സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രാധാന്യം നമ്മുടെ ജീവിതത്തിൽ

0
23

സ്ഥിരമായി വരുമാനം ഉള്ളവർ മിക്കവാറും എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തി വരുന്നുണ്ടാവും. ഇത്തരം നിക്ഷേപങ്ങൾ സ്വയം ആർജ്ജിച്ച അറിവിൻറെ അടിസ്ഥാനത്തിലോ സോഷ്യൽ മീഡിയ, മറ്റു മാധ്യമങ്ങൾ എന്നിവയിൽ വരുന്ന ലേഖനങ്ങളിൽ നിന്നോ,  വീഡിയോകളിൽ  നിന്നോ ഉള്ള   അറിവിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും നടത്തിവരുന്നത്.  ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ ഒരു ഘട്ടം എത്തിക്കഴിയുമ്പോൾ എന്താണ് അടുത്ത പടി ചെയ്യേണ്ടത് എന്ന ഒരു ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഈ  സാഹചര്യത്തിലാണ് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രാധാന്യം പലരും തിരിച്ചറിയുന്നത്.

ഇന്ന് ഏത് തരം നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഓൺലൈനിൽ കിട്ടുമെങ്കിലും അത്തരം നിക്ഷേപ പദ്ധതികൾ എല്ലാ വ്യക്തികൾക്കും ഒരുപോലെ അനുയോജ്യമാകണം എന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള അറിവ് കൊണ്ട് മാത്രം പ്രസ്തുത നിക്ഷേപ പദ്ധതി നിക്ഷേപ അനുയോജ്യമാണ് എന്ന് പറയാൻ ആവില്ല. അതിന് കുറച്ചു കൂടി വിശദമായ ഒരു വിശകലനം ആവശ്യമാണ്. ഇത്തരം വിശകലനം ഒരു പ്രൊഫഷനലിന്റെ സഹായത്തോടെ നടത്തുന്നതാവും കൂടുതൽ അനുയോജ്യം. ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ നിലവിലുള്ള സാമ്പത്തിക നില വിശകലനം ചെയ്ത് ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ. ഫിനാൻഷ്യൽ അഡ്വൈസർമാർ അവരുടെ പ്രവർത്തന പരിചയവും നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള അറിവും ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള നിക്ഷേപങ്ങളെ ശരിയായ അനുപാതത്തിൽ ഉള്ള ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ സഹായിക്കുന്നു.

ഫിനാൻഷ്യൽ അഡ്വൈസ് ഒരു വ്യക്തിയുടെ വരുമാനം, ചിലവ് നിലവിലുള്ള നിക്ഷേപം, ബാധ്യത ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കി അവയ്ക്ക് അനുയോജ്യമായ ഒരു ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കാൻ സഹായിക്കുകയാണ് ആദ്യം ചെയ്യുക. ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ആസൂത്രണം ചെയ്യുക വഴി എത്രമാത്രം തുക നിക്ഷേപിക്കേണ്ടത് ആയിട്ട് വരും, നിലവിലുള്ള നിക്ഷേപങ്ങൾ ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ കൈവരിക്കാൻ അനുയോജ്യവും പര്യാപ്തവും ആണോ എന്നിങ്ങനെയുള്ള വിശദമായ ഒരു വിശകലനമാണ് ഫിനാൻഷ്യൽ അഡ്വൈസർ  നടത്തുന്നത്. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യങ്ങളെ മുൻഗണനാക്രമത്തിൽ നിശ്ചയിക്കുന്നതോടൊപ്പം അവയ്ക്ക് ആവശ്യമായ നിക്ഷേപ പദ്ധതികളും നിശ്ചയിച്ചു തരുന്നു. ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ആയിരിക്കും നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം തന്നെ യഥാസമയം പോർട്ട്ഫോളിയോ പുനക്രമീകരണം നടത്താനുമുള്ള    നിർദ്ദേശങ്ങൾ നൽകുന്നു.

വിവിധ ജീവിതലക്ഷ്യങ്ങൾക്കുള്ള തുകസമാഹരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് റിട്ടയർമെൻറ് നുശേഷം ജീവിക്കുന്നതിന് ആവശ്യമായ തുക സമാഹരിക്കുക എന്നത്. ജോലിയിൽ നിന്ന് വിരമിക്കുന്നതോടെ സ്ഥിര വരുമാനം നിൽക്കും. വിരമിച്ച ശേഷം ചിലവുകൾക്കനുസരിച്ച് പണപ്പെരുപ്പം കൂടി കണക്കിലെടുത്തുള്ള തുക ജീവിതകാലം മുഴുവൻ ലഭിക്കുന്നതിന് ആവശ്യമായ തുക വിരമിക്കുന്നതിന് മുമ്പ് സമാഹരിക്കേണ്ടതുണ്ട്. ഈ തുക എത്ര വേണ്ടി വരും എന്നുള്ള ഏകദേശ കണക്ക് നൽകാൻ ഈ അഡ്വൈസേഴ്സിന് സാധിക്കുന്നതോടൊപ്പം ഇതിനായി വേണ്ട നിക്ഷേപ പദ്ധതികൾ നിർദ്ദേശിക്കാനും അവർക്ക് കഴിയും.

വിവിധ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ബാധകമായ നികുതിയിളവ് ആനുകൂല്യങ്ങൾ പരമാവധി ഉൾപ്പെടുത്തി ഏതുതരം നിക്ഷേപം തിരഞ്ഞെടുക്കണമെന്ന് വ്യക്തിയുടെ സാമ്പത്തിക നിലയും വ്യക്തിഗത താൽപര്യങ്ങളും അനുസരിച്ച് നിർദ്ദേശങ്ങൾ നൽകാൻ അഡ്വൈസേഴ്സിന് സാധിക്കും.

നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് റിസ്ക് മാനേജ് ചെയ്യുക എന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് റിസ്ക് മാനേജ്മെൻറ് കൊണ്ട് ഉദ്ദേശിക്കുന്നത്.  ഇൻഷുറൻസ്, എമർജൻസി ഫണ്ട് എന്നിവ ഇത്തരം സാഹചര്യങ്ങളെ  ശരിയായി കൈകാര്യം ചെയ്യാൻസഹായിക്കും. ഒരു കുടുംബത്തിലെ വരുമാനം കൊണ്ടുവരുന്ന എല്ലാ വ്യക്തികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഭാര്യയും ഭർത്താവും ജോലിക്കാരാണ് എങ്കിൽ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും രണ്ടുപേരുടെയും വരുമാനം ചേർത്ത തുക ഉപയോഗിച്ച് ആയിരിക്കും ജീവിതചിലവുകളും കുടുംബത്തിലെ മറ്റു സാമ്പത്തിക ലക്ഷ്യങ്ങൾക്കും ഉള്ള തുക കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ആരുടെയെങ്കിലും അഭാവത്തിൽ കുടുംബത്തിലെ കൂട്ടായ ലക്ഷ്യങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഇവ കണക്കിലെടുത്ത് ആവശ്യമായ ലൈഫ് ഇൻഷുറൻസ് പരിരക്ഷ എടുക്കേണ്ടത് അത്യാവശ്യമാണ്.

അതുപോലെതന്നെ ഉയർന്ന ഹോസ്പിറ്റൽ ചിലവുകൾ കൈകാര്യം ചെയ്യാൻ ആരോഗ്യ ഇൻഷുറൻസും ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. ശരിയായ   ഫിനാൻഷ്യൽ അഡ്വൈസ്  വ്യക്തികൾക്ക് സാമ്പത്തിക ആസൂത്രണം നടത്തി സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുക മാത്രമല്ല, അവർക്ക്  സാമ്പത്തിക കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനുള്ള അറിവ് പകർന്നു നൽകുക കൂടിയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ സഹായിക്കുന്നതോടൊപ്പം സാമ്പത്തിക കാര്യങ്ങൾ എങ്ങനെ കൊണ്ടുപോകണമെന്ന് മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ഫിനാൻഷ്യൽ അഡ്വൈസർ  സഹായിക്കുന്നു.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here