റിസ്ക് എടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ഒരു മികച്ച നിക്ഷേപ പദ്ധതി: ഇന്‍ഡക്സ് ഫണ്ടുകള്‍

0
1168
Investment growth
818794926

ഓഹരി അധിഷ്ഠിത നിക്ഷേപം നടത്തുന്നവര്‍, പ്രത്യേകിച്ച് ഇതില്‍ റിസ്ക് അധികം എടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍, പലപ്പോഴും തിരഞ്ഞെടുക്കുന്നത് മികച്ച കമ്പനികളുടെ ഓഹരികളോ അല്ലെങ്കില്‍ ഏതെങ്കിലും ഇന്‍ഡക്സില്‍ ഉള്ള ഓഹരികളോ ആയിരിക്കും. ഓഹരി വിപണി ഉയരുന്നതനുസരിച്ച് ഈ സൂചികയിലുള്ള ഓഹരികളും ഉയരും എന്ന ധാരണയിലാണ് ഇത്തരം ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ താല്പര്യപ്പെടുന്നത്.

അതുപോലെതന്നെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കും ഇത്തരം ഒരു തിരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്. മ്യൂച്ചല്‍ ഫണ്ടുകള്‍ വിവിധ മേഖലകളില്‍ ഉള്ള വിവിധ ഓഹരികളിലാണ് നിക്ഷേപം നടത്തുന്നത.് ഇതുപോലെതന്നെ ഏതെങ്കിലും ഇന്‍ഡക്സ് അഥവാ സൂചികയിലുള്ള ഓഹരികളില്‍ അതേ അനുപാതത്തില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് ഇന്‍ഡക്സ് ഫണ്ടുകള്‍ എന്ന് പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്‍ഡക്സ് ഫണ്ടുകള്‍ എന്നത് ഏതെങ്കിലും ഒരു ബെഞ്ച്മാര്‍ക്കിനെ അതുപോലെ തന്നെ അനുകരിച്ച് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതായത് ബെഞ്ച്മാര്‍ക്കിന്‍റെ വളര്‍ച്ചയും പ്രസ്തുത ബെഞ്ച്മാര്‍ക്ക് അനുസരിച്ച് ഉണ്ടാക്കിയിരിക്കുന്ന ഇന്‍ഡക്സ് ഫണ്ടിന്‍റെ വളര്‍ച്ചയും ഒരുപോലെ ആയിരിക്കും. ഉദാഹരണമായി ഓഹരി വിപണിയുടെ ഉയര്‍ച്ച താഴ്ചയെ അളക്കുന്ന നിഫ്റ്റി ഇന്‍ഡക്സ് ആണ് ഫണ്ട് അനുകരിക്കുന്നത് എങ്കില്‍ ഓഹരി വിപണിയുടെ ഉയര്‍ച്ച താഴ്ചയ്ക്കനുസരിച്ച് ഈ ഫണ്ടുകളും അതേ അനുപാതത്തില്‍ മാറിക്കൊണ്ടിരിക്കും.


മ്യൂച്ചല്‍ ഫണ്ടുകളും ഇന്‍ഡക്സ് ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയണമെങ്കില്‍ ഇവയുടെ പ്രവര്‍ത്തന രീതി ആദ്യം മനസ്സിലാക്കണം. മ്യൂച്ചല്‍ ഫണ്ടുകള്‍ ഏതെങ്കിലും ഒരു നിക്ഷേപ ഉദ്ദേശമനുസരിച്ച് തിരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സൂചികകളുടെ വളര്‍ച്ചയ്ക്ക് മുകളിലുള്ള വളര്‍ച്ച ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപ തന്ത്രങ്ങളാണ് ഫണ്ട് മാനേജര്‍ എടുക്കുക. ഇതില്‍ ഫണ്ട് മാനേജര്‍ ആവശ്യമായ മാറ്റങ്ങള്‍ ഓഹരി വിപണിയുടെ സാഹചര്യം അനുസരിച്ച് വരുത്തേണ്ടതായിട്ടുണ്ട്. അതുകൊണ്ട് മ്യൂച്ചല്‍ ഫണ്ടുകളെ ആക്ടീവ് ഫണ്ടുകള്‍ എന്നാണ് വിളിക്കുക.


എന്നാല്‍ ഇന്‍ഡക്സ് ഫണ്ടുകളില്‍ ഫണ്ട് മാനേജര്‍ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടാവില്ല. തിരഞ്ഞെടുക്കുന്ന ഇന്‍ഡക്സ് അഥവാ സൂചികയുടെ അതേ അനുപാതത്തില്‍ പ്രസ്തുത ഇന്‍ഡക്സില്‍ ഉള്ള ഓഹരികളില്‍ നിലനിര്‍ത്തുക മാത്രമാണ് ഫണ്ട് മാനേജരുടെ ജോലി. അതുകൊണ്ട് ഇത്തരം ഫണ്ടുകളെ പാസിവ് ഫണ്ടുകള്‍ എന്നാണ് വിളിക്കുക. ഇവയുടെ വളര്‍ച്ച ഇന്‍ഡക്സ് വളര്‍ച്ചയ്ക്ക് അനുസരിച്ച് മാത്രമായിരിക്കും.


മ്യൂച്ചല്‍ ഫണ്ടുകള്‍ ആക്ടിവ് ഫണ്ട് ആയതുകൊണ്ട് തന്നെ ഫണ്ട് മാനേജര്‍ ഓഹരിയുടെ തിരഞ്ഞെടുപ്പിലും മറ്റും കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി നിക്ഷേപകര്‍ക്ക് മികച്ച വളര്‍ച്ച കൊടുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചിലവ് ഇന്‍ഡക്സ് ഫണ്ടുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. രണ്ടും ഓഹരി അധിഷ്ഠിത നിക്ഷേപം ആയതുകൊണ്ട് നഷ്ട സാധ്യത രണ്ടുതരം ഫണ്ടുകള്‍ക്കും ഉണ്ട് എങ്കിലും ഇന്‍ഡക്സ് ഫണ്ടുകള്‍ക്ക് താരതമ്യേന കുറഞ്ഞ നഷ്ട സാധ്യതയാണ് ഉള്ളത് എന്ന് പറയാം.
ഓഹരി അധിഷ്ഠിത നിക്ഷേപം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ അധിക റിസ്ക് എടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ഒരു മികച്ച നിക്ഷേപ പദ്ധതിയായി ഇന്‍ഡക്സ് ഫണ്ടുകളെ കണക്കാക്കാം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here