വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുമ്പോൾ

0
684
children's day

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ന് പ്രധാനമായും വിദ്യാഭ്യാസ വായ്പകളെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും വലിയ ബാധ്യതയിലേക്ക് ആ കുടുംബത്തെ ചെന്നെത്തിക്കാറുമുണ്ട്. വിദ്യാഭ്യാസ വായ്പ എടുക്കുമ്പോഴും, അതിന്‍റെ തിരിച്ചടവ് സമയത്തും ശരിയായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ വലിയ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകും എന്ന് മാത്രമല്ല വളരെ പെട്ടെന്ന് തന്നെ ബാധ്യത തിരിച്ചടവ് തീര്‍ക്കുവാനുമാകും.

ഇന്ന് കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പുറംനാടുകളെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ വലിയൊരു തുക വിദ്യാഭ്യാസത്തിനായി ആവശ്യമായി വരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ.് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇതിനുമുമ്പ് ഇതേ രാജ്യത്ത് ഇതേ കോഴ്സ് ചെയ്തവരുമായി സംസാരിക്കുകയും അവിടുത്തെ വരുമാന സാധ്യതകളെക്കുറിച്ചും ചിലവുകളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടാകുന്നത് നല്ലതാണ്. വായ്പകളുടെ പരിധി നിങ്ങള്‍ക്ക് തന്നെ കണക്കാക്കാനാകും. പലപ്പോഴും ഏജന്‍സികളുടെയും മറ്റും വാക്ക് മാത്രം വിശ്വസിച്ചു പോകുന്ന സാഹചര്യത്തില്‍ അവിടെ ഉദ്ദേശിച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ട.്

ഇന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇതുമൂലം ചിലവുകള്‍ പല രാജ്യങ്ങളിലും വളരെ ഉയര്‍ന്നിട്ടുണ്ട്. ഇത് നേരത്തെ നിശ്ചയിച്ച തുകയേക്കാള്‍ കൂടുതല്‍ ചെലവാകാനുള്ള സാധ്യത ഉണ്ടാക്കുകയും പിന്നീട് കൂടുതല്‍ തുക വിദ്യാഭ്യാസത്തിന് കണ്ടെത്തേണ്ടതായിട്ട് വരികയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ നിലവില്‍ വിദ്യാഭ്യാസ വായ്പ പരമാവധി എടുത്ത വ്യക്തികള്‍ ബാക്കി തുകയ്ക്ക് മറ്റു വായ്പകളെ ആശ്രയിക്കേണ്ടി വരികയും അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തു വേണം വിദ്യാഭ്യാസ ചെലവുകള്‍ കണക്കാക്കാന്‍.

വിദ്യാഭ്യാസ ചെലവ് എന്തായാലും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആകും എന്ന കാര്യത്തില്‍ സംശയമില്ല അതുകൊണ്ട് തന്നെ ഈ ലക്ഷ്യം മുന്നില്‍കണ്ട് നേരത്തെ തന്നെ നിക്ഷേപം തുടങ്ങുകയാണെങ്കില്‍ വലിയ ബാധ്യതകള്‍ ഇല്ലാതെ ആവശ്യമായ തുക കണ്ടെത്താനാകും. വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നതോടൊപ്പം തന്നെ എങ്ങനെ തിരിച്ചടയ്ക്കാന്‍ ആകുമെന്ന് ഒരു പ്ലാന്‍ കൂടി തയ്യാറാക്കേണ്ടതാണ്. പലപ്പോഴും വായ്പ തിരിച്ചടവ് തുടങ്ങാന്‍ വൈകിപ്പിക്കുന്നത് കാണാറുണ്ട്. എന്നാല്‍ വായ്പ തിരിച്ചടവ് വൈകിപ്പിക്കുന്നത് പലിശയിനത്തിലെ നഷ്ടം ഉയര്‍ത്താന്‍ ഇടയാക്കും അതുകൊണ്ട് പെട്ടെന്ന് തന്നെ വായ്പ തിരിച്ചടവ് തുടങ്ങുക എന്നത് പ്രധാനമാണ്. അതോടൊപ്പം സാധാരണ പ്രതിമാസ തിരിച്ചടവിനു പുറമേ കൂടുതലായി ഒരു തുക കൂടി അടയ്ക്കാനായാല്‍ അത് തിരിച്ചടവ് ധ്രുതഗതിയില്‍ ആക്കാന്‍ സഹായിക്കും. ബോണസ്, ഇന്‍സെന്‍റീവ് പോലുള്ള തുകകള്‍ ഇതിനായി വിനിയോഗിക്കാം.

ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കി ശമ്പളമായി കിട്ടുന്ന തുക കൃത്യമായി വായ്പ തിരിച്ചടവിന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. വിദ്യാഭ്യാസ വായ്പ തീര്‍ത്ത ശേഷം മാത്രമേ ശരിയായ രീതിയില്‍ മറ്റു ജീവിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ആകൂ എന്ന കാര്യം കുട്ടികള്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ കുട്ടികളെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് അവര്‍ക്ക് ശരിയായ ഉത്തരവാദിത്തം ഉണ്ടാക്കാന്‍ സഹായിക്കും. അതുകൊണ്ട് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വായ്പകള്‍ സഹായിക്കുമെങ്കിലും അവയുടെ തിരിച്ചടവ് കൃത്യമാക്കുക എന്ന കാര്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ ഇവയുടെ പ്രയോജനം യഥാര്‍ത്ഥത്തില്‍ ലഭിക്കുകയുള്ളൂ എന്ന കാര്യം ഓര്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here