സമ്പൂര്‍ണ്ണ റിട്ടയര്‍മെന്‍റ് പ്ലാനിംഗ് മ്യൂച്വല്‍ ഫണ്ടിലൂടെ

0
1615
Mutual funds

136 കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് 2020 ലെ കണക്കു പ്രകാരം വെറും 6.8 കോടി ജനങ്ങളാണ് സംഘടിത മേഖലയില്‍ ജോലി ചെയ്ത് പ്രതിമാസം ശമ്പളം പറ്റുന്നവര്‍. 2019 ല്‍ ഇത് 8.7 കോടിയായിരുന്നു. മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്‍റെ 22 ശതമാനം മാത്രമാണിത്. കൂടാതെ മൊത്തം ജനസംഖ്യയുടെ താരതമ്യത്തില്‍ നോക്കിയാല്‍ ഇത് വെറും 6.39 ശതമാനം മാത്രമാണ്. അതായത് 94 ശതമാനം ഇന്ത്യാക്കാരും ഒരു നിശ്ചിത പ്രതിമാസ ശമ്പളം ഇല്ലാത്തവരാണ്. അതായത് പ്രോവിഡന്‍റ് ഫണ്ട് എന്ന ആശയം ഇവരിലേക്ക് ഒരിക്കലും നേരിട്ട് എത്തുകയില്ല. ശമ്പളക്കാര്‍ക്ക് അവര്‍ അറിയാതെ തന്നെ വരുമാനത്തിന്‍റെ ഒരു ഭാഗം റിട്ടയര്‍മെന്‍റിലേക്കായി വകമാറ്റപ്പെടുമ്പോള്‍ അസംഘടിത മേഖലയില്‍ റിട്ടയര്‍മെന്‍റ് എന്ന ആശയം എത്തിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ പരിമിതമാണ്. പ്രത്യേകിച്ച് വരുമാനം ഒന്നും ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ ഈ ഒരു സ്കീം അധികം നിര്‍ദ്ദേശിക്കാറില്ല. മ്യൂച്വല്‍ ഫണ്ടുകളുടെ ആവശ്യകതയെപ്പറ്റി പറയുന്നതിനു മുന്‍പ് പബ്ലിക് പ്രോവിഡന്‍റ് ഫണ്ടിന് ഒരു ഉപകാരസ്മരണ അര്‍പ്പിക്കേണ്ടത് അനിവാര്യമായി കരുതുന്നു. വരുമാനമുള്ള ഏതൊരു വ്യക്തിയും തന്‍റെ ജീവിതത്തില്‍ ചെയ്യേണ്ട സുപ്രധാന നിക്ഷേപങ്ങളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്‍റ് ഫണ്ട് അഥവാ പി. പി. എഫ്. അതിനോടുള്ള സമ്പൂര്‍ണ്ണ ആദരവോടും കൂടി മ്യൂച്വല്‍ ഫണ്ട് എങ്ങിനെയാണ് ഏതൊരു സാധാരണക്കാരനും വിരമിക്കുന്നതിലേക്കും വിരമിച്ചതിനുശേഷം നിക്ഷേപത്തിനായി ഉപയോഗിക്കാവുന്ന ശ്രേഷ്ഠമായ ഒന്നാകുന്നതെന്ന് നമുക്ക് നോക്കാം. അടിസ്ഥാനപരമായി ഒരു തുക പി. പി. എഫ് ലേക്ക് വകയിരുത്തിയതിനു ശേഷം ഉറപ്പായും ചെയ്യേണ്ട നിക്ഷേപമാണ് പ്രതിമാസ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. അത് വിരമിക്കുന്നതിലേക്കും അതിനു ശേഷവും ഉപയോഗപ്പെടുത്തേണ്ടത് എങ്ങിനെയെന്ന് നമുക്ക് നോക്കാം.

റിട്ടയര്‍മെന്‍റിലേക്കുള്ള നിക്ഷേപം
ഒരാളുടെ ആദ്യ ശമ്പളത്തിന്‍റെ ഭാഗമായി പ്രോവിഡന്‍റ് ഫണ്ട് തുടങ്ങുന്നതുപോലെ, അതേ ശമ്പളത്തില്‍ നിന്ന് ഒരു പങ്കെടുത്ത് തുടങ്ങിവെയ്ക്കേണ്ടതാണ് എസ്. ഐ. പി. എത്ര തുക നിക്ഷേപിക്കണം എന്നതിന് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന ഒരു ചിട്ട പറഞ്ഞു തരാം. ഒരാള്‍ 20-25 വയസ്സിനിടയിലാണ് ജോലിയില്‍ പ്രവേശിക്കുന്നതെങ്കില്‍ വരുമാനത്തിന്‍റെ 5 ശതമാനമെങ്കിലും പ്രതിമാസം നിക്ഷേപിക്കണം.

അതിനുശേഷം ഓരോ അഞ്ചു വര്‍ഷവും അഞ്ചിന്‍റെ ഗുണിതങ്ങളായി നിക്ഷേപത്തുക വര്‍ദ്ധിപ്പിക്കണം. ഒരാളുടെ വരുമാനം വര്‍ദ്ധിക്കുന്നതനുസരിച്ചാണ് ഇത്. ഈ ഒരു പട്ടിക ഓഹരിയധിഷ്ഠിത എസ്. ഐ. പി നിക്ഷേപത്തിന് വേണ്ടി മാത്രമുള്ളതാണ്. മറ്റെല്ലാ നിക്ഷേപങ്ങളും ഇതിനുപുറമെ ചെയ്യേണ്ടതാണ്.

വയസ്സ്
25ണ്‍30 30 35 35 40 40 45 45 50 50 55 55 60
പ്രതിമാസ വരുമാനത്തില്‍ നിന്ന് നിക്ഷേപിക്കേണ്ട തുക 10% 15% 20% 25% 30% 25% 20%

പ്രതിമാസവരുമാനത്തില്‍ നിന്ന് നിക്ഷേപിക്കേണ്ട തുക

അമ്പതു വയസ്സുവരെ നിരന്തരം നിക്ഷേപം വര്‍ദ്ധിപ്പിച്ചുവരികയും അതിനു ശേഷം ഓഹരി നിക്ഷേപത്തിലേക്കുള്ള വിന്യാസം കുറച്ചു കൊണ്ടുവരാവുന്നതുമാണ്. വേണമെങ്കില്‍ 50 വയസ്സിനുശേഷം ഓഹരിയിലേക്കുള്ള പുതിയ നിക്ഷേപങ്ങള്‍ നടത്താതെ അതുവരെ ചെയ്ത നിക്ഷേപങ്ങള്‍ നിലനിര്‍ത്താം. വളരെ നേരത്തേ, അഥവാ ചെറിയ പ്രായത്തില്‍ തന്നെ നിക്ഷേപിച്ചു തുടങ്ങിയവര്‍ക്ക് ഈ ഒരു ആനുകൂല്യം ആകാം. 25 വയസ്സ് മുതല്‍ 50 വയസ്സുവരെ ഈയൊരു രീതി തുടര്‍ന്നാല്‍ 50ാം ആം വയസ്സില്‍ത്തന്നെ യഥേഷ്ടം നീക്കിയിരുപ്പുമായി ചെയ്യുന്ന ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച് സുഖജീവിതം നയിക്കാവുന്നതാണ്. എന്തായാലും, ആവശ്യത്തിന് സ്വത്ത് സമ്പാദിച്ചു കഴിഞ്ഞാല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതില്‍ മടി വിചാരിക്കേണ്ടതില്ല.

നിക്ഷേപിച്ചു തുടങ്ങുമ്പോള്‍ റിസ്ക് കൂടിയ സ്കീമുകളില്‍ തുടങ്ങി പിന്നീട് റിസ്ക് കുറഞ്ഞ
സ്കീമുകളിലേക്ക് ചേക്കേറി അവസാനം ആവശ്യത്തിന് കാശായിക്കഴിയുമ്പോള്‍ സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറാവുന്നതാണ്. നിക്ഷേപങ്ങള്‍ ഒന്നിച്ച് പിന്‍വലിക്കാതെ നികുതി ഭാരം കുറയ്ക്കുന്ന രീതിയില്‍ പല വര്‍ഷങ്ങളിലായി പിന്‍വലിക്കാം. അതായത് 55ാം വയസ്സുമുതല്‍ 60ാം വയസ്സുവരെയുള്ള കാലയളവില്‍ 5 തവണകളായി പിന്‍വലിക്കാവുന്നതാണ്.

കയ്യില്‍ കാശിരുന്നാല്‍ ചിലവായിപ്പോകുമെന്നു പേടിയുള്ളവരോ ഇടയ്ക്കിടെ പണം പിന്‍വലിക്കുന്ന ശീലമുള്ളവരോ ആണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് യോജിച്ചത് ഇ. എല്‍. എസ്. എസ്. സ്കീമുകളാണ.് ഈ വിഭാഗം സ്കീമില്‍ ഇന്നിട്ട തുക മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ പിന്‍വലിക്കാനാകൂ. അങ്ങിനെ ഓരോ മാസം അടയ്ക്കുന്ന തുകയും മൂന്നു വര്‍ഷത്തേക്ക് ലോക്ക് ആയി പോകുമെന്നതുകൊണ്ട് വിരമിക്കുന്നതിനു മൂന്നു വര്‍ഷം മുന്‍പ് നിക്ഷേപം നിര്‍ത്തി ശേഷം പിന്നീട് മുഴുവന്‍ തുകയും പിന്‍വലിക്കാവുന്നതാണ്. ഈ വിഭാഗം സ്കീമിലെ നിക്ഷേപത്തിന് നികുതിയിളവും ലഭിക്കുമെന്നത് ഇവയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്ന ഘടകമാണ്.

വിരമിച്ചതിനുശേഷം
സിസ്റ്റമാറ്റിക്ക് വിത്ഡ്രോവല്‍ എന്ന രീതി ഉപയോഗിച്ച് സ്വരൂപിച്ച തുകയില്‍ നിന്നും പ്രതിമാസം ജീവിതച്ചിലവിനായി ഒരു നിശ്ചിത തുക പിന്‍വലിക്കാവുന്നതാണ്. സ്വരൂപിച്ച തുകയുടെ അളവ്, ഓരോ മാസവും പിന്‍വലിച്ച് എത്ര നാള്‍ കൊണ്ട് മുഴുവന്‍ തുകയും ഉപയോഗിച്ച് തീരും എന്നതിനെപ്പറ്റിയുള്ള ഒരു ശരാശരി കണക്കുകൂട്ടല്‍ അത്യാവശ്യമാണ്. ഈ സമയത്ത് സ്വരൂപിച്ച തുക അധികം റിസ്ക് ഇല്ലാത്ത ഹ്രസ്വകാല ബോണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കാം. തിരിച്ചെടുക്കുമ്പോള്‍ പിഴയൊന്നും ഈടാക്കാത്ത സ്കീം വേണം തിരഞ്ഞെടുക്കാന്‍. ഓരോ വര്‍ഷവും ജീവിതച്ചിലവ് കൂടുന്നതിനനുസരിച്ച് കൂടുതല്‍ തുക പിന്‍വലിക്കാന്‍ന മതിയാകുന്ന വിധം ആവശ്യത്തിന് തുക സ്വരൂപിച്ചിരിക്കണം. ഇതില്‍ യാത്രകള്‍ക്കും ആശുപതിച്ചിലവുകള്‍ക്കും മറ്റുമുള്ള തുക ഉണ്ടായിരിക്കണം.

നിക്ഷേപിക്കുന്ന കാലത്ത് നാം ആശ്രയിച്ചിരുന്നത് ഓഹരിയധിഷ്ഠിത സ്കീമുകളെയാണങ്കില്‍ വിരമിച്ചതിനു ശേഷം ഉപയോഗിക്കുക കടപ്പത്രാധിഷ്ഠിത സ്കീമുകളെ ആയിരിക്കും. ഏറ്റവും കുറഞ്ഞ റിസ്കുള്ള
സ്കീമുകള്‍ നോക്കി നിക്ഷേപിക്കാം.

അടിക്കുറിപ്പ്
ഒരു നിക്ഷേപകന്‍റെ ഏതാവശ്യത്തിനും ഉതകുന്ന സ്കീമുകള്‍ മ്യൂച്വല്‍ ഫണ്ടില്‍ ഉണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍പോലും ഓഹരിയധിഷ്ഠിത നിക്ഷേപം നിഷ്കര്‍ഷിക്കുന്ന ഇന്നത്തെ കാലത്ത് അസംഘടിത മേഖലയിലുള്ള എല്ലാവരും പ്രതിമാസ മ്യൂച്വല്‍ ഫണ്ട് വഴി മികച്ച ഒരു ധനസമാഹരണം വിരമിക്കുന്നതിലേക്കായി നടത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here