പുത്തൻ ഓഹരികളുടെ വില താഴുമ്പോൾ

0
1927

പ്രാഥമിക വിപണി സജീവമായ വർഷമായിരുന്നു 2021. ചെറുതും വലുതുമായ 63 ഐപിഒകളാണ് പോയ വർഷം പുറത്തിറങ്ങിയത്. ഇഷ്യുകളുടെ എണ്ണത്തിൽ മാത്രമല്ല സമാഹരിക്കപ്പെട്ട തുകയിലും (ഏതാണ്ട് 1.2 ലക്ഷം കോടി രൂപ) കഴിഞ്ഞ വർഷം റെക്കോർഡ് ആണ് എഴുതിച്ചേർക്കപ്പെട്ടത്. വൺ 97 കമ്യൂണിക്കേഷൻസ്(പേയ്ടി എം), സോമാറ്റോ, പോളിസി ബസാർ, നൈകാ ഫാഷൻ, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് മുതലായ വമ്പൻ കമ്പനികൾ ഉൾപ്പെടെ തങ്ങളുടെ കന്നി ഓഹരികൾ പുറത്തിറക്കിയ വർഷമായിരുന്നു 2021. ലിസ്റ്റിൽ പരാമർശിച്ച ആദിത്യ ബിർള മ്യൂച്വൽ ഫണ്ട് ഒഴികെയുള്ള, ഡിജിറ്റൽ മേഖലയെ പ്രതിനിധീകരിക്കുന്ന ബാക്കി 4 കമ്പനികളും ചേർന്ന് മാത്രം സമാഹരിച്ചത് 39,000 കോടി രൂപ എന്ന ഭീമമായ തുകയാണെന്ന് കൂട്ടി വായിക്കുമ്പോൾ പോയ വർഷം പ്രാഥമിക വിപണിയിൽ നിക്ഷേപകരുടെ അഭൂതപൂർവമായ പങ്കാളിത്തം എപ്രകാരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

ഇനി 2022 ലേക്ക് വന്നാൽ, പോയ വർഷത്തെ ഉണർവ് പൊതുവെ വിപണിയിൽ ദൃശ്യമല്ലാത്ത കാരണം കൊണ്ടു തന്നെ ഐപിഒകളുടെ തള്ളിക്കയറ്റം ഈ വർഷം ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം. നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എൽഐസിയുടേതുൾപ്പെടെ 15 ഐപിഒകളാണ് മെയ് 31 വരെ പുറത്തിറങ്ങിയത്. എൽഐസിയുടേതും ചേർത്ത് 6 കമ്പനികളുടെ ഓഹരികളുടെ വിപണി വില ഓഫർ വിലയെക്കാൾ താഴെയാണ് ഇപ്പോൾ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

 

2021 ജനുവരി മുതൽ 2022 മേയ് 31 വരെയുള്ള കാലഘട്ടത്തിൽ വിപണിയിലിറങ്ങിയ ഐപിഒകളിൽ മോശം പ്രകടനം കൊണ്ട് നിക്ഷേപകരെ നിരാശപ്പെടുത്തിയ കമ്പനികളുണ്ട്. ഐപിഒയുടെ വലുപ്പം, ഓഫർ വില, വിപണിയിൽ നേരിട്ട നഷ്ടത്തിന്റെ തോത് മുതലായ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ഏതാനും ചില കമ്പനികളുടെ വിവരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

First published in Manoramaonline