ഫണ്ട് ഫോക്കസ്: ലാര്‍ജ്, മിഡ്, സ്മോള്‍ – ഏത് ക്യാപ്പ് തിരഞ്ഞെടുക്കണം?

0
11
മ്യൂച്വല്‍ ഫണ്ട് 

മ്യൂച്വല്‍ ഫണ്ട് വിപണിയുമായി ബന്ധപ്പെട്ട് സാധാരണയായി കേട്ടുവരാറുള്ള പദങ്ങളാണ് ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോള്‍ ക്യാപ്പ് മുതലായവ. അനവധി സ്കീമുകള്‍ വേറെയുണ്ടെങ്കിലും ഈ മൂന്നു വിഭാഗം ഫണ്ടുകളെ അടിസ്ഥാനമാക്കിയാണ് പ്രചാരം കൂടിയ പല ഉപവിഭാഗങ്ങളും വിപണിയില്‍ രൂപം കൊണ്ടിരിക്കുന്നത്.

ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോള്‍ ക്യാപ്പ് എന്നിവയെ പറ്റി കൂടുതല്‍ അറിയുന്നതിന് മുമ്പ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണെന്ന് ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്. ഒരു കമ്പനിയുടെ, വിപണിയില്‍ ലഭ്യമായ ആകെ ഓഹരികളുടെ എണ്ണത്തെ നിലവിലെ ഓഹരി വിലയുമായി ഗുണിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ് പ്രസ്തുത കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍. ഉദാഹരണത്തിന് ഒരു കമ്പനിക്ക് ഓപ്പണ്‍ വിപണിയില്‍ ലഭ്യമാവുന്ന തരത്തില്‍ ആകെ ഒരു ലക്ഷം ഓഹരികള്‍ ഉണ്ടെന്നിരിക്കട്ടെ. വിപണിയില്‍ കമ്പനിയുടെ ഓഹരിയൊന്നിന് നിലവില്‍ 100 രൂപ വിലയുണ്ടെന്നും കരുതുക. അങ്ങനെയെങ്കില്‍ ഒരു ലക്ഷം ഗുണം 100, അതായത് ഒരു കോടി രൂപയായിരിക്കും പ്രസ്തുത കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍. ചുരുക്കത്തില്‍ നിലവില്‍ കമ്പനിയുടെ വിപണി മൂല്യത്തെ അഥവാ വലിപ്പത്തെയാണ് മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 5000 കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കരുതുക. ഓരോ കമ്പനിയുടെയും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ മുകളില്‍ പറഞ്ഞ പ്രകാരം കണക്കാക്കി 5000 കമ്പനികള്‍ ഉള്‍പ്പെട്ട ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. റാങ്ക് ലിസ്റ്റില്‍ ഒന്നു മുതല്‍ 100 വരെ റാങ്കില്‍ വരുന്ന ഭീമന്‍ കമ്പനികളെ ലാര്‍ജ് ക്യാപ്പ് കമ്പനികളായും 101 മുതല്‍ 250 വരെ റാങ്കില്‍ വരുന്ന കമ്പനികളെ മിഡ് ക്യാപ്പുകള്‍ ആയും 251 മുതല്‍ ശേഷം വരുന്ന എല്ലാ കമ്പനികളെയും സ്മോള്‍ ക്യാപ്പ് കമ്പനികളായും പരിഗണിക്കുന്നു.

ഇനി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്നാല്‍ നിക്ഷേപ ആസ്തികളുടെ 80 ശതമാനത്തില്‍ കുറയാത്ത തുക ലാര്‍ജ് ക്യാപ്പ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചു വരുന്ന സ്കീമുകളെ ലാര്‍ജ് ക്യാപ്പ് ഫണ്ടുകള്‍ എന്നും മൊത്തം നിക്ഷേപ ആസ്തികളുടെ 65 ശതമാനമെങ്കിലും മിഡ് ക്യാപ്പ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചു വരുന്നവയെ മിഡ് ക്യാപ്പ് ഫണ്ടുകള്‍ എന്നും ആസ്തികളുടെ 65 ശതമാനമെങ്കിലും സ്മോള്‍ ക്യാപ്പ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചു വരുന്ന സ്കീമുകളെ സ്മോള്‍ ക്യാപ്പ് ഫണ്ടുകള്‍ എന്നും നിര്‍വചിക്കപ്പെട്ടിരിക്കുന്നു. മൂന്നു വിഭാഗം ഫണ്ടുകളുടെയും പ്രധാന സവിശേഷതകള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

നിക്ഷേപകര്‍ ഓര്‍ക്കേണ്ടത്

റിസ്ക് എടുക്കാനുള്ള ശേഷി ശരിയായി മനസ്സിലാക്കിയതിനു ശേഷം അനുയോജ്യമായ ഏതു ക്യാപ്പും നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. മൂന്നു ക്യാപ്പുകളിലും സന്തുലിതമായി നിശ്ചിത അനുപാതത്തില്‍ നിക്ഷേപിക്കുകയുമാവാം. ഉദാഹരണത്തിന് കുറഞ്ഞ റിസ്ക് എടുക്കാന്‍ മാത്രം തയ്യാറുള്ളവര്‍ക്ക് 70 ശതമാനം മുതല്‍ 80 ശതമാനം വരെ ലാര്‍ജ് ക്യാപ്പുകളിലും ബാക്കി വരുന്ന തുകയില്‍ കൂടുതല്‍ മിഡ് ക്യാപ്പുകളിലും നാമമാത്രമായി സ്മോള്‍ ക്യാപ്പുകളിലും നിക്ഷേപമാവാം. ഇടത്തരം റിസ്ക് എടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് 50 ശതമാനം വരെ ലാര്‍ജ് ക്യാപ്പ് ഫണ്ടുകളുും 30 ശതമാനം മുതല്‍ 40 ശതമാനം വരെ മിഡ് ക്യാപ്പ് ഫണ്ടുകളും 10 ശമതാനം മുതല്‍ 20 ശതമാനം വരെ സ്മോള്‍ ക്യാപ്പ് ഫണ്ടുകളും തിരഞ്ഞെടുക്കാം. ഉയര്‍ന്ന റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെ സ്മോള്‍ ക്യാപ്പുകളും 30 ശതമാനം മുതല്‍ 40 ശതമാനം വരെ മിഡ് ക്യാപ്പുകളും 10 മുതല്‍ 20 ശതമാനം വരെ ലാര്‍ജ് ക്യാപ്പ് ഫണ്ടുകളും എന്ന അനുപാതത്തില്‍ മുന്നോട്ടു പോകാം. മുകളില്‍ കൊടുത്ത അനുപാത കണക്കുളെല്ലാം ദിശാ സൂചകങ്ങളായി കണ്ടാല്‍ മതി. നിക്ഷേപകന്‍റെ പ്രായം, നിക്ഷേപ കാലാവധി, നിക്ഷേപ ലക്ഷ്യം എന്നീ ഘടകങ്ങളെല്ലാം പരിഗണിച്ചു മാത്രമേ ഈ അനുപാതങ്ങളെല്ലാം തിരഞ്ഞെടുക്കാവൂ എന്നുള്ളതാണ് പ്രധാനം.

ലാര്‍ജ്, മിഡ്, സ്മോള്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും മികച്ച പ്രകടനം നടത്തുന്നതുമായ ഏതാനും സ്കീമുകളുടെ അടിസ്ഥാന വിവരങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വേറെയും സ്കീമുകള്‍ ഉണ്ടെന്നും സ്ഥലപരിമിതി കാരണം ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതാണെന്നും പ്രത്യേകം ഓര്‍ക്കുക.

ജീവന്‍കുമാര്‍ കെ.സി.
(ഹെഡ്, ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി സര്‍വീസസ്, ജിയോജിത്)

LEAVE A REPLY

Please enter your comment!
Please enter your name here