ഡിവിഡന്‍റ്, ബോണസ് ഷെയറുകള്‍, അവകാശ ഓഹരികള്‍

0
1238
algo trading
Businessman trading online stock market on teblet screen, digital investment concept

ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ മൂലധന വളര്‍ച്ചയാണ് പ്രധാന ഉദ്ദേശം എങ്കിലും ഡിവിഡന്‍റ്, അവകാശ ഓഹരികള്‍, ബോണസ് ഷെയറുകള്‍ എന്നിവ പലപ്പോഴും സാധാരണ നിക്ഷേപകര്‍ ശ്രദ്ധിക്കാതെ പോകുന്ന നേട്ടങ്ങളാണ്. ഇത്തരത്തില്‍ അധികമായി ലഭിക്കുന്ന നേട്ടത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനായാല്‍ ഓഹരി നിക്ഷേപം കൂടുതല്‍ ലാഭകരമാക്കാന്‍ സാധിക്കും. ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ മൂലധന വളര്‍ച്ചയ്ക്കുള്ള സാധ്യത ഇല്ലാത്ത അവസരങ്ങളില്‍ ഇത്തരത്തില്‍ അപ്രതീക്ഷിതമായി ലഭിക്കുന്ന നേട്ടം നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. കമ്പനികള്‍ ഓഹരി ഉടമകള്‍ക്കായി പ്രഖ്യാപിക്കുന്ന മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ എന്തെല്ലാമാണ് എന്ന് വിശദമായി നോക്കാം.

കമ്പനികള്‍ ഉണ്ടാക്കിയെടുക്കുന്ന ലാഭത്തിന്‍റെ വിഹിതം ഓഹരിയുടമകള്‍ക്കായി നല്‍കുന്നതിനെയാണ് ഡിവിഡന്‍റ് എന്ന് പറയുന്നത്. എല്ലാ കമ്പനികളിലും ലാഭം ഓഹരി ഉടമകള്‍ക്ക് വീതിച്ചു നല്‍കണമെന്നില്ല. മിക്ക കമ്പനികളും അവര്‍ ഉണ്ടാക്കുന്ന ലാഭം കമ്പനികളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള റിസര്‍വ് ഫണ്ടായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി ഡിവിഡന്‍റ് നല്‍കുന്ന കമ്പനികള്‍ സാമ്പത്തികമായി ശക്തമാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഡിവിഡന്‍റ് വരുമാനം മാത്രം മുന്നില്‍കണ്ട് ഓഹരികള്‍ വാങ്ങുന്നത് ലാഭകരമാകില്ല. ഡിവിഡന്‍റുകള്‍ പ്രഖ്യാപിക്കുന്നത് ഓഹരികളുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. നല്ല പ്രവര്‍ത്തന മികവുള്ള കമ്പനികളുടെ ഓഹരികളുടെ മുഖവിലയിലും വിപണിയില്‍ വിനിമയം നടത്തുന്ന വിലയിലും തമ്മില്‍ വലിയ അന്തരം ഉള്ളതുകൊണ്ട് സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനവുമായി താരതമ്യം ചെയ്യാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും ഓഹരിയില്‍ നിന്ന് സ്ഥിര വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും സ്ഥിരമായി ഡിവിഡന്‍റ് നല്‍കുന്ന മികച്ച കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കാവൂന്നതാണ്.

കമ്പനികള്‍ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് തികച്ചും സൗജന്യമായി മുന്‍കൂട്ടി നിശ്ചയിച്ച അനുപാതപ്രകാരം അനുവദിക്കുന്ന ഓഹരികളെയാണ് ബോണസ് ഓഹരികള്‍ എന്നു പറയുന്നത്. ഇത്തരത്തില്‍ ഓഹരികള്‍ ലഭിക്കുമ്പോള്‍ ബോണസായി പ്രഖ്യാപിക്കുന്ന അനുപാതത്തിന്‍റെ അടിസ്ഥാനത്തില്‍ ഓഹരികളുടെ വില കുറയുമെങ്കിലും തുടര്‍ന്നുള്ള കാലയളവില്‍ കമ്പനികളുടെ പ്രവര്‍ത്തന മികവിന്‍റെയും ഓഹരികളുടെ വിനിമയത്തിന്‍റെയും അടിസ്ഥാനത്തില്‍ ഓഹരി വില ഉയരുന്ന അവസരത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിക്കും. ഒരു ഉദാഹരണം നോക്കിയാല്‍ വിപണിയില്‍ ആയിരം രൂപ വിലയുള്ള ഓഹരി 1:1 ഒന്ന് അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചു എന്നിരിക്കട്ടെ 100 ഓഹരികള്‍ കൈവശമുള്ള ഓഹരി ഉടമയ്ക്ക് 100 ഓഹരികള്‍ അധികമായി ലഭിക്കുകയും അതുവഴി നിക്ഷേപകന്‍റെ കൈവശമുള്ള ഓഹരികളുടെ ആകെ എണ്ണം 200 ആയി ഉയരുകയും ചെയ്യും.

ബോണസ് ഓഹരികള്‍ പോലെ നിലവിലെ നിക്ഷേപകര്‍ക്ക് കമ്പനികള്‍ നല്‍കുന്ന മറ്റൊരു നേട്ടമാണ് അവകാശ ഓഹരികള്‍ വിപണിയിലെ ഓഹരികളുടെ വിനിമയ നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ നല്‍കുന്നതിനെയാണ് അവകാശ ഓഹരികള്‍ എന്നു പറയുന്നത.് അവകാശ ഓഹരികള്‍ക്ക് കമ്പനി നിശ്ചയിക്കുന്ന വില നല്‍കി നിക്ഷേപകര്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ ഓഹരികള്‍ കരസ്ഥമാക്കാവുന്നതാണ്.

കമ്പനികള്‍ പ്രഖ്യാപിക്കുന്ന മേല്‍പ്പറഞ്ഞ നേട്ടങ്ങള്‍ ലഭിക്കുന്നതിന് കമ്പനി മുന്‍കൂട്ടി നിശ്ചയിക്കുന്ന തീയ്യതിക്കു മുമ്പ് ഓഹരികള്‍ കൈവശം ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here