ഓഹരി വിപണിയെ നിയന്ത്രിക്കുന്ന വന്‍ശക്തികള്‍

0
1684
stock market movement
Financial concept. Trading software window on PC screen, close-up. Arrows indicated, stock market activity.

ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ മിക്കവാറും കേള്‍ക്കുന്ന ചില വാചകങ്ങളുണ്ട്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് വിപണിക്ക് കൂടുതല്‍ കരുത്തായി, വിദേശകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതിനാല്‍ വിപണി താഴോട്ട് പതിക്കുകയുണ്ടായി എന്നൊക്കെ. ഈ ധനകാര്യ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും വിപണിയില്‍ അവര്‍ വഹിക്കുന്ന റോള്‍ എന്തൊക്കെയാണെന്നുമൊക്കെ പരിശോധിക്കുകയാണ് ഈയാഴ്ചയിലെ ഓഹരി പാഠത്തില്‍.

റീട്ടെയില്‍ നിക്ഷേപകരുടെ സാന്നിധ്യം ഓഹരി വിപണിയിലെ ഒരു അവിഭാജ്യ ഘടകമാണെങ്കിലും വിപണിയില്‍ അവര്‍ക്ക് ചെലുത്താന്‍ കഴിയുന്ന സ്വാധീനം പരിമിതമാണ്, പ്രത്യേകിച്ചും ഇടപാടുകളുടെ എണ്ണത്തിലും വ്യാപ്തിയിലും മറ്റും. സ്വദേശികളും വിദേശികളുമായ ധനകാര്യ സ്ഥാപനങ്ങളുടെ നിരന്തരമായ ഇടപെടലുകളാണ് ഒരു പരിധി വരെ വിപണിയിലെ ലിക്വിഡിറ്റി അഥവാ ക്രിയവിക്രയ ശേഷി വര്‍ധിക്കുന്നതിനും വാര്‍ത്തകളില്‍ വരുന്ന പോലെ വിപണി മുകളിലോട്ടും താഴോട്ടും ചലിക്കാന്‍ ഇടയാകുന്നതിനും കാരണമാകുന്നത്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് – എന്‍ എസ് ഡി എല്‍ ഈയിടെ പുറത്തുവിട്ട കണക്കു പ്രകാരം ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ് അഥവാ എഫ് ഐ ഐ 2021 ഏപ്രില്‍ മുതല്‍ 2022 ജൂണ്‍ 10 വരെയുള്ള കാലയളവില്‍ 2,14,217 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ ഇന്ത്യയില്‍ നടത്തിയ നിക്ഷേപത്തിന്‍റെ 78 ശതമാനത്തോളം വരുന്നതാണ് ഈ തുക. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ജൂണ്‍ 15 വരെ 2 ലക്ഷം കോടിയിലധികം വരുന്ന തുകയ്ക്ക് ഓഹരികള്‍ വാങ്ങുകയുമുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഈ തുക 98,275 കോടി രൂപയായിരുന്നു.) ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളാവട്ടെ, വിദേശധനകാര്യസ്ഥാപനങ്ങളാവട്ടെ, ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് ഇവര്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കുന്ന വമ്പന്‍ സ്വാധീനത്തെയാണ്. ഈ രണ്ടു കൂട്ടരെയും സംബന്ധിച്ച ചില അടിസ്ഥാന വിവരങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ അഥവാ ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ്

പേര് സൂചിപ്പിക്കുന്നതു പോലെ രാജ്യത്തിനകത്ത് രൂപമെടുത്ത് രാജ്യത്തെ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിവരുന്ന സ്ഥാപനങ്ങളാണിവ. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്ക്, മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ മുതലായവയെ എല്ലാം ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. വില്‍പന സമ്മര്‍ദം ഏറിവരുന്ന അവസരങ്ങളിലെല്ലാം രാജ്യത്തെ ഓഹരി വിപണിയെ താങ്ങി നിര്‍ത്തുന്നതില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുകളില്‍ സൂചിപ്പിച്ച പോലെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംഭവിച്ചതില്‍ നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്. രാജ്യത്തിനകത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എല്‍ ഐ സിയെ തന്നെ ഉദാഹരണമായെടുത്താല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണിയില്‍ നിന്നും എല്‍ ഐ സി ലാഭമായെടുത്ത തുക മാത്രം 42,000 കോടി രൂപയാണ് എന്നറിയുമ്പോള്‍ അവര്‍ മാര്‍ക്കറ്റില്‍ നടത്തുന്ന ആകെ നിക്ഷേപത്തിന്‍റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നി്ക്ഷേപമാര്‍ഗമാണല്ലോ മ്യൂച്വല്‍ ഫണ്ടുകള്‍. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളായ അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ ഭീമമായ തുകയാണ് വിപണിയില്‍ നിക്ഷേപിച്ചു വരുന്നത്. 2022 ജൂണില്‍ ആംഫി പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികളെല്ലാം ചേര്‍ന്ന് 35.64 ലക്ഷം കോടി രൂപയാണ് നമ്മുടെ വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ തുകയുടെയൊക്കെ വലിപ്പം തിരിച്ചറിയുമ്പോഴാണ് രാജ്യത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്ന ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ ചെലുത്തുന്ന സ്വാധീനം എത്രയാണെന്ന് മനസ്സിലാവുക.

വിദേശധനകാര്യ സ്ഥാപനങ്ങള്‍ അഥവാ ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ്

വിദേശരാജ്യങ്ങളില്‍ രൂപം കൊള്ളുകയും തങ്ങളുടെ മാതൃരാജ്യമല്ലാത്ത മറ്റിടങ്ങളില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ് അഥവാ എഫ് ഐ ഐ എന്ന പേരിലറിയപ്പെടുന്നത്. വികസ്വര രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ എഫ് ഐ ഐ വലിയ പങ്കാണ് വഹിച്ചുവരുന്നത്. 1992ല്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ എഫ് ഐ ഐകള്‍ക്ക് നിക്ഷേപാനുമതി ലഭിക്കുന്നത്. വിദേശത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹെഡ്ജ് ഫണ്ടുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ മുതലായവയെല്ലാം എഫ് ഐ ഐ ആയി സെബിയില്‍ രജിസ്റ്റര്‍ ചെയ്ത് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്‍റ് സ്കീം അഥവാ പി ഐ എസ് റൂട്ടില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിവരുന്നുണ്ട്. ലിസ്റ്റഡും അണ്‍ലിസ്റ്റഡുമായ കമ്പനികളില്‍ പ്രൈമറി മാര്‍ക്കറ്റിലും സെക്കന്‍ഡറി മാര്‍ക്കറ്റിലും ഇവര്‍ക്ക് നിക്ഷേപം നടത്താനുള്ള അനുമതിയുണ്ട്. വന്‍തോതില്‍ വ്യാപാരം നടത്താന്‍ കെല്‍പുള്ള സ്ഥാപനങ്ങള്‍ ആയതിനാല്‍ നിക്ഷേപം നടത്തുന്ന രാജ്യത്തെ ഓഹരി വിപണികളിലും കറന്‍സി വിനമയ നിരക്കിലും പണപ്പെരുപ്പത്തിലും മറ്റും നേരിട്ട് സ്വാധീനം ചെലുത്താന്‍ എഫ് ഐ ഐകള്‍ക്ക് കഴിഞ്ഞേക്കാം. അതുകൊണ്ടു തന്നെ രാജ്യത്തിനകത്തെ കമ്പനികളില്‍ എഫ് ഐ ഐകള്‍ക്ക് എത്ര ശതമാനം വരെ നിക്ഷേപമാവാം എന്നതിനെക്കുറിച്ചൊക്കെ സെബി കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2022 ജൂണ്‍ രണ്ടാം വാരം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഓഹരി വിപണിയിലെ എഫ് ഐ ഐ നെറ്റ് നിക്ഷേപം 8,24,100 കോടി രൂപയാണ്. മുന്‍പ് സൂചിപ്പിച്ച ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിവരുന്ന നിക്ഷേപ തുകയുടെയും എഫ് ഐ ഐ റൂട്ടില്‍ വരുന്ന തുകയുടെയും കണക്കുകളില്‍ നിന്നും വ്യക്തമായിരിക്കുമല്ലോ ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങളുടെ വാര്‍ത്തകളില്‍ രണ്ടു കൂട്ടരും സ്ഥാനം പിടിക്കാനുള്ള കാരണമെന്തെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here