ്ട ഘടകമാണ്. ഭവന വായ്പ രണ്ട് ലക്ഷം, 80സി ഒന്നരലക്ഷം, എന്‍പിഎസ് 50,000 ചേര്‍ത്ത് 4 ലക്ഷം രൂപയുടെ ഇളവ് എടുക്കാന്‍ പറ്റുന്ന ആള്‍ക്ക് 14.75 ലക്ഷം രൂപ വരെ പഴയ രീതിയിലുള്ള നികുതി കണക്കാക്കുന്നതാവും ലാഭകരം.
First published in Mangalam