മ്യൂച്ചൽ ഫണ്ട് നിക്ഷേപം എങ്ങനെ, ഏതൊക്കെ?

0
1742
Mutual funds

മ്യൂച്ചല്‍ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ ഏതെങ്കിലും ഒരു ഫണ്ട് തിരഞ്ഞെടുക്കാതെ, നിക്ഷേപിക്കുന്നയാളുടെ നിക്ഷേപോദ്ദ്യേശത്തിനനുസരിച്ചുള്ള ഫണ്ടാണ് എന്ന് ഉറപ്പുവരുത്തി നിക്ഷേപിക്കുന്നതാണ് ഉചിതം. മ്യൂച്ചല്‍ഫണ്ടില്‍ ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് എന്നിങ്ങനെ പലവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കിലും ഭൂരിപക്ഷം നിക്ഷേപകരും ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ഫണ്ടാണ് നിക്ഷേപത്തിനായി സ്വീകരിക്കുന്നത്. ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ഫണ്ടുകള്‍ ദീര്‍ഘകാലയളവില്‍ നല്‍കുന്ന വളര്‍ച്ചാ നിരക്ക് തന്നെയാണ് മിക്കവരെയും ഈ ഫണ്ടുകളിലേക്ക് ആകര്‍ഷിക്കുന്നത്.

എന്നാല്‍ നിക്ഷേപിക്കുന്നതിനായി ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ വളര്‍ച്ചാ നിരക്ക് മാത്രം നോക്കിയാല്‍ പോരാ, ആ മ്യൂച്ചല്‍ ഫണ്ട് പദ്ധതിയുടെ നിക്ഷേപോദ്ദേശം എന്താണ് എന്ന് മനസ്സിലാക്കി കൂടി വേണം തിരഞ്ഞെടുക്കാന്‍. അതായത് നമ്മള്‍ വിപണിയില്‍ കാണുന്ന എല്ലാ മ്യൂച്ചല്‍ ഫണ്ട് പദ്ധതികളും ഒരേ സ്വഭാവം ഉള്ളതല്ല എന്ന് സാരം. നിക്ഷേപകന്‍റെ ലക്ഷ്യം, റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്, എന്നിവയ്ക്കനുസരിച്ച് വേണം ഫണ്ട് തിരഞ്ഞെടുക്കാന്‍. ഇന്ന് ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടില്‍ 12ഓളം വിഭാഗങ്ങളുണ്ട്. എല്ലാത്തിലും 65 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ ആണെങ്കിലും നിക്ഷേപിക്കുന്ന ഓഹരികളുടെ വിഭാഗത്തില്‍ വ്യത്യാസം ഉണ്ടാകും. ഓഹരികള്‍ അവയുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ,് സ്മാള്‍ ക്യാപ് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. ഈ വിഭാഗങ്ങളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂച്ചല്‍ ഫണ്ടുകളെ തിരിച്ചിരിക്കുന്നത്. ഇതുമാത്രമല്ല, ചില ഓഹരികളുടെ സ്വഭാവം, സെക്ടര്‍ എന്നിവയും മ്യൂച്ചല്‍ ഫണ്ടുകളെ വിവിധ വിഭാഗങ്ങള്‍ ആക്കുന്ന ഘടകങ്ങളാണ്.

ലാര്‍ജ് ക്യാപ് ഫണ്ട്: കുറഞ്ഞത് 80% നിക്ഷേപവും ലാര്‍ജ് ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട് വിഭാഗത്തില്‍ താരതമ്യേന റിസ്ക് കുറഞ്ഞ വിഭാഗമാണിത്.

മിഡ് ക്യാപ് ഫണ്ട്: കുറഞ്ഞത് 65 ശതമാനം മിഡ് ക്യാപ് വിഭാഗത്തിലെ ഓഹരികളിലാണ് നിക്ഷേപം നടത്തുന്നത്.

ലാര്‍ജ്, മിഡ് ക്യാപ് ഫണ്ട് മേല്‍പ്പറഞ്ഞ രണ്ട് വിഭാഗങ്ങളിലും കൂടിയുള്ള നിക്ഷേപമാണ് ഇത്തരം ഫണ്ടുകളില്‍ ഉള്ളത.് കുറഞ്ഞത് 35% വീതം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലെ ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കണം.

സ്മാള്‍ ക്യാപ് ഫണ്ട്: കുറഞ്ഞത് 65 ശതമാനം സ്മാള്‍ ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലാണ് നിക്ഷേപിക്കുന്നത. താരതമ്യേന റിസ്ക്ക കൂടുതലുള്ള വിഭാഗമാണിത്.

മള്‍ട്ടി ക്യാപ് ഫണ്ട്: കുറഞ്ഞത് 75% ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നുണ്ടെങ്കിലും ലാര്‍ജ്, സ്മാള്‍ എന്നിവയില്‍ ഏത് അനുപാതത്തില്‍ വേണമെങ്കിലും നിക്ഷേപിക്കാന്‍ ഫണ്ട് മാനേജര്‍ക്ക് അനുവാദം ഉണ്ടെങ്കിലും കുറഞ്ഞത് 25% ഓരോ വിഭാഗത്തിലും ഉണ്ടാകണം.

ഫ്ളെക്സി ക്യാപ് ഫണ്ട്: ഇതില്‍ കുറഞ്ഞത് 25% ഓഹരി അധിഷ്ഠിത നിക്ഷേപമാണ്. ലാര്‍ജ്, സ്മാള്‍ എന്നിവയില്‍ ഏത് വിഭാഗത്തിലും ഏത് അനുപാതത്തില്‍ വേണമെങ്കിലും നിക്ഷേപിക്കാന്‍ ഫണ്ട് മാനേജര്‍ക്ക് അനുവാദം ഉണ്ട്.

ഡിവിഡന്‍റ് യീല്‍ഡ് ഫണ്ട്: കുറഞ്ഞത് 65% ഓഹരികളില്‍ ആയിരിക്കും നിക്ഷേപിക്കുക. കൂടുതലും ഡിവിഡന്‍റ് കൊടുക്കുന്ന കമ്പനികളുടെ ഓഹരികളിലാവും ഇത്തരം ഫണ്ടുകളുടെ നിക്ഷേപം.

കോണ്‍ട്രാ ഫണ്ട്: ഫണ്ട് മാനേജരുടെ അധികാരം ഉപയോഗിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ച ലഭിക്കുമെന്ന് കരുതുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. താരതമ്യേന റിസ്ക് കൂടുതലുള്ള വിഭാഗമാണിത്.

വാല്യൂ ഫണ്ട്: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ മികച്ച വളര്‍ച്ച ലഭിക്കാന്‍ സാധ്യതയുള്ള ഓഹരികള്‍ തിരഞ്ഞെടുക്കുന്ന രീതിയാണിത്. ഇതില്‍ കുറഞ്ഞത് 65% ഓഹരികളില്‍ ആയിരിക്കും നിക്ഷേപം.

ഫോക്കസ്ഡ് ഫണ്ട് കുറഞ്ഞത് 65% ഓഹരികളില്‍ ആയിരിക്കും എന്നതിനോടൊപ്പം തിരഞ്ഞെടുക്കുന്ന പരമാവധി 30 കമ്പനികളുടെ ഓഹരികളിലായി നിക്ഷേപം നിജപ്പെടുത്തുകയും ചെയ്യുന്നു.

സെക്ടര്‍/ തീമാറ്റിക്: കുറഞ്ഞത് 80 ശതമാനം നിക്ഷേപം തിരഞ്ഞെടുക്കുന്ന ഒരു മേഖലയിലുള്ള ഓഹരികളില്‍ ആയിരിക്കും എന്നതാണ് ഇത്തരം മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത.

ഈഎല്‍എസ്എസ്: നികുതിയളവിനായി നിക്ഷേപിക്കുന്ന മ്യൂച്ചല്‍ഫണ്ട് വിഭാഗമാണിത്. ഇത്തരം മ്യൂച്ചല്‍ ഫണ്ട് കുറഞ്ഞത് 80 ശതമാനം നിക്ഷേപവും ഓഹരികളില്‍ ആയിരിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here