മ്യൂച്ചല്‍ ഫണ്ട്, ഓഹരികള്‍ എന്നിവയില്‍ നിക്ഷേപിക്കും മുമ്പ് നല്ല രീതിയില്‍ വിശകലനം നടത്തി മികച്ച സ്കീമുകളും മികച്ച കമ്പനികളുടെ ഓഹരികളും കണ്ടെത്താന്‍ എല്ലാവരും ശ്രമിക്കും. എന്നാല്‍ ഇത്തരത്തില്‍ കണ്ടെത്തി തുടങ്ങിയ നിക്ഷേപങ്ങള്‍ എപ്പോള്‍ പിന്‍വലിക്കണം, അല്ലെങ്കില്‍ ലാഭം എടുക്കണം എന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ പുലര്‍ത്താറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിക്ഷേപം അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വരികയും പിന്നീട് അതിന്‍റെ താഴ്ന്ന നിലയില്‍ പോവുകയും ചെയ്യുക എന്നത് സാധാരണമാണ്. ഓഹരി നിക്ഷേപങ്ങളില്‍ ആണ് ഇത് പലപ്പോഴും കാണുന്നത്. ഓഹരികള്‍ ആരുടെയെങ്കിലും അഭിപ്രായപ്രകാരമാകും വാങ്ങുക. അത്തരം ഓഹരികളുടെ കമ്പനികള്‍ എങ്ങനെയുള്ളവയാണ് എന്നും എത്രമാത്രം വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ട് എന്നുമുള്ള ഒരു വിശകലനം സ്വന്തമായി കൂടി നടത്തുക. കാര്യമായ വളര്‍ച്ച പ്രതീക്ഷിക്കാത്ത കമ്പനികള്‍ മികച്ചവളര്‍ച്ച ലഭിക്കുമ്പോള്‍ വില്‍ക്കുകയും ആ തുക മറ്റ് ഓഹരികളിലേക്ക് മാറ്റി നിക്ഷേപിക്കുകയും ചെയ്യാം. എന്നാല്‍ മികച്ച കമ്പനികളുടെ ഓഹരികില്‍ ദീര്‍ഘകാലം നിക്ഷേപിക്കുന്നതിലൂടെ ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.
ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍. പ്രധാനമായും ദീര്‍ഘകാലം മുന്നില്‍ക്കണ്ട് നിക്ഷേപിക്കുന്നവര്‍ ആയതുകൊണ്ട് യഥാസമയം വിശകലനങ്ങള്‍ നടത്തി, ആവശ്യമെങ്കില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാകും. എന്നാല്‍, എപ്പോള്‍ ഇവ വില്‍ക്കണം എന്ന കാര്യത്തില്‍ ഒരു ധാരണ മനസ്സില്‍ ഉണ്ടാകണം.
പലപ്പോഴും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ വില്‍ക്കുന്നത് വലിയ ഇടിവ് ഓഹരി വിപണിയില്‍ നേരിടുമ്പോഴോ അല്ലെങ്കില്‍ നിക്ഷേപത്തില്‍ കാര്യമായ ഇടിവ് വരുമ്പോഴോ ആയിരിക്കും. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ വിപണി കൂടുതല്‍ ഇടിവ് നേരിടുമ്പോള്‍ നിക്ഷേപം നടത്താനുള്ള അവസരമായി കണ്ട് കൂടുതല്‍ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ എപ്പോള്‍ വില്‍ക്കണം എന്ന കാര്യത്തില്‍ ഒരു ധാരണ ലഭിക്കും.
ഫണ്ടുകള്‍ കാര്യമായ വളര്‍ച്ച നല്‍കാത്ത അവസ്ഥ തന്നെയാണ് ഇതില്‍ പ്രധാനം. ഓഹരി വിപണി മികച്ച രീതിയില്‍ ആയിരിക്കുകയും നിങ്ങള്‍ നിക്ഷേപിച്ച മ്യൂച്ചല്‍ ഫണ്ട് മാത്രം കാര്യമായ നേട്ടം തരാതിരിക്കുകയും ഇത് തുടര്‍ച്ചയായി സംഭവിക്കുകയും ചെയ്താല്‍ ആ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ മാറ്റുന്നതാണ് നല്ലത്. അതുപോലെ പ്രത്യേക ലക്ഷ്യം വച്ച് നിക്ഷേപങ്ങള്‍ നടത്തുക. ആ ലക്ഷ്യത്തിനുള്ള തുക സമാഹരിച്ച ശേഷം നിക്ഷേപം നിര്‍ത്തുന്ന രീതി സ്വീകരിക്കാവുന്നതാണ്.
ആകെ നിക്ഷേപത്തില്‍ എത്ര ശതമാനം തുക ഓഹരി അധിഷ്ഠിത നിക്ഷേപം വേണം, നഷ്ടസാധ്യത കുറഞ്ഞവയില്‍ എത്രമാത്രം വേണം എന്നൊരു ധാരണയും ഉണ്ടാകണം. നിശ്ചയിച്ച അനുപാതത്തില്‍ നിന്ന് വളരെ വ്യതിചലിച്ച് ഉയര്‍ന്ന അനുപാതം ഓഹരി അധിഷ്ഠിത നിക്ഷേപത്തില്‍ വരുമ്പോള്‍ ഇത് തുലനം ചെയ്യുന്നതിന് ഫണ്ടുകള്‍ വില്‍ക്കേണ്ട സാഹചര്യമായി എന്ന് മനസ്സിലാക്കി വേണ്ടത് ചെയ്യേണ്ടതാണ്.
മ്യൂച്ചല്‍ ഫണ്ട് സ്കീമുകളുടെ പുനപരിശോധന കൃത്യമായി നടത്തണം. ചില സന്ദര്‍ഭങ്ങളില്‍ ഫണ്ട് മാനേജര്‍ മാറുകയോ, നിക്ഷേപത്തില്‍ തന്നെ മാറ്റം വരുന്ന സാഹചര്യം സ്കീമുകളില്‍ വരുകയോ ചെയ്താല്‍ ആവശ്യമെങ്കില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ മറ്റൊന്നിലേക്ക് മാറ്റുന്നതിനെപ്പറ്റി ചിന്തിക്കാവുന്നതാണ്. നിക്ഷേപം നടത്തുന്നത് പോലെ തന്നെ യഥാസമയം പുനഃ പരിശോധനകള്‍ നടത്തി ആവശ്യമായ മാറ്റം വരുത്താനും ശ്രദ്ധിക്കണം എന്ന് സാരം.
First published in Mangalam