പ്രതിസന്ധി നീളുന്നു: പ്രകൃതി വാതക വിലയില്‍ അനിശ്ചിതത്വം തുടരും

0
1474
Natural gas

പ്രകൃതിവാതക വില ഏറ്റവും അസ്ഥിരമായ വര്‍ഷമായിരുന്നു 2022. റഷ്യ-യുക്രെയിന്‍ യുദ്ധം, യുഎസില്‍ നിന്നുള്ള കയറ്റുമതി തടസങ്ങള്‍, പ്രധാന ഊര്‍ജ്ജ ഉപഭോക്തൃ രാജ്യങ്ങളിലുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാമാറ്റങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടായ ആഗോള വിതരണ തടസമാണ് കഴിഞ്ഞ വര്‍ഷമുടനീളം പ്രകൃതി വാതക വില ചാഞ്ചാടിക്കൊണ്ടിരിക്കാന്‍ കാരണം.

യുഎസ് ഉല്‍പന്ന വിപണന എക്സ്ചേഞ്ചായ നയ്മെക്സില്‍ പ്രകൃതി വാതക മാപിനിയായ മില്യണ്‍ ബ്രിട്ടീഷ് യൂണിറ്റിന് കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ 3.81 ഡോളറായിരുന്ന വില ഓഗസ്റ്റോടെ പെട്ടെന്നു കുതിച്ചുയര്‍ന്ന് 10 ഡോളര്‍ ആയി. എന്നാല്‍ പിന്നീട് ഈ കുതിപ്പു നിലയ്ക്കുകയും വര്‍ഷാവസാനത്തോടെ 4.47 ഡോളറില്‍ നില്‍ക്കുകയും ചെയ്തു. ഇതിനു സമാനമായി യൂറോപ്യന്‍ സൂചികയായ ടിടിഎഫില്‍ 2022ന്‍റെ മൂന്നാം പാദത്തില്‍ വില നാലിരട്ടിയായി വര്‍ധിക്കുകയും പിന്നീട് അതി താഴോട്ടുവരികയും ചെയ്തു.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ പല നാടുകളിലേക്കും പ്രകൃതി വാതകം നല്‍കിയിരുന്ന മുഖ്യ കയറ്റുമതിക്കാരായിരുന്ന റഷ്യ യുക്രെയിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഉപരോധത്തിനിരയായപ്പോള്‍ വിതരണം വെട്ടിക്കുറച്ചു. റഷ്യന്‍ വാതതകം വെട്ടിക്കുറച്ചതും മറ്റു രാജ്യങ്ങളില്‍ നിന്നു വാതകം സംഭരിക്കാനുണ്ടായ പ്രയാസങ്ങളും കാരണം 2022 ന്‍റെ രണ്ടാം പകുതിയോടെ കടുത്ത വാതക ക്ഷാമമുണ്ടായി. ആഗോള വ്യവസായത്തെ മാത്രമല്ല, ഉപയോക്താക്കളേയും സമ്പദ് വ്യവസ്ഥകളേയും ഇതു ബാധിച്ചു.

ഇന്ധന വില നിയന്ത്രണാതീതമായി ഉയര്‍ന്നത് കടുത്ത വിലക്കയറ്റത്തിനു കാരണമാവുകയും യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചു നിര്‍ത്തുന്നതിന് എവിടെ നിന്നെങ്കിലും ഊര്‍ജ്ജം സംഭരിക്കേണ്ട സ്ഥതിയിലേക്ക് യൂറോപ്പ് എത്തിച്ചേര്‍ന്നു. കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജ നിലയങ്ങള്‍ പുനസ്ഥാപിച്ചും യുഎസില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകം കൊണ്ടുവരുന്നതിനായുള്ള സംവിധാനത്തിന് ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിച്ചും ഇതര വാതക കയറ്റുമതി രാജ്യങ്ങളോടു ചര്‍ച്ച നടത്തിയും നിരവധി നടപടികള്‍ക്ക് വാതക വിപണി കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചു.

റഷ്യയില്‍ നിന്നുള്ള വാതക വിതരണം തടസപ്പെടുകയും ദ്രവീകൃത വാതകത്തിന്‍റെ ഫ്രീപോര്‍ട്ട് കയറ്റുമതിയില്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിനു പുറമേ രണ്ടാമത്തെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമായ യുഎസിനും കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതോടെ സ്ഥിതി ഗുരുതരമായി. യുഎസ് വാതക കയറ്റുമതിയുടെ 20 ശതമാനവും നിര്‍വഹിക്കുന്ന സംവിധാനം ജൂണ്‍ 8 നുണ്ടായ പൊട്ടിത്തെറിയേയും തീപ്പിടുത്തത്തേയും തുടര്‍ന്ന് അടച്ചിടേണ്ടി വന്നതാണ് പ്രശ്നം സൃഷ്ടിച്ചത്. റഷ്യന്‍ വാതകത്തിനു പകരം യുഎസിനെ പ്രതീക്ഷിച്ച യുറോപ്പിലെ ഇറക്കുമതിക്കാര്‍ ഇതോടെ പ്രതിസന്ധിയിലായി.

പ്രധാന ഉപഭോക്തൃ രാജ്യങ്ങളിലെ തീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് 2022ല്‍ പ്രകൃതി വാതക വിലകള്‍ നേരിട്ട മറ്റൊരു വെല്ലുവിളി. ആഗോള തലത്തില്‍ താപം വര്‍ധിക്കുകയും ഉഷ്ണ തരംഗങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനാല്‍ മഞ്ഞുകാലത്ത് ചൂടാക്കേണ്ട് ആവശ്യം പ്രായേണ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗോള ഡിമാന്‍റ് തന്നെ കുറഞ്ഞു. ഉപഭോക്താക്കള്‍ കല്‍ക്കരി, മണ്ണെണ്ണ തുടങ്ങിയ പരമ്പരാഗത ഉപാധികളിലേക്കു തിരിയാന്‍ നിര്‍ബന്ധിതമായി. യൂറോപ്യന്‍ ഊര്‍ജ്ജ സമിതിയുടെ റിപ്പോര്‍ട്ടു പ്രകാരം 2022 ലെ ആദ്യ എട്ടുമാസങ്ങളില്‍ യൂറോപ്പിലെ വാതക ഉപയോഗം 10 ശതമാനം കണ്ടാണ് കുറഞ്ഞത്. തണുപ്പുകാല ഡിമാന്‍റും ശരാശരി നിലവാരത്തിലും വളരെ താഴെ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം വൈദ്യുതി മേഖലയിലെ ആവശ്യം വര്‍ധിച്ചതിനാല്‍ യുഎസിലെ പ്രകൃതി വാതക ഡിമാന്‍റ് 2022ല്‍ റിക്കാര്‍ഡുയരത്തില്‍ എത്തുകയുണ്ടായി. വാതകക്കിണറുകളുടെ എണ്ണവും ക്ഷമതയും വര്‍ധിപ്പിച്ചതോടെ ഉല്‍പാദനത്തിലും റിക്കാര്‍ഡായി. മുന്നോട്ടു നോക്കുമ്പോള്‍ , ഡിമാന്‍ഡ് കുറവു കാരണം വിലകളിലെ ഇപ്പോഴത്തെ കുറവ് സമീപകാലത്ത് തുടരുമെന്നാണ് കരുതപ്പെടുന്നത്. അനിശ്ചിതാവസ്ഥ നീങ്ങുന്നതും യുഎസിലെ റിക്കാര്‍ഡ് ഉല്‍പാദനവും ഈ സ്ഥിതി നിലനിര്‍ത്തും. എന്നാല്‍ ദീര്‍ഘകാല വ്യതിയാനങ്ങള്‍ പ്രവചനാതീതമാണ്. റഷ്യയില്‍ നിന്നുള്ള വാതകത്തിന്‍റെ ലഭ്യതക്കുറവ്, യൂറോപ്പിലെ ഊര്‍ജ്ജ പ്രതിസന്ധി, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഡിമാന്‍റ്, യുഎസില്‍ നിന്നുള്ള കയറ്റുമതി നേരിടുന്ന വെല്ലുവിളി എന്നിവയെല്ലാം ഏറ്റവും പരിശുദ്ധ ഇന്ധനമായ പ്രകൃതി വാതകത്തിന്‍റെ വിലകളില്‍ അനിശ്ചിതത്വത്തിന്‍റെ നിഴല്‍ വീഴ്ത്തുന്നു.

First published in Mathrubhumi


LEAVE A REPLY

Please enter your comment!
Please enter your name here