പ്ലാന്‍ ചെയ്തു തിരിച്ചടച്ചാല്‍ വായ്പ കെണിയില്‍ വീഴാതെ രക്ഷപ്പെടാം

0
2128
loan

ഇന്ന് ഒരു ലോണ്‍ എങ്കിലും എടുക്കാത്തവര്‍ വിരളമായിരിക്കും. വീട്, കാര്‍, ബൈക്ക്, വീട്ടുപകരണങ്ങള്‍, മൊബൈല്‍ തുടങ്ങി ഏതു വസ്തുവും തവണ വ്യവസ്ഥയില്‍ ലഭിക്കും എന്നുള്ളത് കൊണ്ട് തന്നെ വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവയില്‍ ചിലത് പലിശയില്ലാത്ത വായ്പയാണെങ്കില്‍ ചിലത് ഉയര്‍ന്ന പലിശ നിരക്ക് വാങ്ങുന്ന വായ്പകളാണ്. എന്ത് തന്നെ ആയാലും ഒരു വ്യക്തിയുടെ ഭാവിയില്‍ വരാനിരിക്കുന്ന വരുമാനം ഇന്നേ ചെലവാക്കുകയാണ് ഈ വായ്പകള്‍ എടുക്കുമ്പോള്‍ ചെയ്യുന്നത് എന്ന കാര്യം പലപ്പോഴും എല്ലാവരും മറക്കുന്നു. ഭവന വായ്പയാണ് ഇന്ന് ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ദീര്‍ഘകാലയളവിലേക്ക് ഉയര്‍ന്ന തുക ലഭിക്കും എന്നത് ഭവന വായ്പയ്ക്ക് ആകര്‍ഷണം കൂട്ടുന്നു. വീട് എന്ന സ്വപ്നം മുന്നിലേക്ക് വരുമ്പോള്‍ തന്നെ എത്ര രൂപ ഈ ലക്ഷ്യത്തിനായി സമാഹരിക്കാനാകും എന്ന ചിന്ത വരുന്നതിനു മുന്‍പ് തന്നെ എത്രത്തോളം വായ്പ എടുക്കാന്‍ ആകുമെന്ന് കാര്യമാണ് പലപ്പോഴും പലരും നോക്കുന്നത.് അതായത് പരമാവധി ലഭിക്കാവുന്ന വായ്പ തുകയ്ക്ക് അനുസരിച്ച് കുറവ് തുക സമാഹരിക്കുകയാണ് ചെയ്യുന്നത്.

വായ്പ എടുക്കുന്നതിലല്ല വായ്പ തിരിച്ചടവ് എങ്ങനെ പ്ലാന്‍ ചെയ്യുന്നു എന്നതിലാണ് കാര്യം. ആവശ്യത്തിനു സിബില്‍ സ്കോറും തിരിച്ചടയ്ക്കാവുന്ന വരുമാനവും ഉണ്ടെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാല്‍ തിരിച്ച് കൃത്യമായി ആസൂത്രണം ചെയ്തുനടത്തിയില്ലെങ്കില്‍ വലിയ തുക പലിശയിനത്തില്‍ നഷ്ടപ്പെടാനിടയാകും എന്ന കാര്യം വിസ്മരിക്കരുത്. പ്രത്യേകിച്ചും റിസര്‍വ് ബാങ്കിന്‍റെ വായ്പാനയം അനുസരിച്ച് പലിശയില്‍ വ്യത്യാസം വരുന്ന രീതിയിലുള്ള വായ്പകളുടെ തിരിച്ചടവ് ശ്രദ്ധിച്ചില്ലെങ്കില്‍ പലിശ നിരക്ക് ഉയരുന്ന സമയത്ത് ഉദ്ദേശിച്ച രീതിയില്‍ വായ്പകള്‍ തീരാതെ വന്നേക്കാം

2020-22 കാലഘട്ടത്തില്‍ ആയിരുന്നു ഭവന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കുണ്ടായിരുന്നത്. ഈ കാലഘട്ടത്തില്‍ വായ്പ എടുത്തവര്‍ക്ക് 6.50 ശതമാനം മുതല്‍ 7 ശതമാനം വരെയാവും അന്നത്തെ പലിശ. തുടര്‍ന്നുള്ള ഒരു വര്‍ഷം കൊണ്ട് 4 ശതമാനം ഉണ്ടായിരുന്ന റെപ്പോറേറ്റ് 6.50 ശതമാനമായി ഉയര്‍ത്തി. ഇത് വായ്പകളുടെ പലിശ 6.50 ശതമാനത്തില്‍ നിന്ന് 9 ശതമാനത്തിന് മുകളില്‍ വരെ വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. അതനുസരിച്ച് പ്രതിമാസ തിരിച്ചടവ് ഭൂരിഭാഗം പേരും ഉയര്‍ത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുമൂലം ഉണ്ടായ ആഘാതം എത്രയെന്ന് മനസ്സിലാക്കാത്തതാവും ഒരു കാരണം. 2022 ജനുവരിയില്‍ 30 ലക്ഷം രൂപ 15 വര്‍ഷക്കാലാവധിയില്‍ ഒരു ഭവന വായ്പ 6.50 ശതമാനം പലിശയ്ക്ക് എടുത്തു എന്നിരിക്കെ ആ തുകയുടെ പ്രതിമാസ അടവ് 26133 രൂപ ആയിരിക്കും. ഒരു വര്‍ഷത്തിനുശേഷം 2023 ജനുവരിയില്‍ 9 ശതമാനം പലിശ നിരക്ക് ആകുമ്പോള്‍ പ്രതിമാസ തിരിച്ചടവ് 30186 രൂപ ആക്കണമായിരുന്നു. എന്നാല്‍ ഇപ്പോഴും ഏകദേശം 4056 രൂപ കുറച്ചായിരിക്കും അടച്ചു വരിക. ഇത്തരത്തില്‍ അടച്ചാല്‍ അഞ്ചര വര്‍ഷം കൂടി കൂടുതല്‍ അടയ്ക്കേണ്ടി വരും. മിക്കവര്‍ക്കും ഈ 4000 രൂപ കൂടുതല്‍ അടയ്ക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാവില്ല. ശരിയായ രീതിയില്‍ ശ്രദ്ധിക്കാത്തത് മൂലം വലിയൊരു തുക അനാവശ്യമായി അടയ്ക്കേണ്ട സാഹചര്യമാണ് ഇവിടെ ഉണ്ടാകുന്നത്. മിക്ക ഭവന വായ്പകളും ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലയളവ് അനുസരിച്ചായിരിക്കും എടുത്തിരിക്കുന്നത.് ശരിയായി ആസൂത്രണം ചെയ്തത് യഥാസമയം വായ്പ തീര്‍ത്തില്ലെങ്കില്‍ റിട്ടയര്‍മെന്‍റ് പ്ലാനിനേയും അത് ബാധിച്ചേക്കാം. അതുകൊണ്ട് വായ്പ എടുത്താല്‍ മാത്രം പോരാ അത് കൃത്യമായി അടയ്ക്കാനുള്ള വഴി കണ്ടെത്തി മാത്രം മുന്നോട്ടു പോകാന്‍ ശ്രദ്ധിക്കുകയാണ് വായ്പ കെണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here