സ്കീം തിരഞ്ഞെടുക്കാനുള്ള ചില മാനദണ്ഡങ്ങള്‍

0
1820
Mutual funds

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ സങ്കീര്‍ണമാക്കുന്ന ഘടകങ്ങളില്‍ ചിലതാണ് (1) വിപണിയിലുള്ള സ്കീമുകളുടെ അതിപ്രസരം (2) അനേകം തരത്തിലുള്ള സ്കീമുകള്‍ (3) പ്രവര്‍ത്തനത്തിലുള്ള വ്യത്യാസങ്ങള്‍ എന്നിവ. ഈ സങ്കീര്‍ണതകള്‍ കാരണമാണ് അനുയോജ്യമായ ഒരു നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ക്ക് കഴിയാതെ പോകുന്നത്. എന്നാല്‍ അധികം ഗവേഷണം കൂടാതെ തന്നെ സ്കീമുകള്‍ തിരഞ്ഞെടുക്കാന്‍ ചില എളുപ്പവഴികള്‍ ഇന്ന് നോക്കാം. സ്കീമുകളുടെ ചില അനുപാതങ്ങളും സ്വഭാവവും അടിസ്ഥാനമാക്കി അനായാസം തിരഞ്ഞെടുക്കാന്‍ സാധിക്കും.

  1. റിസ്ക്കോമീറ്റര്‍
    ആറു തലത്തിലുള്ള റിസ്കാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഉള്ളത്. ഇത് വ്യക്തമാക്കുന്ന ഒരു ചിത്രം എല്ലാ സ്കീമിന്‍റെയും ഫാക്ട് ഷീറ്റിന്‍റെ താഴെ കൊടുത്തിട്ടുണ്ടാകും. ഇതില്‍ ‘ലോ’ മുതല്‍ ‘വെരി ഹൈ’ വരെ റിസ്ക് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിലെ മീറ്ററിന്‍റെ സൂചി ആ സ്കീമിന്‍റെ റിസ്കിന്‍റെ അളവ് സൂചിപ്പിക്കുന്നതായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപത്തില്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന റിസ്കിനനുസരിച്ച് ഈ മീറ്ററിനെ ആസ്പദമാക്കി സ്കീം തിരഞ്ഞെടുക്കാനാവുന്നതാണ്. പൊതുവെ ഹ്രസ്വകാല കടപ്പത്രാധിഷ്ഠിത സ്കീമുകള്‍ക്കാണ് ഏറ്റവും കുറഞ്ഞ റിസ്ക്. മറുവശത്ത് ചെറുകിട കമ്പനികളിലേക്കും അല്ലെങ്കില്‍ ഏതെങ്കിലുമൊരു പ്രത്യേക വ്യവസായ മേഖലയിലേക്ക് മാത്രം നിക്ഷേപിക്കുന്ന സ്കീമുകള്‍ക്കാണ് ഏറ്റവും റിസ്ക് കൂടുതല്‍. ‘മോഡറേറ്റ്’ എന്ന വിഭാഗത്തില്‍ പെടുന്ന ശരാശരി റിസ്കുള്ള സ്കീമുകള്‍ ആയിരിക്കും മിക്ക നിക്ഷേപകര്‍ക്കും അനുയോജ്യം. ചിലപ്പോള്‍ റിസ്കിന്‍റെ നിക്ഷേപ ഉദ്ദേശത്തില്‍ മാറ്റം വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ സ്കീമിന്‍റെ റിസ്കിലും മാറ്റമുണ്ടാകും. അതുകൊണ്ട് ഇടയ്ക്കൊക്കെ സ്കീമിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിഞ്ഞു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
  2. റേറ്റിംഗ്
    സ്കീമുകളെ ഗവേഷണത്തിന് വിധേയമാക്കി അനേകായിരം സ്കീമുകളില്‍ നിന്നും വിവിധ അനുപാതങ്ങളുടെയും പ്രവര്‍ത്തന സവിശേഷതയുടേയും അടിസ്ഥാനത്തില്‍ ‘സ്റ്റാര്‍ റേറ്റിംഗ്’ കൊടുക്കുന്ന സംവിധാനമുണ്ട്. മിക്ക മ്യൂച്വല്‍ ഫണ്ട് ഗവേഷണ സ്ഥാപനങ്ങളും ഏറ്റവും മികച്ചതിന് 5 സ്റ്റാര്‍ മുതല്‍ ഏറ്റവും മോശം സ്കീമുകള്‍ക്ക് 1 സ്റ്റാര്‍ വരെ റേറ്റിംഗ് കൊടുക്കുന്നു. ഈ വിശകലനം എല്ലാ മാസവും നടത്തും.

  3. നിങ്ങള്‍ ഒരു സ്കീം തിരഞ്ഞെടുക്കുമ്പോള്‍ 5 സ്റ്റാര്‍ സ്കീമുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. ഇത് പ്രവര്‍ത്തന മികവ് മാത്രമല്ല, പല ഗുണമേډയും കൂടി ഉറപ്പു തരുന്ന ഗവേഷണത്തിന്‍റെ ഫലമാണ്. എന്നാല്‍ റിസ്കിന്‍റെ കാര്യത്തില്‍ പറഞ്ഞത് പോലെ തന്നെ റേറ്റിംഗ്ന്‍റെ കാര്യത്തിലും ഭാവിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ഇന്ന് ഏറ്റവും നല്ല നിലവാരത്തിലുള്ള സ്കീമിന്‍റെ റേറ്റിംഗ് പൊടുന്നനെ കൂപ്പുകുത്തുകയില്ലെന്നത് ആശ്വാസമേകുന്ന കാര്യമാണ്. എന്നിരുന്നാലും 5 സ്റ്റാര്‍ ഉള്ള ഒരു സ്കീം 4 ലേക്കും പിന്നെ 3 ലേക്കും വഴുതി വീഴുകയാണെങ്കില്‍ സ്കീമിന്‍റെ പ്രവര്‍ത്തനത്തെ ഒന്ന് വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും. ഇത് 6 മാസത്തില്‍ ഒരിക്കല്‍ മതിയാകും. 3 സ്റ്റാറില്‍ താഴേക്ക് സ്കീം പോവുകയാണെങ്കില്‍ ആ സ്കീമില്‍ നിന്ന് മറ്റേതെങ്കിലും സ്കീമിലേക്ക് മാറുന്നത് നല്ലതായിരിക്കും. തിരിച്ച് 3 ല്‍ നിന്ന് 4 ലേക്ക് തിരികെ കയറുകയാണെങ്കില്‍ ആ സ്കീമില്‍ തന്നെ നിക്ഷേപം തുടരാവുന്നതാണ്. മുന്‍കാല വരുമാനം മാത്രമല്ല സ്റ്റാറിന്‍റെ അടിസ്ഥാനം എന്നതിനാല്‍ റേറ്റിംഗ്ന്‍റെ അടിസ്ഥാനത്തില്‍ സ്കീം തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും.
  4. ഫണ്ട് മാനേജര്‍
    സ്കീം മാനേജ് ചെയ്യുന്നതില്‍ പ്രാവീണ്യവും ദീര്‍ഘകാലത്തെ പരിചയവും ഉള്ള ഫണ്ട് മാനേജര്‍മാരുടെ സ്കീമുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം. റിസ്കും റേറ്റിംഗും നോക്കിക്കഴിഞ്ഞാല്‍ അടുത്തത് ഫണ്ട് മാനേജര്‍ ആരാണെന്ന് നോക്കുന്നതാണ്. എപ്പോഴും ഒരു സ്കീമല്ല, അത് നിയന്ത്രിക്കുന്ന ആളുടെ കഴിവാണ് സ്കീമിന്‍റെ വരുമാനത്തെ നിര്‍ണ്ണയിക്കുന്നത്. ക്രിക്കറ്റില്‍ ബാറ്റിന്‍റെ ഗുണമേډയേക്കാള്‍ ബാറ്റ്സ്മാന്‍ന്‍റെ കഴിവിലാണല്ലോ കൂടുതല്‍ റണ്ണുകള്‍ പിറക്കുന്നത്. നാം നിരീക്ഷിക്കേണ്ട മൂന്നാമത്തെ ഘടകം എന്നത് ഒരു സ്കീമിന്‍റെ ഫണ്ട് മാനേജര്‍ മാറുന്നുണ്ടോ എന്നാണ്. നാം ഒരു കമ്പനിയുടെ സ്കീമില്‍ നിക്ഷേപിച്ച്, അവിടെനിന്ന് ആ സ്കീമിന്‍റെ ഫണ്ട് മാനേജര്‍ മാറുകയാണെങ്കില്‍ അത് ആ സ്കീമിന്‍റെ ഭാവിയിലെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ചിലപ്പോള്‍ പുതിയ ഫണ്ട് മാനേജര്‍ നേരത്തെ ഉള്ളയാളെക്കാള്‍ പ്രഗത്ഭനായേക്കാം. മൂന്ന് മുതല്‍ ആറ് മാസക്കാലത്തേക്ക് പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തീരുമാനം എടുത്താല്‍ മതിയാകും. ഈ കാലയളവില്‍ സ്കീമിന്‍റെ റേറ്റിംഗില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കില്‍ നിക്ഷേപം തുടരുന്നതില്‍ തെറ്റില്ല. ഇന്ത്യയിലെ മുന്‍നിര ഫണ്ട് മാനേജര്‍മാര്‍ ആരൊക്കെയാണെന്നും അവര്‍ നിയന്ത്രിക്കുന്ന നിക്ഷേപങ്ങള്‍ എന്തൊക്കെയാണെന്നുമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാവുന്നതാണ്.

  5. അടിക്കുറിപ്പ്
    മ്യൂച്വല്‍ ഫണ്ട്സ് ശരിയാണ്. പക്ഷെ ശരിയായ സ്കീം തിരഞ്ഞെടുക്കുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ സാധിക്കുന്ന ഒന്നല്ല.് മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് എത്ര തന്നെ കുറഞ്ഞ അറിവാണ് ഉള്ളതെങ്കിലും മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏകദേശം നല്ല സ്കീമുകള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ സാമ്പത്തിക / നിക്ഷേപ ഉപദേഷ്ടാവ് ആര് തന്നെ ആയാലും സ്കീമുകളുടെ അടിസ്ഥാനപരമായ ഗുണനിലവാരം നല്ലതാണെങ്കില്‍ മാത്രമേ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കാവൂ. അതേ സമയം നിങ്ങള്‍ക്ക് പ്രത്യേക നിക്ഷേപ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ച് അന്താരാഷ്ട്ര നിക്ഷേപങ്ങളും പല ആസ്തി വര്‍ഗ്ഗങ്ങളിലേക്കുള്ള നിക്ഷേപങ്ങളും തിരഞ്ഞെടുക്കാം. നിങ്ങള്‍ ഒരാളുടെയും ഉപദേശം സ്വീകരിക്കുന്നില്ലെങ്കിലും മേല്‍പ്പറഞ്ഞ മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ ഉപയോഗിച്ച് സ്കീമുകളെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Originally published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here