വിവിധ ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള വായ്പകള്‍ എടുക്കുന്നത് കൂടാതെ വ്യക്തിഗത വായ്പകള്‍ കൂടി എടുക്കുന്നതാണ് പലരും കടക്കണിയിലേക്ക് പോകാനുള്ള പ്രധാന കാരണം. ഇത്തരം വായ്പകള്‍ എടുക്കുമ്പോള്‍ പലിശ നിരക്ക് ഉയര്‍ന്നതായിരിക്കും. അതുമാത്രം ആയിരിക്കില്ല, പലപ്പോഴും ശരിയായി വായ്പകളെ വിലയിരുത്തിയില്ല എങ്കില്‍ വലിയൊരു തുക പലിശയായും മറ്റു ചാര്‍ജുകളായായും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ വായ്പ എടുത്ത തുകയേക്കാള്‍ ഉയര്‍ന്ന തുക തിരിച്ചടവിലേക്ക് നല്‍കിയാലും ആകെ വായ്പ തിരിച്ചടവ് എങ്ങുമെത്താത്ത സാഹചര്യം ഉണ്ടാകും. മറ്റു ലോണുകളെ അപേക്ഷിച്ച് പേഴ്സണല്‍ ലോണ്‍ കിട്ടാന്‍ എളുപ്പമായത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു സാമ്പത്തിക ആവശ്യം വന്നാല്‍ പേഴ്സണല്‍ ലോണിനെ ആശ്രയിക്കുകയാണ് മിക്കവരും ചെയ്യുന്നത.് എന്നാല്‍ ഇത്തരം വ്യക്തിഗത വായ്പകള്‍ തിരഞ്ഞെടുക്കും മുമ്പ് പലിശ നിരക്ക്, ചാര്‍ജുകള്‍, തിരിച്ചടവ് കാലാവധി, തിരിച്ചടവ് രീതി, മുന്‍കൂട്ടി അടച്ചു തീര്‍ക്കാനുള്ള സാഹചര്യം എന്നിവയെല്ലാം ശരിയായി മനസ്സിലാക്കിയശേഷം മാത്രം വായ്പയിലേക്ക് പോകുക. വ്യക്തിഗത വായ്പകള്‍ എടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ അനാവശ്യ ചിലവുകള്‍ കുറയ്ക്കാനാകും.
വായ്പകള്‍ എപ്പോഴും ഒരു സമാധാനപരമായ ജീവിതത്തെ തകര്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ഒഴിവാക്കാനാവാത്ത ഒരു കാര്യവും കൂടിയാണത്. ഇതിന്‍റെ പ്രധാന കാരണം ശരിയായ സാമ്പത്തിക ആസൂത്രണം ഇല്ലാത്തത് കൂടിയാണ.് ഇന്നത്തെ ജീവിത സാഹചര്യങ്ങളും മറ്റും വ്യക്തികളെ വായ്പകള്‍ എടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. കാര്‍, വീട്, വിദേശയാത്രകള്‍, കുട്ടികളുടെ പഠനം എന്നീ വിവിധ ജീവിതലക്ഷ്യങ്ങള്‍ക്ക് വലിയ തുകയാണ് ചെലവഴിക്കുന്നത്, ഈ തുക മുഴുവനായും സമാഹരിച്ച ശേഷം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് പലപ്പോഴും സാധിച്ചു എന്ന് വരില്ല. അതുകൊണ്ടുതന്നെ ബാധ്യതകള്‍ എടുക്കേണ്ടതായിട്ട് വരും. എന്നാല്‍ വായ്പകള്‍ എടുക്കുമ്പോള്‍ കൃത്യമായ ഒരു പ്ലാന്‍ ഇല്ല എങ്കില്‍ പലപ്പോഴും കെണിയായി മാറുകയാണ് പതിവ്. സ്ഥിരവരുമാനം ഉള്ളവര്‍ അവരുടെ വരുമാനത്തിനനുസരിച്ച് ആയിരിക്കണം വായ്പ എടുക്കേണ്ടത്. എന്നാല്‍ വരുമാനം മുഴുവന്‍ പ്രതിമാസ തിരിച്ചടവിന് ഉപയോഗിക്കുന്ന രീതിയില്‍ വായ്പ എടുക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്. മറ്റു ജീവിത ചിലവുകള്‍ കണക്കാക്കാതെയുള്ള ഇത്തരം വായ്പ എടുക്കലുകള്‍ ജീവിതത്തിന്‍റെ സാമ്പത്തിക നില പൂര്‍ണമായും താളം തെറ്റിക്കാന്‍ സാധ്യതയുണ്ടാക്കുന്നു എന്നതാണ് കാണുന്നത്.
മുന്‍നിര ബാങ്കുകള്‍ കൂടാതെ പല സാമ്പത്തിക സ്ഥാപനങ്ങളും പേഴ്സണല്‍ ലോണുകള്‍ നല്‍കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്ത ശേഷം ഏറ്റവും കുറഞ്ഞ നിരക്ക് നോക്കി വായ്പയെടുക്കുക.
പലിശ നിരക്ക് കൂടാതെ മറ്റ് ചാര്‍ജുകള്‍ ഈടാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട.് സാധാരണ ചാര്‍ജുകള്‍ക്ക് പുറമേ അവരുടെ വായ്പ വ്യവസ്ഥകളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റു ചാര്‍ജുകള്‍ ഉണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതാണ.
വിവിധ വായ്പകള്‍ എടുക്കുമ്പോള്‍ തിരിച്ചടവ് കൃത്യമായി ചെയ്യാന്‍ പറ്റുന്ന സാഹചര്യം ആണോ എന്ന് പരിശോധിക്കുക. മറ്റു ജീവിത ചിലവുകള്‍ക്ക് തുക നീക്കി വച്ച ശേഷവും വായ്പ തിരിച്ചടക്കാന്‍ പറ്റുന്ന സാഹചര്യമാണോ നിലവിലുള്ളത് എന്ന് പരിശോധിച്ച ശേഷം മാത്രം പുതിയ വായ്പകള്‍ എടുക്കുക.
First published in Mangalam
വായ്പയുടെ തിരിച്ചടവ് കാലാവധി ഉയര്‍ത്തുന്നത് പ്രതിമാസ തിരിച്ചിടവ് കുറയ്ക്കുമെങ്കിലും പലിശയിനത്തില്‍ വലിയ തുക നല്‍കേണ്ടി വരും എന്ന കാര്യം മനസ്സില്‍ സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ഒരു പുതിയ വായ്പ എടുത്താല്‍ എത്രയും വേഗം തിരിച്ചടയ്ക്കാനുള്ള മാര്‍ഗം കൂടി പ്ലാന്‍ ചെയ്ത ശേഷം വായ്പയിലേക്ക് പോകുക. അല്ലാത്തപക്ഷം ജീവിതകാലം മുഴുവന്‍ വായ്പ തിരിച്ചടവ് എന്ന ഭാരം അലട്ടിക്കൊണ്ടിരിക്കും.
വായ്പകള്‍ എത്രയും വേഗം തിരിച്ചടച്ച് തീര്‍ക്കുവാനുള്ളതാണ് എന്ന കാര്യം മനസ്സിലുണ്ടാവേണ്ടതാണ്. എന്നാല്‍ മാത്രമേ ബോണസോ മറ്റൊരു രീതിയിലോ ഒരു തുക ലഭിച്ചാല്‍ തിരിച്ചടവിനായി ഉപയോഗിക്കാനാവും. കൃത്യമായി ആസൂത്രണം ചെയ്ത് വായ്പകളെ കൈകാര്യം ചെയ്താല്‍ വായ്പ എടുത്തത് മൂലം ഉണ്ടാകാന്‍ ഇടയുള്ള ചിലവുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ആവുന്നതോടൊപ്പം സമാധാനപരമായ ജീവിതം കൂടി ലഭിക്കും.
വായ്പ എടുത്തശേഷം തിരിച്ചടവ് നടത്തുക എന്നത് പ്രധാനമാണ്. അതോടൊപ്പം തന്നെ വായ്പകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടി വിലയിരുത്തുന്നത് നന്നായിരിക്കും. ആര്‍ബിഐ സാമ്പത്തിക അവലോകനത്തിന് ശേഷം പലിശ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പലിശ നിരക്ക് കുറയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ നിലവിലുള്ള വായ്പകള്‍ക്ക് നല്‍കിവരുന്ന പലിശ നിരക്ക് തന്നെയായിരിക്കും ബാധകമായിരിക്കുക. എന്നാല്‍ പുതിയ വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കിന്‍റെ ആനുകൂല്യം ലഭിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍ നിലവിലെ വായ്പ അടച്ച് പുതിയ വായ്പ എടുക്കാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ അത് വിനിയോഗിക്കാവുന്നതാണ്.
അതുപോലെ തന്നെ ക്രെഡിറ്റ് കാര്‍ഡുകളും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് ഇഎംഐ പ്രകാരം തിരിച്ചടയ്ക്കാനുള്ള സൗകര്യം ഉണ്ട്. കൂടാതെ ഗൃഹോപകരണങ്ങളും മറ്റും വാങ്ങുമ്പോള്‍ ഇഎംഐ വ്യവസ്ഥയില്‍ വാങ്ങാന്‍ സൗകര്യം ലഭിക്കും. ഇഎംഐ തുക കണക്കാക്കുമ്പോള്‍ കുറഞ്ഞ തുക പോലെ തോന്നിയാലും പല തുകകള്‍ ചേരുമ്പോള്‍ വലിയൊരു തുക പ്രതിമാസ വരുമാനത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നു എന്ന കാര്യം വിസ്മരിച്ചു കൂടാ. ചെറിയ തുകയാണെങ്കില്‍ പോലും പരമാവധി പ്രതിമാസ തിരിച്ചടവ് ഒഴിവാക്കി രൊക്കം തുകയ്ക്ക് ഇതുപോലുള്ള വാങ്ങലുകള്‍ നടത്തുന്നതാവും ഉചിതം. ഇങ്ങനെ ചെയ്യുക വഴി കൂടുതല്‍ ഡിസ്കൗണ്ട് തുകയില്‍ സാധനങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ച് തവണ വ്യവസ്ഥയിലുള്ള സാധനങ്ങള്‍ വാങ്ങുക.
വായ്പകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വലിയ ആശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും തിരിച്ചടവിനുള്ള പ്ലാന്‍ കൂടി മനസ്സില്‍ കണക്കാക്കി വേണം തീരുമാനങ്ങള്‍ എടുക്കാന്‍. ആവശ്യമെങ്കില്‍ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായത്തോടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുക.