വ്യക്തിപരമായ സാമ്പത്തിക കാര്യത്തില്‍ അച്ചടക്കം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ സമ്പാദ്യത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെപ്പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഘടകങ്ങളെ കൃത്യമായി വിശകലനം ചെയ്ത് ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും ജീവിതത്തില്‍ വരുത്തിയാല്‍ തന്നെ സാമ്പത്തിക നിലയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.
വരുമാനമാണ് സാമ്പത്തിക കാര്യത്തിലെ പ്രധാന ഘടകം. വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ചിലവ് ചുരുക്കുക എന്നതിനേക്കാള്‍ പ്രായോഗികമായ കാര്യം. ചിലവ് ഒരു നിശ്ചിത പരിധിയില്‍ കുറയ്ക്കാനാകില്ല. എന്നാല്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നത് സാധ്യമായിരിക്കും. വരുമാനത്തിന് സ്ഥിരത പുലര്‍ത്തുക എന്നതും ഒരു പ്രധാന കാര്യമാണ്. ശമ്പളമായും ദിവസവേതനമായും വാടക, പെന്‍ഷന്‍, നിക്ഷേപത്തില്‍ നിന്നുമുള്ള വരുമാനം എന്നിങ്ങനെ വിവിധ സ്രോതസ്സുകള്‍ വരുമാനത്തിനായി കണ്ടെത്താം. വരുമാനത്തിന്‍റെ കാര്യം ഉറപ്പുവരുത്തുന്നതിലൂടെ മറ്റു കാര്യങ്ങളും ഉറപ്പുവരുത്താന്‍ സാധിക്കും.
ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ആദ്യം ചെയ്യുന്നത് ചിലവിനുള്ള തുക മാറ്റുക എന്നതാവും. ജീവിത ചിലവുകള്‍, വായ്പ തിരിച്ചടവ് എന്നിവ ഇതിന്‍റെ ഭാഗമാണ്. മിതമായ ചിലവ് ജീവിതത്തിന്‍റെ ഭാഗമാണ്, എങ്കിലും അധിക ചിലവ് ഉണ്ടെങ്കില്‍ അതിനാവശ്യമായ നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരണം. അതുപോലെ തന്നെ വായ്പകള്‍ ഇന്ന് യഥേഷ്ടം ലഭ്യമാണ്. എന്നാല്‍ ഇവയുടെ തിരിച്ചടവ് ഭാവിയില്‍ മറ്റു ലക്ഷ്യങ്ങളെ ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വരുമാനത്തില്‍ നിന്ന് ചിലവ് കുറച്ച് ബാക്കി തുക നിക്ഷേപമാക്കി മാറ്റുക എന്നതാണ് പ്രധാന കാര്യം. ഈ തുക എത്രമാത്രം വര്‍ധിപ്പിക്കാന്‍ ആകുമോ അത്രതന്നെ സുരക്ഷിതമായിരിക്കും നമ്മുടെ സാമ്പത്തിക നിലയും. മിച്ചം പിടിക്കാന്‍ സാധിക്കുന്ന തുക വ്യക്തികളുടെ റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് നിക്ഷേപിക്കുക എന്നതാണ് അടുത്ത ഘടകം. വിവിധ നിക്ഷേപ പദ്ധതികളില്‍ ഭാവിയിലേക്കുള്ള വിവിധ ആവശ്യങ്ങള്‍ മുന്നില്‍കണ്ട് ശരിയായ അനുപാതത്തില്‍ നിക്ഷേപിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.
നിക്ഷേപത്തിലേക്ക് തുക മാറ്റുന്നതോടൊപ്പം നമ്മളെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതിനായി എമര്‍ജന്‍സി ഫണ്ട്, ടേം ഇന്‍ഷുറന്‍സ് എന്നിവ എടുക്കുക. അതുപോലെതന്നെ ചികിത്സാ ചെലവ് ഉയര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാ കുടുംബാംഗങ്ങള്‍ക്കും ഉറപ്പുവരുത്തണം. മേല്‍പ്പറഞ്ഞ ഘടകങ്ങളില്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയാല്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതോടൊപ്പം സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പുവരുത്താനാകുന്നതാണ്.
First published in Mangalam