സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍

0
2056
Gold price


സ്വര്‍ണ്ണം വാങ്ങിക്കുക എന്നത് മലയാളികളെ സംബന്ധിച്ച് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ തുടര്‍ച്ചയായി സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ ഉയര്‍ച്ച സ്വര്‍ണ്ണം വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിക്കാന്‍ കാരണമായി എന്നത് ഒരു വസ്തുതയാണ്. ഇവിടെ പലപ്പോഴും സ്വര്‍ണ്ണം വാങ്ങുന്നത് ആഭരണമായി ഉപയോഗിക്കുവാനും എന്തെങ്കിലും ആവശ്യം വന്നാല്‍ പണയമാക്കി മാറ്റാനും വേണ്ടിയാണ്. സ്വര്‍ണാഭരണമായി മാറ്റുമ്പോള്‍ പണിക്കൂലി ഇനത്തിലും മറ്റും ധാരാളം പണം നഷ്ടമാകുന്നുണ്ട് എന്ന് അറിയാമെങ്കിലും ആ ശീലത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കുന്നില്ല എന്നതാണ് ശരി. സ്വര്‍ണ്ണം ഒരു നിക്ഷേപമാണ് എന്നതിന് മുന്‍ഗണന കൊടുക്കാത്തതുകൊണ്ടാണ് പലപ്പോഴും ആവശ്യം ഇല്ലെങ്കിലും സ്വര്‍ണ്ണാഭരണം തന്നെ വാങ്ങുന്നത്. സ്വര്‍ണ്ണത്തെ ഒരു നിക്ഷേപമായിക്കണ്ട് വാങ്ങുന്നതിനു വിവിധ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. സ്വര്‍ണ്ണ നിക്ഷേപം എന്നത് പണ്ട് കാലം തൊട്ട് ഉണ്ടെങ്കിലും വിവിധ തരത്തില്‍ സ്വര്‍ണ്ണ നിക്ഷേപം നടത്താന്‍ സാധിക്കുകയില്ലായിരുന്നു. നേരത്തെ സ്വര്‍ണ്ണ നിക്ഷേപം സ്വര്‍ണ്ണാഭരണമോ സ്വര്‍ണ്ണ കട്ടികളോ, നാണയങ്ങളോ ആയാണ് നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഇന്ന് സ്വര്‍ണ്ണക്കട്ടികള്‍ വാങ്ങുന്നതുപോലെതന്നെ, ഗോള്‍ഡ് ഇടിഎഫ് ഫണ്ടുകളായോ, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളായോ, അതല്ലയെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളായോ നിക്ഷേപം നടത്താവുന്നതാണ്. ഇത്തരത്തില്‍ വിവിധതരം സ്വര്‍ണ്ണ നിക്ഷേപത്തിന് അവസരമുണ്ടായിരിക്കെ ഈ അവസരങ്ങള്‍ ഉപയോഗിക്കുന്നവര്‍ വളരെ ചുരുക്കമാണ്. സ്വര്‍ണ്ണം വാങ്ങുന്നവരുടെ പ്രധാന പ്രശനം ഇത് സൂക്ഷിക്കാനുള്ള പ്രയാസമാണ്. വീടുകളിലും മറ്റും സുരക്ഷിതമല്ലാത്തതുകൊണ്ട് ബാങ്ക് ലോക്കറുകളെയും മറ്റും ആശ്രയിക്കേണ്ടതായിട് വരും. ഇതിനായി വീണ്ടും പണം മുടക്കേണ്ടതായിട്ട് വരും. ഇതിനുള്ള ഒരു പരിഹാരമാണ് മേല്‍ പറഞ്ഞ ഡിജിറ്റല്‍ ഗോള്‍ഡ് പദ്ധതികള്‍.

ഗോള്‍ഡ് ഇടിഎഫ്കള്‍ അഥവാ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നത് സ്വര്‍ണ്ണ കട്ടികള്‍ വാങ്ങുന്നതിനു തുല്യമാണ്. ഇവയുടെ വില വിപണിയിലെ സ്വര്‍ണ്ണ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. ഇടി എഫ്കള്‍ സ്റ്റോക്ക് എക്സ്ചേങ്കുകളില്‍ ലിസ്റ്റ് ചെയ്തവയാണ്. അതുകൊണ്ടു തന്നെ ഒരു സ്റ്റോക്ക് ബ്രോക്കറുടെ സഹായത്തോടെ മാത്രമേ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. യൂണിറ്റുകള്‍ ആയാണ് ഇവ വാങ്ങുന്നത,് ആവശ്യമുള്ളപ്പോള്‍ വിറ്റ് പണമാക്കി മാറ്റാനും സാധിക്കും.ഗോള്‍ഡ് ഇടിഎഫ് വായ്പ ഈടായി ബാങ്കുകള്‍ സ്വീകരിക്കുകയും ചെയ്യും. ഇവയുടെ വിനിമയം ഡിജിറ്റല്‍ രീതിയില്‍ നടക്കുന്നതുകൊണ്ട് ഗുണമേډയും മാറ്റും പരിശോധിക്കേണ്ടതില്ല.

ഇതുപോലെയുള്ള മറ്റൊരു നിക്ഷേപ മാര്‍ഗ്ഗമാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. സ്വര്‍ണ്ണത്തില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്തുന്ന കമ്പനികളിലും, സ്വര്‍ണ്ണ ഖനനത്തിലും, ഉത്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇത്തരം ഫണ്ടുകള്‍ക്ക് സ്വര്‍ണ വിലയുമായി നേരിട്ട് ബന്ധമില്ല. എന്നാല്‍ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട വ്യാപരം നടത്തുന്ന ഓരോ മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലും ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളുടെ പ്രകടനം അനുസരിച്ചായിരിക്കും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിന്‍റെ ആകെ വളര്‍ച്ച.

സ്വര്‍ണ്ണത്തില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിന് തുല്യമായ മറ്റൊരു പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഇത്തരം ബോണ്ടുകള്‍ ഇറക്കുന്നത്. ഇതില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 2.5% പലിശ ലഭിക്കും എന്നതാണ് പ്രധാന ആകര്‍ഷണം. ഈ പലിശ അര്‍ദ്ധവാര്‍ഷികമായിട്ടായിരിക്കും ലഭിക്കുക. ഇത് വാങ്ങുന്നത് ഓരോ യൂണിറ്റുകളായിട്ടാണ്. ഒരു യൂണിറ്റ് എന്നത് ഒരു ഗ്രാം ആയിട്ടാണ് പരിഗണിക്കുന്നത്. ഒരാള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാവുന്ന സ്വര്‍ണ്ണത്തിന്‍റെ അളവ് നാല് കിലോ ആയി നിജപ്പെടുത്തിയുട്ടുണ്ട്. എന്നാല്‍ ഒരു കുടുംബത്തിലെ എത്ര പേര്‍ക്ക് വേണമെങ്കിലും ഈ പദ്ധതിയില്‍ ചേര്‍ന്ന് പരമാവാധി നിക്ഷേപം നടത്താവുന്നതാണ്. ഈ നിക്ഷേപത്തിന്‍റെ കാലാവധി 8 വര്‍ഷമാണ് എങ്കിലും 5 വര്‍ഷത്തിന് ശേഷം ആവശ്യമെങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്. ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ് എങ്കിലും കാലാവധി പൂര്‍ത്തിയായ ശേഷം പിന്‍വലിക്കുകയാണെങ്കില്‍ ലഭിക്കുന്ന വളര്‍ച്ച നികുതി രഹിതമാണ് എന്നത് ഒരു പ്രധാന ആകര്‍ഷണമാണ്. നിക്ഷേപം പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലായതുകൊണ്ട് ഗുണമേډയുടെയും തൂക്കത്തിന്‍റെയും കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ഈ നിക്ഷേപവും വായ്പ നല്‍കുന്നതിന് ഈടായി സ്വീകരിക്കുന്നതാണ്. ഈ ബോണ്ടുകള്‍ വാങ്ങുന്നതിനായി ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന തീയതികളില്‍ മാത്രമേ സഹിക്കുകയുള്ളൂ. ഈ മാസം 20 മുതല്‍ 24 വരെ തീയതിയാതിരുന്നു ഈ വര്‍ഷത്തെ ആദ്യത്തെ സീരീസ് ബോണ്ട് വാങ്ങുന്നതിനുള്ള അവസരം. ഇനി അടുത്ത സീരീസ് വാങ്ങുന്നതിനുള്ള അവസരം ആഗസ്ത് മാസം 22 മുതല്‍ 26 വരെയാണ്. ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ചേരാവുന്നതാണ്.

First published in Mangalam