നിക്ഷേപത്തിന്‍റെ 10 കല്‍പ്പനകള്‍

0
2279
Investment growth
818794926

ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ നിക്ഷേപിക്കുന്നവനാണ് എപ്പോഴും സമ്പത്ത് ഉണ്ടാക്കുക. നിക്ഷേപിക്കുന്ന തുകയുടെ അളവല്ല പക്ഷെ നിക്ഷേപത്തിന്‍റെ രീതിയും തിരഞ്ഞെടുപ്പും സമയക്രമവും ഒക്കെയാണ് ഏതു ചെറിയ നിക്ഷേപത്തെയും വലിയ സമ്പത്തിലേക്ക് ഉയര്‍ത്തുന്നത്. നഷ്ടങ്ങളും വീഴ്ചകളും ആളുകള്‍ എല്ലാവരോടും പങ്കുവെയ്ക്കുമെങ്കിലും ഒരാള്‍ സമ്പത്തുണ്ടാക്കിയതെങ്ങിനെയെന്ന് ഒരിക്കലും ആരോടും പറയില്ല. എല്ലാവര്‍ക്കും സമ്പന്നരാകാം. എന്നാല്‍ അതിന് ചില കാര്യങ്ങളില്‍ ചിട്ടയും നിഷ്ഠയും വേണം.

അറിവ്

നാം ചെയ്യാന്‍ പോകുന്ന നിക്ഷേപത്തെക്കുറിച്ചുള്ള ഏകദേശ അറിവ് നേടുക എന്നതാണ് അതിപ്രധാനം. ഒരാള്‍ ഒരു നിക്ഷേപം പരിചയപ്പെടുത്തുമ്പോള്‍ അത് മനസിലാക്കാനും അതിനെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കാനും സാധിക്കണമെങ്കില്‍ അതിനെപ്പറ്റി അറിവ് സമാഹരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായിട്ടില്ല എന്ന് തോന്നുന്ന സാഹചര്യത്തില്‍ അവസരം മുതലെടുക്കാന്‍ വില്‍പ്പനക്കാരന്‍ ശ്രമം നടത്തിയേക്കും. നിക്ഷേപിക്കുമ്പോഴും അത് നിയന്ത്രിക്കുമ്പോഴും നിക്ഷേപത്തിന്‍റെ പൊതു സ്വഭാവത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യന്തം ആവശ്യമുള്ള ഒന്നാണ്.

അവലംബം
നാം വിവരങ്ങള്‍ക്കായി ആരുടെയൊക്കെ അഭിപ്രായം തേടുന്നു എന്നതും പ്രധാനമാണ്. അറിവില്ലാത്തവരും, തെറ്റിദ്ധാരണ ഉള്ളവരും, നമ്മുടെ ഉയര്‍ച്ചയില്‍ അസൂയപ്പെടുന്നവരും ഒരുക്കലും നമുക്ക് ശരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കില്ല. നമ്മുടെ നിക്ഷേപങ്ങളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. അതുകൊണ്ട് അറിവും, പരിചയസമ്പത്തുമുള്ള, സ്വാര്‍ത്ഥ താല്പര്യങ്ങളില്ലാത്ത വ്യക്തികളോ സ്ഥാപനങ്ങളോ ആയിരിക്കണം നിര്‍ദ്ദേശങ്ങള്‍ക്കായി അവലംബിക്കേണ്ടത്.

ആസ്തിനിര്‍ണ്ണയം
എല്ലാവര്‍ക്കും എല്ലാ നിക്ഷേപവും ചെയ്യാന്‍ സാധിക്കില്ല. അവനവന്‍റെ കഴിവിനും ആവശ്യങ്ങള്‍ക്കുമനുസരിച്ച് വേണം ആസ്തികള്‍ നിര്‍ണ്ണയിക്കാന്‍. ഉദാഹരണത്തിന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. ചിലപ്പോള്‍ അതിന്‍റെ ആവശ്യം തന്നെ ഉണ്ടാവില്ല. ആദ്യം നിലവിലുള്ള ആസ്തിവര്‍ഗ്ഗങ്ങളില്‍ നിന്ന് ഒരു പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തണം. അതിനു ശേഷം അവയുടെ സ്വഭാവം മനസ്സിലാക്കുകയും വേണം.

അനുയോജ്യം

ഒരേ ആസ്തിവര്‍ഗ്ഗത്തില്‍ത്തന്നെ നമുക്ക് അനുയോജ്യമായതും അല്ലാത്തതുമായ നിക്ഷേപങ്ങള്‍ ഉണ്ടാകും. ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഓഹരിയാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ മുന്‍നിര കമ്പനികള്‍ ഏതു പ്രായക്കാര്‍ക്കും നിക്ഷേപിക്കാവുന്ന വിഭാഗമാണ്. എന്നാല്‍ ചെറുകിട കമ്പനിയില്‍ നിക്ഷേപിക്കുന്ന
സ്കീമുകള്‍ എല്ലാവര്‍ക്കും യോജിച്ചതല്ല. ഇത് നിക്ഷേപലക്ഷ്യത്തിന്‍റെ കാര്യത്തിലും പ്രാധാന്യം അര്‍ഹിക്കുന്ന തീരുമാനമാണ്. അനുയോജ്യമല്ലാത്ത നിക്ഷേപങ്ങളാണ് ഒരാളുടെ സാമ്പത്തികമായ പതനത്തിന്‍റെ പ്രധാന കാരണം.

അനുപാതം
അനുയോജ്യമായ ആസ്തിവര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവയിലേക്കുള്ള നിക്ഷേപ അനുപാതം നിര്‍ണയിക്കുന്നതാണ് അടുത്ത പടി. ഇതിനും ഒട്ടേറെ പ്രാധാന്യമുണ്ട്. സാധാരണ ഏതെങ്കിലുമൊരു നിക്ഷേപത്തില്‍ അളവില്‍ക്കൂടുതല്‍ വിശ്വാസം അര്‍പ്പിച്ച് എല്ലാ പണവും അതിലേക്ക് വിന്യസിക്കുന്നവരുണ്ട്. ഉദാഹരണത്തിന് റിയല്‍ എസ്റ്റേറ്റ്. ഇങ്ങനെ ചെയ്യുന്നതിന്‍റെ ദോഷം മനസ്സിലാക്കുന്നത് ആ ആസ്തിവര്‍ഗ്ഗത്തിന് എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോഴാണ്. ഏറ്റവും നല്ല നിക്ഷേപമല്ല ശരിയായ അനുപാതമാണ് മികച്ച വരുമാനത്തിലേക്ക് നയിക്കുന്നത്.

അച്ചടക്കം

പണത്തിന്‍റെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ അച്ചടക്കം വേണ്ടത്. നിക്ഷേപത്തിലെ അച്ചടക്കമില്ലായ്മ ബാധിക്കുന്നത് നമ്മുടെ ജീവിതലക്ഷ്യങ്ങളെയാണ്. അനാവശ്യമായി നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കുക, നിക്ഷേപിക്കാന്‍ മടി കാണിക്കുക, നിക്ഷേപം വൈകിപ്പിക്കുക എന്നിങ്ങനെ അച്ചടക്കമില്ലായ്മയ്ക്ക് പല മുഖങ്ങളുണ്ട്. നാം ഇന്ന് കാണിക്കുന്ന ചെറിയ ഒരു അലംഭാവം കൊണ്ട് നാളെ വലിയ നഷ്ടങ്ങള്‍ സംഭവിക്കാം.

ആത്മസംയമനം
വലിയ നേട്ടങ്ങള്‍ കാണുമ്പോള്‍ അവയില്‍ നിന്നും ലാഭം തിരിച്ചെടുത്തു എന്തെങ്കിലും ആവശ്യങ്ങള്‍ നടത്താന്‍ തോന്നുക സ്വാഭാവികമാണ്. അത് വളരെ പ്രാധാന്യമേറിയ ആവശ്യമല്ലെങ്കില്‍ തീരുമാനം മോശമാകും. ലാഭം എടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് മറ്റു നിക്ഷേപങ്ങളിലേക്ക് വിന്യസിച്ച ഭാവിയിലേക്ക് വളര്‍ത്തികൊണ്ടുവരാനാവണം ശ്രമം. നിക്ഷേപങ്ങളില്‍ വലിയ തുക സമാഹരിച്ചിട്ടുള്ളത് കാണുമ്പോള്‍ അതില്‍ നിന്നും പിന്‍വലിക്കാനുള്ള തോന്നല്‍ നമ്മെ വേട്ടയാടും. അതിനു നിരന്തരം ആത്മസംയമനം അഭ്യസിക്കണം.

ആഗോള വീക്ഷണം
ഏതെങ്കിലുമൊരു രാജ്യമോ പ്രദേശമോ മാത്രം മുന്‍നിര്‍ത്തി നിക്ഷേപ തീരുമാനം എടുക്കാതെ ആഗോളതലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വിശകലനം ചെയ്തുവേണം നിക്ഷേപം നടത്താന്‍. മാത്രമല്ല ഒരു പ്രത്യേക രാജ്യത്ത് മാത്രം നിക്ഷേപിക്കാതെ വിന്യാസം എല്ലാ രാജ്യത്തിലേക്കും വേണം. എങ്കിലേ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുകയുള്ളു.

അവലോകനം

ഒരു തവണ നിക്ഷേപിച്ച് പിന്നീട് അതിനെ മറന്നു കളയുന്ന രീതി നല്ലതല്ല. ആരോഗ്യത്തിലായാലും ഉദ്യോഗത്തിലായാലും എല്ലാം നാം ചെയ്യുന്ന കാര്യങ്ങളും നടപ്പാക്കുന്ന തീരുമാനങ്ങളും നിരന്തരം അവലോകനം ചെയ്താണ് മികച്ച ഫലം നേടുന്നത്. വര്‍ഷത്തിലൊരിക്കലെങ്കിലും അവലോകനം ചെയ്ത് നിക്ഷേപത്തിന്‍റെ സ്ഥിതി വിലയിരുത്തി വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തണം.

ആരോഗ്യ നിര്‍ണ്ണയം

മനുഷ്യ ശരീരം പോലെത്തന്നെയാണ് നിക്ഷേപങ്ങള്‍. ബാഹ്യമായതും ആന്തരികവുമായ പല കാര്യങ്ങളും നിക്ഷേപങ്ങളെ സാരമായി ബാധിക്കും. അതുപോലെതന്നെ നമ്മുടെ വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തിനുമുണ്ട് അനാരോഗ്യകരമായ അവസ്ഥകള്‍. താങ്ങാവുന്നതിലധികം കടബാധ്യത സാമ്പത്തിക ആരോഗ്യം ക്ഷയിപ്പിക്കും. ഇപ്പോഴും ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നിക്ഷേപങ്ങളുടെ ആരോഗ്യവും വ്യക്തിഗത സാമ്പത്തിക ആരോഗ്യവും നിരന്തരം വിശകലനം ചെയ്യേണ്ടതുണ്ട്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here