ചൈനയുടെ തളർച്ച ഇന്ത്യയ്ക്കു കരുത്താകുമോ ?

0
1693
Mosaic collection of currencies from around the world. In the full frame image one can find among others Indian rupee, Chinese yuan, Japanese yen, US dollar, Thai baht, Singapore dollar, Brazilian real, European euro and Mexican peso. The paper money is mixed and the image is full frame.

ക്ഷീണിക്കുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയും ശക്തിയാര്‍ജ്ജിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും സാമ്പത്തിക വൃത്തങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. ഈ മാറ്റത്തിന്‍റെ ആദ്യ ഫലങ്ങള്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള വിദേശ പോര്‍ട്ഫോളിയോ നിക്ഷേപത്തിന്‍റെ ഒഴുക്കിലും ഓഹരി വിപണികളടെ പരസ്പര വിരുദ്ധമായ പ്രകടനത്തിലും ദൃശ്യമാണ്. നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ പ്രസക്തമായ ചോദ്യങ്ങള്‍ ഇവയാണ് :

ഈ വ്യതിയാനങ്ങള്‍ സ്ഥിര സ്വഭാവമുള്ളവയാണോ ?
ഈ മാറ്റങ്ങളെ നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് ?
നിക്ഷേപകര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കണം ?

ചൈനയുടെ 19 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് അതിവേഗം കൂറയുകയാണ്. ഈ തളര്‍ച്ചയെ താഴോട്ടു വലിക്കുന്ന ചില അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ചൈനയുടെ ജനസംഖ്യ പരമാവധിയിലെത്തിയ ശേഷം താഴോട്ടു വന്നുകൊണ്ടിരിക്കുന്നു. ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് 3 ശതമാനത്തിലേറെ ദീര്‍ഘകാല വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയില്ല. സാമ്പത്തിക ചരിത്രം നല്‍കുന്ന പാഠമാണിത്. ജനസംഖ്യാപരമായ ഈ മാറ്റത്തിനു പുറമേ, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചൈന ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കയാണ്. ജിഡിപിയുടെ ഉദ്ദേശം 30 ശതമാനം വരുന്ന, റിയല്‍ എസ്റ്റേറ്റ് വിപണിയാണ് വര്‍ഷങ്ങളായി ചൈനയില്‍ വളര്‍ച്ചയുടെ ചാലക ശക്തി. ഈ വര്‍ഷം ഭവന പദ്ധതികള്‍ 21 ശതമാനം കുറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ 20 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നു. നിക്ഷേപാധിഷ്ഠിത വളര്‍ച്ചയില്‍ നിന്ന് അകന്ന് ഉപഭോഗാധിഷ്ഠിത വളര്‍ച്ചയിലേക്കു നീങ്ങാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ് ചൈനയെങ്കിലും ഈ തന്ത്രം ഇതുവരെ വിജയം കണ്ടിട്ടില്ല. ഉപഭോഗം ജിഡിപിയുടെ 40 ശതമാനത്തില്‍ നിന്നു മുന്നോട്ടു പോകുന്നില്ല. ജിഡിപി – കടം അനുപാതം 287 ശതമാനം എന്നത് സാമ്പത്തിക ഉത്തേജന പദ്ധതികള്‍ക്ക് ഒട്ടും ഇടം നല്‍കാനാവാത്ത വിധം അപായകരമായ ഉയര്‍ന്ന നിലയിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈന വര്‍ഷങ്ങളോളം വിളര്‍ച്ച നേരിടേണ്ടി വരുമെന്നര്‍ത്ഥം. . ഷിജിന്‍പിംഗ് ഭരണകൂടത്തിന്‍റെ ബിസിനസ് വിരുദ്ധ നയങ്ങളും കടുത്ത നിയന്ത്രണങ്ങളും ചൈനീസ് ഓഹരി വിപണിയുടെ ചിറകരിഞ്ഞിരിക്കുന്നു. ഷാങ്ഹായ് ഓഹരി സൂചിക ഇപ്പോള്‍ 3200 ലാണ്. 2007 മാര്‍ച്ചിലേതിനേക്കാള്‍ താഴ്ന്ന നിലയിലാണിത്. പിഇ അനുപാതം 12.5 ആയി കുറഞ്ഞിട്ടും വിദേശ നിക്ഷേപകര്‍ ചൈനീസ് ഓഹരി വിപണിയെ ഒഴിവാക്കുകയാണ്.

ഇന്ത്യയാകട്ടെ ഇതിന് നേര്‍ വിപരീതമായി മികച്ച പ്രകടനം നടത്തുന്നു. ആകര്‍ഷകമായ വളര്‍ച്ചയും ധന സ്ഥിരതയുമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുരക്ഷിതമാണ്. ഇതര വികസ്വര രാജ്യങ്ങളെയപേക്ഷിച്ച് ഇന്ത്യയുടെ കോര്‍പറേറ്റ് മേഖല തികച്ചും വൈവിധ്യവര്‍ക്കരിക്കപ്പെട്ടതാണ്. സമ്പത്ത് സൃഷ്ടിക്കുന്ന കാര്യത്തില്‍ ഉജ്ജ്വലമായ ട്രാക് റിക്കാര്‍ഡുമുണ്ട്. ഇന്ത്യന്‍ ഓഹരി വിപണി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകളെടുത്താല്‍ ,ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള ലാഭം ആഗോള തലത്തില്‍ തന്നെ ഒന്നാമതാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയായിരിക്കും ഏറ്റവും വേഗത്തില്‍ വളരുന്ന വന്‍ സമ്പദ് വ്യവസ്ഥയെന്ന കാര്യത്തില്‍ ആഗോള തലത്തില്‍ തന്നെ സമവായമുണ്ട്. സാഹചര്യങ്ങള്‍ ഇന്ത്യക്കനുകൂലമാണ്. വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകരുടെ ഇന്ത്യയിലേക്കുള്ള തള്ളിക്കയറ്റത്തിന്‍റെ അടിസ്ഥാന കാരണം ഇതാണ്. തീര്‍ച്ചയായും, ഈ ഒഴുക്കിനെ ബാധിക്കുന്ന ഹ്രസ്വകാല വെല്ലുവിളികളുണ്ടാകാം.

ചൈനയുടെ തളര്‍ച്ച ആഗോള സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണികളിലും അല്‍പകാലത്തേക്ക് പ്രതികൂലമായ അനുരണനമുണ്ടാക്കും. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 40 ശതമാനവും ചൈനയുടെ സംഭാവനയായിരുന്നു. അവരുടെ പിന്നോട്ടു പോക്ക് ആഗോള വളര്‍ച്ചയേയും ആഗോള വ്യാപാരത്തേയും പിന്നോട്ടു വലിക്കും. അന്തരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച് 2023ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 3 ശതമാനം മാത്രമായിരിക്കും.

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ക്ഷീണം സൃഷ്ടിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇന്ത്യയ്ക്കു ഗുണകരമായിരിക്കും. വികസിത രാജ്യങ്ങള്‍ പിന്തുടരുന്ന ചൈന പ്ളസ്വണ്‍ നയം സപ്ളൈ ശൃംഖലകളെ ചൈനയില്‍ നിന്നകറ്റുകയാണ്. ഇതില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്കു കഴിയും. ഇന്ത്യയുടെ പിഎല്‍ഐ പോലുള്ള പദ്ധതികള്‍്ക്ക് നിര്‍മ്മാണ രംഗത്തേക്ക് വന്‍ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയും. വരാനിരിക്കുന്ന നിരവധി വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 7 ശതമാനമായി നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കു കഴിയും. മറ്റൊരു വികസ്വര സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യയെപ്പോലെ ദീര്‍ഘകാല വളര്‍ച്ച നില നിര്‍ത്താനും കോര്‍പറേറ്റ് ലാഭം സൃഷ്ടിക്കാനും ബുദ്ധിമുട്ടായിരിക്കും. ഇന്ത്യന്‍ ഓഹരി വിപണിയുടെ ഉയര്‍ന്ന വാല്യുവേഷനുളള പ്രധാന കാരണം ഇതാണ്.

ശക്തി ക്ഷയിക്കുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയുടേയം ശക്തിയാര്‍ജ്ജിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടേയും ഈ സാഹചര്യം ദീര്‍ഘകാല ഓഹരി നിക്ഷേപകര്‍ക്ക് അനുകൂലമാണ്. 2013ല്‍ ഇന്ത്യ ലോകത്തിലെ പത്താമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായിരുന്നു; ഇപ്പോഴത് അഞ്ചാം സ്ഥാനത്താണ് ; 2027-28 ഓടെ മൂന്നാം സ്ഥാനത്തെത്തുമെന്ന് ഏതാണ്ടുറപ്പാണ്. 10 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനത്തോടെ 2023ല്‍ 8 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്കു കഴിയും. അടുത്ത 10 വര്‍ഷത്തിനകം ഓഹരി വിപണിയിലൂടെ ഇന്ത്യ സൃഷ്ടിക്കാന്‍ പോകുന്ന സമ്പത്ത് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം മികച്ചതായിരിക്കും. ആഭ്യന്തര നിക്ഷേപകര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഇതിന്‍റെ ഗുണം നേടാന്‍ കഴിയും.

First published in Mathrubhumi


LEAVE A REPLY

Please enter your comment!
Please enter your name here