കുടുംബ ബജറ്റ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
1557
family budget
A family playing at the edge of the sea in Northumberland

നമ്മുടെ വരുമാനത്തിനനുസരിച്ച് ചിലവ് നിയന്ത്രിച്ച് നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റ് ഉണ്ടാക്കുന്നതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഭാവിയില്‍ വലിയ ബാധ്യതകള്‍ ഇല്ലാതെ തന്നെ ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താനാകും. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ വെച്ച് തയ്യാറാക്കുന്ന ബജറ്റ് അനുസരിച്ച് മുന്നോട്ട് പോകാന്‍ ആകുന്നില്ല എങ്കില്‍ അത് വെറും കണക്കുകൂട്ടലായി മാത്രം നില്‍ക്കും. ബജറ്റ് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാകും.

ആദ്യം തന്നെ നമുക്ക് ലഭിക്കാനുള്ള വരുമാനം എത്രയെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. സ്ഥിര വരുമാനം ഉള്ളവര്‍ ആണെങ്കിലും അല്ലെങ്കിലും എത്ര വരുമാനം പ്രതിമാസം ലഭിക്കുമെന്ന് കൃത്യമായ ധാരണ ഉണ്ടാക്കുകയാണ് പ്രധാനം. മാസശമ്പളം ലഭിക്കുന്നവര്‍ക്ക് ഇത് കണക്കാക്കാന്‍ എളുപ്പമായിരിക്കും. എന്നാല്‍ സ്ഥിര വരുമാനം ഇല്ലാത്തവര്‍ കൃത്യമായ വരുമാനം എത്രയെന്ന് മനസ്സിലാക്കി വേണം ബജറ്റ് തയ്യാറാക്കാന്‍. ആകെ വരുമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന ഇ പി എഫ് പോലുള്ള മറ്റു പിടുത്തങ്ങള്‍ കഴിഞ്ഞ് കയ്യില്‍ എത്ര ലഭിക്കും എന്ന് തുകയാണ്.
വരവുകള്‍ കണക്കാക്കിയാല്‍ അടുത്തത് ചിലവുകള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ചിലവുകള്‍ ഊഹിച്ച് എടുക്കാതെ യഥാര്‍ത്ഥത്തില്‍ എത്ര ചെലവ് വരുന്നുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കി ബജറ്റ് തയ്യാറാക്കുന്നതാണ് ഉചിതം. ഇന്ന് പണമായി ചിലവഴിക്കുന്നത് കുറവായതുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകളോ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റുകളോ പരിശോധിച്ചാല്‍ തന്നെ ചിലവുകളെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കും.
അതുപോലെതന്നെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള അസാധാരണ ചിലവുകളെ കുറിച്ചും ഒരു ധാരണ ഉണ്ടാവേണ്ടതാണ് ബജറ്റ് തയ്യാറാക്കുമ്പോള്‍ പ്രതിമാസ ചിലവുകള്‍ മാത്രം പരിഗണിച്ചാല്‍ പോരാ വര്‍ഷത്തിലൊരിക്കല്‍ വരുന്ന ചിലവ് കൂടി കണക്കിലെടുക്കണം.

ബജറ്റ് തയ്യാറാക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന രീതിയില്‍ വേണം തയ്യാറാക്കാന്‍. അല്ലാത്തപക്ഷം ബജറ്റ് ഒരു വഴിക്കും ചിലവ് മറ്റൊരു വഴിക്കുമായി പോകും. ഇത് ചിലപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥിതിയെ വഷളാക്കിയേക്കാം. ചിലവ് നിയന്ത്രിക്കാനാണ് ബഡ്ജറ്റ് തയ്യാറാക്കുന്നത് എങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. കുടുംബ ബജറ്റ് കൃത്യമായി തുടര്‍ന്നുകൊണ്ട് പോകണമെങ്കില്‍ കുടുംബത്തിലെ കുട്ടികളുടെ അടക്കം സഹകരണം ആവശ്യമാണ് അതുകൊണ്ട് ബജറ്റിന്‍റെ കീഴില്‍ വരുന്ന എല്ലാവരെയും പരിഗണിച്ച് ചിലവുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം

ബജറ്റ് തയ്യാറാക്കുമ്പോള്‍ വരവ്, ചിലവ,് സേവിങസ് എന്നിവ കൃത്യമായ അനുപാതത്തിലാണ് എന്ന് ഉറപ്പുവരുത്തണം. കുറഞ്ഞത് 20 ശതമാനം എങ്കിലും മിച്ചം പിടിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആയിരിക്കണം ഇത് തയ്യാറാക്കേണ്ടത്. അതുപോലെതന്നെ ബാധ്യതകളുടെ തിരിച്ചടവിന് മുന്‍ഗണന നല്‍കുകയും ചെയ്യണം. കൃത്യമായ ബജറ്റ് തയ്യാറാക്കി അതനുസരിച്ച് മുന്നോട്ട് പോകാനായാല്‍ ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉണ്ടാകാന്‍ സഹായിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here