പി ഇ റേഷ്യോ വിശകലനം ചെയ്യുമ്പോള്‍

0
1808

ഓഹരികളില്‍ നിക്ഷേപം നടത്തുന്നവര്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്ന പദമാണ് പി ഇ റേഷ്യോ അഥവാ പ്രൈസ് ടു ഏര്‍ണിംഗ്സ് റേഷ്യോ. പേര് സൂചിപ്പിക്കുന്ന പോലെ ഓഹരിയുടെ നിലവിലെ വിപണി വിലയും കമ്പനി നിക്ഷേപകര്‍ക്ക് നല്‍കി വരുന്ന ഏര്‍ണിംഗ്സും തമ്മിലുള്ള അനുപാതത്തെയാണ് പി ഇ റേഷ്യോ എന്ന സൂചകം കൊണ്ട് അര്‍ഥമാക്കുന്നത്. നിക്ഷേപകനെ സംബന്ധിച്ചടത്തോളം അവര്‍ തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ഓഹരിയുടെ മാര്‍ക്കറ്റ് വില കമ്പനിയുടെ യഥാര്‍ഥ മൂല്യവുമായി തുലനം ചെയ്യാന്‍ ഈ റേഷ്യോ സഹായിക്കുന്നു. വിപണിയില്‍ കാണപ്പെടുന്ന വില പെരുപ്പിക്കപ്പെട്ടതാണോ അല്ലെങ്കില്‍ യഥാര്‍ഥ മൂല്യം നിലവില്‍ കാണുന്ന വിപണി വിലയേക്കാള്‍ ഉയരത്തിലാണോ എന്നതൊക്കെ അപഗ്രഥിക്കുന്നതിനായി പി ഇ റേഷ്യോയെ നിക്ഷേപകര്‍ ആശ്രയിക്കാറുണ്ട്.

പി ഇ റേഷ്യോ കണക്കാക്കുന്നതെങ്ങനെ?

കമ്പനിയുടെ ഓരോ രൂപ ഏണിംഗ്സിനും എത്ര മടങ്ങ് വില നല്‍കാന്‍ വിപണി തയ്യാറാകുന്നു എന്ന സൂചനയാണ് പി ഇ മള്‍ട്ടിപ്പിള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. വിപണിയില്‍ നിലവില്‍ കാണുന്ന മാര്‍ക്കറ്റ് വിലയെ കമ്പനിയുടെ ഇ പി എസ് അഥവാ ഏര്‍ണിംഗ്സ് പെര്‍ ഷെയര്‍ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് പി ഇ. ഇതെങ്ങനെയാണെന്ന് ലളിതമായ ഒരു ഉദാഹരണം വഴി മനസ്സിലാക്കാം. 50 രൂപ വിപണി വിലയുള്ള ഒരു ഓഹരിയുടെ ഇ പി എസ് 5 രൂപയാണെന്നിരിക്കട്ടെ. 50 രൂപയെ 5 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന 10 എന്ന സംഖ്യയായിരിക്കും പ്രസ്തുത കമ്പനിയുടെ പി ഇ. അതായത് കമ്പനിയുടെ ഒരു രൂപാ ഏര്‍ണിംഗ്സിന് 10 മടങ്ങ് വില വിപണിയില്‍ നല്‍കാന്‍ നിക്ഷേപകര്‍ തയ്യാറാണ് എന്നര്‍ഥം. സ്വാഭാവികമായും ഇവിടെ ഉയര്‍ന്നു വരാവുന്ന ചോദ്യം 10 പി ഇ എന്നത് പ്രസ്തുത കമ്പനിയെ സംബന്ധിച്ചിടത്തോളം കൂടുതലാണോ അതോ ഭാവിയില്‍ കൂടുതല്‍ വളര്‍ച്ചാ സാധ്യത കല്‍പിക്കപ്പെടുന്ന കമ്പനി ആയതിനാല്‍ 10 എന്ന പി ഇ ഇനിയും മുകളിലേക്ക് പോവുമോ എന്നുള്ളതൊക്കെയാണ്. അത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചെയ്യേണ്ടത് അതേ വ്യവസായത്തില്‍ പെട്ട മറ്റു കമ്പനികളുടെ പി ഇയുമായി ഒരു താരതമ്യ പഠനം നടത്തുക എന്നതാണ്.

മറ്റൊരു ഉദാഹരണം കൂടെ പരിശോധിക്കാം. കമ്പനി ‘എ’യുടെ ഓഹരി വില 50 രൂപയാണെന്ന് കരുതുക. അതേ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി ‘ബി’യുടേത് 30 രൂപയാണെന്നുമിരിക്കട്ടെ. ഒറ്റ നോട്ടത്തില്‍ കമ്പനി ‘എ’യുടെ ഓഹരി വാങ്ങാന്‍ ചിലവിടേണ്ട തുക ‘ബി’യുടേതിനേക്കാള്‍ കൂടുതലാണെന്ന് വ്യക്തമാണല്ലോ. ഇവിടെയാണ് യഥാര്‍ഥത്തില്‍ ഏതു കമ്പനിയാണ് നിക്ഷപകരെ സംബന്ധിച്ചിടത്തോളം മികച്ചത് എന്ന് വിശകലനം ചെയ്യാന്‍ പി ഇ റേഷ്യോയുടെ താരതമ്യം സഹായകരമാകുന്നത്. കമ്പനി ‘എ’യുടെ പി ഇ 12, ‘ബി’യുടേത് 25, ഇവ രണ്ടും പ്രതിനിധാനം ചെയ്യുന്ന സെക്ടറിന്‍റെ ശരാശരി പി ഇ 15 എന്നും കണ്ടെത്തിയതായി കരുതുക. മാര്‍ക്കറ്റ് വില അല്‍പം കൂടുതലാണെങ്കിലും പി ഇ അടസ്ഥാനപ്പെടുത്തി വിലയിരുത്തുമ്പോള്‍ കമ്പനി ‘എ’, കമ്പനി ‘ബി’യെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്ന് പറയേണ്ടി വരും. കാരണം ഒരു രൂപാ ഏര്‍ണിംഗ്സിനായി കമ്പനി ‘എ’യ്ക്ക് 12 മടങ്ങ് വിലയാണ് നല്‍കുന്നതെങ്കില്‍ കമ്പനി ‘ബി’യ്ക്ക് 25 മടങ്ങ് വിലയാണ് വിപണി നല്‍കിക്കൊണ്ടിരിക്കുന്നത്; പ്രത്യേകിച്ചും സെക്ടറിന്‍റെ ശരാശരി പി ഇ 15ല്‍ നില്‍ക്കുന്ന സമയത്ത്. ഭാവിയിലെ വളര്‍ച്ച പരിഗണിച്ചും താരതമ്യേന പി ഇ കുറഞ്ഞ കമ്പനി എന്ന നിലയിലും മെച്ചപ്പെട്ട കമ്പനി ‘എ’യാണെന്ന് പി ഇ റേഷ്യോ അടിസ്ഥാനമാക്കി വിലയിരുത്താവുന്നതാണ്.

പി ഇ റേഷ്യോയുമായി ബന്ധപ്പെട്ട് ഓര്‍ക്കേണ്ട കാര്യങ്ങള്‍

ډ ഉയര്‍ന്ന പി ഇ എന്ന കാരണം കൊണ്ടു മാത്രം ഓഹരി വില ഉയരത്തിലെത്തിക്കഴിഞ്ഞു, ഇനി വിറ്റു മാറുകയാണ് ഉചിതം എന്ന് ധരിക്കരുത്. കമ്പനിയെയും അത് ഉള്‍പ്പെടുന്ന വ്യവസായത്തെയും വിപണി പ്രതീക്ഷയോടെ കാണുന്നതിനാല്‍ നിക്ഷേപകര്‍ കൂടുതല്‍ പ്രീമിയം നല്‍കി ഓഹരി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതിനാലാണ് പി ഇ കയറിപ്പോകുന്നത്.


ډ നിലവിലെ പി ഇ താഴ്ന്ന് നില്‍ക്കുന്നതിനാല്‍ നിക്ഷേപത്തിനുള്ള അവസരം വന്നു ചേര്‍ന്നെന്ന് പൂര്‍ണമായി ധരിക്കുന്നതിലും അര്‍ഥമില്ല. കമ്പനിയുടെ മോശം പ്രകടനവും മാനേജ്മെന്‍റിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും വളര്‍ച്ചാ സാധ്യത കുറഞ്ഞ ബിസിനസ്സില്‍ കമ്പനി ഏര്‍പ്പെട്ടിരിക്കുന്നതിനാലുമൊക്കെ പി ഇ താഴെ വന്നിരിക്കാം.


ډ കമ്പനിയുടെ സംഖ്യാവിശകലനം നടത്തുമ്പോള്‍ പി ഇ റേഷ്യോ എന്നത് വളരെ പ്രചാരമുള്ളതും പ്രധാനപ്പെട്ടതുമായ ഒരു സൂചകമാണെങ്കിലും മറ്റനേകം ഘടകങ്ങള്‍ കൂടെ പരിഗണിച്ചായിരിക്കണം നിക്ഷേപ തീരുമാനം എടുക്കേണ്ടത്.

First published Malayala Manorama