ജീവിതത്തിൽ കാര്യമായ വരുമാനം ഉണ്ടെങ്കിലും പലപ്പോഴും കയ്യിലെ നീക്കിയിരിപ്പ് നോക്കുമ്പോൾ കാര്യമായി ഒന്നും ഉണ്ടാവുകയില്ല എന്നത് സാധാരണ എല്ലാവരുടെയും പരിഭവമാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ ഒരു പ്രത്യേക കാരണം കണ്ടുപിടിക്കാനും സാധിക്കുകയില്ല. ലഭിച്ച വരുമാനം ഏത് വിധത്തിൽ ചെലവഴിച്ചു എന്ന് കൃത്യമായി വിശകലനം ചെയ്താൽ പോലും പലപ്പോഴും ശരിയായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ സാധിച്ചു എന്നു വരില്ല. ഇതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതൊന്നുമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക അച്ചടക്കവും സ്വാതന്ത്ര്യവും ചർച്ചയാകുന്നത്. കാര്യങ്ങൾ കൃത്യമായി നടന്നു പോകുന്നത് കൊണ്ട് മാത്രം സാമ്പത്തികം കൃത്യമായി കൈകാര്യം ചെയ്യുന്ന ആളാണ് എന്ന് പറയാൻ സാധിക്കില്ല. ജീവിത ചിലവുകൾ നടത്തിക്കൊണ്ടു പോകുന്നതോടൊപ്പം നിക്ഷേപവും ശരിയായ രീതിയിൽ നടത്തി മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ ശരിയായ രീതിയിലാണ് വരുമാനം കൈകാര്യം ചെയ്യുന്നത് എന്ന് പറയാൻ സാധിക്കുകയുള്ളൂ. ശരിയായ രീതിയിലുള്ള പൈസയുടെ വിനിയോഗമാണ് സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം.
സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ നിക്ഷേപം മാത്രം നടത്തി എന്ന കാരണത്താൽ സാമ്പത്തികം ശരിയായി വിനിയോഗിച്ചു എന്ന് പറയാൻ സാധിക്കില്ല സാമ്പത്തിക ശാസ്ത്രത്തിന്റെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായിട്ടുണ്ട് ഇത് എല്ലാവർക്കും ഒരേ രീതിയിൽ ചെയ്യാനുള്ള അറിവ് ഉണ്ടാകണമെന്നില്ല ഈ സാഹചര്യത്തിൽ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ ഫിനാൻഷ്യൽ പ്ലാനിങ് നടത്തി നിക്ഷേപങ്ങൾ ശരിയായി ക്രമീകരിക്കാൻ സാധിക്കും. സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ഒരു വ്യക്തിയുടെ വരുമാനം, പ്രായം, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ആസ്തികൾ, ബാധ്യതകളുടെ വിവരങ്ങൾ, ഇൻഷുറൻസ്, ജീവിതലക്ഷ്യങ്ങൾ, ജീവിത ലക്ഷ്യങ്ങളുടെ കാലാവധി എന്നിവ മനസ്സിലാക്കി അധിക സാമ്പത്തിക ബുദ്ധിമുട്ട് വരാത്ത രീതിയിൽ ജീവിതലക്ഷ്യങ്ങൾ സഫലീകരിക്കാൻ സാമ്പത്തിക ആസൂത്രണം സഹായിക്കും. സാമ്പത്തിക ആസൂത്രണം നടത്തുന്നതിലൂടെ ജീവിത ലക്ഷ്യങ്ങൾക്കുള്ള തുക സമാഹരിക്കൽ മാത്രമല്ല ഉദ്ദേശിക്കുന്നത്. ചിലവുകളുടെ നിയന്ത്രണം ഇൻഷുറൻസ് എമർജൻസി ഫണ്ട് സ്വരൂപിക്കൽ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ശരിയായ രീതിയിൽ പ്ലാൻ ചെയ്ത് ആവശ്യമായ തുക എല്ലാ കാര്യങ്ങൾക്കും വീതിച്ചു നൽകുക കൂടിയാണ് ചെയ്യുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിലവുകൾ നടത്തിക്കൊണ്ടുപോകൽ എന്നത് മാത്രമല്ല, ചിലവഴിക്കുമ്പോൾ ആശങ്കയില്ലാതെ ചിലവഴിക്കുക എന്നതാണ് ശരിയായ സാമ്പത്തിക സ്വാതന്ത്ര്യം. പലപ്പോഴും പല കാര്യങ്ങൾക്കും നിങ്ങൾ പണം ചിലവഴിക്കുന്നുണ്ടാകും. എന്നാൽ ഈ തുക എത്രമാത്രം സ്വാതന്ത്ര്യത്തോടുകൂടിയാണ് വിനിയോഗിക്കുന്നത് എന്ന കാര്യമാണ് പരിഗണിക്കുന്നത് അതായത് ഒരു ഫാമിലി ടൂർ പോകുന്നു എന്ന് കരുതുക. ഇത്തരത്തിൽ യാത്ര പോകുമ്പോൾ പലവിധ ചിലവുകൾ ഉണ്ടാകും. ഈ തുക ചിലവഴിക്കുമ്പോൾ ആ വ്യക്തിക്ക് എത്രമാത്രം ആശങ്ക ഉണ്ടാകുന്നു, ഏതെല്ലാം ആവശ്യങ്ങൾ നീക്കി വയ്ക്കേണ്ടതായി വന്നിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശകലനം ചെയ്താൽ നിങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ബഡ്ജറ്റ് നോക്കി ചിലവഴിക്കുന്നതല്ല ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടത്തുന്നതിന് ആവശ്യമായ തുക മറ്റുകാര്യങ്ങളെ സ്വാധീനിക്കാതെ തന്നെ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.
വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പ്രധാന മാർഗ്ഗം. ആവശ്യത്തിനു വരുമാനം ഉണ്ടെങ്കിൽ മാത്രമേ ചിലവുകൾക്കുള്ള തുക നീക്കിയശേഷം മിച്ചം പിടിക്കാനാകൂ.
ആവശ്യത്തിന് സേവിങ്സ് ഉണ്ടായിരിക്കുക എന്നതാണ് അടുത്ത കാര്യം. പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്കാവശ്യമായ എമർജൻസി ഫണ്ട് സ്വരൂപിച്ചാൽ മാത്രമേ മറ്റു നിക്ഷേപങ്ങളെ ബാധിക്കാതെ പെട്ടെന്നുണ്ടാകുന്ന കാര്യങ്ങൾക്കായി പണം വിനിയോഗിക്കാൻ ആകൂ.
എമർജൻസി ഫണ്ടിന് തുക മാറ്റിവയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവുക എന്നത്. ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും വളരെ അത്യാവശ്യമായി ഓരോ കുടുംബത്തിനും വേണ്ടതാണ് ഉയർന്ന ചികിത്സ ചിലവും മറ്റു സമ്പാദ്യത്തെ ബാധിക്കാതെ ചെയ്യുന്നതിന് ആരോഗ്യ ഇൻഷുറൻസ് അത്യാവശ്യമാണ്. കുടുംബത്തിൽ വരുമാനം കൊണ്ടുവരുന്നവരുടെ പേരിലാണ് ലൈഫ് ഇൻഷുറൻസ് എടുക്കേണ്ടത്. ആരുടെ വരുമാനത്തെ ആശ്രയിച്ചാണോ ആ കുടുംബത്തിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ പേരിൽ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും എടുത്തിരിക്കണം. രണ്ടുപേരും വരുമാനം ഉള്ളവരാണെങ്കിൽ രണ്ടുപേരുടെ പേരിലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.
ഇത്തരത്തിൽ ആവശ്യമായ ഘടകങ്ങൾക്കുള്ള തുക മാറ്റിവെച്ചാൽ നിക്ഷേപത്തെ ബാധിക്കാതിരിക്കും. ഇത്തരത്തിൽ ഭാവിയിലേക്കുള്ള ജീവിതലക്ഷ്യങ്ങൾക്കുള്ള തുക യഥാസമയം സമാഹരിക്കുന്നതോടൊപ്പം മറ്റു സാമ്പത്തിക ആവശ്യങ്ങളും നടന്നുപോകും. സാമ്പത്തിക അച്ചടക്കത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൂടി നേടിയാൽ മാത്രമേ സാമ്പത്തിക ലക്ഷ്യങ്ങൾ ശരിയായ സമയത്ത് നടക്കുകയുള്ളൂ.
First published in Mangalam







