കോവിഡിന് പിടികൊടുക്കാതെ സ്വര്ണത്തിന്റെ കുതിപ്പ്

0
1768
Sovereign Gold Bond

കോവിഡ് 19 എന്ന മഹാമാരി ആഗോള സാമ്പത്തിക സ്ഥിതിയെ കീഴ്‌മേല്‍ മറിച്ചിട്ടും സ്വര്‍ണവില യാതൊരു ഉലച്ചിലുമില്ലാതെ നേട്ടത്തിന്റെ പാതയില്‍ കുതിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. പവന് 40,000 പിന്നിട്ടിരിക്കുന്ന സ്വര്‍ണ വിലയുടെ കുതിപ്പിന് പിന്നിലെ ഘടകങ്ങളെന്തെല്ലാമാണ്? ഈ കുതിപ്പ് എത്രവരെ തുടരും? ഇതില്‍ നിന്ന് നേട്ടം കൊയ്യാന്‍ എന്തെല്ലാം ചെയ്യണം? പരിശോധിക്കാം.

കോവിഡ് പല മേഖലകളെയും പിടിച്ചുലച്ചു കൊണ്ടിരിക്കുമ്പോഴും സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമാര്‍ഗമായി കാണുന്നതാണ് സ്വര്‍ണ വിലകളില്‍ വര്‍ധനയുണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം. കൊറോണ വൈറസ് ബാധ മൂലം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കടക്കുമെന്ന നിക്ഷേപകരുടെ ആശങ്ക നഷ്ട സാധ്യത കുറവുള്ള നിക്ഷേപങ്ങളില്‍ നിന്നും പണം പിന്‍വലിച്ച് താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള പ്രേരണയായി. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചതും സ്വര്‍ണത്തിന് അനുകൂലമായി മാറി. ബാങ്ക് പലിശ കുറഞ്ഞതോടെ സാങ്കേതികമായി പലിശ ലഭ്യമല്ലാത്ത സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടു.  പല രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് നിക്ഷേപകരെ സ്വര്‍ണം വിറ്റുമാറുന്നതില്‍നിന്നും പിന്‍വലിച്ചു. യുഎസ് ഡോളറിന്റെ മൂല്യശോഷണവും ഐഎംഎഫ് പോലുള്ള ഏജന്‍സികള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സൂചിപ്പിച്ചതും സ്വര്‍ണത്തിന് അനുകൂലമായി മാറിയ ഘടകങ്ങളാണ്. വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള സാമ്പത്തിക ഉത്തേജന നടപടികളും ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സ്വര്‍ണത്തിനുള്ള 12.5 ശതമാനം ഇറക്കുമതി ചുങ്കം ആഭ്യന്തര വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ ഇന്ത്യന്‍ രൂപയുടെ മൂല്യ ശോഷണവും ആഭ്യന്തര വിലകളെകാര്യമായി സ്വാധീനിക്കുന്നു. ആവശ്യമുള്ള സ്വര്‍ണത്തിന്റെ ഏറിയ പങ്കും ഇറക്കുമതി ചെയ്യുന്നതിനാല്‍ രൂപയുടെ മൂല്യ ശോഷണം സ്വര്‍ണത്തിന്റെ ഇറക്കുമതി വിലകളില്‍ വന്‍ വര്‍ധനവുണ്ടാക്കി. 2010 മുതല്‍ ഇന്ത്യന്‍ രൂപയ്ക്ക് ഏകദേശം 70 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്.  ഇത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലകള്‍ കയറി നില്‍ക്കുന്നതിന് വളരെയധകം സഹായിച്ചിട്ടുണ്ട്.

ഒരു വശത്ത് സ്വര്‍ണാഭരണത്തിന്റെ ഉപഭോഗത്തില്‍ കുറവ് സംഭവിക്കുമ്പോഴാണ് മറുവശത്ത് സ്വര്‍ണവില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍  പ്രകാരം ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന വിപണികളില്‍ ആഭരണാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണ ഉപഭോഗത്തില്‍ കുറവു സംഭവിക്കുകയും പകരം എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) പോലുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടാകുകയും ചെയ്തതായി വ്യക്തമാക്കുന്നു.

വില കയറി വഴി

സ്വര്‍ണത്തിന്റെ ഏറ്റവും വലിയ വിപണിയായ ലണ്ടന്‍ റെഡിയില്‍ കഴിഞ്ഞ ജനുവരി മുതല്‍ മാത്രം ഏകദേശം 30 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ സമയം ഇന്ത്യന്‍ വിപണിയില്‍ വിലവര്‍ധന 37 ശതമാനത്തോളം വരും. 2015 മുതല്‍ ഇന്ത്യന്‍ വിപണികളില്‍ 115 ശതമാനവും ആഗോള വിപണികളില്‍ 75 ശതമാനവും വിലവര്‍ധനവുണ്ടായി. വര്‍ധന.

ആഭ്യന്തര വിപണിയില്‍ 2002 ല്‍ 10 ഗ്രാമിന് 630 രൂപയില്‍ നിന്നിരുന്ന സ്വര്‍ണ വിലകള്‍ ഇപ്പോള്‍ 10 ഗ്രാമിന് 53,5000 രൂപയ്ക്കടുത്താണ്.  കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2013, 2014, 2015 വര്‍ഷങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ ചെറിയ തോതിലെങ്കിലും ഇടിവ് ദൃശ്യമായത്. ബാക്കി എല്ലാ വര്‍ഷവും ആദായകരം തന്നെയായിരുന്നു.

നേട്ടം തുടരും

സ്വര്‍ണ വില ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  ഇപ്പോഴത്തെ സാഹര്യത്തില്‍ സ്വര്‍ണത്തിനു പകരമായി മറ്റൊരു സുരക്ഷിത ആസ്തി ലഭ്യമല്ലാത്തതിനാല്‍ വിലകളില്‍ കാര്യമായ തിരുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. കോവിഡില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയും  യു.എസ് -ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ വീണ്ടും ഉടലെടുക്കുന്നതും നിക്ഷേപകരെ താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം പോലുള്ള ആസ്തികളില്‍ തുടര്‍ന്നും നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിദേശവിപണിയില്‍ സ്വര്‍ണത്തിന്റെ 2000 ഡോളര്‍ എന്ന മാന്ത്രികസംഖ്യക്കടുത്തു നില്‍ക്കുന്നതിനാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഫിസിക്കല്‍ ഡിമാന്‍ഡ് വളരെ കുറഞ്ഞ രീതിയിലായതിനാലും വില്‍പന സമ്മര്‍ദത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.


ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക് തുടങ്ങിയ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും സ്വര്‍ണ വിലകളില്‍ വന്‍ വര്‍ധനവ് പ്രവചിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന പലിശ കുറയ്ക്കല്‍, സാമ്പത്തിക ഉദാരവത്കരണ നടപടികളും സ്വര്‍ണത്തിന് അനുകൂലമാണ്. ഓഹരി, കറന്‍സി വിപണികളിലുള്ള ചാഞ്ചാട്ടം നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ പരിഗണിക്കുമ്പോള്‍ ആഭ്യന്തര സ്വര്‍ണ വിലകള്‍ പത്തു ഗ്രാമിന് 62,500 വരെ എത്താനുള്ള സാധ്യത തള്ളിക്കളയാവാകില്ല. അതേസമയം താഴോട്ടു വരികയാണെങ്കില്‍ 42,000ല്‍ വരെ പ്രതീക്ഷിക്കണം.  
ഇന്ത്യന്‍ രൂപയ്ക്കുണ്ടാകുന്ന മൂല്യവര്‍ധനയും വിദേശ വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദവും ഇന്ത്യയില്‍ വിലകളെ താഴോട്ട് നയിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വിലകള്‍ കാര്യമായിതന്നെ നേട്ടം കൈവരിക്കാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്.

Article first published in Mangalam.

LEAVE A REPLY

Please enter your comment!
Please enter your name here