നിക്ഷേപ വിശകലനം മാത്രമല്ല സാമ്പത്തികാസൂത്രണം

0
2266
Goals concepts. Flat lay financial planning brainstorming messy table top image with office supplies, pen, notepad, laptop, cup of coffee and light bulb image on grey background.Top view, copy space

സാമ്പത്തിക ആസൂത്രണം അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ വരുന്ന ചിത്രം എന്നത് ഓരോ ജീവിത ലക്ഷ്യത്തിലേക്കും എത്ര തുക വേണ്ടി വരുമെന്നും ആ തുകയിലെത്താന്‍ ഏതൊക്കെ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണമെന്നുമുള്ള ഉപദേശം തേടുക എന്നതാണ്. എന്നാല്‍ സാമ്പത്തിക ആസൂത്രണത്തിന്‍റെ വ്യാപ്തി വളരെ വലുതാണ്. അതിന്‍റെ സാധ്യതയും ഗുണവും മനസ്സിലാക്കാന്‍ അതിന്‍റെ ശരിയായ സമീപനം അടുത്തറിഞ്ഞേ മതിയാകൂ. നാം നമ്മുടെ ജീവിതത്തില്‍ എടുക്കുന്ന ഓരോ തീരുമാനത്തിലും ഒരു സാമ്പത്തിക ആസൂത്രകന് എത്രമാത്രം സ്വാധീനിക്കാന്‍ സാധിക്കുമെന്നും അതുമൂലം എത്രമാത്രം യുക്തിയുക്തമായി തീരുമാനങ്ങള്‍ ഒരാള്‍ക്ക് എടുക്കാന്‍ സാധിക്കുമെന്നും ഇന്ന് നമുക്ക് മനസിലാക്കാം.

പല സ്കീമുകളില്‍ ചേരുന്നതല്ല നിക്ഷേപം

കുറെ സ്ഥിര നിക്ഷേപവും, കുറച്ചു ചിട്ടിയും പിന്നെ ഒന്ന് രണ്ടു ഇന്‍ഷുറന്‍സ് പോളിസിയും ഉണ്ടെങ്കില്‍ ആവശ്യത്തിന് നിക്ഷേപങ്ങളായി എന്ന കരുതുന്നവരാണ് ഏറെയും. ഓരോ നിക്ഷേപത്തിന്‍റെയും സ്വഭാവവും, റിസ്കും, വരുമാന പരിധിയും അനുസരിച്ച അവയിലേക്കുള്ള നിക്ഷേപ തുക നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഓരോ ആസ്തി വര്‍ഗ്ഗത്തിന്‍റെയും വരുമാനത്തിേډലുള്ള നികുതിക്കനുസരിച്ച് അവയില്‍ നിന്ന് പിന്‍വലിക്കുന്ന തുകകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഓരോ വര്‍ഷവും നല്ലൊരു തുക ആവശ്യമില്ലാതെ നികുതിയായി അടയ്ക്കേണ്ടിവരും.

നമ്മുടെ ജീവിതാവശ്യങ്ങളുടെ പ്രാധാന്യമനുസരിച്ച് നിക്ഷേപത്തുക വിന്യസിക്കേണ്ടതും അനിവാര്യമാണ്. അതില്‍ത്തന്നെ തിരഞ്ഞെടുക്കുന്ന നിക്ഷേപത്തിന്‍റെ സ്കീമില്‍ എന്തൊക്കെ സങ്കീര്‍ണ്ണതകള്‍ ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഉദാ: ചില സ്കീമുകള്‍ നിക്ഷേപം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചെടുത്താല്‍ ചെറിയൊരു ശതമാനം ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെങ്കില്‍ അത് വരുമാനത്തെ ബാധിക്കും. അതുപോലെ തന്നെ തിരിച്ചെടുക്കാന്‍ പറ്റുന്ന തുകയുടെ തോത് വ്യത്യാസപ്പെട്ടിരിക്കുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്തു വേണം നിക്ഷേപ തീരുമാനം കൈക്കൊള്ളാന്‍. ആഗോളതലത്തില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഓഹരികളിലേക്കാണെങ്കിലും ആ സ്കീമിന്‍റെ നികുതി നിര്‍ണ്ണയം കടപ്പത്രത്തിന് സമാനമാണെന്ന് നിങ്ങള്‍ക്കറിയാമോ?
ഒന്നോ രണ്ടോ പോളിസി എടുക്കുന്നതാണ് ഇന്‍ഷുറന്‍സ്
നമുക്ക് ഇന്‍ഷുറന്‍സ് എന്നാല്‍ ഏജന്‍റ് അടിച്ചേല്‍പ്പിക്കുന്ന ഒരു പോളിസിയാണ്. അതിന്‍റെ പ്രവര്‍ത്തനമെങ്ങനെയെന്നോ അതിന്‍റെ ഗുണങ്ങളെന്തെന്നോ നമ്മള്‍ വിശകലനം ചെയ്യാറില്ല. നാം എടുത്തിരിക്കുന്ന പോളിസി പര്യാപ്തമാണോ എന്ന് പോലും നാം മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. ഇന്ത്യയിയുള്ള ഓരോ ഇന്‍ഷുറന്‍സ് കമ്പനിക്കും കുറെ തരത്തിലുള്ള പോളിസികളുണ്ട്. അതില്‍ത്തന്നെ ഓരോ പോളിസിയിലും പലതരം ഓപ്ഷനുകള്‍ ഉണ്ട്. അതിന്‍റെ പ്രവര്‍ത്തനവും ആവശ്യകതയും മനസ്സിലാക്കാതെയാണ് മിക്കവാറും നാം പോളിസി എടുക്കുക. തീരുമാനങ്ങള്‍ എല്ലാം നാം ഏജന്‍റിന് വിടുകയാണ് പതിവ്. ഉദാ: നാം ഒരു പെന്‍ഷന്‍ പോളിസിയില്‍ ചേരുമ്പോള്‍ റിട്ടയര്‍മെന്‍റിനുശേഷം പ്രതിമാസം തുക ലഭിക്കാനായി പത്തിലധികം ഓപ്ഷനുകള്‍ പോളിസിയിലുണ്ട്. അതില്‍ നമുക്ക് അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ, സാധാരണ പോളിസിയുടെ സം അഷ്വേര്‍ഡ് ലഭിക്കുന്ന രീതിയേയും പുനര്‍ നിര്‍ണ്ണയം ചെയ്യാം. ഒറ്റ തുകയായി ലഭിക്കാനോ പ്രതിമാസ തുകയായി ഒരു നിശ്ചിത കാലത്തേക്ക് ലഭിക്കാനോ ഒക്കെ നിജപ്പെടുത്താന്‍ സാധിക്കും.

ഇന്‍ഷുറന്‍സ് എന്നത് ഏജന്‍റിന് വേണ്ടി നാം ചെയ്യുന്ന ഒരു ഔദാര്യമായി കാണാതെ അവനവനു വേണ്ടി ചെയ്യുന്ന നിക്ഷേപമായി കാണണം. ഒരാള്‍ക്ക് എത്ര ഇന്‍ഷുറന്‍സ് കവര്‍ വേണമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. എത്ര തുകയ്ക്ക് എടുക്കണം, എത്ര നാളത്തേക്ക് എടുക്കണം, നിക്ഷേപം എത്ര നടത്തണം എന്നിങ്ങനെ പോളിസി ചേരുന്നതിനു മുന്‍പ് അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുണ്ട്. ഏതെങ്കിലുമൊരു ജീവിത ലക്ഷ്യത്തിലേക്ക് ഇന്‍ഷുറന്‍സ് നിക്ഷേപം വകയിരുത്തുമ്പോള്‍ മേല്‍പറഞ്ഞ ഓപ്ഷനുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പെന്‍ഷന്‍ തുക ലഭിക്കാനുള്ള പല ഓപ്ഷനില്‍ പല തോതിലാണ് വരുമാനം ലഭിക്കുന്നത്. അത് പ്രതിമാസ വരുമാനത്തെ ബാധിക്കും. അതുകൊണ്ട് വെറും പോളിസി തിരഞ്ഞെടുക്കുന്നതില്‍ ഒതുങ്ങാതെ ഇന്‍ഷുറന്‍സിനെ ആഴത്തില്‍ അറിയുന്നതാണ് സാമ്പത്തിക ആസൂത്രണം.


80ഇ, 80ഉ നിക്ഷേപം മാത്രമല്ല ടാക്സ് പ്ലാനിംഗ്
വര്‍ഷാന്ത്യം 1.5 ലക്ഷം രൂപ തികയ്ക്കാനായി സ്ഥിര നിക്ഷേപവും, ഇന്‍ഷുറന്‍സും, പ്രോവിഡന്‍റ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കലല്ല ടാക്സ് പ്ലാനിംഗ്. നാം നിരന്തരം ഉള്‍പ്പെടുന്ന എല്ലാ സാമ്പത്തിക ഇടപാടിലും നികുതിയുടെ ഒരു അദൃശ്യ സാന്നിധ്യമുണ്ട്. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍, പിന്‍വലിക്കുമ്പോള്‍, സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍, വാങ്ങുമ്പോള്‍, ഭൂമിയിടപാടുകള്‍, വീട് വാങ്ങുമ്പോള്‍, വില്‍ക്കുമ്പോള്‍, വാടകയിനത്തില്‍ വരുന്ന വരുമാനം, ഒരു ആസ്തിവര്‍ഗ്ഗത്തെ മറ്റൊന്നായി മാറ്റുമ്പോള്‍ എന്നിങ്ങനെ അനേകം സാഹചര്യങ്ങളില്‍ നികുതി പ്ലാനിംഗ് അനിവാര്യമാണ്. ഏതു രീതിയിലൊക്കെ നമ്മുടെ നികുതി ചിലവുകള്‍ കുറയ്ക്കാനാകുമെന്ന് വിശകലനം ചെയ്ത് നടപ്പാക്കിയാല്‍ ഒരാള്‍ ഇന്ന് കൊടുക്കുന്നതിന്‍റെ പകുതിയിലേറെ നികുതി ലാഭിക്കാനാകും. ഓരോ തീരുമാനത്തിലും നികുതിയുടെ സ്വാധീനം മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം പതിډടങ്ങായി ഭാവിയില്‍ പ്രകടമാകും.

(തുടരും)

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here