സ്വര്‍ണ വില ഇടിയുന്നു: ഇപ്പോള്‍ നിക്ഷേപിക്കാമോ?

0
1810
Gold price

കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് സ്വര്‍ണവില ഇടിയുന്നു. അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലെ കുതിപ്പും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തുമന്നുമുള്ള അഭ്യൂഹങ്ങളുമാണ് സ്വര്‍ണത്തില്‍നിന്നും പിന്‍വലിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.

ആഗോള വിപണിയിലെ സ്വര്‍ണത്തിന്റെ പ്രധാന വിപണന കേന്ദ്രമായ ലണ്ടന്‍ സ്പോട് മാര്‍ക്കറ്റില്‍ ഔണ്‍സിന് 1705 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 2070 ഡോളറില്‍ നിന്നും 18 ശതമാനത്തോളം താഴെയാണ്.

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപക്കുണ്ടായ റെക്കോര്‍ഡ് മൂല്യശോഷണവും, ഈ മാസമാദ്യം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും ആഭ്യന്തര വിലയെ ഒരുപരിധിവരെ കനത്ത ഇടിവില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്.

കാലങ്ങളായി സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. ആഗോള തലത്തിലുണ്ടാവുന്ന സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ നിക്ഷപകരെ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. പോയവര്‍ഷം കോവിഡ് 19 മഹാമാരി മൂലം ആഗോള സാമ്പത്തിക സ്ഥിതി പരിതാപകരമാവുകയും ഓഹരി വിപണികളും മറ്റും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോള്‍ സ്വര്‍ണം മുന്നേറ്റത്തിന്റെ പാതയില്‍ത്തന്നെയായിരുന്നു. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ ആദ്യനാളുകളില്‍ സ്വര്‍ണവിലയില്‍ വന്‍മുന്നേറ്റം ദൃശ്യമായിരുന്നു.

ബാങ്ക് പലിശ നിരക്കില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് പലിശ-രഹിത നിക്ഷേപമായ സ്വര്‍ണത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. നേരത്തെ, കോവിഡ് 19 കാലഘട്ടത്തില്‍ പല പ്രമുഖരാജ്യങ്ങളും സാമ്പത്തിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി പലിശനിരക്കുകള്‍ കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അവലംബിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പല കേന്ദ്ര ബാങ്കുകളും പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതായാണ് കണ്ടുവരുന്നത്.

ബാങ്ക് നിക്ഷേപങ്ങളിലെ ഉര്‍ന്ന പലിശനിരക്ക് സ്വാഭാവികമായും സ്വര്‍ണം പോലുള്ള പലിശ-രഹിത നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടാന്‍ കാരണമാകും. അതുമൂലം വില്പന സമ്മര്‍ദ്ദം നേരിടേണ്ടിവരികയും ചെയ്യുന്നു. അതുപോലെ നിക്ഷേപകര്‍ സ്വര്‍ണത്തേക്കാള്‍ സുരക്ഷിതമായി യുഎസ് കടപ്പത്രങ്ങളെയും, ഡോളറിനെയും പരിഗണിക്കുന്നതും സ്വര്‍ണവിലകളെ അസ്ഥിരപ്പെടുത്താന്‍ കാരണമായിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കൂടിവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കോവിഡന്റെ ആദ്യവര്‍ഷത്തില്‍ സ്വര്‍ണ്ണ ഇറക്കുമതി വളരെ പരിമിതമായിരുന്നു. എന്നാല്‍ സാമ്പത്തികസ്ഥിതി അനുകൂലമായതോടു കൂടി ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിക്കുകയും അത് രാജ്യത്തിന്റെ ധനക്കമ്മി ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്തു. സ്വര്‍ണ്ണ ഇറക്കുമതി പരിമിതപ്പെടുത്തുകയും അതിലൂടെ കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഈവര്‍ഷം ജൂലൈ ഒന്നാം തീയതി മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 7.5 ശതമാനത്തില്‍നിന്നും 12.5 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ സ്വര്‍ണ്ണവില വിദേശനിലവാരത്തെ ആശ്രയിച്ചാണെങ്കിലും ആഭ്യന്തര ഡിമാന്‍ഡ്, ഇന്ത്യന്‍ രൂപയിലെ മൂല്യവ്യതിയാനങ്ങള്‍, ഗവണ്‍മെന്റ് പോളിസി എന്നിവയനുസരിച്ച് വിലകളില്‍കാര്യമായവ്യത്യാസം അനുഭവപ്പെടാറുണ്ട്.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണ നിക്ഷേപം ആദായകരമാണ് എന്നു തന്നെയാണ് വസ്തുത. 2005-2006 കാലഘട്ടത്തില്‍ പത്ത് ഗ്രാമിന് 8000-9000 രൂപ നിലവാരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവില തുടര്‍ച്ചയായ മുന്നേറ്റമാണ് പിന്നീടുണ്ടായ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയത്. 2013 ഇല്‍ 10 ഗ്രാമിന് 35000 രൂപവരെ വന്നിരുന്നെങ്കിലും 2016 ഏകദേശ വിപണി വില പത്തു ഗ്രാമിന് 27000 നിലവാരത്തില്‍ ആയിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക അസ്ഥിരതകള്‍, റഷ്യന്‍ – യുക്രൈന്‍ സംഘര്‍ഷങ്ങള്‍ എന്നിവ വിലകളെ വീണ്ടും ചൂടുപിടിപ്പിക്കുകയും 10 ഗ്രാമിന് 55,000 രൂപവരെ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ആഭ്യന്തര സ്വര്‍ണവിപണി ശക്തമായി തന്നെ തുടരാനാണ് സാധ്യത. ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിലയില്‍ കാര്യമായ തിരുത്തലുകളുണ്ടാകാമെങ്കിലും ദീര്‍ഘകാല നിക്ഷേപത്തിന് സ്വര്‍ണ്ണവും പരിഗണിക്കാം. വിലകളില്‍ തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ ചെറിയ തോതില്‍ വാങ്ങി സംഭരിക്കുന്നതാണ് അഭികാമ്യം. അതിനായി കേന്ദ്ര ഗവര്‍ന്മെന്റിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് അല്ലെങ്കില്‍ സ്വര്‍ണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് എന്നിവയിലെ നിക്ഷേപ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here