മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ നികുതി കണക്കാക്കല്‍

0
2278
Mutual funds

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്ന സമയമാണിത്. മ്യൂച്വല്‍ ഫണ്ട് ഒരു നിക്ഷേപമായി തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഈ നിക്ഷേപത്തില്‍ ഉണ്ടാകാനിടയുള്ള നികുതി കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഈ നികുതി എങ്ങനെയാണു വിവിധ വിഭാഗത്തിലുള്ള മ്യൂച്വല്‍ ഫണ്ടുകളെ ബാധിക്കുന്നത് എന്നറിഞ്ഞിരുന്നാല്‍ കുറച്ചൊക്കെ നികുതി കുറയ്ക്കാനാകും. നേരത്തെ, ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നികുതി വിധേയമല്ലായിരുന്നു. 2018 വര്‍ഷത്തെ ബഡ്ജറ്റിലാണ് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ ആദായ നികുതിയുടെ ഭാഗമാക്കിമാറ്റിയത്. ഈ മാറ്റം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ മാത്രമല്ല ഓഹരിയധിഷ്ഠിതമായ എല്ലാ നിക്ഷേപങ്ങളെയും ബാധിക്കുകയും ചെയ്തു. നികുതിയുടെ യഥാര്‍ത്ഥ കാര്യങ്ങളിലേക്ക് പോകുന്നതിനു മുന്‍പ് ഏതൊക്കെ തരത്തില്‍ ഉള്ള മ്യൂച്വല്‍ ഫണ്ടുകളാണ് എന്നറിയിരിക്കണം. പ്രധാനമായും രണ്ട് വിഭാഗം മ്യൂച്വല്‍ ഫണ്ടുകളാണ് ഉള്ളത്. ഒന്നാമത്തേത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് അടുത്തത് ഡെറ്റ് മ്യൂച്വല്‍ ഫണ്ട്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് അഥവാ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ 65 ശതമാനമോ അതില്‍ കൂടുതലോ ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ആയിരിക്കും. ഇത്തരത്തില്‍ ഉയര്‍ന്ന ശതമാനം ഓഹരി നിക്ഷേപമാണ് ഒരു മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്ഫോളിയോയില്‍ ഉള്ളത് എങ്കില്‍ അത്തരം ഫണ്ടുകള്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്നു പറയാം. ഇത്തരം ഫണ്ടുകളുടെ ആദായ നികുതി കണക്കാക്കുന്നതിനു ഓഹരി നിക്ഷേപങ്ങളുടെ ആദായ നികുതി കണക്കാക്കുന്ന മാനദന്ധം തന്നെയാണ് ഉപയോഗിക്കുന്നത്. അതുപോലെ ഒരു മ്യൂച്വല്‍ ഫണ്ടില്‍ 65 ശതമാനത്തില്‍ താഴെയാണ് ഓഹരിയധിഷ്ഠിതമായ നിക്ഷേപങ്ങള്‍ എങ്കില്‍ അത്തരം ഫണ്ടുകളെ ഡെറ്റ് ഫണ്ടുകള്‍ എന്നാണ് വിളിക്കുന്നത്. ഇത്തരം ഫണ്ടുകളുടെ ആദായ നികുതി കണക്കാക്കുന്നതിന്‍റെ മാനദണ്ഡം വേറെയാണ്.

മേല്‍പ്പപറഞ്ഞ കാര്യങ്ങള്‍ കൂടാതെ മറ്റു രണ്ട് ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്‍റെ ആദായ നികുതി കണക്കാക്കുന്നത്. ഇതില്‍ ആദ്യത്തെ ഘടകം റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് ആണ്. ഒരാളുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്, റസിഡന്‍റ് ആണോ പ്രവാസി ആണോ എന്നതിന്‍റെ അടിസ്ഥാനത്തില്‍ നികുതി കണക്കാക്കുന്നതില്‍ വ്യത്യാസം വരാം. അതുപോലെതന്നെ നിക്ഷേപ കാലാവധി ഒരു നിക്ഷേപത്തിന്‍റെ നികുതി കണക്കാക്കുന്നതില്‍ പ്രധാന ഘടകമാണ്.

ഓഹരിയാധിഷ്ഠിത നിക്ഷേപങ്ങള്‍ 12 മാസം അതായത് ഒരു വര്‍ഷത്തില്‍ താഴെയാണ് നിക്ഷേപിച്ചതെങ്കില്‍ ഹ്രസ്വകാല നിക്ഷേപമായിട്ടാണ് ആദായ നികുതി വകുപ്പ് കണക്കാക്കുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതലാണ് നിക്ഷേപ കാലാവധിയെങ്കില്‍ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കും. എന്നാല്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യം നോക്കിയാല്‍ മൂന്ന് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളെ ദീര്‍ഘകാല നിക്ഷേപമായും അതില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ ഹ്രസ്വകാല നിക്ഷേപമായുമാണ് ആദായ നികുതി വകുപ്പ് കണക്കാക്കുന്നത്. ഇനി ഇവയ്ക്ക് എത്രമാത്രം നികുതിയാണ് ചുമത്തുന്നത് എന്ന് നോക്കാം.

ഓഹരിയധിഷ്ഠിത ദീര്‍ഘകാല നിക്ഷേപങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഒരു സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ആണെങ്കില്‍ ആ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന ഓരോ തുകയ്ക്കും 10 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ ഹ്രസ്വകാല ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ലാഭത്തിനു എല്ലാം 15 ശതമാനം നികുതി അടയ്ക്കാന്‍ ബാധ്യതയുണ്ട്.

അതുപോലെ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് 20 ശതമാനം നികുതിയാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ നികുതി കണക്കാക്കുന്നതിനു ഇന്‍ഡെക്സേഷന്‍ എന്ന പ്രക്രിയയിലൂടെ വാങ്ങിയ വില കണ്ടെത്തിയ ശേഷമായിരിക്കും ലാഭം കണക്കാക്കുക. ഈ പ്രക്രിയയില്‍ നേരത്തെ മുടക്കിയ തുകയെ ഒരു പരിധിവരെ ഇന്നത്തെ തുകയോട് ഒപ്പം എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഹ്രസ്വകാല നിക്ഷേപങ്ങളുടെ ലാഭം നിലവിലുള്ള മറ്റു വരുമാനങ്ങളുടെ കൂടെ ചേര്‍ത്ത് ആദായ നികുതി വകുപ്പിന്‍റെ പട്ടിക പ്രകാരമുള്ള നികുതിയായിരിക്കും ചുമത്തുക. നികുതിയിനത്തില്‍ ഇക്കാര്യങ്ങള്‍ മനസ്സിലായാല്‍ ഏത് സമയത്ത് വില്‍ക്കുന്നതാണ് കൂടുതല്‍ നികുതി ലാഭിക്കാനുതകുന്നത് എന്ന് മനസ്സിലാക്കം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here