ഇപ്പോൾ നിക്ഷേപിക്കാൻ പറ്റിയ മേഖലകളേത് ?

0
1566
Business document report on paper and tablet with sales data and financial business growth graph on table background.

ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ ലോക വ്യാപകമായി വിപണികള്‍ അങ്ങേയറ്റം കലുഷിതമാണ്. മിക്കവാറും രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ കടുത്ത തോതില്‍ തിരുത്തലിനു വിധേയമായിട്ടുണ്ട്. ബോണ്ട് വിലകള്‍ കുറയുകയും പലിശ നിരക്കുകള്‍ കൂടുകയും ചെയ്തു. ക്രൂഡോയില്‍, ലോഹങ്ങള്‍ എന്നിവയുടെ വിലകള്‍ വര്‍ഷാദ്യത്തില്‍ കുത്തനെ ഉയരുകയും ഈയിടെ ഗണ്യമായി താഴുകയും ചെയ്തു. മറ്റെല്ലാ പ്രധാന കറന്‍സികളെയുമപേക്ഷിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു. ബിറ്റ്കോയിന്‍ 70 ശതമാനത്തിലേറെ ഇടിവു രേഖപ്പെടുത്തി. സ്വര്‍ണ്ണത്തിന്‍റേയും വെള്ളിയുടേയും വിലകളില്‍ പോലും താഴ്ചയുണ്ടായി. വിപണിയുടെ പ്രധാന ഉല്‍ക്കണ്ഠകള്‍, യുഎസ് മാന്ദ്യത്തിലേക്കു പതിക്കുമോ ? അങ്ങിനെ സംഭവിച്ചാല്‍ അതോടൊപ്പം സംഭവിക്കാനിടയുള്ള ആഗോള സാമ്പത്തിക തളര്‍ച്ചയും എത്രമാത്രം തീക്ഷ്ണമായിരിക്കും ? എന്നിവയാണ്. ഈ ചോദ്യങ്ങള്‍ക്ക് നമുക്കിനിയും കൃത്യമായ ഉത്തരമില്ല. ഈ അനിശ്ചിതത്വം തുടരുവോളം വിപണിയിലെ വലിയ ചാഞ്ചാട്ടം നിലനില്‍ക്കും. അനിശ്ചിതത്വത്തിന്‍റെ ഈ കാലയളവില്‍ നിക്ഷേപകര്‍ എന്താണു ചെയ്യേണ്ടത് എന്നതാണ് പ്രസക്തമായ ചോദ്യം.

ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ഗണ്യമായി തിരുത്തിയിട്ടുണ്ട്. മാതൃവിപണിയായ യുഎസിലെ നാസ്ഡാഖും എസ്ആന്‍റ് പി 500 ഉം അവയുടെ പാരമ്യത്തില്‍ നിന്ന് യഥാക്രമം 35, 21 ശതമാനം വീതം തിരുത്തുകയുണ്ടായി. നിഫ്റ്റിയില്‍ 18 ശതമാനത്തോളം തിരുത്തലുണ്ടായി. വിശാല വിപണിയിലെ തിരുത്തലുകള്‍ കൂടുതല്‍ ആഴത്തിലുള്ളതായിരുന്നു, ഉദ്ദേശം 30 ശതമാനം. ഈ തിരുത്തലുകള്‍ വിപണിയിലെ വാല്യുവേഷന്‍ ന്യായമാക്കിയിട്ടുണ്ട് ; ചില മേഖലകളില്‍ വാല്യുവേഷന്‍ ആകര്‍ഷണീയവുമാണ്.

ഇപ്പോള്‍ നിക്ഷേപിക്കാവുന്ന മേഖലകള്‍ കണ്ടെത്തുക പ്രയാസകരമല്ല. അടിസ്ഥാനപരമായി മുന്നേറ്റമുണ്ടാകുമ്പോളും വിദേശ സ്ഥാപനങ്ങളുടെ തടര്‍ച്ചയായ വില്‍പന കാരണം ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലകള്‍ ഇടിഞ്ഞിട്ടുണ്ട്. അതിനാല്‍, ധനകാര്യ സ്ഥാപന ഓഹരികള്‍ക്ക്, പ്രത്യേകിച്ച് മുന്‍നിര ബാങ്കുകള്‍ക്കായിരിക്കണം നിക്ഷേപത്തിന് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ ഈ ഓഹരികളില്‍ നിന്ന് ലാഭം കിട്ടാന്‍ സമയമെടുത്തേക്കും. വിദേശ സ്ഥാപനങ്ങള്‍ വില്‍പന നിര്‍ത്തുമ്പോഴേ ഈ ഓഹരികളുടെ വിലകളില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകൂ. അതിനാല്‍ നിക്ഷേപകര്‍ ക്ഷമയോടെ കാത്തിരിക്കണം. മികച്ച പ്രതിഫലം ഉറപ്പാണ്.

കടുത്ത തിരുത്തലിനു ശേഷമുള്ള ഐടി മേഖല, ടെലികോം, വാഹന മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, മറ്റു കയറ്റുമതി രംഗങ്ങള്‍ എന്നിവയാണ് മികച്ച സാധ്യതയുള്ള ഇതര മേഖലകള്‍. ദീര്‍ഘകാല ലക്ഷ്യത്തോടെ വിവിധ മേഖലകളിലെ ബ്ളൂ ചിപ് ഓഹരികള്‍ വാങ്ങുന്നത് ഇപ്പോള്‍ നല്ല തീരുമാനമായിരിക്കും. പ്രയാസകരമായ ഈ സമയത്ത് എഫ്എംസിജി ഓഹരികള്‍ പ്രതിരോധത്തിന് അനുയോജ്യമായിരിക്കും.

ജൂലൈ മാസം ഒന്നാം പാദ ഫലങ്ങളായിരിക്കും വിപണി ചലനങ്ങളെ പ്രധാനമായി നിര്‍ണയിക്കുക. വിലയിടിവു കാരണം ലോഹ മേഖലയില്‍ ലാഭം കുറയും. സിമെന്‍റ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, എഫ്എംസിജിയിലെ ചില മേഖലകള്‍ എന്നിവയ്ക്ക് ലാഭത്തില്‍ കുറവുണ്ടാകും. ധനകാര്യ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് മുന്‍നിര ബാങ്കുകള്‍ , ഐടി എന്നീ മേഖലകള്‍ നല്ല ഫലങ്ങള്‍ കാഴ്ച വെയ്ക്കും. സിമെന്‍റ്, ദീര്‍ഘകാല ഉപയോഗത്തിനുള്ള ഉല്‍പന്നങ്ങള്‍, ലോഹങ്ങള്‍ എന്നീ മേഖലകളില്‍ ഒന്നാം പാദ ഫലങ്ങള്‍ നിരാശാജനകമാകാനാണ് സാധ്യത.

അനിശ്ചിതവും പ്രയാസകരവുമായ കാലമാണ് നല്ല പോര്‍ട്ഫോളിയോ സൃഷ്ടിക്കാന്‍ ഏറ്റവും അനുകൂലമായത്. പറ്റിയത്. ഉയര്‍ന്ന ഗുണ മൂല്യമുള്ള ഓഹരികള്‍ വാങ്ങി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. വിവിധ മേഖലകളിലെ ബ്ളൂചിപ് ഓഹരികള്‍ ഘട്ടം ഘട്ടമായി വാങ്ങി നല്ല പോര്‍ട്ഫോളിയോ സൃഷ്ടിക്കാം. ഗുണമേډയില്ലാത്ത ഓഹരികള്‍ പോര്‍ട്ഫോളിയോയില്‍ നിന്ന് ഒഴിവാക്കുകയും വേണം. ഇടത്തരം , ചെറുകിട ഓഹരികളിലെ നിക്ഷേപം മ്യൂച്വല്‍ ഫണ്ട് എസ്ഐപികളിലൂടെ ചെയ്യുന്നതായിരിക്കും ഉചിതം.

First published in Dhanam Magazine


LEAVE A REPLY

Please enter your comment!
Please enter your name here