ചില സാമ്പത്തിക മുന്‍കരുതലുകള്‍

0
1748
Retirement
financial planning, retirement planning

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അറിവും നിര്‍ദ്ദേശങ്ങളും പകരുക എന്നതാണ് എന്‍റെ ദൗത്യമെങ്കിലും അതിനോടനുബന്ധിച്ചു കിടക്കുന്ന ചില ജീവിതചര്യകള്‍ പരാമര്‍ശിച്ചു കൊണ്ട് തുടങ്ങേണ്ടത് ഈ അവസരത്തില്‍ എന്‍റെ കടമയായി കരുതുന്നു . വ്യക്തിഗത അകലം പാലിക്കുന്നതും, കൈകള്‍ ഇടയ്ക്ക് വൃത്തിയായി സൂക്ഷിക്കുന്നതും, മാസ്ക് ധരിക്കുന്നതിനും അപ്പുറം ചില കാര്യങ്ങള്‍ നാം ദൈനംദിന ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട് . നാം കടകളില്‍ നിന്നും വാങ്ങുന്ന പച്ചക്കറികള്‍ വീട്ടില്‍ കൊണ്ട് വന്ന ഉടനെ തന്നെ കഴുകി വൃത്തിയാക്കുക, അത് കൊണ്ട് വന്ന ബാഗ് സാനിറ്റൈസ് ചെയ്യുക, കവറുകളില്‍ വാങ്ങുന്ന എല്ലാത്തിന്‍റെയും മുകളില്‍ സാനടൈയ്സര്‍ സ്പ്രേ പ്രയോഗിക്കുകയും അതിനു ശേഷം കവര്‍ നന്നായി കഴുകി അതിനുള്ളിലെ സാധനങ്ങള്‍ പുറത്തിടക്കുക. പാലിന്‍റെ കവര്‍ വാങ്ങുമ്പോള്‍ തന്നെ വണ്ടിയിലേക്കോ ബാഗിലേക്കോ വയ്ക്കുന്നതിന് മുന്‍പ് സാനിടൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വീട്ടില്‍ വൈകുന്നേരം കുന്തിരിക്കം പുകയ്ക്കുക എന്നിങ്ങനെ ഒരു പാടി കൂടി കടന്നുള്ള വ്യക്തി ശുചിത്വം ഈ ഒരു ഘട്ടത്തില്‍ നമ്മുടെ ജീവിതത്തില്‍ അത്യാവശ്യമാണ . അടുത്ത രണ്ട് മാസക്കാലം ഈ ഒരു ചിട്ട പാലിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തില്‍ നിന്നും അകന്ന് നില്‍ക്കാനാകും. ഇതെല്ലാം ഒരു സാമ്പത്തിക ഉപദേഷ്ട്ടാവ് എന്ത് കൊണ്ട് പറയുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. ഇന്നത്തെ അവസ്ഥയില്‍ വ്യക്തി ശുചിത്വത്തിനും അച്ചടക്കത്തിനും ഒരാളുടെ സാമ്പത്തിക മൂല്യ ശോഷണവുമായി അടുത്ത ബന്ധം ഉണ്ടെന്നുള്ളതുകൊണ്ട് തന്നെ .

ഇനി ചില സാമ്പത്തിക കാര്യങ്ങള്‍ള ഇന്നത്തെ അവസ്ഥയില്‍ ആരോഗ്യ സംബന്ധമായ ഒരു അനിശ്ചിതത്വം നമ്മുടെ ചുറ്റും തളം കെട്ടി നില്‍ക്കുന്നത് കൊണ്ട് സാമ്പത്തിക കാര്യങ്ങളില്‍ ചില മുന്‍ കരുതലുകള്‍ അടുത്ത ആറ് മാസക്കാലം നാം വരുത്തേണ്ടതുണ്ട്. അവ ഓരോന്നായി താഴെ ചേര്‍ക്കുന്നു.

ടോപ് അപ്പ് പോളിസി

നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായേക്കാം. അതില്ലെങ്കില്‍ വ്യക്തിഗതമായി നിങ്ങള്‍ ഒരു ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടാകാം. രണ്ടായാലും നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒന്നോ ചിലപ്പോ രണ്ടോ ലക്ഷം ആയിരിക്കും . ഇന്നത്തെ അവസ്ഥയില്‍ മികച്ച ചികിത്സ ലഭിക്കാനായി ഈ ഒരു തുക പര്യാപ്തമായിരിക്കില്ല. അത് കൊണ്ട് നമുക്കുള്ള ബേസ് പോളിസിയുടെ മേല്‍ കുറഞ്ഞത് പത്ത് ലക്ഷം എങ്കിലും ഒരു ടോപ് അപ്പ് എടുക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും . പ്രത്യേകിച്ച് നിങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക നീക്കിയിരിപ്പ് ഇല്ലാത്തപ്പോഴും ഉണ്ടാക്കിയിട്ടുള്ള സമ്പാദ്യം ആശുപത്രിയില്‍ ചിലവാക്കാതെ സൂക്ഷിക്കാം എന്നുള്ളതുകൊണ്ടും. ഈ ഒരു കാര്യം എത്രയും പെട്ടെന്ന് ചെയ്യുന്നത് നല്ലതായിരിക്കും. അടിസ്ഥാന പോളിസിയെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ടോപ് അപ്പ് ന് പ്രീമിയം വളരെ കുറവായിരിക്കും താനും.

ജോയിന്‍റ് അക്കൗണ്ട്

സാധിക്കുമെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ജോയിന്‍റ് അക്കൗണ്ടില്‍ പണം കരുതുക. രണ്ട് പേര്‍ക്കും അനായാസം പണം പിന്‍വലിക്കാവുന്ന രീതിയിലാവണം അക്കൗണ്ട് . കൂടാതെ സ്ഥിരനിക്ഷേപങ്ങളും മറ്റ് വേഗത്തില്‍ പിന്‍വലിക്കാവുന്ന നിക്ഷേപങ്ങളില്‍ ജീവിതപങ്കാളിയേയോ കുടുംബത്തിലെ മറ്റൊരാളെയും കൂടി കക്ഷി ചേര്‍ക്കുക. അപ്പോള്‍ ഒരു അത്യാവശ്യഘട്ടത്തില്‍ പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇത് കൂടാതെ പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കുന്ന രീതിയിലുള്ള നിക്ഷേപങ്ങള്‍ അത്യാവശ്യ ഘട്ടത്തിലേക്ക് ഉപയോഗിക്കാന്‍ ഉണ്ടെന്നുറപ്പുവരുത്തുക . നിങ്ങളുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ജീവിത പങ്കാളിയെ അറിയിക്കുന്നത് നല്ലതാണ് . അതിന്‍റെ ഏറ്റവും പുതിയ വിവരവും ഉണ്ടായിരിക്കണം

മൊറൊട്ടോറിയം

മുന്‍പ് മൊറൊട്ടോറിയം എടുക്കാതിരുന്നവര്‍ക്കായി ആര്‍.ബി.ഐ കഴിഞ്ഞ ദിവസം ചില നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നിരുന്നു. മൊറൊട്ടോറിയം എന്നാല്‍ നാം വായ്പയുടെ തിരിച്ചടവില്‍ ഒരു അവധി എടുക്കുക എന്നാണ് അര്‍ത്ഥം. രണ്ട് വര്‍ഷം വരെ വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും മൊറൊട്ടോറിയം തിരഞ്ഞെടുക്കാം. നിങ്ങള്‍ വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും മൊറൊട്ടോറിയം തിരഞ്ഞെടുക്കാം. ഇതിനായി ബാങ്ക് ചില മാനദണ്ഡങ്ങള്‍ പറഞ്ഞിട്ടുണ്ട്. മൊറൊട്ടോറിയം വഴി ലാഭിക്കുന്ന തിരിച്ചടവ് തുക ചിലവാക്കി കളയാതെ അത്യാവശ്യ കാര്യങ്ങള്‍ക്കായി ബാങ്കില്‍ തന്നെ കരുതാംള

സാമ്പത്തിക സാക്ഷരത

കുടുംബനാഥന്‍ / നാഥ മികച്ച സാമ്പത്തിക സാക്ഷരത നേടി കുടുംബത്തിലെ മറ്റുള്ളവരെയും പ്രബുദ്ധരാക്കേണ്ടത് ഈ അവസരത്തില്‍ അത്യാവശ്യമാണ്. ചിലവിന്‍റെ കാര്യത്തിലും നിക്ഷേപങ്ങളുടെ കാര്യത്തിലും അറിവും അച്ചടക്കവും പാലിക്കേണ്ടതും അത് ഉറപ്പ് വരുത്തേണ്ടതും കുടുംബം നയിക്കുന്നവരുടെ ചുമതലയാണ്. വലിയ ചിലവുകളും വന്‍കിട നിക്ഷേപങ്ങളും ഒഴിവാക്കി കരുതലിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട സമയമാണിപ്പോള്‍. അദ്ധ്യാപകരും രക്ഷിതാക്കളും അവരുടെ കുട്ടികള്‍ക്ക് ഈ ഒരു അവസരത്തില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഇങ്ങനെ ഒരു ഘട്ടം വരുമ്പോള്‍ അതിനെ എങ്ങനെ അതിജീവിക്കണം എന്ന സാമ്പത്തിക അവബോധവും നല്‍കണം. ഈ ഒരു വിപത്തിനെ സാമ്പത്തികമായും മാനസികവുമായി തങ്ങള്‍ എങ്ങനെയാണ് നേരിടുന്നതെന്നും അതിന് അവര്‍ അഭിമുഖീകരിക്കുന്ന വിഷമതകള്‍ എന്താണെന്നും മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം .

ഒരു അത്യാവശ്യ ഘട്ടം വരുമ്പോള്‍ പ്രായോഗിക ചിന്തയിലൂടെ അതിനെ നേരിടേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. എല്ലാ ദിവസവും ഒരു പത്തു മിനിറ്റെങ്കിലും വീട്ടില്‍ എല്ലാവരും ഒത്തുകൂടി സ്വന്തം കുടുംബത്തിന്‍റെ സ്ഥിതിഗതികളൂം സംഭവങ്ങളും വിലയിരുത്തുകയും എപ്പോഴും ജാഗരൂകരായിരിക്കുകയും വേണം. ഏതെങ്കിലും ഒരു സാമ്പത്തിക അത്യാവശ്യം വന്നാല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് കുടുംബത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അറിവുണ്ടാകണം. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here