വികസിത രാജ്യങ്ങള്‍ തങ്ങളുടെ വ്യാപാര നയങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നത് വളരെ അപൂര്‍വമാണ്. അമേരിക്കയെ വീണ്ടും മഹത്തായ നിലയിലെത്തിക്കുക എന്ന തന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്‍റെ ഭാഗമായി, ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് പ്രസിഡന്‍റ് ട്രംപ് അമേരിക്കയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം പ്രഖ്യാപിച്ചു. പുതിയ താരിഫ് നയം അമേരിക്കയുടെ വ്യാപാര നയത്തില്‍ അടിമുടിയുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നത്. അമേരിക്ക എടുക്കുന്ന ധനകാര്യമായ തീരുമാനങ്ങളെല്ലാം ആഗോള തലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കാറുണ്ട്. څവിമോചന ദിനമെന്ന്’ ട്രംപ് വിശേഷിപ്പിച്ച ഏപ്രില്‍ രണ്ടാം തീയതിയിലെ പകരച്ചുങ്കപ്രഖ്യാപനത്തിന് ശേഷം ഓഹരിവിപണികള്‍ വലിയ തകര്‍ച്ചയാണ് ദൃശ്യമാകുന്നത്.
പകരച്ചുങ്ക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ട്രംപ് സ്റ്റീല്‍, അലുമിനിയം എന്നിവയുടെ തീരുവ 25 ശതമാനമായി ഉയര്‍ത്തിയിരുന്നു. കൂടാതെ, ചൈനീസ് ഇറക്കുമതികള്‍ക്ക് അദ്ദേഹം 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയുടെ മുന്‍ സഖ്യകക്ഷികളായ മെക്സിക്കോയ്ക്കും കാനഡയ്ക്കും തീരുവ ചുമത്തിയിരുന്നു. ഇതിനു പുറമെ ഏപ്രില്‍ 2ലെ വിമോചന ദിന താരിഫ് പ്രഖ്യാപന പ്രകാരം,
ډ ഏപ്രില്‍ 5 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 10 ശതമാനം അടിസ്ഥാന താരിഫ് ബാധകമായിരിക്കും
ډ അമേരിക്കയിലേക്കുള്ള എല്ലാ ഓട്ടോമൊബൈല്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ചുമത്തി
ډ 10 മുതല്‍ 50 ശതമാനം വരെയുള്ള രാജ്യാധിഷ്ഠിത പകരച്ചുങ്കം ഏര്‍പ്പെടുത്തി
ഇന്ത്യയ്ക്ക് 26 ശതമാനം പകരച്ചുങ്കം
ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇത് പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്; എന്നാല്‍ ഏഷ്യ-പസഫിക് മേഖലയിലെ മറ്റ് പല രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്കുകളേക്കാള്‍ വളരെ കുറവാണ്. ഉദാഹരണത്തിന്, കംബോഡിയയ്ക്ക് 49 ശതമാനവും, വിയറ്റ്നാമിന് 46 ശതമാനവും, ബംഗ്ലാദേശിന് 37 ശതമാനവും, ചൈനയ്ക്ക് 34 ശതമാനവും (നേരത്തെ ചുമത്തിയ 20 ശതമാനം ഉള്‍പ്പെടെ 54 ശതമാനം), തായ്ലന്‍ഡിന് 37 ശതമാനവും, ഇന്തോനേഷ്യയ്ക്ക് 32 ശതമാനവുമാണ് പകരച്ചുങ്കം ചുമത്തുന്നത്.

യുക്തിരഹിതമായ തീരുവ കണക്കുകൂട്ടല്‍
പകരച്ചുങ്കം കണക്കാക്കാന്‍ ട്രംപ് ഭരണകൂടം വിചിത്രവും യുക്തിരഹിതവുമായ ഒരു സമവാക്യമാണുപയോഗിച്ചത് – ഒരു രാജ്യത്തിന്മേല്‍ അമേരിക്ക ചുമത്തുന്ന څഡിസ്കൗണ്ട് റെസിപ്രോക്കല്‍ താരിഫ്’ ആ രാജ്യം അമേരിക്കയ്ക്കുമേല്‍ ചുമത്തുന്ന താരിഫിന്‍റെ പകുതിയായിരിക്കും. അതേ സമയം ഒരു രാജ്യം څഅമേരിക്കയ്ക്കുമേല്‍ ചുമത്തുന്ന തീരുവ’ കണക്കാക്കുന്നത് അമേരിക്കയും ആ രാജ്യവുമായുള്ള വ്യാപാര കമ്മിയെ ആ രാജ്യത്തിന്‍റെ അമേരിക്കയിലേക്കുള്ള കയറ്റുമതി കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാണ്. ഉദാഹരണത്തിന്: ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 46 ബില്യണ്‍ ഡോളറും, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 87 ബില്യണ്‍ ഡോളറുമാണ്: 46നെ 87 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാല്‍ ലഭിക്കുക 52 ആണ്. 52ന്‍റെ പകുതിയായ 26 ശതമാനമാണ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 26 ശതമാനം ഡിസ്കൗണ്ട് റെസിപ്രോക്കല്‍ താരിഫ്. അമേരിക്കയുമായി ഉയര്‍ന്ന വ്യാപാര കമ്മിയുള്ള രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതാണ് പകരച്ചുങ്കമെന്നാണ് വ്യക്തമാകുന്നത്.
വ്യാപാര യുദ്ധം
ട്രംപിന്‍റെ താരിഫുകള്‍ പ്രതികാര തീരുവകള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അമേരിക്ക ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചൈന 34 ശതമാനം തീരുവ ചുമത്തി. യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ പകരച്ചുങ്കം പ്രഖ്യാപിച്ചിട്ടില്ല. പകരച്ചുങ്കം ആഗോള വ്യാപാരത്തെയും ആഗോള സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്ന ഒരു വ്യാപാര യുദ്ധത്തിന് കാരണമായേക്കാമെന്നാണ് ആശങ്ക. ഇത് എങ്ങനെ അവസാനിക്കുമെന്ന് വ്യകതമല്ല. അതിനാല്‍ത്തന്നെ അനിശ്ചിതത്വം വളരെ ഉയര്‍ന്നതാണ്.
അമേരിക്കയില്‍ സ്റ്റാഗ്ഫ്ലേഷന്‍? ആഗോള വളര്‍ച്ചയില്‍ ആഘാതം
ട്രംപ് താരിഫുകളുടെ അനിവാര്യമായ അനന്തരഫലം അമേരിക്കയില്‍ പണപ്പെരുപ്പത്തില്‍ ഉണ്ടാകാനിടയുള്ള കുതിച്ചുചാട്ടമായിരിക്കും. ഇറക്കുമതിയുടെ ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വസ്തുക്കളുടെ വില വര്‍ദ്ധിക്കും. വില ഉയരുമ്പോള്‍ ഡിമാന്‍ഡ് കുറയും, ഇത് ഉല്‍പ്പാദനത്തെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന പണപ്പെരുപ്പത്തിന്‍റെയും വളര്‍ച്ചാ സ്തംഭനത്തിന്‍റെയും പരിണിതഫലമായി രാജ്യം സ്റ്റാഗ്ഫ്ളാഷനിലേക്ക് നീങ്ങും. ഉയര്‍ന്ന പണപ്പെരുപ്പം അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡിനെ പ്രതിസന്ധിയിലാക്കും, ഇത് നിരക്കുകള്‍ കുറയ്ക്കാനും വളര്‍ച്ചയ്ക്ക് സാമ്പത്തിക ഉത്തേജനം നല്‍കാനുമുള്ള അതിന്‍റെ കഴിവിനെ പരിമിതപ്പെടുത്തും. ഈ വര്‍ഷാവസാനത്തോടെ അമേരിക്കയില്‍ മാന്ദ്യത്തിനുള്ള സാധ്യത 35 ശതമാനം ആയിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്സ് പ്രവചിച്ചിട്ടുണ്ട്. ആഗോള വ്യാപാരത്തിലെ സങ്കോചം ആഗോള വളര്‍ച്ചയെ നേരത്തെ കണക്കാക്കിയ 3.3 ശതമാനത്തില്‍ നിന്ന് 2.3 ശതമാനമോ അതിലും കുറവോ ആയി കുറയ്ക്കും.

ഇന്ത്യയെ ബാധിക്കുമോ?
ആഗോള വ്യാപാരത്തിലും ആഗോള വളര്‍ച്ചയിലും ഉണ്ടാകുന്ന സങ്കോചം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കും. എന്നിരുന്നാലും, യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇന്ത്യയുടെ ജിഡിപിയുടെ 2.2 ശതമാനം മാത്രമായതിനാല്‍ ഇന്ത്യയെ അത്ര ബാധിക്കില്ല. ഇന്ത്യ കയറ്റുമതി അധിഷ്ഠിത സമ്പദ്വ്യവസ്ഥയല്ല, ആഭ്യന്തര ഉപഭോഗാധിഷ്ഠിത സമ്പദ്വ്യവസ്ഥയാണ്. അതിനാല്‍, മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലുണ്ടായേക്കാവുന്ന ആഘാതം കുറവായിരിക്കും; എന്നാല്‍ പ്രക്ഷുബ്ധമായ ഈ സമയത്ത് 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ചാ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടായിരിക്കും.
പ്രതിസന്ധിയില്‍ അവസരം!
ഓരോ പ്രതിസന്ധിയും അവസരങ്ങള്‍ നല്‍കുന്നു. തുണിത്തരക്കയറ്റുമതി പോലുള്ള മേഖലകളില്‍ ഇന്ത്യയ്ക്ക് അവസരങ്ങളുണ്ട്. കാരണം ഇത്തരം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ചൈന, വിയറ്റ്നാം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടാതെ, അമേരിക്കയുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതൊരു മികച്ച തന്ത്രമാണ്.
First published in Kerala Kaumudi