ഇടക്കാല ബജറ്റ് 2024: വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല ചെറിയ ആശ്വാസ നടപടികള്‍ പ്രതീക്ഷിയ്ക്കാം

0
1339
Budget

ജനാധിപത്യത്തില്‍ കീഴ്വഴക്കങ്ങള്‍ പ്രധാനമാണ്. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റുകളില്‍ ധന മന്ത്രിമാര്‍ നികുതി ഘടനയില്‍ വലിയ മാറ്റങ്ങളോ വന്‍ പ്രഖ്യാപനങ്ങളോ നടത്തുന്ന കീഴ്വഴക്കമില്ല. . പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം ലഭിക്കും വരെയുള്ള രണ്ടു മാസക്കാലത്ത് ഫണ്ടുപയോഗിക്കുന്നതിനുള്ള അംഗീകാരം തേടുന്ന വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് ഇടക്കാല ബജറ്റ്. ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ,ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഈ കീഴ്വഴക്കത്തില്‍ നിന്നു വ്യതിചലിക്കാന്‍ സാധ്യത കുറവാണ്. ഇടക്കാല ബജറ്റില്‍ ഗംഭീരമായ പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടാവുകയില്ലെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ജര്‍മ്മന്‍ രാഷ്ട്ര തന്ത്രജ്ഞന്‍ ബിസ്മാര്‍ക്ക് പറഞ്ഞതു പോലെ രാഷ്ട്രീയം സാധ്യതയുടെ കലയാണ്. അതുകൊണ്ടു തന്നെ, പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കേ , ഇടക്കാല ബജറ്റ് ധനമന്ത്രി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചു കൂടായ്കയില്ല. താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയ കീഴ്വഴക്കവും ഉണ്ട്. ചെറിയ ആദായ നികുതിയിളവുകളും നികുതി നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ ചില പ്രത്യേക വ്യവസായങ്ങള്‍ക്ക് ഇളവുകളും നല്‍കിയ മുന്‍ അനുഭവം ഉണ്ട്. 2004, 2009, 2014 , 2019 വര്‍ഷങ്ങളില്‍ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി അവതരിപ്പിച്ച ഇടക്കാല ബജറ്റുകളില്‍ ഇതുണ്ടായിട്ടുണ്ട്.

അപ്പോള്‍, ഫെബ്രുവരി 1 ന് അവതരിപ്പിക്കപ്പെടുന്ന ഇടക്കാല ബജറ്റില്‍ ഉണ്ടാകാനിടയുള്ള പ്രഖ്യാപനങ്ങള്‍ എന്തൊക്കെയായിരിക്കും ?

മികച്ച സാമ്പത്തിക മാനേജ്മെന്‍റിന് സര്‍ക്കാര്‍ ക്രെഡിറ്റെടുക്കും.

ഇന്ത്യയെ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായും അതിവേഗം വളരുന്ന വന്‍ സമ്പദ് വ്യവസ്ഥയായും മാറ്റാന്‍ കഴിഞ്ഞ സാമ്പത്തിക മാനേജ്മെന്‍റിന് സര്‍ക്കാര്‍ തീര്‍ച്ചയായും ക്രെഡിറ്റ് എടുക്കും. 2024 സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ആര്‍ബിഐ കണക്കാക്കിയിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഐഎംഎഫ് പ്രതീക്ഷിയ്ക്കുന്ന 2.9 ശതമാനം വളര്‍ച്ചയുടെ ഇരട്ടിയിലധികമാണിത്. ആകര്‍ഷകമായ ഈ വളര്‍ച്ചയുണ്ടായത് സാമ്പത്തിക ഭദ്രതയിലൂടെയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടും . അയല്‍ രാജ്യങ്ങളായ പാക്കിസ്താനും ബംഗ്ലാദേശും ശ്രീലങ്കയും തങ്ങളുടെ തിരിച്ചടവുകള്‍ക്കായി വിദേശ നാണ്യ വായ്പ തേടി ഐഎംഎഫിനെ സമീപിച്ചിരിക്കയാണ് ഇപ്പോള്‍. എന്നാല്‍ ഇന്ത്യ 610 ബില്യണ്‍ ഡോളറിന്‍റെ വിദേശ നാണ്യ ശേഖരവുമായി സുരക്ഷിതമാണ്. ഇതിന്‍റെ ക്രെഡിറ്റ് സര്‍ക്കാര്‍ തീര്‍ച്ചയായും അവകാശപ്പെടും.

ഉയര്‍ന്ന മുന്‍ഗണന ധനകാര്യ അച്ചടക്കത്തിനായിരിക്കും

സര്‍ക്കാരിന്‍റ ഒരു മുഖ്യ പരിഗണന ധനകാര്യ അച്ചടക്കത്തിനായിരിക്കും. 2024 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി ലക്ഷ്യം ജിഡിപിയുടെ 5.9 ശതമാനമാണ്. ഇത് നേടാനാകും. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ധനകാര്യ യാത്രാ പഥത്തിനനുസരിച്ച് 2025 സാമ്പത്തിക വര്‍ഷത്തേക്ക് 5.4 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തേക്ക് 4.6 ശതമാനവും ധനകമ്മി ലക്ഷ്യം ധനമന്ത്രി പ്രഖ്യാപിക്കും.

താഴേത്തട്ടിലുള്ളവര്‍ക്ക് ചെറിയ ആദായ നികുതിയിളവിനു സാധ്യത

ജിഎസ്ടി പരിഷ്കാരങ്ങള്‍ ജിഎസ്ടി കൗണ്‍സിലിനു കീഴിലായതിനാലും, നേരിട്ടുള്ള നികുതികളില്‍ സ്ഥിരതയുള്ളതിനാലും നികുതികളുടെ കാര്യത്തില്‍ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ഇന്‍കം ടാക്സില്‍ താഴേത്തട്ടിലുള്ളവര്‍ക്ക് അല്‍പം ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയാറായേക്കും. നികുതി വരുമാനം മികച്ചതായതിനാല്‍ സാമ്പത്തിക അച്ചടക്കം ബലി കഴിക്കാതെ തന്നെ സര്‍ക്കാരിന് ഈ വിഭാഗങ്ങള്‍ക്ക് അല്‍പം ആശ്വാസം പകരാന്‍ കഴിയും.

ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം വകയിരുത്തും

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപയുടെ സഹായം വര്‍ധിപ്പിച്ചേക്കും. മോദി സര്‍ക്കാരിന്‍റെ മറ്റു ക്ഷേമ പദ്ധതികളായ ആയുഷ്മാന്‍ ഭാരത്, പിഎം ആവാസ് യോജന, ഉജ്ജ്വല യോജന എന്നിവയ്ക്കു കൂടുതല്‍ പണം വകയിരുത്താനും ഇടയുണ്ട്. സാമ്പത്തികമായി സാധ്യമായതും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുതകുന്നതുമായ മറ്റു ചില പുതിയ പദ്ധതികള്‍ കൂടി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ഈയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മികച്ച പ്രകടനം പൊതു തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുമെന്ന് ശുഭ പ്രതീക്ഷ സര്‍ക്കാരിനുണ്ട്. അതിനാല്‍ ഇടക്കാല ബജറ്റ് ഏറെ ജനപ്രിയമാകാനിടയില്ല. കാര്യ ശേഷിയുള്ള ഒരു ധനമന്ത്രിക്ക് സാമ്പത്തിക അച്ചടക്കവും രാഷ്ട്രീയ കൗശലവും ഉപയോഗിച്ച ജനപ്രിയതക്കു പിന്നാലെ പോകാതെ തന്നെ മികച്ച ബജറ്റിന് രൂപം നല്‍കാന്‍ കഴിയും. നിര്‍മ്മല സീകാരാമന്‍ ഇങ്ങനെയൊരു ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത.

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here