നിക്ഷേപം; ചോദ്യങ്ങളേറെ, അടിത്തറ ഒന്നുമാത്രം

0
1631
Investment growth
818794926

എന്‍റെ പതിനഞ്ചു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതും ഇന്നും ഇനിയങ്ങോട്ടും കേള്‍ക്കാനിരിക്കുന്നതുമായ ചില ചോദ്യങ്ങള്‍ക്ക് എന്നെന്നേക്കുമായിട്ടുള്ള ഒരു ഒറ്റയുത്തരത്തിന്‍റെ ആവലി ഇന്ന് തയ്യാറാക്കുന്നു. ചിലതിന്‍റെയൊക്കെ ഉത്തരം നമുക്കറിയാമെങ്കിലും നാം അത് വീണ്ടും വീണ്ടും ചോദിക്കും, അബദ്ധങ്ങള്‍ കാണിക്കും. പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഉത്തരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഏതൊരു നിക്ഷേപകനും ജീവിതത്തിലുടനീളം ഓര്‍ത്തിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഈ ഉത്തരങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഫലപ്രദമായ നിക്ഷേപ തീരുമാനങ്ങള്‍ക്കും മികച്ച നേട്ടത്തിനുമായി ഈ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് പാലിക്കാം.

ചോ: ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ നല്ല സമയമാണോ?
ഉ : ഓഹരി അധിഷ്ഠിത നിക്ഷേപത്തിന് ഏറ്റവും നല്ല സമയം എന്നൊന്നില്ല. അങ്ങനെ ഒരു സമയം ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുമെങ്കിലും ഭാവിയെപ്പറ്റി പ്രവചിക്കുക എന്നത് അസാധ്യമാണ്. അങ്ങനെ നോക്കിയാല്‍ ഏതൊരു നിക്ഷേപവും ഏതൊരു സമയവും ഓഹരി നിക്ഷേപത്തിന് നല്ലത് തന്നെ.

ചോ: എനിക്ക് ഒന്നിച്ചൊരു തുക ഇന്ന് നിക്ഷേപിക്കാന്‍ പറ്റുമോ?
ഉ: ഓഹരി നിക്ഷേപത്തില്‍ വലിയ തുകകള്‍ ഒന്നിച്ചു നിക്ഷേപിക്കുന്നത് വന്‍കിട നിക്ഷേപകരാണ്. അവര്‍ക്ക് ചിലപ്പോള്‍ ഓഹരികളുടെ വിലകളെത്തന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. അങ്ങനെയുള്ള വാര്‍ത്തകള്‍ നാം കേള്‍ക്കാറുമുണ്ട്. സാധാരണക്കാര്‍ക്ക്, അല്ലെങ്കില്‍ വിപണിയെപ്പറ്റി ആഴത്തിലുള്ള വിവരം ഇല്ലാത്തവര്‍ക്ക് എപ്പോഴും നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രം നിക്ഷേപിക്കുന്നതാവും ഉചിതം. അതും ദീര്‍ഘകാല വീക്ഷണത്തോടെ.

ചോ: നിക്ഷേപിക്കാന്‍ നല്ലൊരു ഓഹരി / സ്കീം പറഞ്ഞു തരാമോ?
ഉ: ഓരോരുത്തരുടെയും നിക്ഷേപ ആവശ്യം, ദൈര്‍ഘ്യം, പ്രായം, സാമ്പത്തിക സ്ഥിതി എന്നിവ അനുസരിച്ച് നിക്ഷേപിക്കാന്‍ അനുയോജ്യമായ സ്കീം/ഓഹരി വ്യത്യാസപ്പെട്ടിരിക്കും. ഓരോ നിക്ഷേപകന്‍റെയും ആവശ്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രമേ സ്കീം തീരുമാനിക്കാനാവു. ഓഹരികള്‍ ആയാലും ദീര്‍ഘകാല / ഹ്രസ്വകാല നിക്ഷേപത്തിനും, സാമ്പത്തിക സ്ഥിതിക്കനുസരിച്ചും തിരഞ്ഞെടുപ്പ് നടത്തണം. ഏറ്റവും നല്ല സ്കീം എന്നൊന്നില്ല. ഏറ്റവും നല്ല നിക്ഷേപ പ്രതിവിധി ഉണ്ട്.

ചോ: ഡെറ്റ് ഫണ്ടുകള്‍ റിസ്കുള്ള നിക്ഷേപങ്ങളാണോ?
ഉ : തീര്‍ച്ചയായും അതെ. വിപണിയില്‍ ‘റിസ്ക്-ഫ്രീ’ എന്ന് വിശേഷിപ്പിക്കുന്ന ചില നിക്ഷേപങ്ങള്‍ ഉണ്ട്. അതായത് ട്രഷറി ബില്ലുകള്‍. ഒരു വര്‍ഷത്തില്‍ താഴെ മാത്രം നിക്ഷേപ കാലാവധിയുള്ള ഈ ബോണ്ടുകളാണ് ഇന്ത്യയില്‍ ഒരു റിസ്കും ഇല്ലാത്ത നിക്ഷേപങ്ങള്‍. ഇവയുടെ പലിശനിരക്കിനേക്കാള്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന ഏതു നിക്ഷേപത്തിനും റിസ്ക് ഉണ്ട്. ഓഹരിവിപണിയിലെ റിസ്കിനെ പേടിച്ച് ‘പന്തളത്തേയ്ക്ക്’ ചെന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒരു സ്കീമിലെ പലിശനിരക്ക് (YTM ), ട്രഷറി നിരക്കുകളേക്കാളും എത്ര കൂടി നില്‍ക്കുന്നു അത്രയും ആ സ്കീമിലെ റിസ്ക് കൂടുതലായിരിക്കും.

ചോ: ബാങ്ക് നിക്ഷേപത്തിന് പലിശ കുറഞ്ഞു: ബാങ്കിലെ പലിശയേക്കാള്‍ കൂടുതല്‍ പലിശ കിട്ടുന്ന റിസ്കില്ലാത്ത നിക്ഷേപം പറഞ്ഞു തരാമോ?
ഉ: ഇതിന്‍റെ ഉത്തരം നേരത്തെ ചോദിച്ച ചോദ്യവുമായി കൂട്ടിവായിക്കണം. ബാങ്ക് നിക്ഷേപത്തിന് ഒരു പരിധിവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട്. 5 ലക്ഷം രൂപവരെയുള്ള നിക്ഷേപം നിക്ഷേപകന് തിരിച്ചു ലഭിക്കാനുള്ള സംവിധാനമുണ്ട്. പലിശനിരക്കുകളില്‍ നേരിട്ട് റിസ്കില്ലെങ്കിലും നിങ്ങള്‍ നിക്ഷേപിച്ചതിനുശേഷം അടുത്ത ദിവസങ്ങളില്‍ പലിശ നിരക്ക് കൂടിയാല്‍ അത് കിട്ടാതെപോകുന്ന ഒരു അവസ്ഥ ഉണ്ടായിരിക്കും. ബാങ്കിലേത് നേരത്തെതന്നെ പലിശനിരക്ക് നിജപ്പെടുത്തിയിട്ടുള്ള ഒറ്റ നിക്ഷേപമാണെങ്കില്‍ ഡെറ്റ് ഫണ്ടുകള്‍ ഓരോ ദിവസവും പലിശ നിരക്കില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന നിക്ഷേപങ്ങളാണ്. അതില്‍ അനേകം ബോണ്ടുകളിലേക്ക് നിക്ഷേപം വിന്യസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിപണിയിലെ നിരക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ സ്കീമിന്‍റെ വരുമാനത്തെ ബാധിക്കും. ബാങ്കിലെ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ ആഗ്രഹിക്കുമ്പോള്‍ അതിനനുസരിച്ച് ഏറ്റക്കുറച്ചിലുകളുടെ റിസ്ക്കും താങ്ങാന്‍ നിക്ഷേപകന് തയ്യാറാകണം. ഇവിടെ ഗവേഷണാധിഷ്ഠിത നിക്ഷേപ ഉപദേഷ്ടാക്കളുടെ സേവനം നിക്ഷേപകന് ഗുണം ചെയ്യും. ഭാവിയിലെ പലിശ നിരക്കുകളുടെ ഏകദേശ പഥം മനസിലാക്കി യോജിച്ച സ്കീമുകള്‍ തിരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ മികച്ച വരുമാനം നേടാം.

ചോ: സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ നല്ല സമയമാണോ?
ഉ: ലോകത്ത് ഭാവി പ്രവചിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിക്ഷേപമാണ് കറന്‍സി. വിനിമയ നിരക്കുകളെ ആസ്പദമാക്കി നിക്ഷേപിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഗവേഷണാധിഷ്ഠിതമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് കറന്‍സി. അതുപോലെതന്നെ ഭാവി പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് സ്വര്‍ണ്ണം. കാരണം സ്വര്‍ണ്ണത്തിന്‍റെ വളര്‍ച്ച വിപണിയുടെ തളര്‍ച്ചയുമായി ബന്ധപ്പെട്ടുകിടക്കുന്നു. സാധാരണ വിപണിയെ സാരമായി ബാധിക്കുന്ന ഏതൊരു സംഭവവും സ്വര്‍ണ്ണത്തിനു ഉണര്‍വേകുന്നതാണ്. അതുകൊണ്ട് മോശം വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്ന ഒന്നായതിന്‍റെ പേരില്‍ കൃത്യമായ ഒരു ഭാവിപ്രവചനം സ്വര്‍ണ്ണത്തില്‍ സാധ്യമല്ല. അതുപോലെ തന്നെ ഡോളറിന്‍റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഒന്നാണ് സ്വര്‍ണ്ണം. ഒരാളുടെ നിക്ഷേപത്തിന്‍റെ 10-15 ശതമാനം വരെ സ്വര്‍ണ്ണമായിരിക്കുന്നത് നല്ലതുതന്നെ.

ചോ: രൊക്കം പണത്തിനു വീട് പണിയുന്നതാണോ ലോണെടുക്കുന്നതാണോ ലാഭം?
ഉ: നിക്ഷേപ പലിശ വായ്പ പലിശയേക്കാള്‍ കൂടുതലാണെങ്കില്‍ കൈയിലുള്ള പണം നിക്ഷേപിച്ച് വീടിനായി ലോണ്‍ എടുക്കുന്നതാണ് നല്ലത്. എന്നാല്‍ ഈ ഗുണം രണ്ട് പലിശകള്‍ തമ്മിലുള്ള അന്തരത്തേയും നിക്ഷേപ-വായ്പ കാലാവധിയേയും ആശ്രയിച്ചിരിക്കും. വായ്പ/നിക്ഷേപ കാലാവധി കുറയുമ്പോഴും ഈ ഗുണം കുറഞ്ഞു വരും. പലിശയുടെ അന്തരം ചെറുതാണെങ്കില്‍ പോലും കാലാവധി കൂടുതലാണെങ്കില്‍ മെച്ചം കൂടുതലായിരിക്കും. കൂടാതെ വായ്പയുടെ മുതലും പലിശയും നികുതിയിളവിന് ബാധകമായതുകൊണ്ട് ആ ഘടകവും കണക്കിലെടുക്കേണ്ടതുണ്ട്.

ചോ : ഏതാണ് ഏറ്റവും നല്ല നിക്ഷേപം?
ഉ : നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ നിങ്ങള്‍ക്ക് താങ്ങാവുന്ന റിസ്കിനുള്ളില്‍ നിന്നുകൊണ്ട് നേടാന്‍ സഹായിക്കുന്ന നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപം. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും ചേരുന്ന നിക്ഷേപം പലതായിരിക്കും. അതുപോലെ തന്നെ പല നിക്ഷേപ ആസ്തി വര്‍ഗ്ഗങ്ങളുടെ പല തോതിലുള്ള നിക്ഷേപമാണ് ഓരോരുത്തര്‍ക്കും യോജിക്കുക. അത് മനസ്സിലാക്കി ആ രീതിയില്‍ നിക്ഷേപിക്കുമ്പോളാണ് അത് ഏറ്റവും നല്ല നിക്ഷേപമായി മാറുന്നത്. എപ്പോഴും ഏറ്റവും മികച്ച വരുമാനം നേടിത്തരാന്‍ ലോകത്തിലെ ഒരു നിക്ഷേപത്തിനും കഴിയില്ല.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here