വ്യക്തിഗത ബജറ്റ് ആണ് മുഖ്യം

0
4
വ്യക്തിഗത ബജറ്റ്

വ്യക്തിഗത സാമ്പത്തിക കാര്യത്തില്‍ ഒരു പ്രധാന ഘടകമാണ് ബഡ്ജറ്റിംഗ്. പലരും മിക്കപ്പോഴും അവഗണിക്കുന്ന ഒരു കാര്യം കൂടിയാണിത്. മികച്ച വരുമാനം ഉണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പലര്‍ക്കും സാധിക്കാത്തതിന്‍റെ ഒരു പ്രധാന കാരണം ഈ ബഡ്ജറ്റിംഗിന്‍റെ അഭാവമാണ്. നമുക്ക് ലഭിക്കുന്ന വരുമാനം കൃത്യമായി അറിയാമെങ്കിലും അതിന്‍റെ വിനിയോഗത്തെക്കുറിച്ച് പലര്‍ക്കും വ്യക്തത ഉണ്ടായിരിക്കില്ല. ജീവിതച്ചിലവുകള്‍ എഴുതി കണക്കാക്കുമ്പോള്‍ ആയിരിക്കും യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഇത് പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുക ആയിരിക്കും.

പലപ്പോഴും ആ വശ്യത്തിന് തുക നിക്ഷേപത്തിലേക്ക് മാറ്റി വയ്ക്കാനാവാത്തത് അനിയന്ത്രിതമായ ചിലവുകള്‍ വരുന്നത് കൊണ്ടാണ്. അനാവശ്യ ചിലവുകള്‍ കണ്ടെത്തി അവയില്‍ കുറയ്ക്കാന്‍ പറ്റുന്നവ കുറയ്ക്കുകയും ഒഴിവാക്കാനാവുന്ന ഒഴിവാക്കുകയും ചെയ്യുന്നതോടുകൂടി വലിയ മാറ്റം പ്രതിമാസ ചിലവില്‍ കൊണ്ടുവരാന്‍ ആകും. ഇതിനനുസൃതമായി പ്രതിമാസ നിക്ഷേപം ഉയര്‍ത്താനാവുകയും അതുവഴി ജീവിതലക്ഷ്യങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ തന്നെ കൈവരിക്കാനാവുകയും ചെയ്യും.

ശരിയായ രീതിയില്‍ വ്യക്തിഗത ബജറ്റ് ചെയ്യുന്നതിലൂടെ ആവശ്യമായ ജീവിത ചിലവുകള്‍ കണ്ടെത്താനാവുകയും അതിനനുസരിച്ച് എമര്‍ജന്‍സി ഫണ്ട് നീക്കിവയ്ക്കാന്‍ അതോടൊപ്പം സാഹചര്യവുമുണ്ടായാല്‍ അത്യാവശ്യങ്ങള്‍ക്കുള്ള തുക കൈവശമുള്ളതുകൊണ്ട് മറ്റൊരു വരുമാനം ആകുന്നത് വരെ ബാധ്യതകള്‍ ഇല്ലാതെ ജീവിത ചിലവുകള്‍ മുന്നോട്ടു കൊണ്ടുപോകാം.

ചിലവുകള്‍ ശരിയായ രീതിയില്‍ കണക്കാക്കി കഴിഞ്ഞു വരുമാനവുമായി ഒത്തു പോകുന്നില്ല എങ്കില്‍ വരുമാനം വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ലഭിക്കുന്ന വരുമാനം ജീവിത ചിലവുകള്‍ക്ക് മാത്രം പോരാ നിക്ഷേപത്തിന് മാറ്റിവയ്ക്കാന്‍ ആവശ്യമായ വരുമാനം ഇല്ല എങ്കില്‍ അത് ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ എടുക്കാം.

ജീവിത ചിലവുകള്‍ വരുമാനത്തിനനുസരിച്ചാക്കുന്നതോടൊപ്പം നിക്ഷേപം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ബഡ്ജറ്റിങ് ചെയ്യുന്നതിന് ഉണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ചിലവുകള്‍ നിയന്ത്രിച്ചു കൊണ്ട് തന്നെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതോടൊപ്പം നിക്ഷേപത്തിനുള്ള തുക കൂടി നീക്കി വയ്ക്കുന്നത് കൊണ്ട് ഭാവിയില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കാനും ജീവിതലക്ഷ്യങ്ങള്‍ അനായാസം നേടാനും കൂടുതല്‍ ബാധ്യതകള്‍ വരാത്തതുകൊണ്ട് പലിശയിനത്തിലെ നഷ്ടം ഒഴിവാക്കി നിക്ഷേപത്തിന് കൂടുതല്‍ തുക നീക്കി വയ്ക്കാനുമാകും. അതുകൊണ്ട് വ്യക്തിഗത ബജറ്റ് എന്നത് നിസ്സാരമായി കാണാതെ സാമ്പത്തിക കാര്യങ്ങളെ ശരിയായ രീതിയില്‍ ആക്കാന്‍ പ്രഥമവും പ്രധാനവുമായ ഒരു പടിയായി കണക്കാക്കണം.

വ്യക്തിഗത ബജറ്റ്

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here