ബജറ്റില്‍ ചെറിയ പ്രതീക്ഷകള്‍ മാത്രം

0
1155
investments in 2023
Financial market outlook

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് എ്ന്ന നിലയില്‍ ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കപ്പെടുക എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രാജ്യത്തിന്‍റെ സാമ്പത്തിക യന്ത്രം വേഗം കുറയുകയും അതിന്‍റെ പ്രതിദിന ചലനങ്ങള്‍ നാടകീയമായിത്തീരുകയും ചെയ്യുന്നത് ഓഹരി വിപണിയില്‍ വിപരീത ഫലമാണുളവാക്കുക. ഈ വര്‍ഷം ഇതുവരെ ആഗോള പ്രവണതകളിലുണ്ടായ പുരോഗതിയുമായി തുലനം ചെയ്യുമ്പോള്‍ നമ്മുടെ ഓഹരി വിപണിക്ക് ശുഭ പ്രതീക്ഷയില്ല എന്നു പറയേണ്ടി വരും.

തെരഞ്ഞെടുപ്പിനു മുമ്പായി 2018ല്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ടപ്പോള്‍ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഓഹരി വിപണിയില്‍ വന്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. ബജറ്റിനു മുമ്പ് ജനുവരി 18 വരെ കുതിപ്പും ബജറ്റിനു ശേഷം മാര്‍ച്ച് 18 വരെ പതനവുമാണ് കാണാന്‍ കഴിഞ്ഞത്. പ്രതീക്ഷയോടെ കുതിപ്പു നടത്തുകയും പ്രയോജനമില്ലെന്നു ബോധ്യമായതോടെ തിരുത്തല്ിനു വിധേയമാവുകയുമായിരുന്നു.

2018ലെ ബജറ്റ് പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടത് കൃഷിയിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലുമാണ്. 250 കോടി രൂപയില്‍ താഴെ ടേണോവറുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ 25 ശതമാനം ഇളവുനല്‍കുന്ന സുപ്രധാന പ്രഖ്യാപനം ഉണ്ടായി. ഓഹരികളിലൂടെയും മ്യൂച്വല്‍ ഫണ്ടുകളിലൂടെയും ആര്‍ജ്ജിച്ച ദീര്‍ഘകാല മൂലധന ലാഭത്തിന് 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് ഏറ്റവും വിനാശകരമായ നടപടിയായി.

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഉല്‍പാദനച്ചിലവിനേക്കാള്‍ 50 ശതമാനം വര്‍ധിപ്പിക്കുക വഴി ഗ്രമീണരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതായിരുന്നു 2018 ബജറ്റിന്‍റെ ലക്ഷ്യം. കൂറഞ്ഞ താങ്ങുവില വര്‍ധിപ്പിക്കുന്നതിനും സംഭരണ കേന്ദ്രങ്ങള്‍ വിപുലീകരിക്കുന്നതിനും, സൂക്ഷ്‌മ ജലസേചനത്തിനും വായ്പാവളര്‍ച്ചയ്ക്കും സൗകര്യം ഉണ്ടായി. പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല, സൗഭാഗ്യ യോജന പദ്ധതികളിലൂടെ ഭവന രഹിതര്‍ക്ക് വീട്, ഗ്യാസ് കണക്ഷന്‍. വൈദ്യുതി എന്നിവ നല്‍കാനും ബജറ്റില്‍ പദ്ധതികളുണ്ടായിരുന്നു. മിനിമം താങ്ങുവില 2019ല്‍ ശരാശരി 13 ശതമാനം വര്‍ധിപ്പിച്ചു. 2020, 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി വര്‍ധന 4 ശതമാനമായിരുന്നു.

ഗ്രാമീണ വിപണിയെ ലക്ഷ്യം വെച്ചുള്ളൊരു ബജറ്റായിരിക്കും ഇത്തവണത്തേതുമെന്ന് നമുക്കനുമാനിക്കാം. കുറഞ്ഞ താങ്ങുവില 2024 സാമ്പത്തിക വര്‍ഷം ദീര്‍ഘകാല ശരാശരിയേക്കാള്‍ വര്‍ധിപ്പിക്കാനിടയുണ്ട്. വിലക്കയറ്റം കാരണം കര്‍ഷകര്‍ പൊറുതി മുട്ടമ്പോള്‍ കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണിത്. ആരോഗ്യ പരിപാലന പദ്ധതികള്‍ ഉള്‍പ്പടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചിലവുകള്‍ വര്‍ധിപ്പിച്ചേക്കും. 2023 സാമ്പത്തിക വര്‍ശത്തേക്കുള്ള കമ്മി ലക്ഷ്യമായ 6.4 ശതമാനം നേടുകയും അത് 5.5 ശതമാനം മുതല്‍ 5.9 ശതമാനം വരെയാക്കി കുറയ്ക്കുകയും പിന്നീടത് ദീര്‍ഘകാല ശരാശരിയായ 4.5 ശതമാനമാക്കി മാറ്റുകയും ചെയ്തേക്കാം.

മുന്നോട്ടു കുതിക്കുന്ന ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ജനപ്രിയ ബജറ്റിനെക്കുറിച്ച് ബേജാറില്ല. വികസിത സമ്പദ് വ്യവസ്ഥ ബജറ്റിനെ സമയാസമയങ്ങളില്‍ ഇറക്കുന്ന സര്‍ക്കാരിന്‍റെ ധനകാര്യ പ്രസ്താവനയും ഇപ്പോള്‍ നടക്കുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായ പദ്ധതികളുടെ വിവരണവും മാത്രമാക്കി മാറ്റിയിരിക്കുന്നു. ബജറ്റിനു പുറത്ത് അനേകം സുപ്രധാന നടപടികള്‍ ഉണ്ടാകുന്നുണ്ട്. ഓഹരി വിപണി ഇവയേയും ഉള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്.

ഇതിന്‍റെ ഫലമായി, ഓഹരി വിപണിയുടെ ദീര്‍ഘകാല ചലനങ്ങള്‍ അട്ടിമറിക്കാന്‍ ഹ്രസ്വകാല വ്യതിയാനങ്ങള്‍ക്കു സാധ്യമല്ല തന്നെ. സമ്പദ് വ്യവസ്ഥയുടേയും സര്‍ക്കരിന്‍റേയും സമീപകാല ലക്ഷ്യം തെരഞ്ഞെടുപ്പു തന്ത്രമാവാം. എന്നാല്‍ രാജ്യം നടത്തിയിട്ടുള്ള ദീര്‍ഘകാല പരിഷ്കരണ നടപടികള്‍ അങ്ങനെ തന്നെ നില്‍ക്കും. സമ്പദ് വ്യവസ്ഥയ്ക്ക് അത് ഉത്തേജനം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. ഓഹരി വിപണി തിരുത്തുകയാണെങ്കില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാനുള്ള ഒരവസരമായി അതിനെ ഉപയോഗപ്പെടുത്തുകയേ ഉള്ളു. മഹാമാരിയും ആഗോള മാന്ദ്യ ഭീഷണികളും നില നില്‍ക്കുമ്പോഴും വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപം എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

ജന്‍ ധന്‍ യോജ്നയും നികുതി പരിഷ്കരണങ്ങളും സര്‍ക്കാര്‍ ചിലവഴിക്കല്‍ കൂടുതല്‍ ഫലപ്രദമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ സബ്സിഡി ചെലവ് മൊത്തം ബജറ്റിന്‍റെ ഒരു ശതമാനം മാത്രമായി കുറയുമെന്നാണ് കരുതപ്പെടുന്നത്. മൊത്തം ചിലവഴിക്കല്‍ വര്‍ധന സര്‍ക്കാര്‍ നിലനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ക്കും കൃഷിക്കും ഇതു ഗുണകരമായിരിക്കും.

മൂലധനച്ചിലവുകള്‍ സര്‍ക്കാര്‍ 25 ശതമാനം വര്‍ധിപ്പിച്ച് 9.5 ട്രില്യണ്‍ രൂപയാക്കുമെന്നാണ് കരുതപ്പെടുന്നത്. മഹാമാരിയുടെ പിടിയില്‍ പെട്ട സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ 2023 സാമ്പത്തിക വര്‍ഷം ഏര്‍പ്പെടുത്തിയ 35 ശതമാനത്തിനു സമമായി അതു മാറും. മൊത്തം ബജറ്റിന്‍റെ 20 ശതമാനത്തിനു മുകളില്‍ വരുന്ന ചിലവഴി്ക്കല്‍ അടിസ്ഥാന വികസന മേഖലയ്ക്ക് വലിയ ഉത്തേജനമാണ് പകരുക.

അടിസ്ഥാന സൗകര്യ വികസനം, ഹൗസിംഗ്, ഊര്‍ജ്ജം, പ്രതിരോധം, നിര്‍മ്മാണം എന്നീ മേഖലകളിലായിരിക്കും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നികുതിയിളവുകള്‍ വഴി ഈ മേഖലയ്ക്കു പിന്തുണ നല്‍കാനായിരിക്കും പ്രധാനമായും ശ്രമിക്കുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണയും പിഎല്‍ഐ പദ്ധതിയുടെ വ്യാപനവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന സാധാരണക്കാരന്‍ പ്രതീക്ഷിക്കുന്നത് നികുതിരഹിത പരിധി ഉയര്‍ത്തിക്കൊണ്ടുള്ള ഇളവുകളാണ്. നികുതിയിളവുകള്‍ ഇനിയും ഉണ്ടാകാനിടയില്ലെന്നു വേണം അനുമാനിക്കാന്‍. കാരണം, ഇളവുകളില്ലാതെ നികുതി ഘടന പരിഷ്കരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഓഹരി വിപണിയുടെ കണ്ണില്‍ നിരീക്ഷിക്കുമ്പോള്‍ ദീര്‍്ഘകാല മൂലധന ലാഭ നികുതിയും ഓഹരി, സ്വത്ത്, ബോണ്ടുകള്‍ എന്നിവയുടെ കൈവശ കാലാവധിയും സംബന്ധിച്ച ചട്ടങ്ങള്‍ യുക്തിഭദ്രമാക്കുകയാണു വേണ്ടത്. ഒരു വര്‍ഷം കൈവശം വെയ്ക്കുന്ന ഓഹരിയില്‍ നിന്നുള്ള ലാഭത്തിന് 10 ശതമാനവും യഥാക്രമം, രണ്ട്, മൂന്ന് വര്‍ഷം വീതം കൈവശം വെയ്ക്കുന്ന സ്വത്തിനും ബോണ്ടിനും 20 ശതമാനവുമാണ് ഇപ്പോള്‍ നികുതി. ഓഹരി കൈവശ കാലാവധിയില്‍ ന്യായമായ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നികുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഹ്രസ്വകാലത്തേക്ക് പ്രതികൂല ഫലമുണ്ടാക്കും.

First published in Kerala Kaumudi


LEAVE A REPLY

Please enter your comment!
Please enter your name here