50 ലക്ഷം കോടി കടക്കാൻ മ്യൂച്വൽ ഫണ്ട്! കണക്കു തെറ്റിക്കുമോ എൽ നിനോ; ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചാൽ 2024ൽ ഓഹരി വിപണിയിൽ നേട്ടം കൊയ്യാം

0
1172
2024 market outlook
This is a set of commercial illustrations, easy to modify, infinitely magnified

ഓഹരിവിപണിയെ സംബന്ധിച്ചിടത്തോളം വലിയ ഉയരങ്ങള്‍ തൊട്ട ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധര്‍ക്കും ഓഹരിവിപണി വിദഗ്ദ്ധര്‍ക്കും പ്രവചനം തെറ്റിയ വര്‍ഷം കൂടിയാണിത്. ഉയര്‍ന്ന പലിശ നിരക്ക് വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും തന്മൂലം ഓഹരി വിപണി ഇടിവ് കാണിക്കുമെന്നുമായിരുന്നു പൊതുവെ വിദഗ്ദ്ധരുടെ അഭിപ്രായം. പോയവര്‍ഷം ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്‍ഡക്സ് 18 ശതമാനവും നാസ്ഡാക് സൂചിക 36 ശതമാനവും ഉയര്‍ച്ചയാണ് കാണിച്ചത്. ഇന്ത്യന്‍ ഓഹരിവിപണി സൂചികയായ നിഫ്റ്റി 17.77 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി (2022 ഡിസംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 22 വരെയുള്ള കണക്ക്).

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ 165000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതേ കാലയളവില്‍ ഇന്ത്യയിലെ ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ 167000 കോടിയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 2023 വര്‍ഷം അവസാനിക്കുന്ന വേളയില്‍ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണി മാനേജ് ചെയ്യുന്ന മൊത്തം നിക്ഷേപ ആസ്തി 50 ലക്ഷം കോടി എന്ന നാഴികക്കല്ലിനടുത്താണ്. പുതുവര്‍ഷത്തില്‍ പുതിയ ഉയരങ്ങള്‍ കുറിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ വിപണിയെ കാത്തിരിക്കുന്ന അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് ചുരുക്കത്തില്‍ പരിശോധിക്കാം.

2024‌‌ൽ ഓഹരി വിപണിയെ സ്വാധീനിക്കാൻ ഇടയുള്ള അനുകൂല സാഹചര്യങ്ങള്‍ ഇവ

പൊതു തിരഞ്ഞെടുപ്പ് അരികെ, നെഞ്ചിടിപ്പോടെ നിക്ഷേപകർ

election

രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിപണികളെ സ്വാധീനിക്കും. 2024ല്‍ ഇന്ത്യ പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. കഴിഞ്ഞ അഞ്ച് പൊതുതെരഞ്ഞെടുപ്പുകളിലെ വിപണിയുടെ പ്രതികരണം ശ്രദ്ധേയമാണ്. 1999 മുതല്‍ 2019 വരെ കഴിഞ്ഞ അഞ്ചു പൊതു തെരഞ്ഞെടുപ്പുകളിലും വിപണി തെരഞ്ഞടുപ്പിനു മുന്നോടിയായി നടത്തിയ കുതിപ്പില്‍ 3 മുതല്‍ 36 ശതമാനം വരെ നേട്ടം നല്‍കിയിട്ടുണ്ട്. വിപണിയുടെ നിലവിലെ കുതിപ്പ് അത്തരമൊരു റാലി ആരംഭിച്ചു എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം 2024 ലേക്ക് വളരെ വ്യക്തമായ സൂചന നല്കുന്നതുകൊണ്ട് പതിവുപോലെ ഉള്ള ഒരു ഉയര്‍ച്ച പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണ ഉണ്ടായേക്കില്ല.

ഈ രണ്ടു യുദ്ധങ്ങൾ വിപണിയിലും, അയവു വരുന്നതിൽ പ്രതീക്ഷ

ലോകത്ത് രണ്ട് യുദ്ധങ്ങള്‍ നടക്കുന്നുണ്ട് (ഇസ്രായേലും – ഹമാസും, റഷ്യയും – ഉക്രെയ്നും). ഇതെപ്പോള്‍ അവസാനിക്കുമെന്നും എങ്ങനെ അവസാനിക്കുമെന്നും പ്രവചിക്കാന്‍ സാധ്യമല്ല. എങ്കിലും അവ ആഗോളതലത്തില്‍ സൃഷ്ടിച്ച ആഘാതത്തില്‍ അയവുവന്നിട്ടുണ്ട്. ഇത് കൂടാതെ ഡിമാന്‍റ് കുത്തനെ കുറഞ്ഞതും ഉല്‍പാദനത്തിലെ വര്‍ധനയും ക്രൂഡോയില്‍ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. അസംസ്കൃത എണ്ണയുടെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയിലുണ്ടായ ഡിമാന്‍റിലെ ഇടിവ് അസംസ്കൃത എണ്ണയുടെ ഡിമാന്‍റിനെ മൊത്തത്തില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഓഹരിവിപണിയില്‍ റാലിക്ക് അനുകൂലമായ ഒരു ഘടകമാണ്.

ഫെഡ് പലിശ നിരക്ക് കുറയുമെന്ന സൂചനയിൽ പ്രതീക്ഷ

US bond yiled

ഫെഡ് പലിശ നിരക്ക് കുറയുമെന്ന സൂചന: 2023ന്‍റെ അവസാനത്തോടെ മാന്ദ്യത്തിലേക്കു നീങ്ങുമെന്ന് കരുതിയിരുന്ന യുഎസ് സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 2.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും എന്ന് ഏതാണ്ടുറപ്പാണ്. തൊഴിലില്ലായ്മ 3.7 ശതമാനം എന്ന ഭേദപ്പെട്ട നിലയിലാണ്. 11 തവണ പലിശ നിരക്കു വര്‍ധിപ്പിക്കുകയും 22 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കായ 5.25 – 5.5 ലേക്ക് പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്ത കര്‍ശന പണ നയം അവസാനിച്ചിരിക്കുന്നു എന്നാണ് ഫെഡ് തലവന്‍ ജെറോം പവല്‍ ഈയിടെ സൂചിപ്പിച്ചത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് (Federal Reserve) 2024 ല്‍ മൂന്നു തവണ പലിശ നിരക്കു കുറയ്ക്കുമെന്നാണ് സൂചന നല്‍കുന്നതെങ്കിലും നാലോ അഞ്ചോ തവണ അതുണ്ടാകുമെന്നാണ് വിപണി കരുതുന്നത്. ഇത്തരമൊരു അനുമാനത്തിന്‍റെ പ്രതിഫലനമെന്നോണം യുഎസ് ബോണ്ടിന്‍റെ വില ഉയര്‍ന്നു. ഇത് ഓഹരിവിപണികള്‍ക്ക് അനുകൂലമായ ഒരു ഘടകമാണ്.
വെല്ലുവിളികള്‍ഫെഡ് പലിശ നിരക്ക് കുറയുമെന്ന സൂചനയിൽ പ്രതീക്ഷ

2024ൽ ഓഹരി വിപണി നേരിടുന്ന വെല്ലുവിളികള്‍ ഇവയാണ്

ചരടു വലിച്ച് എൽ നിനോ, ഭീഷണി വിലക്കയറ്റം, പണപ്പെരുപ്പം കണക്കു തെറ്റിക്കും

കാലാവസ്ഥാ വ്യതിയാനം ആവാസവ്യവസ്ഥയേയും കൃഷിയേയും സാരമായി ബാധിക്കുന്ന ഒന്നാണ്. ഈ വര്‍ഷം ഇന്ത്യയില്‍ എല്‍ നിനോ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് കാര്‍ഷിക ഉത്പാദനം കുറയുന്നതിനും തന്മൂലം ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയിലേക്കും നയിക്കും. ഉപഭോക്തൃ വില സൂചികയേയും ഗ്രാമീണ മേഖലയിലെ ഡിമാന്‍റിനേയും ഇത് ബാധിക്കും. കാര്‍ഷിക, എഫ്എംസിജി മേഖലയ്ക്ക് പ്രതികൂലമാണ് ഈ സാഹചര്യം.

ഭക്ഷ്യ വിലക്കയറ്റം കടുത്ത ഭീഷണിയായി തുടരുന്നതിനാല്‍ 2024ന്‍റെ ആദ്യ പകുതിവരെ റിസര്‍വ് ബാങ്ക് പണനയത്തില്‍ കാര്യമായ മാറ്റം വരുത്തിയേക്കില്ല. ജൂണിനുശേഷം ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള ബോണ്ട് വരുമാനത്തില്‍ (ഥശലഹറ) അടുത്തകാലത്തുണ്ടായ ഇടിവും തുടര്‍ന്നുണ്ടായ ഓഹരിവിപണിയിലെ റാലിയും ഭാവിയില്‍ പലിശനിരക്കില്‍ കുറവ് ഉണ്ടാകുമെന്ന സൂചന നല്‍കുന്നതാണ്. 2024-ല്‍ പണപ്പെരുപ്പം ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടതിനാല്‍ പലിശനിരക്കില്‍ വേഗത്തിലുള്ള വെട്ടിക്കുറവ് സാധ്യമല്ല. അതിനാല്‍ത്തന്നെ ആഗോള വിപണിയില്‍ ഒരു ഹ്രസ്വകാല ഏകീകരണം പ്രതീക്ഷിക്കപ്പെടുന്നു.

സെക്യൂരിറ്റി ഇല്ലാതെ ബാങ്കുകളും ബാങ്ക്ഇതര ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വ്യക്തിഗത വായ്പയുടെ അനുപാതം അനിതരസാധാരണമായി കൂടിയിട്ടുണ്ടെന്ന് റിസര്‍വ്ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാങ്കിങ് മേഖലയ്ക്ക് ഇതൊരു വെല്ലുവിളിയാണ്.

ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇടിവ്, ഇന്ത്യയ്ക്കും വെല്ലുവിളി

2023 നെ അപേക്ഷിച്ച് ആഗോള സമ്പദ്വ്യവസ്ഥ 2024 ല്‍ മന്ദഗതിയിലാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ആഗോള ഓഹരി വിപണിക്ക് ശുഭസൂചകമല്ല. എന്തൊക്കെയായലും, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമാണെന്ന വസ്തുത നില നില്‍ക്കുന്നു. ജിഡിപി വളര്‍ച്ച ദീര്‍ഘ കാലാടിസ്ഥാനത്തില്‍ 6 മുതല്‍ 7 ശതമാനം വരെയായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആഗോള സാമ്പ ത്തിക സ്ഥിതി ഭദ്രമാകുന്നതോടെ ഇത് 10 ശതമാനമായി ഉയരാനും സാധ്യതയുണ്ട്. ലോക ജിഡിപി വളര്‍ച്ചയിലെ വേഗക്കുറവും എല്‍ നിനോ പ്രതിഭാസവും കാരണം 2024 സാമ്പത്തിക വര്‍ഷം ഇത് 7 ശതമാനമോ 6.5 ശതമാനമോ ആയിരിക്കും.

2024 നടപ്പു വര്‍ഷം അമേരിക്കന്‍ ജിഡിപി വളര്‍ച്ച 1.4 ശതമാനവും 2023 നടപ്പു വര്‍ഷം 2.4 ശതമാനവും ആയിരിക്കുമെങ്കിലും മാന്ദ്യഭീഷണിയില്ല. 2024 നടപ്പു വര്‍ഷം യൂറോ മേഖല യില്‍ ജിഡിപി വളര്‍ച്ച 0.8 ശതമാനം ആയിരിക്കുമെന്നാണ് അതാതിടങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വിലയിരുത്തുന്നത്.

ഈ അമിത വാല്യുവേഷന്‍ ന്യായീകരിക്കാൻ കഴിയുമോ

നിഫ്റ്റി 21000ല്‍ നില്‍ക്കുമ്പോള്‍ വിപണിയുടെ പി ഇ അനുപാതം 21 നു മുകളിലാണ്. (2024 സാമ്പത്തിക വര്‍ഷത്തെ ഏകദേശ നിഫ്റ്റി ലാഭത്തിന്‍റെ അടിസ്ഥാനത്തില്‍) ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടിയ വാല്യുവേഷനാണ്. 2025 സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് 7 ശതമാനം ജിഡിപി വളര്‍ച്ച നേടാന്‍ സാധിക്കുകയും കോര്‍പറേറ്റ് ലാഭ വളര്‍ച്ച 15 ശതമാനത്തില്‍ കൂടുതലാവുകയും ചെയ്താല്‍ മാത്രം ന്യായീകരിക്കാനാവുന്ന ഒരു നിലവാരമാണിത്. മന്ദഗതിയിലായ ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഉയര്‍ന്ന പലിശനിരക്കിനും വിരുദ്ധമാണ് ഉയര്‍ന്ന വാല്യുവേഷന്‍റെ നിലവിലെ പ്രവണത.

2024ൽ നിങ്ങളുടെ നിക്ഷേപ തന്ത്രം എങ്ങനെ വേണം ∙ ഓഹരിയിൽ മാത്രമായി നിക്ഷേപം ഒതുക്കരുത്, ഇവ പരിഗണിക്കുക

വിപണിയുടെ ഏറ്റവും വലിയ ഭീഷണി ആഗോളതലത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ കാണുന്ന അനിതരസാധാരണമായ ആത്മവിശ്വാസമാണ്. ഇത്തരത്തില്‍ എല്ലാവരും ബുള്ളിഷ് ആകുന്ന സമയമാണ് ഓഹരി വിപണിയിലെ ഏറ്റവും സൂക്ഷിക്കേണ്ട സമയവും. അതു മുന്നില്‍ കണ്ടുകൊണ്ട് ഇക്വിറ്റി, ഡെറ്റ് (Bonds), ഗോള്‍ഡ്, Real Estate Investment Trusts (REIT) എന്നിവയില്‍ നിക്ഷേപിക്കുന്ന ഒരു മള്‍ട്ടി-അസറ്റ് തന്ത്രം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം. ഓഹരിയില്‍, മിഡ്, സ്മാള്‍ ക്യാപ് കമ്പനികളെ അപേക്ഷിച്ച് ലാര്‍ജ്ജ് ക്യാപ് കമ്പനികള്‍ മികച്ച പ്രകടനം നടത്താനാണ് സാധ്യത.


നിക്ഷേപം നടത്തുന്നതിലെ നഷ്ടസാധ്യതയേക്കാള്‍ വന്‍നഷ്ടമാണ് നിക്ഷേപിക്കാതിരുന്നാല്‍

ഇന്ത്യയില്‍ ബിഎസ്ഇ സെന്‍സെക്സ് ആരംഭിച്ചത് 1980 ലാണ് 43 വര്‍ഷം മുമ്പ് 100 രൂപ 7.50 ശതമാനം പലിശ നിരക്കില്‍ ബാങ്ക് സ്ഥിരനിക്ഷേപത്തില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ അതിപ്പോള്‍ വെറും 2250 രൂപ ആയിരുന്നേനെ. എന്നാല്‍ അതേ 100 രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ അതിന്‍റെ മൂല്യം 71,000 രൂപ ആയേനെ. അതുകൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ഉള്ള നഷ്ടത്തേക്കാള്‍ പതിന്മടങ്ങായിരിക്കും നിക്ഷേപം നടത്താതിരുന്നാല്‍ ഉണ്ടാകുന്നത്.
ഒരു കാര്യം എടുത്തു പറയാം. ഓഹരി നിക്ഷേപവും ഡെറിവേറ്റീവ് ഓപ്ഷന്‍സ് ട്രേഡിങ്ങും ഒന്നാണെന്ന് കരുതുന്നത് മഹാമണ്ടത്തരം ആണ്. SEBIയുടെ പഠനമനുസരിച്ച് ട്രേഡിങ് നടത്തുന്ന 95% ട്രേഡര്‍മാര്‍ക്കും നഷ്ടമാണ.് ചൂതാട്ടത്തിന്‍റെ എല്ലാ ആകര്‍ഷകത്വവുമുള്ള ഡെറിവേറ്റീവ്സ്ന്‍റെ ചതിക്കുഴിയില്‍ പെടാതെ എസ്ഐപി വഴി മ്യൂച്ചല്‍ ഫണ്ട്, നല്ല ഓഹരികള്‍ എന്നിവയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിച്ച് സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ തുടക്കമിടുന്ന വര്‍ഷമായി 2024 മാറട്ടെ.

(ജിയോജിത്തിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ലേഖകന്‍)

First published in Manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here