പലിശ വർധനയോ? പേടിക്കേണ്ട

0
1285
Business graph

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകളുടെ പലിശ നിരക്കായ റിപ്പോ വീണ്ടും ഉയര്‍ത്തിയതോടുകൂടി ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഉയരും എന്ന കാര്യത്തില്‍ ഉറപ്പായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി ഉണ്ടായ ആകെ റിപ്പോ നിരക്ക് വര്‍ദ്ധനവ് എന്നത് 2.50 ശതമാനമാണ്. ഇപ്പോള്‍ മിക്ക വായ്പകളും റിപ്പോ ലിങ്ക്ഡ് വായ്പ ആയതുകൊണ്ട് ഈ വര്‍ദ്ധനവ് വാഹന, ഭവന വായ്പകളില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് കുറച്ചൊന്നുമല്ല സാധാരണക്കാരന്‍റെ പ്രതിമാസ ചിലവുകളില്‍ ഉണ്ടാക്കുന്ന വര്‍ദ്ധനവ്. പ്രത്യേകിച്ചും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എടുത്ത വ്യക്തികള്‍ക്ക് ഈ വര്‍ദ്ധനവ് ശരിക്കും അവരുടെ തിരിച്ചടവ് തുകയെ ബാധിക്കും. അതായത് കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതി 6.80 ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപ 20 വര്‍ഷം കാലാവധിയില്‍ വായ്പ എടുത്ത വ്യക്തിയുടെ പ്രതിമാസ തിരിച്ചടവ് 22900 രൂപ ആയിരിക്കും. എന്നാല്‍ തുടര്‍ച്ചയായി റിപ്പോ നിരക്ക് വര്‍ദ്ധന മൂലം 2.50 വ്യത്യാസം ഇപ്പോള്‍ പലിശ നിരക്കില്‍ വന്നിട്ടുണ്ടാവും. അതായത് 6.80 ശതമാനം എന്നത് ഇപ്പോള്‍ 9.30 ശതമാനം ആയിട്ടുണ്ടാവും.

പലിശ നിരക്ക് വര്‍ദ്ധിച്ചതനുസരിച്ച് പ്രതിമാസ തിരിച്ചടവ് ഉയര്‍ന്നിട്ടില്ല എങ്കില്‍ ഈ വായ്പയുടെ മുതലിലേക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമായിരിക്കും മുതലിലേക്കുള്ള തിരിച്ചടവ്. ഇനി ഒരു ലക്ഷം രൂപ മുതലിലേക്ക് അടച്ചാല്‍ തന്നെ ഇപ്പോള്‍ ബാക്കി നില്‍ക്കുന്ന 29 ലക്ഷം രൂപ അടുത്ത 19 വര്‍ഷംകൊണ്ട് അടച്ചു തീര്‍ക്കണമെങ്കില്‍ അടയ്ക്കേണ്ട പ്രതിമാസ തിരിച്ചടവ് 27144 രൂപ ആയിരിക്കും. അതായത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ വ്യക്തിയുടെ പ്രതിമാസ തിരിച്ചിടവിലുണ്ടായ വര്‍ദ്ധനവ് എന്നത് 4244 രൂപയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ വായ്പ അടച്ച് തീരുമ്പോള്‍ ഈ വ്യക്തി 967632 രൂപ അധികമായി അടക്കേണ്ടി വരും. ഇത് പലിശ നിരക്ക് വര്‍ദ്ധനവിനനുസരിച്ച് ഇഎംഐ വര്‍ദ്ധിച്ചാല്‍ ഉണ്ടാകുന്ന വ്യത്യാസം ആണ് കണക്കാക്കിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പലിശ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക പുനര്‍നിര്‍ണയിക്കുന്നതിന് പകരം വായ്പ കാലാവധി കൂട്ടുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പലിശ നിരക്ക് 2.50 ശതമാനം വ്യത്യാസം ഉള്ളതുകൊണ്ട് നിലവിലെ പ്രതിമാസ തിരിച്ചടവ് തുടര്‍ന്നു കൊണ്ടുപോയാല്‍ 516 മാസം അടച്ചാല്‍ മാത്രമേ ഈ വായ്പ തീരുകയുള്ളൂ. അതുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ തിരിച്ചടവ് തുക കൂടി വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും എന്ന കാര്യത്തില്‍ സംശയമില്ല.

ബാങ്കുകള്‍ വായ്പകളുടെ കാലാവധി തിരിച്ചടവുതുക എന്നിവ പുന:ക്രമീകരിക്കുന്നത് പോലെ ചില ക്രമീകരണങ്ങള്‍ സ്വയം വരുത്താനായാല്‍ പലിശ വര്‍ദ്ധനവ് മൂലമുള്ള ആഘാതം ചെറിയതോതില്‍ കുറയ്ക്കാന്‍ ആകും. സാധിക്കുമെങ്കില്‍ കുറച്ചു തുക അധികമായി മുതലിലേക്ക് അടയ്ക്കുകയാണ് ഒരു മാര്‍ഗ്ഗം. ഇത്തരത്തില്‍ അധിക തുക വായ്പയിലേക്ക് അടയ്ക്കുമ്പോള്‍ തിരിച്ചടക്കാനുള്ള ബാക്കി തുക കുറയുകയും അതുവഴി പലിശ നഷ്ടം കുറയ്ക്കാനാകും. മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ 22900 രൂപ വീതം 240 അടവാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തിരിച്ചടക്കേണ്ട ആകെ തുക 29 ലക്ഷം രൂപയായി എന്ന് അനുമാനിച്ചാല്‍ ഇനിയുള്ള 228 മാസം പുതുക്കിയ പലിശ നിരക്കായ 9.30% ത്തില്‍ ഇപ്പോഴത്തെ തിരിച്ചടവ് തുക തന്നെ നിലനിര്‍ത്തുന്നതിന് 453500 രൂപ മുതലിലേക്ക് അടയ്ക്കേണ്ടി വരും. ഈ തുക അടയ്ക്കാനായാല്‍ ഇപ്പോഴത്തെ പ്രതിമാസം തിരിച്ചടവില്‍ തന്നെ ആദ്യം നിശ്ചയിച്ച കാലയളവിനുള്ളില്‍ തന്നെ വായ്പ തിരിച്ചടവ് തീര്‍ക്കാനാകും.

മറ്റൊരു മാര്‍ഗം എന്നത് ബാങ്കുകളുടെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കുന്ന ബാങ്കിലേക്ക് വായ്പ മാറ്റുക എന്നതാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് ഈ മാര്‍ഗം ഉപയോഗിച്ച് കുറഞ്ഞ പലിശയിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ബാധ്യതകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം പലിശയിനത്തില്‍ നഷ്ടം വരുന്നതുകൊണ്ട് പരമാവധി നേരത്തെ വായ്പ തീര്‍ക്കുന്നതിനായി സാധിക്കുന്നതുപോലെ കൂടുതല്‍ തുക പ്രതിമാസ തിരിച്ചിടവിനു പുറമേ അടയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

First published in Mangalam