വ്യക്തിഗത നികുതി എങ്ങനെ കുറയ്ക്കാം?

0
1223
tax regimes

2022-23 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലേക്ക് കാല്‍ എടുത്തുവയ്ക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. വ്യക്തിഗത നികുതി എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിച്ച് ആവശ്യമായ നടപടികള്‍ എടുക്കേണ്ട സമയമാണിത്. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്താല്‍ നല്ല രീതിയില്‍ നികുതി കുറയ്ക്കാന്‍ പറ്റും എന്നത് ശരിയാണ്. പക്ഷേ പലപ്പോഴും യഥാസമയം നിക്ഷേപം നടത്താനും ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്യാനും പലരും മറന്നുപോകും. ഒരു സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ആകെ വരുമാനം എത്ര ഉണ്ടാകാന്‍ ഇടയുണ്ട് എന്ന് മനസ്സിലാക്കി ആവശ്യമായ നിക്ഷേപങ്ങളും മറ്റും നടത്തി നികുതിക്ക് വിധേയമായ വരുമാനം കുറയ്ക്കുക എന്ന കാര്യമാണ് ടാക്സ് പ്ലാനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യങ്ങള്‍ നേരത്തെ ചെയ്യാത്തവര്‍ക്ക് ഇനിയും നിക്ഷേപങ്ങള്‍ നടത്തി നികുതി കുറയ്ക്കാന്‍ സാധിക്കും. സാലറി വരുമാനം ഉള്ളവര്‍ നിക്ഷേപം ഏതൊക്കെ എന്ന് സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ തൊഴില്‍ ദാതാവിനെ അറിയിച്ചിട്ടുണ്ടാകും. ഇതിന്‍റെ അടിസ്ഥാനത്തില്‍ നികുതി ഇളവ് ലഭിച്ചിട്ടുണ്ടാകാം. എന്നാല്‍ നേരത്തെ നിക്ഷേപം നടത്തി എന്ന് തെളിയിക്കുന്ന ഡോക്യുമെന്‍റുകളും റസീറ്റുകളും നല്‍കേണ്ട സമയമാണിത്. അതുകൊണ്ട് വരുമാനം കൂടുതല്‍ ഉള്ളവര്‍ ഇനിയുള്ള മൂന്നു മാസക്കാലം ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തിയാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ നികുതി ലാഭിക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യം വരില്ല.
പ്രധാനമായും രണ്ട് രീതിയിലാണ് നികുതിയിളവ് നേടാന്‍ സാധിക്കുന്നത്. ഇന്‍കം ടാക്സ് ആക്ട് 1961ല്‍ പ്രതിപാദിച്ചിരിക്കുന്ന നിക്ഷേപങ്ങളും ചിലവുകളും ഉപയോഗിച്ച് നികുതിയിളവ് നേടിയെടുക്കാം. സെക്ഷന്‍ 80 സി പ്രകാരം ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വരെ നികുതിയിളവ് നേടിയെടുക്കാം. ഈ സെക്ഷന്‍ പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ,് സുകന്യ സമൃദ്ധി, ഇക്വറ്റി ലിങ്കഡ് സ്ഥിരനിക്ഷേപങ്ങള്‍, കുട്ടികളുടെ ട്യൂഷന്‍ഫീസ്, ഭവന വായ്പയുടെ മുതലിലേക്ക് അടക്കുന്ന തുക, വീട് വാങ്ങുമ്പോള്‍ ഉണ്ടാകുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും എന്നിവയില്‍ ഏത് വേണമെങ്കിലും നികുതിയിളവിന് വേണ്ടി എടുക്കാവുന്നതാണ്. ഇവ കൂടാതെ, നാഷണല്‍ പെന്‍ഷന്‍ സ്കീം എന്‍പിഎസ് 80 സി സെക്ഷനില്‍ വരുന്നതാണെങ്കിലും മറ്റു നിക്ഷേപങ്ങള്‍ എല്ലാം ചേര്‍ത്ത് ഒന്നരലക്ഷം രൂപ തികഞ്ഞാല്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്ന 50,000 രൂപയ്ക്ക് വരെ വീണ്ടും ഇളവ് നേടാന്‍ സാധിക്കും. അതായത്, മേല്‍പ്പറഞ്ഞ നിക്ഷേപങ്ങള്‍ എല്ലാം ചേര്‍ത്ത് ഒന്നരലക്ഷം രൂപയും എന്‍പിഎസില്‍ നിക്ഷേപിക്കുന്ന അമ്പതിനായിരം രൂപയും ചേര്‍ത്ത് 2 ലക്ഷം രൂപയുടെ നികുതിയിളവ് ആകെ ലഭിക്കും. വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍ ശമ്പളത്തിന്‍റെ ഘടകത്തില്‍ എച്ച് ആര്‍ ഹൗസ് അലവന്‍സ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പൂര്‍ണമായോ ഭാഗികമായോ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇളവ് എടുക്കാം.
വിദ്യാഭ്യാസ വായ്പയിലേക്ക് അടയ്ക്കുന്ന പലിശ മുഴുവനും നികുതിയിളവിന് വിനിയോഗിക്കാം. അതുപോലെതന്നെ, ഭവന വായ്പയിലേക്ക് അടയ്ക്കുന്ന പലിശയില്‍ രണ്ട് ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കുന്നതാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്ക് അടയ്ക്കുന്ന പ്രീമിയം 28,000 രൂപ വരെ ഇളവ് 60 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് ലഭിക്കും. മാതാപിതാക്കള്‍ക്ക് അടയ്ക്കുന്ന പ്രീമിയവും ഇളവ് ലഭിക്കും. 60 വയസ്സില്‍ മുകളിലുള്ളവര്‍ ആണെങ്കില്‍ 50,000 വരെ ഇളവ് അനുവദനീയമാണ്. സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല എങ്കില്‍ അമ്പതിനായിരം രൂപ വരെ ഉള്ള ചികിത്സ ചിലവ് ഇളവായി എടുക്കാം.

പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കുന്ന തുകയും, ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് കൊടുക്കുന്ന ഡൊണേഷനുകളും നികുതിയിളവിനായി വിനിയോഗിക്കാവുന്നതാണ്. ഇവ കൂടാതെ ശമ്പള വരുമാനമുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയി 50,000 വരെ ആകെ വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ ആകും. അതുപോലെതന്നെ 5 ലക്ഷം രൂപയില്‍ താഴെ നികുതി വരുമാനം ഉള്ളവര്‍ക്ക് 12500 രൂപ വരെ റിബേറ്റ് ലഭിക്കാം. അതായത് നികുതിക്ക് വിധേയമല്ലാത്ത വരുമാനം 2.5 ലക്ഷം രൂപയാണെങ്കിലും ഈ റിബേറ്റും കൂടി പരിഗണിക്കുമ്പോള്‍ 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ നികുതി അടയ്ക്കേണ്ടതില്ല. അതുകൊണ്ട് വരുമാനം കൂടുതലുള്ളവര്‍ നികുതിയിളവുകള്‍ ഉപയോഗിച്ച് 5 ലക്ഷത്തില്‍ താഴെ നികുതി വരുമാനം ആക്കിയാല്‍ നികുതി ഭാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആകും. ഉദാഹരണമായി ഒരാളുടെ ആകെ ശമ്പള വരുമാനം 8 ലക്ഷം രൂപ ആണെന്നിരിക്കട്ടെ. ഭവന വായ്പയിലേക്ക് അടയ്ക്കുന്ന പലിശ രണ്ട് ലക്ഷം രൂപയും 80സിയില്‍ ഭവന വായ്പയുടെ മുതലിലേക്ക് അടച്ച ഒരു ലക്ഷം രൂപയും നികുതിയിളവിന് വിനിയോഗിച്ചാല്‍ നികുതിക്ക് വിധേയമായ വരുമാനം 5 ലക്ഷം രൂപ ആകുകയും 0-2.5 ലക്ഷം രൂപ വരെ നികുതിയില്ലാത്ത വരുമാനവും 2.5-5 ലക്ഷം വരെ 5% നികുതിക്ക് വിധേയവുമാണ്. ഈ വ്യക്തിയുടെ ആകെ നികുതി 12,500 രൂപയായിരിക്കും. എന്നാല്‍ ഇന്‍കം ടാക്സ് അനുവദിച്ചിരിക്കുന്ന റിബേറ്റ് 125,00 പരിഗണിച്ചാല്‍ അടക്കേണ്ട നികുതി പൂജ്യം ആയിരിക്കും.

ഇത്തരത്തില്‍ ശരിയായ രീതിയില്‍ നിക്ഷേപങ്ങളെ ആസൂത്രണം ചെയ്താല്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാം. സ്വന്തമായി ടാക്സ് പ്ലാന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒരു സാമ്പത്തികവിതത്തിന്‍റെ സഹായത്തോടെ നികുതി ആസൂത്രണം ചെയ്യാവുന്നതാണ്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here