ദൂരം താണ്ടാൻ ഇനിയുമേറെ

0
1491

ഒരു രാജ്യത്തിന്‍റെ നയങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തിക നയങ്ങള്‍, പ്രധാനമായും അവ രൂപീകരിക്കുന്ന കാലഘട്ടത്തിന്‍റെ സന്തതികളാണ്. ചരിത്ര പശ്ചാത്തലം, സാമ്പത്തിക സാഹചര്യങ്ങള്‍, സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരുടെ കാഴ്ചപ്പാട് എന്നിവ സാമ്പത്തിക നയങ്ങളേയും സ്വാധീനിക്കും. 1940കള്‍ കൊളോണിയല്‍-സാമ്രാജ്യത്വ വിരുദ്ധതയുടേതായിരുന്നു. സോവിയറ്റ് യൂണിയന്‍റെ ഉയര്‍ച്ചയുടെ കാലം കൂടിയായിരുന്നു അത്. ഗ്രേറ്റ് ഡിപ്രഷനില്‍ നിന്ന് യുഎസ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള ‘ന്യൂ ഡീല്‍’ പദ്ധതി, രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യങ്ങളെ പുനരുദ്ധരിക്കാനുള്ള മാര്‍ഷല്‍ പ്ലാന്‍ തുടങ്ങിയ സര്‍ക്കാര്‍ നേതൃത്വം നല്‍കിയ പദ്ധതികള്‍ വിജയകരമായിരുന്നു. ഈ ചരിത്ര പശ്ചാത്തലം ഇന്ത്യയുള്‍പ്പടെ പുതുതായി സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളുടേയും സാമ്പത്തിക നയങ്ങളുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

നെഹ്രൂ യുഗം

നെഹ്രുവിന്‍റെ ഫാബിയന്‍ സോഷ്യലിസ്റ്റ് ചിന്തയും റഷ്യന്‍ സാമ്പത്തിക മാതൃകയോടുള്ള അദ്ദേഹത്തിന്‍റെ മതിപ്പും ഇന്ത്യന്‍ സമ്പദ് നയങ്ങള്‍ക്ക് ഇടതു പക്ഷ ചായ്വുണ്ടാകുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ഇന്ത്യയുടെ പുതിയ സാമ്പത്തിക നയത്തിന്‍റെ ആധാര ശിലകള്‍ പൊതുമേഖലയ്ക്ക് നല്‍കിയ പ്രാമുഖ്യവും കേന്ദ്രീകൃത ആസൂത്രണവുമായിരുന്നു. മിശ്ര സമ്പദ് വ്യവസ്ഥ എന്ന ആശയം ഇന്ത്യ സ്വീകരിക്കുകയും സോവിയറ്റ് മാതൃക അടിസ്ഥാനമാക്കി പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. നെഹ്രു അക്കാലത്തെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായിരുന്നതിനാല്‍ രാജാജിയെപ്പോലുള്ള നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് ഭൂരിപക്ഷത്തിന്‍റെ പിന്തുണ ലഭിച്ചില്ല. ” താജ്മഹല്‍ മരിച്ചവര്‍ക്കു വേണ്ടിയാണ്; ബക്രാ നംഗല്‍ ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയും ” എന്ന നെഹ്രുവിന്‍റെ പ്രസിദ്ധമായ വാചകം അദ്ദേഹത്തിന്‍റെ യുക്തി ചിന്തയുടേയും വന്‍കിട പദ്ധതികളോടുള്ള ആഭിമുഖ്യത്തിന്‍റേയും പ്രതിഫലനമാണ്. മികവിനോടുള്ള നെഹ്രുവിന്‍റെ താല്‍പര്യമാണ് മികവിന്‍റെ കേന്ദ്രങ്ങളായ ഐഐടികളും മറ്റും രൂപീകരിക്കപ്പെട്ടതിനു പിന്നില്‍. ഐഐടികള്‍് പിന്നീട് ഐടി തുടങ്ങിയ വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

സര്‍ക്കാറിന് നല്‍കിയ മേല്‍ക്കോയ്മ, സമഗ്രമായ ആസൂത്രണം, ലൈസന്‍സിംഗ്, സ്വകാര്യ സംരംഭങ്ങള്‍ക്കുമേലുള്ള വലിയ നിയന്ത്രണങ്ങള്‍ എന്നിവ, രാജാജിയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ ” ലൈസന്‍സ്-പെര്‍മിറ്റ്-ക്വാട്ട രാജ് ” സൃഷ്ടിച്ചു. ലൈസന്‍സ് രാജ് സ്വകാര്യ സംരംഭകത്വത്തേയും സംരംഭങ്ങളേയും ശ്വാസം മുട്ടിക്കുന്ന സംവിധാനമായി മാറിയെന്നാണ് പ്രമുഖ നിയമജ്ഞനായ നാനി പാല്‍ക്കിവാല വിലയിരുത്തിയത്. പ്രമുഖ സമ്പദ് ശാസ്ത്രജ്ഞനായ ജഗദിഷ് ഭഗവതി ഉള്‍പ്പടെ പല ചിന്തകരും ഉദാരവല്‍ക്കരണത്തിനായി നേരത്തേ വാദിച്ചിരുന്നെങ്കിലും അവയ്ക്കൊന്നും അക്കാലത്ത് മേല്‍ക്കയ്യുണ്ടായിരുന്ന രാഷ്ട്രീയ ചിന്തയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.

ഇന്ദിരാഗാന്ധിയുടെ കാലഘട്ടം

1962-74 കാലഘട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം കഠിനമായിരുന്നു. ഈ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ രാജ്യത്തിന് മൂന്നു യുദ്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നു; രണ്ടു ഗുരുതരമായ വരള്‍ച്ചകളും അഭിമുഖീകരിക്കേണ്ടി വന്നു. 1966ല്‍ ഡോളറിനെയപേക്ഷിച്ച് രൂപയുടെ മൂല്യം 36 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വന്നു. 1973ല്‍ ക്രൂഡോയിലിന്‍റെ വില കുത്തനെ ഉയര്‍ന്നതും സമ്പദ് വ്യവസ്ഥയെ കഠിനമായി ബാധിച്ചു. ഈ കാലഘട്ടം രാഷ്ട്രീയ രംഗത്തും ഭൂകമ്പങ്ങളുടെ കാലമായിരുന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പും മാസ്മരിക പ്രഭാവമുള്ള നേതാവായി ഇന്ദിരാഗാന്ധിയുടെ വളര്‍ച്ചയും ഇന്ത്യന്‍ സാമ്പത്തിക നയങ്ങളെ ഏറെ സ്വാധീനിക്കുകയും കൂടുതല്‍ ഇടതു പക്ഷത്തേക്കു നയിക്കുകയും ചെയ്തു. 1969ല്‍ ബാങ്ക് ദേശസാല്‍ക്കരണവും പിന്നീട് എംആര്‍ടിപി, ഫെറ നിയമങ്ങളും നിലവില്‍ വന്നു. കോര്‍പറേറ്റ് നികുതി കുത്തനെ ഉയര്‍ത്തി. വ്യക്തിഗത ആദായ നികുതി യാതൊരു നീതീകരണവുമില്ലാത്ത 97.5 ശതമാനമാക്കി ഉയര്‍ത്തി. 1970 കള്‍ ഇന്ത്യയില്‍ സാമ്പത്തിക മരവിപ്പിന്‍റെ കാലമായിരുന്നു. എന്നാല്‍, രാജ്യത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കു നയിച്ച ഹരിത വിപ്ളവം ഒരു വന്‍ വിജയമായി..

രാജീവ് ഗാന്ധിയുടെ പുതിയ തുടക്കം

സ്വാതന്ത്ര്യാനന്തരമുള്ള മൂന്നു പതിറ്റാണ്ടില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശരാശരി വാര്‍ഷിക വളര്‍ച്ച 3.5 ശതമാനം മാത്രമായിരുന്നു. ഇതേക്കുറിച്ച് മന്‍മോഹന്‍ സിംഗ് പിന്നീട് അഭിപ്രായപ്പെട്ടത് സ്വകാര്യ സംരംഭങ്ങളിലും കയറ്റുമതിയിലും ഊന്നിയുള്ള സാമ്പത്തിക തന്ത്രം പ്രയോഗിച്ച കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഈ കാലഘട്ടത്തിലെ വളര്‍ച്ച തീരെ തൃപ്തികരമായിരുന്നില്ല എന്നായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇന്ത്യയില്‍ ചെറിയ തോതില്‍ ഉദാരവല്‍ക്കരണം ആരംഭിച്ചത്. കോര്‍പറേറ്റ് നികുതിയും വ്യക്തിഗത ആദായ നികുതിയും കുറച്ചു. എംആര്‍ടിപിയില്‍ ഭേദഗതി കൊണ്ടു വരികയും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉദാരവല്‍ക്കരണത്തിന്‍റെ ഈ ആദ്യ ഘട്ടം കൂടുതല്‍ ആശ്രയിച്ചത് വിദേശ വായ്പയെയായിരുന്നു. വിദേശ വായ്പയിലൂന്നിയ ഈ ഉദാരവല്‍ക്കരണവും 1991ലെ ക്രൂഡോയില്‍ ഷോക്കും കൂടി ആയപ്പോള്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. അടിസ്ഥാനപരമായി ഇതൊരു വിദേശ വിനിമയ പ്രതിസന്ധിയായിരുന്നു. ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍ സ്വര്‍ണം പണയം വെക്കുകയും വായ്പക്കായി ഐഎംഎഫിനെ സമീപിക്കുകയും ചെയ്തു.

റാവുവിന്‍റെ ധീരമായ പരിഷ്കാരം

ഈ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായി വലിയ മാറ്റത്തിനു തിരികൊളുത്തി. സോവിയറ്റ് യൂണ്യന്‍റെ തകര്‍ച്ചയും , കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കമ്മ്യൂണിസത്തിന്‍റെ പടിയിറക്കവും, ചൈനയില്‍ ഡെങ്സിയാവോ പിങ്ങിന്‍റെ നേതൃത്വത്തില്‍ സാമ്പത്തിക നയത്തില്‍ വരുത്തിയ മാറ്റവും ഇന്ത്യയില്‍ മാറ്റത്തിനനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ളോബലൈസേഷന്‍ എന്നതിന്‍റെ ചുരുക്കപ്പേരായ എല്‍പിജി പുതിയ ആപ്തവാക്യമായിത്തീര്‍ന്നു. പ്രധാനമന്ത്രി നരസിംഹ റാവു അദ്ദേഹത്തിന്‍റെ പ്രാപ്തനായ ധനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ പിന്തുണയോടെ ധീരമായി നടപ്പാക്കിയ ഈ പരിഷ്കാരങ്ങള്‍ രാജ്യത്ത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു യുഗത്തിന് അടിത്തറയിടുകയായിരുന്നു. അടുത്ത 30 വര്‍ഷക്കാലം ഇന്ത്യ ജിഡിപി വളര്‍ച്ചയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി; ചൈനമാത്രമാണ് മുമ്പിലുണ്ടായിരുന്നത്. റാവു സര്‍ക്കാരിനു ശേഷം വന്ന എല്ലാ സര്‍ക്കാരുകളും ഉദാരവല്‍ക്കരണത്തിന്‍റെ ഈ പാത തന്നെ പിന്തുടര്‍ന്നു.

മോദി യുഗം

വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ മുന്നോട്ടു കൊണ്ടുപോയി. ഇന്ത്യയില്‍ രാഷ്ട്രീയമായി ഏറെ എതിര്‍പ്പു നേരിടുന്ന സ്വകാര്യവല്‍ക്കരണം രാഷ്ട്രീയ എതിര്‍പ്പു വക വെയ്ക്കാതെ മുന്നോട്ടു വെച്ചു. മന്‍മോഹന്‍സിംഗ് നയിച്ച യുപിഎ 1, 2 സര്‍ക്കാരുകള്‍ക്ക് പരിഷ്കരണങ്ങളുടെ കാര്യത്തില്‍ ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്ന ഉദാരീകരണ നയങ്ങളുടെ വക്താവായ മോദി പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും പരിഷ്കാരങ്ങളുടെ അടിയൊഴുക്കുകളില്‍ ചില മാറ്റങ്ങളുണ്ട്. ഉദ്ദേശ ശുദ്ധിയോടെയാണെങ്കിലും വേണ്ടത്ര തയാറെടുപ്പില്ലാതെ നടപ്പാക്കിയ നോട്ടു നിരോധം , പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ നടപ്പാക്കിയ പാപ്പര്‍ നിയമ ഭേദഗതി , റിയല്‍ എസ്റ്റേറ്റ് രംഗം ശുദ്ധീകരിക്കാനായി കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് , ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ എന്നിവ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനും ലക്ഷ്യമിട്ടുള്ളവയാണ് . ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ജാം) എന്നിവയിലൂന്നിയ ജാം പദ്ധതി സാമൂഹ്യ ക്ഷേമ പരിപാടികളുടെ മുഖഛായ തന്നെ മാറ്റി. അഭ്യന്തര വ്യവസായത്തിന് ശക്തമായ പ്രോത്സാഹനം നല്‍കുന്ന പിഎല്‍ഐ പദ്ധതി നല്ല രീതിയില്‍ നടപ്പാക്കി വരുന്നു. ഉപഭോക്തൃ ഇലക്ട്രോണിക്സ് മേഖലയില്‍ വന്‍ ശക്തിയായി ഇന്ത്യ ഉയരുകയാണ്. ഇതോടൊപ്പം ഐടി കയറ്റുമതിയിലും അടിസ്ഥാന വികസന സൗകര്യമേഖല, നിര്‍മ്മാണ, വാഹന , ഫാര്‍മസ്യൂട്ടിക്കല്‍ രംഗങ്ങളിലുണ്ടായ വളര്‍ച്ച എന്നിവ കോവിഡ് കാലത്തു പോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു കരുത്തു പകര്‍ന്നു. സൗദി അറേബ്യ 2021-22 കാലത്ത് ക്രൂഡോയില്‍ കയറ്റുമതിയിലൂടെ നേടിയതിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ഇതേ കാലയളവില്‍ ഇന്ത്യ ഐടി രംഗത്തെ സേവന കയറ്റുമതിയിലൂടെ നേടിയത്. വികസിത രാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന ചൈന പ്ളസ് വണ്‍ നയം ഇന്ത്യക്കനുകൂലമായിത്തീര്‍ന്നിട്ടുണ്ട്. നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും പാക്കിസ്താനും അടുത്ത ദിവസം ബ്ഗ്ളാദേശും ഐഎംഎഫില്‍ നിന്നു വിദേശ നാണയ വായ്പക്കു ശ്രമിക്കുന്ന ഈ പ്രയാസകരമായ കാലത്ത് , ഇന്ത്യയ്ക്ക് 570 ബില്യണ്‍ ഡോളറിനു മുകളില്‍ വിദേശ നാണയ കരുതല്‍ ശേഖരമുണ്ട്. സാമ്പത്തികമായി നാം ഭദ്രമായ നിലയിലാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് ആവാസ വ്യവസ്ഥയാണ് നമ്മുടേത്. ഒരു ബില്യണ്‍ ഡോളറിനു മുകളില്‍ വിപണിമൂല്യമുള്ള യൂനികോണുകളുടെ സ്ഫോടനാത്മകമായ വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശകതിയേകുന്നു. .

1947ല്‍ 103 ബില്യണ്‍ ഡോളര്‍ ആയിരുന്ന ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉല്‍പാദനം ഇപ്പോള്‍ 3 ട്രില്യണ്‍ ഡോളറാണ്. ലോകത്തിലെ ആറാമത്തെ ഏററവും വലിയ സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്; വാങ്ങല്‍ ശേഷിയില്‍ മൂന്നാമത്തേത്. . നമ്മുടെ ഭക്ഷ്യ ധാന്യ ഉല്‍പാദനം 1947ലെ 54.92 മില്യണ്‍ ടണ്ണില്‍ നിന്ന് 6 മടങ്ങ് വര്‍ധിച്ച് 2021-22 ല്‍ 305.44 മില്യണ്‍ ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. 2021-22ല്‍ 1.5 ലക്ഷം രൂപയില്‍ നില്‍ക്കുന്ന നമ്മുടെ പ്രതിശീര്‍ഷ വരുമാനവും 131 ാം റാങ്കിലുള്ള മനുഷ്യ വികസന സൂചികയും ആഗോള നിലവാരമനുസരിച്ച് വളരെ താഴെ തന്നെയാണ്. പരിഷ്കരണ നടപടികളെത്തുടര്‍ന്ന് ദാരിദ്ര്യം വലിയൊരളവോളം കുറയ്ക്കാനായിട്ടുണ്ടെങ്കിലും നമുക്കിനിയും ദീര്‍ഘ ദൂരം സഞ്ചരിക്കാനുണ്ട്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും ഫലപ്രദമായ സാമൂഹ്യ ക്ഷേമ പരിപാടികളും സമ്മേളിപ്പിച്ചു മാത്രമമേ , കൂടുതല്‍ മെച്ചപപെട്ട ഒരു സമൂഹമായി മാറന്‍ നമുക്കു കഴിയൂ. ഇന്ത്യ 2027 ഓടെ 5 ട്രില്യണ്‍ ഡോളറിന്‍റേയും 2030 ഓടെ 7-8 ട്രില്യണ്‍ ഡോളറിന്‍റേയും 2040 ഓടെ 20 ട്രില്യണ്‍ ഡോളറിന്‍റേയും സമ്പദ് വ്യവസ്ഥയായി മാറുന്നതോടെ സര്‍വാശ്ലേഷിയായ വളര്‍ച്ചയുള്ള ഒരു വന്‍ സാമ്പത്തിക ശക്തിയായിത്തീരുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

First published in Mathrubhumi


LEAVE A REPLY

Please enter your comment!
Please enter your name here