മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിനുള്ള വിവിധ രീതികള്‍

0
1290
Mutual funds

മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുമ്പോള്‍ ഓഹരി വിപണിയിലെ സാഹചര്യം അനുസരിച്ചും നിക്ഷേപകന്‍റെ സാമ്പത്തിക നില കണക്കിലെടുത്തും വിവിധ രീതിയില്‍ നിക്ഷേപിക്കാന്‍ ആകും. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിനുള്ള വിവിധ രീതികള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കാം.

ഒറ്റത്തവണ നിക്ഷേപം
കയ്യിലുള്ള ഒരു നിശ്ചിത തുക ഒറ്റ പ്രാവശ്യം നിക്ഷേപിക്കുന്ന രീതിയാണ് ഇത്. ഇതില്‍ ഒരു തവണ നിക്ഷേപിച്ചാല്‍ പിന്നീട് ആവശ്യം വരുമ്പോള്‍ പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ഓഹരി വിപണിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഇടിവ് വന്നിരിക്കുമ്പോള്‍ ഇത്തരം നിക്ഷേപ രീതി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഒറ്റത്തവണയായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ തുകയും നിക്ഷേപിച്ചാല്‍ പിന്നീട് വീണ്ടും വിപണി താഴ്ചയിലേക്ക് പോയാല്‍ കരകയറുന്നതുവരെ കാത്തിരിക്കുകയെ നിവൃത്തിയുള്ളൂ. വിപണി ഏറ്റവും കൂടുതല്‍ താഴ്ന്ന നിലയില്‍ ഉള്ളപ്പോഴും സ്ഥിരതയോടെ വിപണി മുന്നോട്ടു കുതിക്കുന്ന സമയത്തും ഇത്തരം നിക്ഷേപരീതി തിരഞ്ഞെടുക്കാവുന്നതാണ്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐപി)
എസ്ഐപി എന്നത് ഇന്ന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി മുന്നോട്ടുപോകുന്നവര്‍ക്ക് ഏറെ പരിചയമുള്ള വാക്കാണ്. ഈ നിക്ഷേപ രീതിയില്‍ ഒരു നിശ്ചിത തുക നിശ്ചിത തീയതിയില്‍ ഒരു നിശ്ചിത മ്യൂച്ചല്‍ ഫണ്ട് സ്കീമില്‍ നിശ്ചിത കാലാവധിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന തീയതികളില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നേരത്തെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശപ്രകാരം മ്യൂച്ചല്‍ ഫണ്ട് പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറുകയും ആ പദ്ധതിയില്‍ ഈ തുക ഒരു നിക്ഷേപമായി മാറുകയും ചെയ്യുന്നു. ബാങ്കില്‍ നിന്ന് പണം പോകുന്ന തീയതി എല്ലാമാസവും ഒരു നിശ്ചിത ദിവസമോ എല്ലാ ആഴ്ചയിലെ ഒരു ദിവസമോ അതുമല്ലെങ്കില്‍ ദിനംപ്രതി നിക്ഷേപിക്കുന്ന രീതിയോ നിക്ഷേപകന്‍റെ സൗകര്യാര്‍ത്ഥം തിരഞ്ഞെടുക്കാവുന്നതാണ്. സ്ഥിര വരുമാനം ഉള്ളവര്‍ക്കും തുടര്‍ച്ചയായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ രീതി അനുയോജ്യമാണ്. ഓഹരി വിപണിയില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ ഈ രീതിയിലുള്ള നിക്ഷേപം തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ അനുയോജ്യം. ഈ നിക്ഷേപരീതി ഒരിക്കല്‍ തിരഞ്ഞെടുത്താല്‍ തുടര്‍ച്ചയായി നടക്കുന്നതുകൊണ്ട് എപ്പോള്‍ നിക്ഷേപിക്കണം എന്ന ആശങ്ക നിക്ഷേപകന് ഉണ്ടാവേണ്ട ആവശ്യമില്ല.
വിപണി ഉയര്‍ന്ന നിലയില്‍ ആണെങ്കിലും താഴ്ന്ന നിലയില്‍ ആണെങ്കിലും നിക്ഷേപം തുടര്‍ന്നുകൊള്ളും എന്നതാണ് ഈ രീതി തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതിയാണിത്. ജീവിതലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് ചെറിയ തുക നിക്ഷേപിച്ച് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ രീതി സഹായിക്കും.

സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്ടിപി)
മുകളില്‍ പറഞ്ഞ എസ്ഐപി നിക്ഷേപത്തിന്‍റെ മറ്റൊരു രീതിയിലുള്ള നിക്ഷേപമാണ് എസ്ടിപി. ഈ രീതിയിലും മുന്‍കൂട്ടി നിശ്ചയിച്ച തുക നിശ്ചിത തീയതിയില്‍ നിശ്ചിത മ്യൂച്ചല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത് എന്നാല്‍ നേരത്തെ പറഞ്ഞ രണ്ട് രീതിയും കൂടി ചേര്‍ന്ന ഒരു നിക്ഷേപ രീതിയാണ് ഇത്. ഇതില്‍ ഒരു ഒറ്റത്തവണ നിക്ഷേപം നടത്തുകയും തുടര്‍ന്ന് മറ്റൊരു മ്യൂച്ചല്‍ ഫണ്ടിലേക്ക് നിശ്ചിത ഇടവേളകളില്‍ മാറ്റിക്കൊടുക്കുകയും ചെയ്യപ്പെടുന്നു. വിപണിയില്‍ അനിശ്ചിതാവസ്ഥ ഉള്ളപ്പോള്‍ വലിയൊരു തുക നിക്ഷേപിച്ചാല്‍ റിസ്ക് കൂടുന്നത് ആയതുകൊണ്ട് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ബാധിക്കാത്ത ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുകയും തുടര്‍ന്ന് ഈ ഒറ്റ തവണ നിക്ഷേപം നടത്തിയ ഫണ്ടില്‍നിന്ന് നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടിലേക്ക് മാറ്റുന്നതാണ് ഈ നിക്ഷേപ രീതി. ഒരേ അസറ്റ് മാനേജ്മെന്‍റ് കമ്പനിയുടെ രണ്ടു സ്കീമുകള്‍ തമ്മിലെ എസ്ടിപി സാധിക്കുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതുപോലെതന്നെ നിക്ഷേപം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന സമയം അടുക്കുമ്പോള്‍ ഓഹരി വിപണിയുടെ ചാഞ്ചാട്ടം നിക്ഷേപത്തെ ബാധിക്കാതിരിക്കാന്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടിലേക്ക് മാറ്റാനും എസ്ടിപി ഉപയോഗപ്പെടുത്താവുന്നതാണ്.
മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് നഷ്ടസാധ്യത ഉള്ളതുകൊണ്ട് വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം നിക്ഷേപ പദ്ധതികളും രീതികളും തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here