മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൂടുതല്‍ ജനകീയമായി വരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപത്തിനിറങ്ങുന്നവര്‍ നടത്തേണ്ട ചില മുന്നൊരുക്കങ്ങളും നിലവിലെ നിക്ഷേപകര്‍ക്ക് സാധാരണയായി സംഭവിച്ചു വരാറുള്ളതും അതേസമയം ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ ചില അബദ്ധങ്ങളുമാണ് ഫണ്ട് ഫോക്കസ് ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്.
എന്തെല്ലാം മുന്നൊരുക്കങ്ങള്‍:
1 എത്ര തുകയാണ് നിക്ഷേപിക്കാനുദ്ദേശിക്കുന്നതെന്നും എത്ര കാലത്തേക്ക് നിക്ഷേപം നിലനിര്‍ത്താമെന്നുമുള്ള വ്യക്തമായ തീരുമാനം നിക്ഷേപകനുണ്ടായിരിക്കേണ്ടതാണ്. നിക്ഷേപത്തിന് പിറകിലെ സാമ്പത്തിക ലക്ഷ്യം എന്താണെന്ന് മനസ്സിലുറപ്പിക്കുകയും പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതു വരെ നിക്ഷേപം നിലനിര്‍ത്തിപ്പോരേണ്ടതാണെന്നും ഓര്‍ക്കുക.
2 ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് ജനസ്വീകാര്യത കൂടുതല്‍. അതുകൊണ്ടു തന്നെ ഓഹരി വിപണിയില്‍ കാണുന്ന ചാഞ്ചാട്ടങ്ങളെക്കുറിച്ചെല്ലാം നിക്ഷേപകര്‍ തികച്ചും ബോധവാന്‍മാരാകേണ്ടതുണ്ട്. ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്തി ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും ലാഭം കൊയ്യാമെന്ന ചിന്ത തീര്‍ത്തും ഉപേക്ഷിക്കണമെന്ന് സാരം. ഒറ്റത്തവണയായി നടത്തുന്ന നിക്ഷേപമാണെങ്കില്‍ ചുരുങ്ങിയത് 5 വര്‍ഷത്തേക്കെങ്കിലും, എസ്‌ഐപിയിലാണെങ്കില്‍ ഉദ്ദേശിച്ച സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതു വരെയും (ഇവിടെയും 5 വര്‍ഷത്തിനു മുകളിലാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക.
3 നിക്ഷേപകര്‍ തങ്ങള്‍ക്കെടുക്കാന്‍ സാധ്യമായ പരമാവധി റിസ്‌കിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരായിരിക്കണം. റിസ്‌ക് എടുക്കാനുള്ള ശേഷി അടിസ്ഥാനമാക്കിയാണ് ഇക്വിറ്റി, ഫിക്‌സഡ് ഇന്‍കം ഫണ്ടുകള്‍ക്കായി നീക്കി വെക്കേണ്ട അനുപാതം എത്രയെന്ന് തീരുമാനിക്കുന്നത്. ഉദാഹരണമായി ബാധ്യതകളൊന്നുമില്ലാത്ത ഉയര്‍ന്ന വരുമാനമുള്ള ഒരു യുവാവാണ് നിക്ഷേപകനെങ്കില്‍ അദ്ദേഹത്തിന്റെ റിസ്‌ക് എടുക്കാനുള്ള ശേഷി സ്വാഭാവികമായും ഉയര്‍ന്നിരിക്കും. നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുകയുടെ വലിയ ഒരു അനുപാതം, അതായത് 80 ശതമാനം വരെയൊക്കെ ഇക്വിറ്റിയിലും മിച്ചം വരുന്ന 20 ശതമാനം വരെ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലുമായി നിക്ഷേപിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. അതേസമയം റിട്ടയര്‍മെന്റിനടുത്തെത്തി നില്‍ക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം നേര്‍ വിപരീത ദിശയിലുള്ള ഇക്വിറ്റി-ഡെറ്റ് അനുപാതമായിരിക്കും അനുയോജ്യം. അതായത് 80 ശതമാനം വരെയൊക്കെ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലും പരമാവധി 20 ശതമാനം വരെ ഇക്വിറ്റിയിലുമാവാം എന്നര്‍ഥം. റിട്ടയര്‍മെന്റിനരികിലെത്തിയ നിക്ഷേപകനായതുകൊണ്ടു തന്നെ പരമ്പരാഗത ബാങ്ക് നിക്ഷേപവും മറ്റും വേറെ തന്നെ നിലനിര്‍ത്തുകയുമാവാം.
4 വില കുറയുമ്പോള്‍ വാങ്ങുക, വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വിറ്റുമാറുക എന്നതാണല്ലോ ലാഭമെടുക്കലിന്റെ പിന്നിലെ ഗണിതശാസ്ത്രം. എന്നാല്‍ ഈ തത്വം ഓഹരി വിപണിയില്‍ പ്രാവര്‍ത്തികമാക്കുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമല്ല. വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന അപ്രതീക്ഷിത കയറ്റിറക്കങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഇത് മറികടക്കാന്‍ ഒരു വഴിയേയുള്ളൂ. വിപണിയിലെ കോലാഹലങ്ങള്‍ക്ക് ചെവി കൊടുക്കാതെ നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക. നിക്ഷേപം തുടങ്ങുന്ന സമയം വിപണി തങ്ങള്‍ക്ക് അനുയോജ്യമായ അവസ്ഥയിലാണോ എന്ന് വേവലാതിപ്പെടുന്നതിലല്ല കാര്യം, മറിച്ച് എത്രകാലത്തേക്ക് നിക്ഷേപം തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയും എന്ന് ചിന്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
സ്‌കീം, പോര്‍ട്ട്ഫോളിയോ എന്നിവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1 മുന്‍കാലങ്ങളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി മാത്രം മ്യൂച്വല്‍ ഫണ്ട്
സ്‌കീമുകള്‍ തിരഞ്ഞെടുക്കാതിരിക്കുക. അനുകൂലവും പ്രതികൂലവുമായ പല ഘടകങ്ങളും വിപണിയില്‍ സംഭവിച്ചേക്കാം. ഫണ്ട് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പല മാറ്റങ്ങള്‍ സ്‌കീമിലും സംഭവിക്കാം. അതുകൊണ്ടു തന്നെ പഴയകാല പ്രകടനം എല്ലാ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലും ആവര്‍ത്തിക്കണമെന്നില്ല.
2 മ്യൂച്വല്‍ ഫണ്ടുകളിലെ കാറ്റഗറികള്‍ അനുസരിച്ച് മാത്രം പ്രകടനം താരതമ്യം ചെയ്യുക. ഉദാഹരണത്തിന് ഒരു ലാര്‍ജ് ക്യാപ്പ് ഫണ്ടിന്റെ പ്രകടനം മറ്റൊരു സ്‌മോള്‍ ക്യാപ്പ് ഫണ്ടുമായി തുലനം ചെയ്യുന്നതില്‍ അര്‍ഥമില്ല. രണ്ടു വിഭാഗങ്ങളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന ഓഹരികള്‍ തീര്‍ത്തും വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്നവയായതിനാലാണിത്.
3 ഒരേ വിഭാഗത്തില്‍ പെടുന്നതോ ഒരു സെക്ടറിനെ മാത്രം പ്രതിനിധാനം ചെയ്യുന്നതോ ആയ സ്‌കീമുകള്‍ മാത്രം നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് ഉചിതമല്ല. ഉദാഹരണത്തിന് 2 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കാനുദ്ദേശിക്കുന്ന വ്യക്തി തന്റെ റിസ്‌ക് എടുക്കാനുള്ള ശേഷി വിലയിരുത്താതെ മുഴുവന്‍ തുകയും ലാര്‍ജ് ക്യാപ്പിലോ മിഡ് ക്യാപ്പിലോ അതുമല്ലെങ്കില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഫാര്‍മ, ഐ.ടി. പോലുള്ള ഒരൊറ്റ സെക്ടറില്‍ മാത്രം നിക്ഷേപിച്ചു വരുന്ന സ്‌കീമുകളിലോ മാത്രമായി ഒതുക്കാതിരിക്കുക.
4 സ്‌കീമുകളുടെ ശരിയായ വൈവിധ്യവല്‍ക്കരണം പോര്‍ട്ട്‌ഫോളിയോയുടെ കെട്ടുറപ്പിന് നല്ലതാണ്. അതേസമയം അമിതമായി ഡൈവേഴ്‌സിഫൈ ചെയ്യുന്നത് ദോഷം ഉണ്ടാക്കുകയും ചെയ്യും. അനാവശ്യമായി സ്‌കീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ഒരേ സ്വഭാവമുള്ള സെക്ടറുകളെ കൂടുതലായി ഉള്‍പ്പെടുത്തുന്നതും മറ്റും പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനം യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുന്നതിനും തടസ്സമായേക്കാം.
5 കാറ്റഗറികളുടെ പ്രകടനം മൊത്തം വിലയിരുത്തുമ്പോള്‍ ചില വിഭാഗങ്ങള്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കിയതായി കാണാം. ഉദാഹരണത്തിന് മിഡ്, സ്‌മോള്‍ ക്യാപ്പ് വിഭാഗങ്ങള്‍ ലാര്‍ജ് ക്യാപ്പിനെ അപേക്ഷിച്ച് കൂടുതല്‍ റിട്ടേണ്‍ നല്‍കി വരാറുണ്ട്. റിസ്‌ക് കൂടിയതിനാലാണ് റിട്ടേണ്‍ കൂടുതല്‍ വന്നതെന്ന് ചില നിക്ഷേപകരെങ്കിലും മനസ്സിലാക്കാറില്ല. റിസ്‌ക് കൂടുതല്‍ എടുക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് മിഡ് ക്യാപ്പുകളും സ്‌മോള്‍ ക്യാപ്പുകളും തീര്‍ച്ചയായും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താം. പക്ഷെ വിപണി താഴോട്ടു വരുന്ന അവസ്ഥയിലും തങ്ങളുടെ നിക്ഷേപം നലനിര്‍ത്തിപ്പോരാനുള്ള ധൈര്യവും ക്ഷമയും നിക്ഷേപകര്‍ക്കുണ്ടായിരിക്കണമെന്ന് മാത്രം.
7 പുതുതായി പുറത്തിറങ്ങുന്ന എന്‍എഫ്ഒ അഥവാ ന്യൂ ഫണ്ട് ഓഫറുകളില്‍ മാത്രം നിക്ഷേപിച്ചു വരുന്നവരെ കണ്ടിട്ടുണ്ട്. എന്‍.എ.വി. യാണ് താരം. നിക്ഷേപിക്കാനുദ്ദേശിക്കുന്ന സ്‌കീമുകളുടെ ഫണ്ട് മാനേജ് ചെയ്യുന്നത് ആരെല്ലാമാണെന്നും മുന്‍കാലങ്ങളില്‍ അവരുടെ പ്രകടനം എപ്രകാരമായിരുന്നു എന്നതിനെക്കുറിച്ചുമെല്ലാം പഠിക്കാന്‍ ശ്രമിക്കുക.
8 മുകളില്‍ കൊടുത്ത നിര്‍ദേശം താഴ്ന്ന എന്‍.എ.വിയില്‍ കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കുമെന്ന ഒറ്റ കാരണം പറഞ്ഞ് നിക്ഷേപം നടത്തുന്നവര്‍ക്കും ബാധകമാണ്. വര്‍ഷങ്ങളായി വിപണിയിലുള്ള ഫണ്ട് ആണെങ്കിലും താഴ്ന്ന എന്‍.എ.വി. സൂചിപ്പിക്കുന്നത് അതിന്റെ മോശം പ്രകടനത്തെയാണ്. കാലങ്ങളായി മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനാലാണ് ഫണ്ടുകളുടെ എന്‍.എ.വി. ഉയരങ്ങളിലെത്തിയതെന്നും ഈയവസരത്തില്‍ ഓര്‍ക്കുമല്ലോ. ചുരുക്കത്തില്‍ എന്‍.എ.വി. കുറവാണ് എന്ന കാര്യം പറഞ്ഞ് മോശം ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്ന രീതി ഉപേക്ഷിക്കുക.
9 നിശ്ചിത ഇടവേളകളില്‍ പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനം സ്‌കീം തിരിച്ച് വിലയിരുത്തേണ്ടതും അത്യാവശ്യമാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും ഇത്തരത്തില്‍ നടത്തുന്ന റിവ്യൂ പോര്‍ട്ട്‌ഫോളിയോയുടെ ശരിയായ വളര്‍ച്ച ഉറപ്പുവരുത്താന്‍ നിക്ഷേപകരെ സഹായിക്കും.
10 രൂപയില്‍ തന്നെ ലഭിക്കുമെന്നതാണ് ഇവരുടെ വാദമെങ്കിലും പ്രായോഗിക തലത്തില്‍ എന്‍.എഫ്.ഒ. മാത്രം നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല. മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കുന്ന നൂറുകണക്കിന് ഫണ്ടുകള്‍ നിലവിലുണ്ടെന്നും നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന ആദായത്തിനാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതെന്നും മനസ്സിലാക്കുക.
വൈകാരിക തലങ്ങളില്‍ നിക്ഷേപകര്‍ക്ക് സംഭവിച്ചു കാണാറുള്ള ചില തെറ്റുകള്‍ കൂടെ ചൂണ്ടിക്കാണിക്കട്ടെ. വിപണി മോശമാകുന്നു എന്ന തോന്നല്‍ ഉണ്ടാവുമ്പോഴേക്കും എസ്‌ഐപി നിക്ഷേപം നിര്‍ത്തുന്നതും, കുതിച്ചുയര്‍ന്ന വിപണിയില്‍ വമ്പന്‍ തുക നിക്ഷേപിച്ച് മാര്‍ക്കറ്റിന്റെ സ്വാഭാവികമായ ഇറക്കത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്‍ നഷ്ടത്തില്‍ വിറ്റു മാറുന്നതും വൈകാരികതയുടെ പുറത്ത് എടുക്കുന്ന ചില തെറ്റായ തീരുമാനങ്ങളാണ്. ക്ഷമയോടും കരുതലോടും കൂടി മ്യൂച്ചല്‍ ഫണ്ട് വിപണിയെ സമീപിച്ചാല്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കുന്നവയാണ് ഈ തെറ്റുകള്‍.
ജീവന്‍കുമാര്‍ കെ.സി.
(ഹെഡ്, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസസ്, ജിയോജിത്)
First published in Malayala Manorama
#ഫണ്ട്ഫോക്കസ്









