വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന പണ നയം

0
1869

ഒരു പരമ്പരാഗത രീതിയോടും പ്രത്യേക പ്രതിബദ്ധതയില്ലെന്നും സമീപനങ്ങളില്‍ തുടര്‍ന്നും വഴക്കം നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് ജുണ്‍മാസ പണ നയ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന്‍റെ ഉള്ളടക്കം പ്രതീക്ഷിതം തന്നെയായിരുന്നു. വിലക്കയറ്റം പ്രതീക്ഷിച്ചതിലും മോശമായ രീതിയില്‍ പിടിമുറുക്കിയപ്പോള്‍ പലിശ നിരക്ക് വര്‍ധന അനിവാര്യമാണെന്നു ഒരഭിമുഖത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെയായിരിക്കും നിരക്കു വര്‍ധനയെന്നായിരുന്നു പൊതുവേയുള്ള അനുമാനം. യഥാര്‍ത്ഥ വര്‍ധന 0.50 എന്ന കൂടിയ നിരക്കില്‍ തന്നെ ആയിത്തീര്‍ന്നത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ നിശ്ചയ ദാര്‍ഢ്യമാണ് സൂചിപ്പിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷം നാലാം പാദത്തോടെ വിലക്കയറ്റം 5.8 ശതമാനത്തില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്.

2023 സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് പ്രവചനം 5.7 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയത് ആര്‍ബിഐ യുടെ പണ നയത്തിന്‍റെ ഗുണ വശമായി വേണം കണക്കാക്കാന്‍. പലിശ നിരക്ക് 0.50 ശതമാനമാക്കി കുത്തനെ വര്‍ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് നടത്തിയ നീക്കം വിലക്കയറ്റം നിയന്ത്രിക്കാനുള്ള കേന്ദ്ര ബാങ്കിന്‍റെ പ്രതിബദ്ധതയാണ് പ്രകടിപ്പിക്കുന്നത്. പലിശ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിക്കാനാണ് പണ നയ സമിതി തീരുമാനിച്ചിരുന്നതെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര ബാങ്കിന്‍റെ ഇഛാശക്തിയിലുള്ള സംശയം കാരണം വിപണി അത് നിരാകരിക്കുമായിരുന്നു.

ഉദാര പണ നയം പിന്‍വലിക്കാന്‍ അനുകൂലമായ സാഹചര്യം

2022 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ സമ്പദ് വ്യവസ്ഥയിലെ കപ്പാസിറ്റി യൂട്ടിലൈസേഷന്‍ 74.5 ശതമാനമായി ഉയരുകയും കയറ്റുമതിയിലും ജിഎസ്ടി പിരിവിലും പ്രതീക്ഷിച്ചതിലുമധികം വര്‍ധന രേഖപ്പെടുത്തുകയും ചെയ്തത് സാമ്പത്തിക വളര്‍ച്ചയിലെ കുതിപ്പാണ് സൂചിപ്പിക്കുന്നതെന്ന് ഗവര്‍ണര്‍ ദാസ് അര്‍ത്ഥ ശങ്കയ്ക്കിടില്ലാത്തവിധം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഈ സാമ്പത്തിക പശ്ചാത്തലം പണനയം സംബന്ധിച്ച മാറ്റത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അദ്ദേഹം വിലയിരുത്തി. ഉദാര നയങ്ങള്‍ പിന്‍വലിക്കുന്നതിലാണിനി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും 2023 സാമ്പത്തിക വര്‍ഷം പലിശ നിരക്കു വര്‍ധിക്കുമ്പോഴും 7.2 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പലിശ വര്‍ധിയ്ക്കുമെങ്കിലും വിപണിയില്‍ ആവശ്യത്തിന് പണം ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കുകയുണ്ടായി.

പലിശ നിരക്കുകള്‍ ഇനിയും കൂടും

നാലുമാസം തുടര്‍ച്ചയായി ഉപഭോക്തൃ വില സൂചിക വിലക്കയറ്റം ആര്‍ബിഐയുടെ ലക്ഷ്യത്തിനു മുകളിലാണ്. 2023 സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു പാദങ്ങളില്‍ ഇത് 6 ശതമാനത്തിനു മുകളിലാവാനാണ് സാധ്യത. നിരക്കു വര്‍ധനയുടെ ഈ ചക്രം 2023 മധ്യത്തോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ അവസാനിക്കാനാണ് സാധ്യത. റിയല്‍ എസ്റ്റേറ്റ് വാഹന ഖേലകള്‍ക്ക് അല്‍പം പ്രതികൂലമായിരിക്കും ഇത്.

ഇപ്പോഴത്തെ സാഹചര്യം ഏറെ സങ്കീര്‍ണവും അനിശ്ചിതവുമാണെന്ന കാര്യം മനസിലാക്കുക പ്രധാനമാണ്. ഉക്രൈന്‍ യുദ്ധം എത്ര കാലം തുടരും എന്നത് ഇപ്പോഴും അജ്ഞാത ഘടകമായി അവശേഷിക്കുന്നു. ഇന്ധന, ഉല്‍പന്ന വിലകള്‍ വര്‍ധിക്കാനിടയാക്കിയ കാരണങ്ങളില്‍ പ്രധാനമായ ഉക്രൈന്‍ യുദ്ധം പെട്ടെന്നവസാനിച്ചാല്‍ ക്രൂഡോയില്‍ വിലയിലും മറ്റുല്‍പന്ന വിലകളിലും ഇടിവുണ്ടാകാനും അതു വഴി വിലക്കയറ്റം കുറയാനും ഇടയുണ്ട്. ഇതിന്‍റെ ഫലമായി ആര്‍ബിഐ കടുത്ത പലിശ നയത്തില്‍ നിന്നു പിന്നോട്ടു പോകാനും സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോഴത് പറയാറായിട്ടില്ല.

നിക്ഷേപം ശ്രദ്ധയോടെ വേണം

അങ്ങേയറ്റം അസ്ഥിരവും ചഞ്ചലവുമായ ഈ ഘട്ടത്തില്‍ നിക്ഷേപകര്‍ ശ്രദ്ധയോടെ വേണം നീങ്ങാന്‍. ഈയിടെ ഉണ്ടായ തിരുത്തലുകള്‍ക്കു ശേഷവും വിപണിയില്‍ വാല്വേഷന്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. നിഫ്റ്റി 16000 ത്തില്‍ പി ഇ അനുപാതം (2023 സാമ്പത്തിക വര്‍ഷത്തേക്ക് ) 19 ആണ്. ദീര്‍ഘകാല ശരാശരിയായ 16 നേക്കാള്‍ ഏറെ കൂടുതലാണിത്. ഡോളര്‍ മൂല്യം ഉയര്‍ന്നു തന്നെ നില്‍ക്കുകയും യുഎസ് പലിശ നിരക്കുകള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വിപണിയിലെ ഓരോ കുതിപ്പിലും വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കാനിടയുണ്ട്. യുഎസ് പണപ്പെരുപ്പ നിരക്ക് താഴോട്ടു വരുന്ന സാഹചര്യത്തില്‍ മാത്രമേ ഈ സ്ഥിതിക്കു മാറ്റമുണ്ടാകൂ.

വിപണി മൂല്യം പൊതുവേ കൂടുതലാണെങ്കിലും വിപണിയിലെ ചില മേഖലകളില്‍ വിലകള്‍ ആകര്‍ഷണീയമായ തോതിലാണ്. ഈ ഘട്ടത്തില്‍ വിപണിയിലെ ദൗര്‍ബ്ബല്യം മുതലെടുത്ത് ധനകാര്യ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് മുന്‍നിര ബാങ്കുകള്‍, ഐടി, ചില വാഹന മേഖലകള്‍, കയറ്റുമതി അധിഷ്ഠിതമായ കെമിക്കല്‍സ്, ഫാര്‍മ എന്നീ മേഖലകളിലെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഓഹരികള്‍ നിക്ഷേപകര്‍ക്കു വാങ്ങാവുന്നതാണ്. എല്ലാ മേഖലകളിലേയും ബ്ളൂചിപ് ഓഹരികള്‍ ദീര്ഘകാലത്തേക്കു ചെറിയ തോതില്‍ വാങ്ങുന്നത് മികച്ച നിക്ഷേപ തന്ത്രമായിരിക്കും.

First published in Mathrubhumi