ഡോളർ കരുത്താർജ്ജിക്കുമ്പോൾ…

0
15
Rupee depreciation

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുവരുന്നത് ചർച്ചയാകുന്ന കാലമാണിത്. എക്കാലത്തെയും ഏറ്റവും വലിയ വീഴ്ചയാണ് രൂപയ്ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. 90 രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ മൂല്യം അതായത് ഒരു ഡോളർ ലഭിക്കുന്നതിന് കഴിഞ്ഞ ആഴ്ചയിലെ റേറ്റ് അനുസരിച്ച് 90.57 രൂപ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. ഡോളർ നിരക്കിലെ ഈ വർദ്ധനവ് ജീവിതത്തിൽ ഏതെല്ലാം വിധത്തിൽ ബാധിക്കും എന്ന് ശരിയായ ധാരണ ഇല്ലാത്തതു കൊണ്ട് സാധാരണക്കാരായ ജനങ്ങൾ പലപ്പോഴും ഡോളർ വിനിമയ നിരക്കിലെ മാറ്റം കാര്യമായി ശ്രദ്ധിക്കാറില്ല.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാനുള്ള കാരണം വിവിധങ്ങളാണ്. അതിൽ പ്രധാനമാണ് എണ്ണ വില വർദ്ധനവ്. അന്താരാഷ്ട്ര വിപണിയിലെ എണ്ണയുടെ വില കൂടിയത് ഡോളർ കൂടുതൽ കരുത്താർജ്ജിക്കാൻ സഹായിച്ചു എന്നാണ് മനസ്സിലാകുന്നത്. അതുപോലെതന്നെ വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് മൂല്യം ഇടിയാൻ ഒരു കാരണമായി. വിദേശരാജ്യങ്ങളിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത് ഡിസംബറോഡുകൂടിയാണ്. ഈ കാലയളവിൽ അവരുടെ കണക്കുകളും മറ്റും പരിശോധിക്കുന്നതിന്റെ ഭാഗമായി വൻതോതിലുള്ള നിക്ഷേപം പിൻവലിക്കൽ ഓഹരി വിപണിയിലും മറ്റും നടക്കുന്നുണ്ട്. ഈ നിക്ഷേപങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി കൂടുതൽ ഡോളറിന്റെ ആവശ്യകത ഉണ്ടാവുകയും ഇതിനായി സമാഹരിക്കുകയും ചെയ്യും. അതുപോലെതന്നെ ഇറക്കുമതികാർക്കും മറ്റും ഇതുമായി ബന്ധപ്പെട്ട കമ്പനികൾക്കും ഡോളറിന്റെ ആവശ്യം ഈ കാലയളവിൽ വന്നതും ഡോളറിന്റെ മൂല്യം ഉയർന്നതിനും രൂപയുടെ മൂല്യം കുറയുന്നതിനും കാരണമായിട്ടുണ്ട്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ നടക്കുന്ന സമയമായതുകൊണ്ട് തന്നെ ഇതിലെ തീരുമാനങ്ങൾ മൂല്യത്തെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിൻറെ പ്രതിഫലനം വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തിൽ കാണാനാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു എന്ന വാർത്ത നിരന്തരം വരുമ്പോൾ പലർക്കും കോട്ടമുണ്ടാകുമെങ്കിലും മറ്റു പല മേഖലകളിൽ നേട്ടവും ഉണ്ടാകുന്നുണ്ട്. അതായത് രൂപയുടെ മൂലം കൂടുന്നത്  വരവുകളെയും ചെലവുകളെയും നേരിട്ടും അല്ലാതെയും ബാധിക്കും. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ തന്നെ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.

സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർദ്ധിക്കാൻ ഇടയാകും എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. നമ്മുടെ രാജ്യം പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഒരു വസ്തുവാണ് എണ്ണ. പ്രധാന ഇറക്കുമതി കാരായതു കൊണ്ടുതന്നെ രൂപയുടെ മൂല്യമിടിയുന്നത് വിപണിയിലെ മറ്റു സാധനങ്ങളുടെ വിലവർധനവിനും കാരണമാകും എന്ന കാര്യത്തിൽ സംശയമില്ല. ഇതിന്‍റെ ഫലമായി പണപ്പെരുപ്പം വിപണിയിൽ ഉണ്ടാവുകയും ഇത് ദൂരം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പല തീരുമാനങ്ങളും എടുക്കാൻ ഗവൺമെന്റിനെയും  റിസർവ് ബാങ്കിനേയും  പ്രേരിപ്പിക്കാൻ ഇടയാകും.

പണപ്പെരുപ്പം കൂടുമ്പോൾ  സാധാരണ റിസർവ് ബാങ്ക് എടുക്കുന്ന ഒരു നടപടിയാണ് നിരക്ക് ഉയർത്തുക എന്നത്. ഇതിൻറെ ഫലമായി ഭവന വായ്പ, വാഹന വായ്പ, മറ്റു വായ്പകൾ എന്നിവയുടെ പലിശ നിരക്ക് ഉയർന്നതിന് കാരണമാകും. ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നത് ഇങ്ങനെ ആണെങ്കിൽ വാണിജ്യ വായ്പകളുടെയും പലിശ ഉയർന്നത് അവരുടെ ലാഭത്തെ  ബാധിക്കാൻ ഇടയാകും. ക്രൂഡോയിൽ കൂടാതെ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന മറ്റു സാധനങ്ങളാണ് കൽക്കരി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവ. ഈ സാധനങ്ങളുടെയും വിലവർധനവിന് രൂപയുടെ മൂല്യമിടിയുന്നത് കാരണമാകും.

വിദേശനിക്ഷേപകരെ സംബന്ധിച്ച് രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വവും  ഓഹരി വിപണി നിക്ഷേപത്തിൽ നിന്ന് കൂടുതൽ തുക പിൻവലിക്കാൻ പ്രേരിപ്പിക്കും. തുടർന്ന് ഈ തുക ഡോളറിൽ ആക്കി അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയും ഡോളറിന്റെ ആവശ്യക്കാർ കൂടുകയും ഇത് തുടർന്നും രൂപയുടെ കൂടുതൽ മൂല്യശോഷണത്തിന് കാരണമാകാൻ ഇടയാക്കും.  അതുപോലെതന്നെ നമ്മുടെ രാജ്യവും പല വിദേശരാജ്യങ്ങളിൽ നിന്ന് കടം എടുത്തിട്ടുണ്ട്. ഈ വായ്പകളുടെ തിരിച്ചടവ് കൂടുതൽ ചെലവേറിയതാക്കും എന്നതാണ് രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു കാര്യം.

രൂപയുടെ മൂല്യം കുറയുന്നത് മൂലം നേട്ടം ഉണ്ടാകുന്നത് കയറ്റുമതി ചെയ്യുന്ന മേഖലകൾക്കാണ്. കയറ്റുമതി മേഖല ഇതൊരു അവസരമായി കണ്ട് കൂടുതൽ സാധനങ്ങളും സേവനങ്ങളും കയറ്റിഅയക്കാൻ ശ്രമിക്കും. അതായത് മൂല്യം കുറഞ്ഞു  നിൽക്കുന്നതുകൊണ്ട് ഇന്ത്യൻ സാധനങ്ങളുടെ വില ആഗോള വിപണിയിൽ താരതമ്യേന കുറവുള്ളതാകുകയും ഇത് കയറ്റുമതി മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ ഡോളർ വില ശക്തി പ്രാപിക്കുന്നതിനനുസരിച്ച് സാധാരണക്കാരുടെ ജീവിതത്തിലും നേരിട്ടും അല്ലാതെയും ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

First published in Mint

LEAVE A REPLY

Please enter your comment!
Please enter your name here