ചിലവ് നിയന്ത്രിക്കാൻ ചില പൊടിക്കൈകൾ

0
15
Income tax

ജീവിതച്ചിലവുകൾ  നിയന്ത്രിക്കാൻ  ആകുന്നില്ല എന്നത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഒരു പരിധിവരെ ചിലവുകൾ നിയന്ത്രിച്ചു നിർത്താനാകും.  ചില ജീവിതച്ചിലവുകൾ  ഒരു പ്രത്യേക കാര്യത്തിന് വിനിയോഗിക്കുന്നതല്ലാത്തതുകൊണ്ട് തന്നെ എല്ലാതരത്തിലും ഒരു നിയന്ത്രണം കൊണ്ടുവന്നാൽ മാത്രമേ ആകെയുള്ള ചിലവ് കുറയ്ക്കാൻ ആകുകയുള്ളൂ. ഇതിനായി നിലവിലുള്ള ചിലവുകൾ ഏതൊക്കെയെന്ന് മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഇപ്പോൾ ചിലവുകൾ കൂടുതലും പേയ്മെന്റ് ആപ്പുകളും, ക്രെഡിറ്റ് കാർഡുകളും, ഓൺലൈൻ ബാങ്കിംഗ് എന്നിവ വഴി ആയതുകൊണ്ട് തന്നെ മനസ്സിലാക്കാൻ  എളുപ്പമാണ്. ഇവ പരിശോധിച്ചാൽ എവിടെയാണ്  പണം കൂടുതൽ ചെലവായിട്ടുള്ളതെന്ന് മനസിലാക്കാം.  ഇതിൽ കുറയ്ക്കാൻ പറ്റുന്ന ചിലവുകൾ ഉണ്ടെങ്കിൽ മാത്രം അത് എഴുതിവെച്ച ശേഷം വരും മാസങ്ങളിൽ ആ ചിലവുകൾ കുറയ്ക്കാൻ സാധിക്കുന്നതാണോ എന്ന് വിലയിരുത്തുക.

ചിലവുകൾ പോലെ തന്നെ വരുമാനവും കൃത്യമായി വിശകലനം ചെയ്യുക. അതിനുശേഷം കൃത്യമായ ഒരു ബഡ്ജറ്റ് ഉണ്ടാക്കുക. ബഡ്ജറ്റ് ഉണ്ടാക്കുമ്പോൾ പ്രായോഗികമായി ചെയ്യാൻ സാധിക്കുന്നതാണ് എന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ബഡ്ജറ്റും ജീവിതചിലവുകളും രണ്ട് രീതിയിൽ പോവുകയും ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരികയും ചെയ്യും.

ചിലവുകൾ കണ്ടെത്തി ശരിയായ രീതിയിലുള്ള ബഡ്ജറ്റും ശരിയാക്കി കഴിഞ്ഞാൽ അടുത്ത പടി ഇക്കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ തന്നെയാണോ പോകുന്നത് എന്നുള്ള പരിശോധനയാണ്. ബഡ്ജറ്റ് ചെയ്യുമ്പോൾ നിക്ഷേപത്തിലേക്ക് ഒരു തുക നീക്കി വെച്ചിട്ടുണ്ടാകും ഈ തുക മാസത്തിന്റെ തുടക്കത്തിൽത്തന്നെ തന്നെ മാറ്റുക. അല്ലാത്തപക്ഷം ചിലപ്പോൾ നിക്ഷേപം ശരിയായ രീതിയിൽ നടത്താൻ സാധിക്കാതെ വന്നേക്കാം. അതായത് എല്ലാ ചിലവും  കഴിഞ്ഞ് നിക്ഷേപം എന്ന രീതി മാറ്റി ആദ്യം തന്നെ നിക്ഷേപത്തിനായി ഒരു തുക നീക്കി വച്ച ശേഷം മാത്രം ആ മാസത്തെ ചിലവുകൾ മുന്നോട്ടുകൊണ്ടുപോകുക. അതുപോലെ പിഴ ഈടാക്കാൻ സാധ്യതയുള്ള തിരിച്ചടവുകൾ ആദ്യം തന്നെ ചെയ്യുക. ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് പോലുള്ള ബില്ലുകൾ, സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ തിരിച്ചടവുകൾ എന്നിവ മുടക്കം വരുത്തിയാൽ വലിയ പിഴ അടയ്ക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

തുകകൾ ചിലവഴിക്കുമ്പോൾ അടുത്ത മാസം ശമ്പളം  വരുമ്പോൾ മാനേജ് ചെയ്യാം  എന്ന ചിന്താഗതി മാറ്റി,  അതാത് മാസത്തെ ചിലവുകൾ ആ മാസത്തെ തന്നെ വരുമാനത്തിനുള്ളിൽ നിൽക്കുന്ന രീതിയിൽ ആക്കിയാൽ തന്നെ വലിയ മാറ്റങ്ങൾ സാമ്പത്തിക കാര്യത്തിൽ ഉണ്ടാകും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here