കോസ്റ്റ് ആവറേജിങ്ങ് ഫലപ്രദമാണോ

0
2038

‘ആറ് മാസങ്ങള്‍ക്കു മുന്‍പ് 160 രൂപാ നിരക്കില്‍ വാങ്ങിയ ഓഹരിയാണ്. ഇപ്പോള്‍ വില 90 രൂപ. കുറച്ചു കൂടെ എണ്ണം വാങ്ങി കോസ്റ്റ് ഒന്ന് ആവറേജ് ചെയ്താലോ എന്ന് ആലോചിക്കുകയാണ്’ വിപണിയില്‍ സജീവമായി നിലനില്‍ക്കുന്നവര്‍ ഇടയ്ക്കൊക്കെ ഉന്നയിക്കാറുള്ളതാണ് ഇത്തരം സംശയങ്ങള്‍. ആവറേജിങ്ങ് എന്താണെന്നും മുടക്കുമുതല്‍ താഴ്ത്തിക്കൊണ്ടുവരാനായി ചെയ്യുന്ന ഈ പ്രക്രിയ പരീക്ഷിക്കുന്നതിന് മുന്‍പായി ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നുമാണ് ഇത്തവണ ഓഹരിപാഠം ചര്‍ച്ച ചെയ്യുന്നത്.

എന്താണ് കോസ്റ്റ് ആവറേജിങ്ങ്?

വില താഴുമ്പോള്‍ വാങ്ങുകയും വിപണി ഉയര്‍ന്നു നില്‍ക്കുന്ന വേളയില്‍ കൂടുതല്‍ വിലയ്ക്ക് വിറ്റുമാറി ലാഭമെടുക്കുകയും ചെയ്യുക എന്നതാണല്ലോ സാധാരണ ഓഹരി നിക്ഷേപകര്‍ അനുവര്‍ത്തിച്ചു പോരുന്ന രീതി. അതേസമയം പല കാരണങ്ങള്‍ കൊണ്ടു തന്നെ നിക്ഷേപകര്‍ വിപണിയില്‍ പ്രവേശിക്കുന്നതും പുറത്തുവരുന്നതും ലാഭത്തോടു കൂടിയാവണമെന്നതിന് ഒരു ഗ്യാരണ്ടിയുമില്ല. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടയിലായിരിക്കാം പൊടുന്നനെയുണ്ടാകുന്ന വിപണി താഴോട്ടു പതിക്കുന്നത്. ഇടയ്ക്ക് വാങ്ങി വെച്ച ഓഹരികള്‍ ക്രമാതീതമായി താഴെ വരുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് നിക്ഷേപകര്‍ പലപ്പോഴും മുടക്കിയ തുക ആവറേജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഉദാഹരണമായി 100 രൂപാ വിലയുള്ള X എന്ന കമ്പനിയുടെ 100 ഓഹരി ഒരു നിക്ഷേപകന്‍ വാങ്ങിയെന്നിരിക്കട്ടെ. വിപണിയില്‍ പൊതുവെ അനുകൂല സാഹചര്യം നിലനില്‍ക്കുന്നതിനാലും X സാമാന്യം ഭേദപ്പെട്ട ഒരു കമ്പനിയായതിനാലുമാണ് അദ്ദേഹം ഈ ഓഹരി തിരഞ്ഞെടുത്തത്. വിപണിയില്‍ ദോഷകരമായ ചില വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മിക്കവാറും കമ്പനികളുടെ വിലകള്‍ താഴോട്ടു വരികയും X കമ്പനിയുടെ വില 60 രൂപാ നിലവാരത്തിലെത്തുകയും ചെയ്തു. നിക്ഷേപകന്‍ 60 രൂപാ നിരക്കില്‍ 100 ഓഹരി തുടര്‍ന്നും വാങ്ങുകയുണ്ടായി. ആദ്യഘട്ടത്തില്‍ 100 ഓഹരികള്‍ക്കായി അദ്ദേഹം മുടക്കിയത് 10,000 രൂപയായിരുന്നുവെങ്കില്‍ പിന്നീട് വാങ്ങിയ 100 ഓഹരികള്‍ക്ക് ചിലവാക്കിയത് 6000 രൂപയാണ്. ആകെ 200 ഓഹരികള്‍ക്ക് 16,000 രൂപ, അതായത് നിലവില്‍ ഓഹരി ഒന്നിന് ചെലവായത് 80 രൂപ. വിപണി തിരിച്ചു കയറുന്ന സാഹചര്യത്തില്‍ X കമ്പനിയുടെ ഓഹരി വില 80 രൂപയ്ക്ക് മുകളില്‍ വരുമ്പോള്‍ നിക്ഷേപകന്‍ ലാഭസീമയിലെത്തുന്നു. അതേസമയം അസാധാരണ സാഹചര്യത്തില്‍ ഓഹരിവില 30 രൂപയ്ക്ക് കൂപ്പുകുത്തുന്നുവെങ്കില്‍ നിക്ഷേപകന്‍ നടത്തിയ രണ്ട് വാങ്ങലുകളും ചേര്‍ന്ന് സംഭവിക്കുന്ന നഷ്ടം കനത്തതാവുകയും ചെയ്യും.

കോസ്റ്റ് ആവറേജിങ്ങ് എല്ലായ്പോഴും പിന്തുടരാവുന്ന ഒരു രീതിയാണോ?

പല ഘട്ടങ്ങളിലായി വാങ്ങലുകള്‍ നടത്തി ശരാശരി കോസ്റ്റ് കുറച്ചു കൊണ്ടുവരാന്‍ മിനക്കെടുന്ന നിക്ഷേപകര്‍ താഴെ പറയുന്ന ഘടകങ്ങള്‍ കൂടി വിലയിരുത്തേണ്ടതാണ്.

ډ ഏത് കമ്പനിയുടെ ഓഹരികളാണോ വാങ്ങി വെയ്ക്കുന്നത് പ്രസ്തുത കമ്പനി അടിസ്ഥാനപരമായി മികച്ചതാണെന്ന് ഉറപ്പുവരുത്തുക സാമ്പത്തിക അടിത്തറ ശക്തമാല്ലാത്ത കമ്പനികളുടെ ഓഹരികള്‍ വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുന്നതില്‍ അര്‍ഥമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഐ ടി കുംഭകോണ സമയത്ത് വിപണിയില്‍ കേട്ടുപരിചയമുള്ളതെങ്കിലും അടിത്തറ ദുര്‍ബലമായ കമ്പനികളുടെ വില കൂപ്പുകുത്തിയ വേളയിലും തുടര്‍ച്ചയായി വാങ്ങിക്കൊണ്ടേയിരുന്ന് ആവറേജിങ്ങിന് ശ്രമിച്ച നിക്ഷേപകരുടെ ദുരനുഭവം ഇവിടെ പാഠമാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കമ്പനിയുടെ ബാലന്‍സ് ഷീറ്റിലെ സംഖ്യകളെപറ്റിയും മാനേജ്മെന്‍റിന്‍റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും മറ്റും സ്വയം ഒരു അപഗ്രഥനം നടത്തുന്നത് നല്ലതായിരിക്കും.

ډ താഴ്ചയുടെ കാലം കഴിഞ്ഞ് കമ്പനി ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ് എന്ന ബോധ്യം വരികില്‍ വില ആവറേജ് ചെയ്യുന്നതില്‍ തെറ്റില്ല. കമ്പനി പ്രതിനിധാനം ചെയ്യുന്ന സെക്ടര്‍ മികച്ചതാണെന്ന് ഉറപ്പുവരുത്തുക, കൂടാതെ ബിസിനസ് വിപുലീകരണത്തിന്‍റെ ഭാഗമായി കമ്പനി നൂതന ടെക്നോളജി, മാനവവിഭവശേഷി മുതലായ മേഖലകളില്‍ പണം മുടക്കുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നപക്ഷം അത്തരം കാര്യങ്ങളും ശുഭസൂചനകളായി പരിഗണിക്കാവുന്നതാണ്.

ډ വിപണിയില്‍ കാണുന്ന കയറ്റിറക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുക. മുകളില്‍ സൂചിപ്പിച്ച പോലെ മികച്ച കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ മൊത്തത്തില്‍ തകര്‍ന്നതിന്‍റെ ഭാഗമായി മാത്രമാണ് താഴോട്ട് വന്നതെങ്കില്‍ സംശയിക്കേണ്ട, അത്തരം ഓഹരികള്‍ ഒന്നോ രണ്ടോ തവണ കൂടെ വാങ്ങിവെച്ച് ശരാശരി വില കുറച്ചുകൊണ്ടുവരാം.

ډ പെനി സ്റ്റോക്സില്‍ ആവറേജിങ്ങ് കഴിവതും ഒഴിവാക്കുക. പ്രസ്തുത ഓഹരി പെനി വിഭാഗത്തിലെത്തിപ്പെടാനുണ്ടായ കാരണം, നിലവില്‍ കമ്പനി മോശം അവസ്ഥയിലാണ് എന്നുള്ളതുകൊണ്ടു മാത്രമാണ്. ഒരു തിരിച്ചുവരവിന് കമ്പനി തയ്യാറെടുക്കുന്നു എന്ന് വരികില്‍ അത്തരം നീക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വസ്തുതാപരമായി വിശകലനം നടത്തി ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ആവറേജിങ്ങിന് ഇറങ്ങി പുറപ്പെടുക.

First published in Manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here