ഹൈബ്രിഡ് മ്യൂച്ചല്‍ ഫണ്ട് സ്കീംസ്

0
1294
Mutual funds

ഇന്ന് ധാരാളം നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞതോടുകൂടി മറ്റു നിക്ഷേപ സാഹചര്യങ്ങള്‍ ഏതെല്ലാമാണെന്ന അന്വേഷണം പലപ്പോഴും ചെന്നെത്തുക മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ആയിരിക്കും. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളുടെ മുന്‍കാല വളര്‍ച്ച നിരക്ക് നിക്ഷേപകരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ നിക്ഷേപ പദ്ധതിയില്‍ നഷ്ടസാധ്യത കൂടിയുണ്ട് എന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്. എന്നിരുന്നാല്‍ തന്നെയും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നഷ്ടസാധ്യത കുറവാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

വിവിധ വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപത്തിന് ലഭ്യമാണെങ്കിലും ഇക്വിറ്റി , ഡെബ്റ്റ് എന്നീ രണ്ടു വിഭാഗം ഫണ്ടുകളാണ് പൊതുവെ പ്രചാരത്തിലുള്ളത്. മ്യൂച്വല്‍ ഫണ്ടുകളെ പൊതുവെ അഞ്ച് പ്രധാന വിഭാഗങ്ങളായി തരംതിരിക്കാം – ഇക്വിറ്റി സ്കീംസ്, ഡെബ്റ്റ് സ്കീംസ്, ഹൈബ്രിഡ് സ്കീംസ്, സൊല്യൂഷന്‍ ഓറിയന്‍റഡ് സ്കീംസ്, മറ്റു സ്കീമുകള്‍. ഇവയിലെ ഇക്വിറ്റി, ഡെബ്റ്റ് കൂടാതെയുള്ള ഒരു പ്രധാന വിഭാഗമാണ് ഹൈബ്രിഡ് മ്യൂച്ചല്‍ ഫണ്ട് സ്കീംസ്.

ഈ വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വിവിധ വിഭാഗത്തിലുള്ള നിക്ഷേപങ്ങളില്‍ ഒരു സ്കീം നിക്ഷേപിക്കുന്നു. അതായത് ഇക്വിറ്റി , ഡെബ്റ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തിലുള്ള നിക്ഷേപങ്ങളുടെ മിശ്രണം ഇത്തരം ഫണ്ടുകളില്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരം ഫണ്ടുകള്‍ക്ക് വിവിധ നിക്ഷേപ ആസ്തികളുടെ സ്വഭാവ സവിശേഷതകള്‍ ഉണ്ടാകും. ഒരു ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ത്തന്നെ വിവിധ വിഭാഗത്തിലുള്ള നിക്ഷേപങ്ങളുടെ ഗുണങ്ങള്‍ ഫണ്ടുകള്‍ക്ക് ലഭിക്കുന്നു എന്നതാണ് ഹൈബ്രിഡ് ഫണ്ടുകളുടെ പ്രധാന ആകര്‍ഷണം. ഒരാളുടെ റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് വിവിധ അനുപാതത്തിലുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ നിക്ഷേപത്തിന് ലഭ്യമാണ്. വിവിധ അനുപാതത്തില്‍ വിവിധ വിഭാഗത്തിലുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാനാകും എന്നതാണ് ഹൈബ്രിഡ് ഫണ്ടുകളുടെ പ്രത്യേകത. അതായത് ഒരു വ്യക്തിക്ക് നിശ്ചിത അനുപാതത്തില്‍ ഇക്വിറ്റി, ഡെബ്റ്റ് വിഭാഗത്തിലുള്ള പദ്ധതികളില്‍ നിക്ഷേപിക്കണമെങ്കില്‍ അത്തരം സമ്മിശ്രണം ഹൈബ്രിഡ് ഫണ്ടിന്‍റെ ഒരു സ്കീം എടുക്കുന്നതിലൂടെ സാധ്യമാകും. ഈ അനുപാതങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈബ്രിഡ് ഫണ്ടുകളെ ഏഴ് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നിക്ഷേപകന്‍റെ താല്പര്യമനുസരിച്ച് ഇവയിലെ ഏത് സ്കീമില്‍ വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.

കണ്‍സേര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട്: 10 ശ തമാനം മുതല്‍ 25 ശതമാനം വരെ ഓഹരിയധിഷ്ടിത നിക്ഷേപങ്ങളിലിലും 75% മുതല്‍ 90% വരെ അഥവാ നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുന്നു.

ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ട്: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരേ അനുപാതത്തിലാണ് ഈ നിക്ഷേപങ്ങള്‍ നടത്തുന്നത് 40 മുതല്‍ 60 ശതമാനം വരെ ഇക്വിറ്റി, ഡെബ്റ്റ് നിക്ഷേപഅനുപാതം.

അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്: ഈ ഫണ്ടുകളില്‍ ഓഹരി അധിഷ്ഠിത നിക്ഷേപം എപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കും 65 ശതമാനം മുതല്‍ 80 ശതമാനം വരെ ഇക്വിറ്റി നിക്ഷേപങ്ങളിലും 20% മുതല്‍ 35% വരെ ഡെബ്റ്റ് വിഭാഗത്തിലുള്ള നിക്ഷേപങ്ങളിലും ആയിരിക്കും. അല്പം റിസ്ക് കൂടുതല്‍ എടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.

ഡൈനാമിക്ക് അസറ്റ് അലൊക്കേഷന്‍: ഇത്തരം ഫണ്ടുകള്‍ ഫണ്ട് മാനേജരുടെ ഇഷ്ടത്തിനനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്. പൂജ്യം ശതമാനം മുതല്‍ 100 ശതമാനം വരെയുള്ള ഏത് അനുപാതത്തിലും ഇക്വിറ്റി, ഡെബ്റ്റ് പദ്ധതികളില്‍ നിക്ഷേപിക്കാവുന്നതാണ്.

മള്‍ട്ടി അസറ്റ് അലൊക്കേഷന്‍ ഫണ്ട്: കുറഞ്ഞത് 10 ശതമാനം എങ്കിലും മൂന്നു വിഭാഗത്തിലുള്ള നിക്ഷേപ ആസ്തികളില്‍ നിക്ഷേപിക്കുന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.

ആര്‍ബിട്രേജ് ഫണ്ട്, ഇക്വിറ്റി സേവിങ്സ ് ഫണ്ട്: ഈ രണ്ടു വിഭാഗത്തിലും 65% ഓഹരി അധിഷ്ഠിത നിക്ഷേപത്തിലായിരിക്കും. അതോടൊപ്പം തന്നെ ഫണ്ടുകളുടെ പ്രത്യേകത അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫണ്ട് മാനേജര്‍ക്ക് ഇത്തരം ഫണ്ടുകളില്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

നിക്ഷേപകന്‍റെ ജീവിതലക്ഷ്യങ്ങളും റിസ്ക് എടുക്കുവാനുള്ള കഴിവും അനുസരിച്ച് ഇവയില്‍ ഏത് ഫണ്ടില്‍ വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ.് ഫണ്ടുകള്‍ തിരഞ്ഞെടുക്കുവാന്‍ പരിജ്ഞാനം കുറവാണെങ്കില്‍ നല്ലൊരു സാമ്പത്തിക വിദഗ്ധന്‍റെ സഹായത്തോടെ തിരഞ്ഞെടുക്കുന്നതാവും അഭികാമ്യം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here