മിന്നുന്ന നേട്ടം പ്രതീക്ഷിക്കേണ്ട: മുന്നേറ്റത്തിന് സാധ്യത ഈ മേഖലകളില്‍

0
1602
2024 market outlook
This is a set of commercial illustrations, easy to modify, infinitely magnified

ഇന്ത്യന്‍ ഓഹരി വിപണി 2025 സാമ്പത്തിക വര്‍ഷം മിന്നുന്ന നേട്ടം കൈവരിക്കില്ല എന്നതു സത്യമാണ്. എങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷമായുള്ള ഗതിവേഗം നില നിര്‍ത്താനാണ് സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വളരുന്ന വ്യവസായങ്ങള്‍ നാടിനെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ മുന്‍ നിരയിലേക്കാനയിക്കുകയാണ്.

2025 സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ വിപണി വിവിധ വെല്ലുവിളികളുമായി മല്‍പ്പിടുത്തത്തിലാണ്. ദേശീയ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട അസ്ഥിരത, മിഡിലീസ്റ്റിലെ വര്‍ധിക്കുന്ന സംഘര്‍ഷങ്ങള്‍, നീണ്ടു പോകുന്ന ആഗോള വിലക്കയറ്റം, വേഗക്കുറവു നേരിടുന്ന വരുമാന വളര്‍ച്ച, കൂടിയ വാല്യുവേഷന്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. വിപണിയുടെ സമീപ കാല പ്രകടനത്തെ ഈ ഘടകങ്ങള്‍ ബാധിച്ചേക്കാം.

വെല്ലുവിളികള്‍ നേരിടുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി പ്രതിരോധിച്ചു നില്‍ക്കുന്നു. ജിഡിപി വളര്‍ച്ച 7 ശതമാനം എന്നത് പ്രതീക്ഷകളെ മറി കടക്കും. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ പദ്ധതിച്ചെലവിലെ വളര്‍ച്ച, വിദേശ നിക്ഷേപങ്ങള്‍, ലാനിനയെത്തുടര്‍ന്ന് ഗ്രാമീണ മേഖലയിലുണ്ടായ സാമ്പത്തിക വളര്‍ച്ച എന്നീ ഘടകങ്ങളാണ് ജിഡിപി വളര്‍ച്ചാ പ്രതീക്ഷയ്ക്കടിസ്ഥാനം. മൂന്നു വര്‍ഷത്തെ പ്രതിവര്‍ഷ മൊത്ത വരുമാന നിരക്കിനേക്കാള്‍ കുറവാണെങ്കിലും ആഭ്യന്തര ബിസിനസ് മേഖലയ്ക്കും സ്ഥിരമായ വരുമാന വളര്‍ച്ചയ്ക്കും ഇത് സഹായകമാണ്. മേഖലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ,ബാങ്കിംഗ്, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, ഉപഭോഗ വസ്തുക്കള്‍, പ്രതിരോധം, എഫ്എംസിജി , അടിസ്ഥാന സൗകര്യ വികസനം, ഐടി മേഖലകളില്‍ നിക്ഷേപിക്കുന്നതാണ് ഗുണകരം.

ബാങ്കിംഗ് മേഖലയുടെ കാര്യത്തിലാണെങ്കില്‍, 2024 നടപ്പു വര്‍ഷത്തിന്‍റെ പകുതിയോടെ കൂടുതല്‍ ഉദാരമായിത്തീരാനിടയുള്ള റിസര്‍വ് ബാങ്കിന്‍റെ പലിശ നയം , സ്വകാര്യ പദ്ധതികളിലുണ്ടാകുന്ന തുടര്‍ച്ചയായ വളര്‍ച്ച എന്നീ ഘടകങ്ങള്‍ വളര്‍ച്ചാ വര്‍ധനയ്ക്കു സഹായകമാവും. എങ്കിലും പണത്തിന്‍റെ ക്ഷാമം ബാങ്കുകളെ സ്ഥിര നിക്ഷേപത്തിന്‍ കൂടുതല്‍ പലിശ തേടാന്‍ പ്രേരിപ്പിക്കും. സ്വകാര്യ പദ്ധതിച്ചെലവുകള്‍ പ്രതീക്ഷയിലും കുറവാണങ്കിലും വായ്പാ വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളേക്കാള്‍ ഭേദം സ്വകാര്യ മേഖലാ ബാങ്കുകളാണ്.

ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ സാധ്യത കുറയുമ്പോഴും വ്യവസായ, അടിസ്ഥാന വികസന മേഖലകളില്‍ തുടരുന്ന നിക്ഷേപങ്ങള്‍, ടെക്സ്റ്റൈല്‍സ്, നിര്‍മ്മാണ സാമഗ്രികള്‍, ലോഹ ഉല്‍പന്നങ്ങള്‍, യന്ത്രങ്ങള്‍ എന്നീ മേഖലകളിലെ വികസനം എന്നിവ കൂടുതല്‍ ഓര്‍ഡറുകള്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. ചില അസംസ്കൃത വസ്തുക്കളുടെ വിലയിലെ മാറ്റവും കൂടിയ വാല്യുവേഷനും കാരണം ലാഭത്തില്‍ കുറവു വരുമെന്ന ആശങ്ക ഉണ്ടെങ്കിലും ട&ജആടഋ ഇലക്ട്രോണിക് ഉല്‍പന്ന സൂചികയിലെ വളര്‍ച്ചാ പ്രതീക്ഷ 25 ശതമാനമാണ്. ഈ മേഖലയില്‍ 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ വരുമാന വളര്‍ച്ചയുണ്ടാകുമെന്നു കണക്കാക്കിയിട്ടുള്ളതിനാല്‍ മേഖല മികച്ച നിക്ഷേപ അവസരമാണ് സൃഷ്ടിക്കുന്നത്.

അത്യുഷ്ണം കാരണം എയര്‍ കൂളര്‍, എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവയുടെ വില്‍പന കൂടുന്നതുകൊണ്ട് ഉപഭോഗ ഉല്‍പന്ന രംഗത്ത് മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു്. വൈദ്യുതി വിതരണ വ്യതിയാനം മൂലം സ്റ്റെബിലൈസര്‍, ഇന്‍വെര്‍റ്റര്‍ വില്‍പനയും കൂടുമെന്നു കരുതുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലെ കുതിപ്പ് കേബിളുകള്‍, വയറുകള്‍ സ്വിച്ച് ഉപകരണങ്ങള്‍ എന്നിവയുടെ ഡിമാന്‍റ് കൂട്ടും. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ ഉപഭോഗ ഉല്‍പന്ന സൂചിക മുന്‍വര്‍ഷത്തെയപേക്ഷിച്ച് 19 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. കമ്പനികളുടെ ഋആകഠഉഅ , നികുതിക്കു ശേഷമുള്ള ലാഭം എന്നിവ 80 മുതല്‍ 100 ബിപിഎസ് വരെ ലാഭവര്‍ധനയോടെ മുന്‍വര്‍ഷത്തെയപേക്ഷിച്ച് യഥാക്രമം 31 ശതമാനവും 37 ശതമാനവും വളരുമെന്നും കണക്കാക്കുന്നു.

സ്വാശ്രയ പദ്ധതികള്‍ക്ക് ഇന്ത്യാ ഗവണ്മെന്‍റ് നല്‍കിയ മുന്‍ഗണന പ്രതിരോധ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട് . 2025 സാമ്പത്തിക വര്‍ഷം ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുകയും ഇറക്കുമതിയിലുള്ള ആശ്രയം കുറയുകയും ചെയ്തു. ഇറക്കുമതിച്ചെലവു കുറഞ്ഞത് ആഭ്യന്തര രംഗത്തെ ഉല്‍പാദകര്‍ക്കു ഗുണകരമായി. 2024 സാമ്പത്തിക വര്‍ഷം മുതല്‍ 2030 സാമ്പത്തിക വര്‍ഷം വരെ 130 ബില്യണ്‍ യുഎസ് ഡോളറിനുള്ള നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തുന്നത്. സായുധ സേനയുടെ ആധുനിക വല്‍ക്കരണത്തിനായി പ്രതിവര്‍ഷ മൊത്ത വരുമാനത്തിന്‍റെ 7 ശതമാനം നീക്കി വെക്കും. ഈ രംഗത്തെ ഓഹരികളുടെ വാല്യുവേഷന്‍ കൂടുതലെങ്കിലും ശുഭ പ്രതീക്ഷ നില നില്‍ക്കുന്നു.

എഫ്എംസിജി മേഖലയില്‍ വില കുറവുള്ളപ്പോള്‍ ഓഹരികള്‍ വാങ്ങുന്നതാണ് നല്ലത്. ഡിമാന്‍റ് തിരിച്ചുവരവ് ക്രമേണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മഴക്കാലം നന്നായാല്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടും. 2025 സാമ്പത്തിക വര്‍ഷം തുടങ്ങുന്നത് വരുമാനത്തിലും ഋആകഠഉഅ യിലും താഴ്ന്ന ഇരട്ട അക്ക വളര്‍ച്ചയോടെയാവും .പിന്നീടിത് കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും. മാറ്റമില്ലാത്ത വിലകളും വര്‍ധിയ്ക്കുന്ന ക്രൂഡോയില്‍ വിലയും മാര്‍ജിനില്‍ ചെറിയ വര്‍ധന സൃഷ്ടിക്കും.

അടിസ്ഥാന സൗകര്യ വികസന രംഗത്തേക്കു വരുമ്പോള്‍ ആര്‍ബിഐ പലിശ നിരക്കുകളില്‍ വരുത്താനിരിക്കുന്ന കുറവ് ചിലവഴിക്കല്‍ വര്‍ധിപ്പിക്കാനും ലാഭം കൂട്ടി ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താനും സഹായകമാവും. 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യാ സര്‍ക്കാരിന്‍റെ പദ്ധതിച്ചെലവ് 11.1 ട്രില്യണ്‍ രൂപയായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടൊപ്പം 7 ശതമാനം ജി ഡിപി വളര്‍ച്ചാ നിരക്കും പ്രതീക്ഷിക്കുന്നതിനാല്‍ ് ഈ മേഖലയ്ക്കും വളരെ പ്രയോജനകരമാവും. 2024 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ ശരാശരി കപ്പാസിറ്റി യൂട്ടിലൈസേഷന്‍ നിരക്ക് 74.4 ശതമാനമായത് വരും വര്‍ഷങ്ങളില്‍ സ്വകാര്യ പദ്ധതിച്ചെലവില്‍ ഗണ്യമായ കുതിപ്പുണ്ടാകും എന്നതിന്‍റെ സൂചനയാണ്.

ഇന്ത്യന്‍ ഐടി മേഖല ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ കുതിപ്പു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളും പണപ്പെരുപ്പവും കാരണം സമീപ കാലത്ത് വരുമാന വളര്‍ച്ചയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. പ്രവര്‍ത്തനച്ചിലവു കുറഞ്ഞതിനാല്‍ ലാഭ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. നിര്‍ണായകമായ ചിലവഴിക്കലുകളും പ്രവര്‍ത്തനച്ചിലവിലെ വ്യത്യാസവും ഗുണകരമാവും. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യ ശോഷണം ഈ മേഖലയെ ബാധിക്കും. ദീര്‍ഘകാല നിക്ഷേപകര്‍ ശക്തമായ ബാലന്‍ഷീറ്റുള്ള , പ3ത്യേകിച്ച് നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ സമാഹരിക്കുന്നതിലാണ് ശ്രദ്ധയര്‍പ്പിക്കേണ്ടത്.

ചുരുക്കിപ്പറഞ്ഞാല്‍, വെല്ലുവിളികള്‍ നില നില്‍ക്കുമ്പോഴും 2025 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എണ്ണമറ്റ അവസരങ്ങളാണുണ്ടാവുക. സങ്കീര്‍ണതകള്‍ക്കിടയിലൂടെ ഫലപ്രദമായി നീങ്ങിയും സാധ്യതകള്‍ ഗുണകരമായി ഉപയോഗപ്പെടുത്തിയും ഇന്ത്യയുടെ കുതിക്കുന്ന സാമ്പത്തിക മേഖലയുടെ ഗുണ ഭോക്താക്കളാകാന്‍ നിക്ഷേപകര്‍ക്കു കഴിയും.

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here