പുതുവര്‍ഷത്തില്‍ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കൂ

0
1466
investments in 2023
Financial market outlook

പ്രവചനത്തെപ്പറ്റിയുള്ള മാര്‍ക് ട്വൈെന്‍റെ തമാശ പ്രസിദ്ധമാണ്. ” പ്രവചനം അസാധ്യമാണ്. പ്രത്യേകിച്ച ഭാവിയെക്കുറിച്ചാകുമ്പോള്‍ ” . 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയിനെ ആക്രമിച്ചതുപോലെ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതമായ സാമ്പത്തിക, വിപണി ചലനങ്ങള്‍ക്കു തിരികൊളുത്താന്‍ കഴിയും. അത്തരം അവിചാരിത സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 2023 എങ്ങനെ ആവും ?

വലിയ വിപണി വ്യതിയാനങ്ങള്‍ 2023ലും തുടരും

2020 ഏപ്രില്‍ മുതല്‍ 2021 ഒക്ടോബര്‍ വരെ നീണ്ടു നിന്ന ഏകപക്ഷീയമായ കുതിപ്പില്‍ നിഫ്റ്റി 7511 ല്‍ നിന്ന് 18604 വരെ ഉയരുകയുണ്ടായി. അതിനു ശേഷം വിപണിയില്‍ വലിയ വ്യതിയാനങ്ങളാണ് സംഭവിച്ചത്. രണ്ടു മുതല്‍ മൂന്നു ശതമാനം വരെ ഉയര്‍ച്ച താഴ്ചകള്‍ ദിനം പ്രതി സംഭവിച്ചുകൊണ്ടിരുന്നു. അനിശ്ചിതത്വം ഉയര്‍ന്ന തോതില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുക. യുക്രെയിന്‍ യുദ്ധം സൃഷ്ടിച്ച ക്രൂഡോയില്‍, പ്രകൃതി വാതകങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധനവ് , ചൈനയുടെ കര്‍ശനമായ കോവിഡ് നയം മൂലമുണ്ടായ വിതരണ തടസങ്ങള്‍ എന്നിവയെല്ലാം വിലക്കയറ്റം വര്‍ധിപ്പിക്കുയും കേന്ദ്ര ബാങ്കുകളെ പണ നയം കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സംഭവ വികാസങ്ങളെത്തുടര്‍ന്നുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ 2023 ന്‍റെ ആദ്യമാസങ്ങളിലെങ്കിലും വിപണിയിലെ അസ്ഥിരത തുടരാനാണ് സാധ്യത.

അഗോള സാമ്പത്തിക മാന്ദ്യ സൂചനകള്‍ ഹ്രസ്വകാലത്തേക്ക് പ്രതികൂലമാവും

2023ലെ ആഗോള സാമ്പത്തിക വളര്‍ച്ച 2022ലേതിനേക്കാള്‍ വളരെ കുറവായിരിക്കും. ആഗോള വളര്‍ച്ചയുടെ മൂന്നു ചാലക ശക്തികളായ യുഎസ്, യൂറോ മേഖല, ചൈന എന്നിവിടങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാവേഗം കുറയുകയാണ്. യൂറോ മേഖല മാന്ദ്യത്തിന്‍റെ വക്കിലാണ് ; 2023ല്‍ താല്‍ക്കാലികമായെങ്കിലും യുഎസ് മാന്ദ്യത്തിലേക്കു വീഴാനിടയുണ്ട് ; ചൈനയുടെ വളര്‍ച്ചയാകട്ടെ 4 ശതമാനമായി ഇടിയാനാണിട. വേഗം കുറയുന്ന ആഗോള സാമ്പത്തിക സ്ഥിതി ആഗോള വ്യാപാരത്തേയും ബാധിക്കും. ഇന്ത്യയുടെ കയറ്റുമതിയേയും അതിന്‍റെ ഫലമായി രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കിനേയും ഇതു ബാധിക്കും. 2023 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കായ 6.8 ശതമാനം എന്നത് 2024 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ 6 ശതമാനമായി കുറയാനിടയുണ്ട്.

ഈ മാന്ദ്യ സൂചനകള്‍ ഓഹരികള്‍ക്ക് ശുഭകരമല്ല. എന്നാല്‍ ഈ സാഹചര്യം വിപണി ഭാഗികമായെങ്കിലും മുന്‍കൂട്ടി കണ്ടിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ ഓഹരി സൂചികകളെല്ലാം തന്നെ അവയുടെ മൂര്‍ധന്യത്തില്‍ നിന്ന് 15 മുതല്‍ 20 ശതമാനം വരെ താഴെയാണിപ്പോള്‍. സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാതകാനിടയുള്ള ഇടിവ് വിപണി മുന്‍കൂട്ടി കണ്ട് പ്രതികരിച്ചതാണ് ഇത്. അതുകൊണ്ട് മാന്ദ്യം അതിന്‍റെ പാരമ്യത്തില്‍ എത്തുന്നതിനു മുമ്പു തന്നെ വിപണിയില്‍ ഉയര്‍ച്ചയുണ്ടാകും.

യുഎസിലെ പണപ്പെരുപ്പവും പലിശ നിരക്കുകളുമാണ്
2023ല്‍ വിപണികളില്‍ നിര്‍ണായകമാവുക

2023ല്‍ ആഗോള ഓഹരി വിപണിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഏക ഘടകം യുഎസിലെ പണപ്പെരുപ്പത്തിലും പലിശ നിരക്കുകളിലും ഉണ്ടാകുന്ന മാറ്റങ്ങളായിരിക്കും. 40 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലെത്തിയ യുഎസിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് അവരുടെ കേന്ദ്ര ബാങ്കായ ഫെഡ് കര്‍ശന പണനയമാണ് സ്വീകരിച്ചത്. വിലക്കയറ്റം താഴോട്ടു വരുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രവണത നിലനില്‍ക്കുകയാണെങ്കില്‍ 2023ന്‍റെ തുടക്കത്തില്‍ ഫെഡ് പണനയത്തില്‍ ചെറിയ വര്‍ധനവുമാത്രം വരുത്തുകയും വര്‍ഷാവസാനത്തോടെ പലിശ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ള നീക്കത്തിന്‍റെ സൂചനകള്‍ വിപണി നല്‍കുമ്പോള്‍ ഓഹരി വിപണിയില്‍ കുതിപ്പിനു സാധ്യതയുണ്ട്.

നിക്ഷേപം വ്യത്യസ്ത ആസ്തികളിലാവണം

വര്‍ധിക്കുന്ന പലിശ നിരക്കുകളുടേയും ബോണ്ട് യീല്‍ഡിന്‍റേയും കാലത്താണ് നമ്മള്‍. സ്ഥിരവരുമാന നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിത്തീരുന്നു. അതിനാല്‍ സ്ഥിര വരുമാനത്തിനായുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ ബുദ്ധിപരമായിരിക്കും. കടപ്പത്ര മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാണ്, കാരണം അവയില്‍ വിലക്കയറ്റം കഴിഞ്ഞുള്ള നേട്ടത്തിനു മാത്രമേ നികുതി നല്‍കേണ്ടതുള്ളു. നികുതി കഴിച്ചുള്ള വരുമാനം ബാങ്ക് ഡെപ്പോസിറ്റുകളിലേതിനേക്കാള്‍ കൂടുതലായിരിക്കും.

സ്വര്‍ണം 2023ല്‍ മികച്ച നിക്ഷേപമാവാനിടയുണ്ട്

സ്വര്‍ണത്തില്‍ നടത്തുന്ന നിക്ഷേപത്തിന് 2023ല്‍ മികച്ച പ്രതിഫലം ലഭിക്കാനിടയുണ്ട്. ഡോളറുമായി ബന്ധപ്പെട്ടാണ് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്. ഫെഡ് തുടര്‍ച്ചയായി നടത്തിയ പലിശ നിരക്കു വര്‍ധന യുഎസിലേക്ക് മൂലധനത്തിന്‍റെ ഒഴുക്കുണ്ടാക്കുകയും സ്വര്‍ണത്തെ ഇടിച്ചു താഴ്ത്തി ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഡോളര്‍ കുതിപ്പ് മൂര്‍ധന്യത്തില്‍ നിന്ന് താഴോട്ടു വരാന്‍ തുടങ്ങിയിരിക്കുന്നു. 2023ല്‍ ഡോളറിന്‍റെ താഴ്ച് കൂടുകയും സ്വര്‍ണം ശക്തിയാര്‍ജ്ജിക്കുകയും ചെയ്യാനാണിട. അതിനാല്‍ 2023ല്‍ ആസ്തി വൈവിധ്യത്തോടെയുള്ള നിക്ഷേപ തന്ത്രത്തില്‍ സ്വര്‍ണം അവിഭാജ്യ ഘടകമാവണം.

വില കുറയുമ്പോള്‍ ഘട്ടം ഘട്ടമായി വാങ്ങുക

ഇന്ത്യന്‍ ഓഹരി വിപണിയിലെ വാല്യുവേഷന്‍സ് ഇപ്പോഴും കൂടുതലായതിനാല്‍ ആഗോള തലത്തില്‍ കടുത്ത താഴ്ചകളുണ്ടാകുമ്പോള്‍ വിപണിയില്‍ തിരുത്തലിനു സാധ്യതയുണ്ട്. ഇത്തരം തിരുത്തലുകള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ഓഹരികള്‍ വാങ്ങാനുള്ള അവസരം നല്‍കും. 2023ല്‍ നടത്തുന്ന ഓഹരി നിക്ഷേപങ്ങള്‍ 2023നപ്പുറം മികച്ച ലാഭം നല്‍കും. അതിനാല്‍ നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ശ്രദ്ധിക്കണം. മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ നിക്ഷേപ കാലാവധി ആവശ്യമാണ്. 2023ല്‍ ക്ഷമയോടെ നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ മികച്ച നേട്ടം തരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

First published in Mathrubhumi


LEAVE A REPLY

Please enter your comment!
Please enter your name here