സമ്പാദ്യത്തോടൊപ്പം ഉറപ്പാക്കാം സാമ്പത്തിക സുരക്ഷിതത്വം

0
437

വരുമാനം വലുതായാലും ചെറുതായാലും കഠിനാധ്വാനം ചെയ്യാതെ ലഭിക്കുകയില്ല. ഓരോരുത്തരുടെയും കഴിവും സാഹചര്യങ്ങളും അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്ന് മാത്രം. അപ്പോഴും വരുമാനമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സമ്പാദിക്കുന്ന തുക കൃത്യമായി സുരക്ഷിതമാക്കാന്‍ മറന്നുപോകുന്ന ഒരു പ്രവണത കാണാറുണ്ട്. വരുമാനം എത്ര ഉണ്ടാകും എന്നതിനേക്കാള്‍ ഉപരിയായി ഈ തുകയില്‍ നിന്ന് എത്രമാത്രം തുക സമാഹരിക്കാനാകുന്നു എന്നതാണ് ഒരു വ്യക്തിയുടെ ആസ്തി നിശ്ചയിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇത്തരത്തില്‍ സമാഹരിക്കുന്ന തുക എങ്ങനെ സുരക്ഷിതമാക്കാം എന്ന കാര്യം കൂടി ചിന്തിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്.

മലയാളികള്‍ ആരോഗ്യപരിപാലനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഇന്ന് ആരോഗ്യരംഗം അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ ചിലവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസുഖം എന്ത് തന്നെയായാലും ചികിത്സ ചിലവേറി വരുന്ന സാഹചര്യത്തില്‍ കാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങളുടെ ചികിത്സാ ചിലവ് ഒരു കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത തന്നെ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാക്കാറുണ്ട്. സ്വന്തം പോക്കറ്റ് കാലിയാകാതെ സമാഹരിച്ച തുകകള്‍ വിനിയോഗിക്കാതെ തന്നെ ചികിത്സാചിലവുകള്‍ നടത്താനായാല്‍ രോഗം ഭേദമായ ശേഷം സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കും.

ടേം ഇന്‍ഷുറന്‍സ് ആണ് അടുത്ത പ്രധാന കാര്യം. ആകസ്മികമായി വരുന്ന വേര്‍പാടുകള്‍ ഒരു കുടുംബത്തിന്‍റെ വരുമാനത്തെ മാത്രമല്ല ഭാവിയില്‍ നടക്കാനിരിക്കുന്ന ജീവിതലക്ഷ്യങ്ങളെ കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ട് വരുമാനത്തിനനുസരിച്ചുള്ള ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ന് ഭൂരിഭാഗം ആളുകളും വാഹനം ഉപയോഗിക്കുന്നവരാണ്. വണ്ടികളുടെ എണ്ണവും റോഡുകളുടെ ശോചനീയാവസ്ഥയും മൂലം അപകടങ്ങളുടെ എണ്ണവും കൂടി വരികയാണ്. അപകടങ്ങള്‍ വളരെ അപ്രതീക്ഷിതമായി ഉണ്ടാകുന്നവ ആയതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനായി പേഴ്സണല്‍ ആക്സിഡന്‍റ് പോളിസികള്‍ എടുക്കുന്നതാണ് പരിഹാരം.

ഇന്ന് വായ്പകളുടെ ലഭ്യത കൂടുതലായതുകൊണ്ട് തന്നെ പലവിധ വായ്പകളാണ് എടുക്കുന്നത്. പ്രത്യേകിച്ചും ഭവന വായ്പ പോലുള്ള ഉയര്‍ന്ന തുക ദീര്‍ഘകാല വായ്പ എടുക്കുന്ന സാഹചര്യത്തില്‍ അതേ തുകയ്ക്കുള്ള ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി എടുക്കണം. വ്യക്തികളുടെ നഷ്ടത്തോടൊപ്പം വീടും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇത്തരത്തില്‍ വായ്പകള്‍ എടുക്കുമ്പോള്‍ നിങ്ങളുടെ അഭാവത്തിലും വായ്പകള്‍ പൂര്‍ണ്ണമായി അടയ്ക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് സാരം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here