ജീവിതത്തിൽ കാര്യമായ വരുമാനം ഉണ്ടെങ്കിലും പലപ്പോഴും കയ്യിലെ നീക്കിയിരിപ്പ് നോക്കുമ്പോൾ കാര്യമായി ഒന്നും ഉണ്ടാവുകയില്ല എന്നത് സാധാരണ എല്ലാവരുടെയും പരിഭവമാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ ഒരു പ്രത്യേക കാരണം കണ്ടുപിടിക്കാനും സാധിക്കുകയില്ല. ലഭിച്ച വരുമാനം ഏത് വിധത്തിൽ ചെലവഴിച്ചു എന്ന് കൃത്യമായി വിശകലനം ചെയ്താൽ പോലും പലപ്പോഴും ശരിയായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ സാധിച്ചു എന്നു വരില്ല. ഇതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതൊന്നുമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക അച്ചടക്കവും സ്വാതന്ത്ര്യവും ചർച്ചയാകുന്നത്. കാര്യങ്ങൾ കൃത്യമായി നടന്നു പോകുന്നത് കൊണ്ട് മാത്രം സാമ്പത്തികം കൃത്യമായി കൈകാര്യം ചെയ്യുന്ന ആളാണ് എന്ന് പറയാൻ സാധിക്കില്ല. ജീവിത ചിലവുകൾ നടത്തിക്കൊണ്ടു പോകുന്നതോടൊപ്പം നിക്ഷേപവും ശരിയായ രീതിയിൽ നടത്തി മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ ശരിയായ രീതിയിലാണ് വരുമാനം കൈകാര്യം ചെയ്യുന്നത് എന്ന് പറയാൻ സാധിക്കുകയുള്ളൂ. ശരിയായ രീതിയിലുള്ള പൈസയുടെ വിനിയോഗമാണ് സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം.
സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ നിക്ഷേപം മാത്രം നടത്തി എന്ന കാരണത്താൽ സാമ്പത്തികം ശരിയായി വിനിയോഗിച്ചു എന്ന് പറയാൻ സാധിക്കില്ല സാമ്പത്തിക ശാസ്ത്രത്തിന്റെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായിട്ടുണ്ട് ഇത് എല്ലാവർക്കും ഒരേ രീതിയിൽ ചെയ്യാനുള്ള അറിവ് ഉണ്ടാകണമെന്നില്ല ഈ സാഹചര്യത്തിൽ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ ഫിനാൻഷ്യൽ പ്ലാനിങ് നടത്തി നിക്ഷേപങ്ങൾ ശരിയായി ക്രമീകരിക്കാൻ സാധിക്കും. സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ഒരു വ്യക്തിയുടെ വരുമാനം, പ്രായം, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ആസ്തികൾ, ബാധ്യതകളുടെ വിവരങ്ങൾ, ഇൻഷുറൻസ്, ജീവിതലക്ഷ്യങ്ങൾ, ജീവിത ലക്ഷ്യങ്ങളുടെ കാലാവധി എന്നിവ മനസ്സിലാക്കി അധിക സാമ്പത്തിക ബുദ്ധിമുട്ട് വരാത്ത രീതിയിൽ ജീവിതലക്ഷ്യങ്ങൾ സഫലീകരിക്കാൻ സാമ്പത്തിക ആസൂത്രണം സഹായിക്കും. സാമ്പത്തിക ആസൂത്രണം നടത്തുന്നതിലൂടെ ജീവിത ലക്ഷ്യങ്ങൾക്കുള്ള തുക സമാഹരിക്കൽ മാത്രമല്ല ഉദ്ദേശിക്കുന്നത്. ചിലവുകളുടെ നിയന്ത്രണം ഇൻഷുറൻസ് എമർജൻസി ഫണ്ട് സ്വരൂപിക്കൽ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ശരിയായ രീതിയിൽ പ്ലാൻ ചെയ്ത് ആവശ്യമായ തുക എല്ലാ കാര്യങ്ങൾക്കും വീതിച്ചു നൽകുക കൂടിയാണ് ചെയ്യുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിലവുകൾ നടത്തിക്കൊണ്ടുപോകൽ എന്നത് മാത്രമല്ല, ചിലവഴിക്കുമ്പോൾ ആശങ്കയില്ലാതെ ചിലവഴിക്കുക എന്നതാണ് ശരിയായ സാമ്പത്തിക സ്വാതന്ത്ര്യം. പലപ്പോഴും പല കാര്യങ്ങൾക്കും നിങ്ങൾ പണം ചിലവഴിക്കുന്നുണ്ടാകും. എന്നാൽ ഈ തുക എത്രമാത്രം സ്വാതന്ത്ര്യത്തോടുകൂടിയാണ് വിനിയോഗിക്കുന്നത് എന്ന കാര്യമാണ് പരിഗണിക്കുന്നത് അതായത് ഒരു ഫാമിലി ടൂർ പോകുന്നു എന്ന് കരുതുക. ഇത്തരത്തിൽ യാത്ര പോകുമ്പോൾ പലവിധ ചിലവുകൾ ഉണ്ടാകും. ഈ തുക ചിലവഴിക്കുമ്പോൾ ആ വ്യക്തിക്ക് എത്രമാത്രം ആശങ്ക ഉണ്ടാകുന്നു, ഏതെല്ലാം ആവശ്യങ്ങൾ നീക്കി വയ്ക്കേണ്ടതായി വന്നിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശകലനം ചെയ്താൽ നിങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ബഡ്ജറ്റ് നോക്കി ചിലവഴിക്കുന്നതല്ല ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടത്തുന്നതിന് ആവശ്യമായ തുക മറ്റുകാര്യങ്ങളെ സ്വാധീനിക്കാതെ തന്നെ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൂടുതല്‍ ജനകീയമായി വരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപത്തിനിറങ്ങുന്നവര്‍ നടത്തേണ്ട ചില മുന്നൊരുക്കങ്ങളും നിലവിലെ നിക്ഷേപകര്‍ക്ക് സാധാരണയായി സംഭവിച്ചു വരാറുള്ളതും അതേസമയം ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ ചില അബദ്ധങ്ങളുമാണ് ഫണ്ട് ഫോക്കസ് ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്.
എന്തെല്ലാം മുന്നൊരുക്കങ്ങള്‍:
1 എത്ര തുകയാണ് നിക്ഷേപിക്കാനുദ്ദേശിക്കുന്നതെന്നും എത്ര കാലത്തേക്ക് നിക്ഷേപം നിലനിര്‍ത്താമെന്നുമുള്ള വ്യക്തമായ തീരുമാനം നിക്ഷേപകനുണ്ടായിരിക്കേണ്ടതാണ്. നിക്ഷേപത്തിന് പിറകിലെ സാമ്പത്തിക ലക്ഷ്യം എന്താണെന്ന് മനസ്സിലുറപ്പിക്കുകയും പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതു വരെ നിക്ഷേപം നിലനിര്‍ത്തിപ്പോരേണ്ടതാണെന്നും ഓര്‍ക്കുക.2 ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് ജനസ്വീകാര്യത കൂടുതല്‍. അതുകൊണ്ടു തന്നെ ഓഹരി വിപണിയില്‍ കാണുന്ന ചാഞ്ചാട്ടങ്ങളെക്കുറിച്ചെല്ലാം നിക്ഷേപകര്‍ തികച്ചും ബോധവാന്‍മാരാകേണ്ടതുണ്ട്. ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്തി ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും ലാഭം കൊയ്യാമെന്ന ചിന്ത തീര്‍ത്തും ഉപേക്ഷിക്കണമെന്ന് സാരം. ഒറ്റത്തവണയായി നടത്തുന്ന നിക്ഷേപമാണെങ്കില്‍ ചുരുങ്ങിയത് 5 വര്‍ഷത്തേക്കെങ്കിലും, എസ്‌ഐപിയിലാണെങ്കില്‍ ഉദ്ദേശിച്ച സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതു വരെയും (ഇവിടെയും 5 വര്‍ഷത്തിനു മുകളിലാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക.3 നിക്ഷേപകര്‍ തങ്ങള്‍ക്കെടുക്കാന്‍ സാധ്യമായ പരമാവധി റിസ്‌കിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരായിരിക്കണം. റിസ്‌ക് എടുക്കാനുള്ള ശേഷി അടിസ്ഥാനമാക്കിയാണ് ഇക്വിറ്റി, ഫിക്‌സഡ് ഇന്‍കം ഫണ്ടുകള്‍ക്കായി നീക്കി വെക്കേണ്ട അനുപാതം എത്രയെന്ന് തീരുമാനിക്കുന്നത്. ഉദാഹരണമായി ബാധ്യതകളൊന്നുമില്ലാത്ത ഉയര്‍ന്ന വരുമാനമുള്ള ഒരു യുവാവാണ് നിക്ഷേപകനെങ്കില്‍ അദ്ദേഹത്തിന്റെ റിസ്‌ക് എടുക്കാനുള്ള ശേഷി സ്വാഭാവികമായും ഉയര്‍ന്നിരിക്കും. നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുകയുടെ വലിയ ഒരു അനുപാതം, അതായത് 80 ശതമാനം വരെയൊക്കെ ഇക്വിറ്റിയിലും മിച്ചം വരുന്ന 20 ശതമാനം വരെ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലുമായി നിക്ഷേപിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. അതേസമയം റിട്ടയര്‍മെന്റിനടുത്തെത്തി നില്‍ക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം നേര്‍ വിപരീത ദിശയിലുള്ള ഇക്വിറ്റി-ഡെറ്റ് അനുപാതമായിരിക്കും അനുയോജ്യം. അതായത് 80 ശതമാനം വരെയൊക്കെ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലും പരമാവധി 20 ശതമാനം വരെ ഇക്വിറ്റിയിലുമാവാം എന്നര്‍ഥം. റിട്ടയര്‍മെന്റിനരികിലെത്തിയ നിക്ഷേപകനായതുകൊണ്ടു തന്നെ പരമ്പരാഗത ബാങ്ക് നിക്ഷേപവും മറ്റും വേറെ തന്നെ നിലനിര്‍ത്തുകയുമാവാം.4 വില കുറയുമ്പോള്‍ വാങ്ങുക, വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വിറ്റുമാറുക എന്നതാണല്ലോ ലാഭമെടുക്കലിന്റെ പിന്നിലെ ഗണിതശാസ്ത്രം. എന്നാല്‍ ഈ തത്വം ഓഹരി വിപണിയില്‍ പ്രാവര്‍ത്തികമാക്കുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമല്ല. വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന അപ്രതീക്ഷിത കയറ്റിറക്കങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഇത് മറികടക്കാന്‍ ഒരു വഴിയേയുള്ളൂ. വിപണിയിലെ കോലാഹലങ്ങള്‍ക്ക് ചെവി കൊടുക്കാതെ നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക. നിക്ഷേപം തുടങ്ങുന്ന സമയം വിപണി തങ്ങള്‍ക്ക് അനുയോജ്യമായ അവസ്ഥയിലാണോ എന്ന് വേവലാതിപ്പെടുന്നതിലല്ല കാര്യം, മറിച്ച് എത്രകാലത്തേക്ക് നിക്ഷേപം തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയും എന്ന് ചിന്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
സ്ഥിരമായി വരുമാനം ഉള്ളവർ മിക്കവാറും എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തി വരുന്നുണ്ടാവും. ഇത്തരം നിക്ഷേപങ്ങൾ സ്വയം ആർജ്ജിച്ച അറിവിൻറെ അടിസ്ഥാനത്തിലോ സോഷ്യൽ മീഡിയ, മറ്റു മാധ്യമങ്ങൾ എന്നിവയിൽ വരുന്ന ലേഖനങ്ങളിൽ നിന്നോ, വീഡിയോകളിൽ നിന്നോ ഉള്ള അറിവിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും നടത്തിവരുന്നത്. ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ ഒരു ഘട്ടം എത്തിക്കഴിയുമ്പോൾ എന്താണ് അടുത്ത പടി ചെയ്യേണ്ടത് എന്ന ഒരു ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രാധാന്യം പലരും തിരിച്ചറിയുന്നത്.
ഇന്ന് ഏത് തരം നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഓൺലൈനിൽ കിട്ടുമെങ്കിലും അത്തരം നിക്ഷേപ പദ്ധതികൾ എല്ലാ വ്യക്തികൾക്കും ഒരുപോലെ അനുയോജ്യമാകണം എന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള അറിവ് കൊണ്ട് മാത്രം പ്രസ്തുത നിക്ഷേപ പദ്ധതി നിക്ഷേപ അനുയോജ്യമാണ് എന്ന് പറയാൻ ആവില്ല. അതിന് കുറച്ചു കൂടി വിശദമായ ഒരു വിശകലനം ആവശ്യമാണ്. ഇത്തരം വിശകലനം ഒരു പ്രൊഫഷനലിന്റെ സഹായത്തോടെ നടത്തുന്നതാവും കൂടുതൽ അനുയോജ്യം. ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ നിലവിലുള്ള സാമ്പത്തിക നില വിശകലനം ചെയ്ത് ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ. ഫിനാൻഷ്യൽ അഡ്വൈസർമാർ അവരുടെ പ്രവർത്തന പരിചയവും നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള അറിവും ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള നിക്ഷേപങ്ങളെ ശരിയായ അനുപാതത്തിൽ ഉള്ള ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ സഹായിക്കുന്നു.
ഫിനാൻഷ്യൽ അഡ്വൈസ് ഒരു വ്യക്തിയുടെ വരുമാനം, ചിലവ് നിലവിലുള്ള നിക്ഷേപം, ബാധ്യത ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കി അവയ്ക്ക് അനുയോജ്യമായ ഒരു ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കാൻ സഹായിക്കുകയാണ് ആദ്യം ചെയ്യുക. ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ആസൂത്രണം ചെയ്യുക വഴി എത്രമാത്രം തുക നിക്ഷേപിക്കേണ്ടത് ആയിട്ട് വരും, നിലവിലുള്ള നിക്ഷേപങ്ങൾ ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ കൈവരിക്കാൻ അനുയോജ്യവും പര്യാപ്തവും ആണോ എന്നിങ്ങനെയുള്ള വിശദമായ ഒരു വിശകലനമാണ് ഫിനാൻഷ്യൽ അഡ്വൈസർ നടത്തുന്നത്. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യങ്ങളെ മുൻഗണനാക്രമത്തിൽ നിശ്ചയിക്കുന്നതോടൊപ്പം അവയ്ക്ക് ആവശ്യമായ നിക്ഷേപ പദ്ധതികളും നിശ്ചയിച്ചു തരുന്നു. ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ആയിരിക്കും നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം തന്നെ യഥാസമയം പോർട്ട്ഫോളിയോ പുനക്രമീകരണം നടത്താനുമുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
ഇന്ന് എന്തെങ്കിലും രീതിയിലുള്ള വായ്പകളെ ആശ്രയിക്കാത്തവർ വിരളമായിരിക്കും. വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പ, എന്നിങ്ങനെ പലവിധ വായ്പകൾ ലഭ്യമാണ്. വീട്ടുപകരണങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങുന്നത് പോലും വായ്പയുടെ ഭാഗമാണ്.
വളരെ ലളിതമായി എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ള രണ്ട് വായ്പ പദ്ധതികളാണ് വ്യക്തിഗത വായ്പയും ക്രെഡിറ്റ് കാർഡുകളും. ഈ രണ്ടു സൗകര്യങ്ങളും വളരെ കൃത്യമായി കൈകാര്യം ചെയ്തില്ല എങ്കിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും കാര്യമായ ഈടുകൾ ഒന്നുമില്ലാതെ ലഭിക്കുന്ന ഇത്തരം വായ്പകൾ അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഫണ്ടായി പ്രയോജനപ്പെടുത്താവുന്ന വായ്പകളാണ് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ കൃത്യമായ ഒരു ധാരണയോടു കൂടി ഇവയെ സമീപിക്കണം എന്ന് മാത്രം.
ഈ രണ്ടു വായ്പുകളിൽ ഏത് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം എന്ന് പലർക്കും സംശയമുണ്ടാകുന്ന കാര്യമാണ്. രണ്ടു വായ്പകൾക്കും പ്രത്യേക ഈടില്ലാത്തതുകൊണ്ട് തന്നെ ഉയർന്ന പലിശയാണ് കൊടുക്കേണ്ടി വരുന്നത്. ഈ സമാനതകൾ ഉണ്ടെങ്കിൽ തന്നെയും വ്യക്തിഗതവായ്പയും ക്രെഡിറ്റ് കാർഡുകളുടെ വിനിയോഗത്തിലും പ്രോസസ്സിങ്ങിലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ഇവയാണ് ഏതു വായ്പയാണ് ഓരോ വ്യക്തികൾക്കും അനുയോജ്യം എന്ന നിശ്ചയിക്കുന്നത്.
ജീവിതച്ചിലവുകൾ നിയന്ത്രിക്കാൻ ആകുന്നില്ല എന്നത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഒരു പരിധിവരെ ചിലവുകൾ നിയന്ത്രിച്ചു നിർത്താനാകും. ചില ജീവിതച്ചിലവുകൾ ഒരു പ്രത്യേക കാര്യത്തിന് വിനിയോഗിക്കുന്നതല്ലാത്തതുകൊണ്ട് തന്നെ എല്ലാതരത്തിലും ഒരു നിയന്ത്രണം കൊണ്ടുവന്നാൽ മാത്രമേ ആകെയുള്ള ചിലവ് കുറയ്ക്കാൻ ആകുകയുള്ളൂ. ഇതിനായി നിലവിലുള്ള ചിലവുകൾ ഏതൊക്കെയെന്ന് മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഇപ്പോൾ ചിലവുകൾ കൂടുതലും പേയ്മെന്റ് ആപ്പുകളും, ക്രെഡിറ്റ് കാർഡുകളും, ഓൺലൈൻ ബാങ്കിംഗ് എന്നിവ വഴി ആയതുകൊണ്ട് തന്നെ മനസ്സിലാക്കാൻ എളുപ്പമാണ്. ഇവ പരിശോധിച്ചാൽ എവിടെയാണ് പണം കൂടുതൽ ചെലവായിട്ടുള്ളതെന്ന് മനസിലാക്കാം. ഇതിൽ കുറയ്ക്കാൻ പറ്റുന്ന ചിലവുകൾ ഉണ്ടെങ്കിൽ മാത്രം അത് എഴുതിവെച്ച ശേഷം വരും മാസങ്ങളിൽ ആ ചിലവുകൾ കുറയ്ക്കാൻ സാധിക്കുന്നതാണോ എന്ന് വിലയിരുത്തുക.
ചിലവുകൾ പോലെ തന്നെ വരുമാനവും കൃത്യമായി വിശകലനം ചെയ്യുക. അതിനുശേഷം കൃത്യമായ ഒരു ബഡ്ജറ്റ് ഉണ്ടാക്കുക. ബഡ്ജറ്റ് ഉണ്ടാക്കുമ്പോൾ പ്രായോഗികമായി ചെയ്യാൻ സാധിക്കുന്നതാണ് എന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ബഡ്ജറ്റും ജീവിതചിലവുകളും രണ്ട് രീതിയിൽ പോവുകയും ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരികയും ചെയ്യും.
ചിലവുകൾ കണ്ടെത്തി ശരിയായ രീതിയിലുള്ള ബഡ്ജറ്റും ശരിയാക്കി കഴിഞ്ഞാൽ അടുത്ത പടി ഇക്കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ തന്നെയാണോ പോകുന്നത് എന്നുള്ള പരിശോധനയാണ്. ബഡ്ജറ്റ് ചെയ്യുമ്പോൾ നിക്ഷേപത്തിലേക്ക് ഒരു തുക നീക്കി വെച്ചിട്ടുണ്ടാകും ഈ തുക മാസത്തിന്റെ തുടക്കത്തിൽത്തന്നെ തന്നെ മാറ്റുക. അല്ലാത്തപക്ഷം ചിലപ്പോൾ നിക്ഷേപം ശരിയായ രീതിയിൽ നടത്താൻ സാധിക്കാതെ വന്നേക്കാം. അതായത് എല്ലാ ചിലവും കഴിഞ്ഞ് നിക്ഷേപം എന്ന രീതി മാറ്റി ആദ്യം തന്നെ നിക്ഷേപത്തിനായി ഒരു തുക നീക്കി വച്ച ശേഷം മാത്രം ആ മാസത്തെ ചിലവുകൾ മുന്നോട്ടുകൊണ്ടുപോകുക. അതുപോലെ പിഴ ഈടാക്കാൻ സാധ്യതയുള്ള തിരിച്ചടവുകൾ ആദ്യം തന്നെ ചെയ്യുക. ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് പോലുള്ള ബില്ലുകൾ, സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ തിരിച്ചടവുകൾ എന്നിവ മുടക്കം വരുത്തിയാൽ വലിയ പിഴ അടയ്ക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.