കമ്പനികളുടെ ഗുണഗണങ്ങള്‍ പരിശോധിക്കുമ്പോള്‍

0
1702
Ladder of career for business growth and success concept. Up arrows on wooden toy blocks, hand putting wooden cube block on top pyramid.

കമ്പനികളുടെ വളര്‍ച്ച ഉറപ്പാക്കുന്നതില്‍ മാനേജ്മെന്‍റ് വഹിക്കുന്ന പങ്കിനെക്കുറിച്ചും മാനേജ്മെന്‍റ് മികച്ചതാണോ അല്ലയോ എന്ന് വിശകലനം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ ഏതെല്ലാമാണെന്നും ഓഹരിപാഠം ഇതിനോടകം ചര്‍ച്ച ചെയ്യുകയുണ്ടായി. ഗുണഗണങ്ങളുടെ വിശകലനം അഥവാ ക്വാളിറ്റിയേറ്റീവ് അനാലിസിസിന്‍റെ ഭാഗമായി നടത്തേണ്ട അടിസ്ഥാനപരമായ ഏതാനും പഠനങ്ങള്‍ കൂടെ ഒന്നു വിശദീകരിക്കാം.


ډ ബിസിനസ് മോഡല്‍: ലളിതമായി പറഞ്ഞാല്‍ കമ്പനിയുടെ വരുമാനം വരുന്നത് എങ്ങനെയെന്നും കമ്പനി ലാഭമുണ്ടാക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങളാണ് ബിസിനസ് മോഡല്‍ എന്ന പദംവഴി അര്‍ഥമാക്കുന്നത്. ബിസിനസ് മോഡല്‍ ലഘുവായതോ സങ്കീര്‍ണമായതോ ആവാം. ശക്തമായ കിടമത്സരത്തിനിടയില്‍ തങ്ങളുടെ ബിസിനസ്സ് മോഡലില്‍ കാലാനുഗതമായ മാറ്റം വരുത്തി വിപണിയിലെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കമ്പനി മാനേജ്മെന്‍റിന് കരുത്തുണ്ടാവുക എന്നതാണ് ഇവിടെ പ്രധാനം. ഉല്‍പന്നങ്ങളിലും നല്‍കി വരുന്ന സേവനങ്ങളിലും വൈവിധ്യവല്‍ക്കരണം നടത്തുകയോ ഭാവിയിലെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് നിലവിലുള്ളവയില്‍ അവശ്യമായ മാറ്റം വരുത്തുകയോ വഴി ബിസിനസ്സ് മോഡല്‍ മികച്ചതാക്കി നിലനിര്‍ത്താം. ഈ ഉദ്യമത്തില്‍ പരാജയപ്പെടുന്ന കമ്പനികള്‍ സ്വാഭാവികമായും പിന്നോക്കം പോവുന്നു. ബിസിനസ് മോഡലിന്‍റെ പ്രാധാന്യം വിവരിക്കുമ്പോള്‍ ഉദാഹരിക്കാവുന്ന ഇന്ത്യന്‍ ബ്രാന്‍ഡാണ് ഐ ടി സി എന്ന ഭീമന്‍ കമ്പനി. പതിറ്റാണ്ടുകളോളം പുകയില ഉല്‍പന്നങ്ങളില്‍ നിന്നു മാത്രം വരുമാനം നേടിവന്നിരുന്ന കമ്പനി, രാജ്യത്തെ പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കര്‍ശന നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഭാഗമായി മുഖ്യവരുമാന മാര്‍ഗം ശോഭനമല്ല എന്ന് തിരിച്ചറിയുകയും മറ്റനവധി മേഖലകളിലേക്ക് തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ടുബാക്കോ കമ്പനി അങ്ങനെ പരമ്പരാഗത ബിസിനസുമായി ബന്ധമില്ലാത്ത ഹോട്ടല്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, തുണിത്തരങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുതലായ സമസ്ത മേഖലകളിലേക്കും തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുകയുണ്ടായി. കാലാനുഗതമായി ബിസിനസ്സ് മോഡലില്‍ മാറ്റം വരുത്താന്‍ ഐ ടി സി മാനേജ്മെന്‍റ് നടത്തിയ ശക്തമായ ഇടപെടലുകളാണ് 1910ല്‍ സ്ഥാപിതമായ കമ്പനിയെ ഇന്നും തലയെടുപ്പോടെ നില്‍ക്കാന്‍ സഹായിക്കുന്നത്.


ډ മത്സര രംഗത്തെ മേല്‍ക്കോയ്മ: ബിസിനസ്സിനെ കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ പരിഗണിക്കേണ്ടതായ മറ്റൊരു പ്രധാന ഘടകം ശക്തമായി കിടമത്സരം നടക്കുന്ന ഇന്‍ഡസ്ട്രിയില്‍ കമ്പനിക്ക് മേല്‍ക്കോയ്മ നേടാന്‍ സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്. ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മറ്റു കമ്പനികളെ അപേക്ഷിച്ച് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന കമ്പനിയുടെ സ്ഥാനം മുന്‍പന്തിയിലാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മേല്‍ക്കോയ്മകള്‍ പലതരത്തിലാവാം. ബ്രാന്‍ഡിന്‍റെ സല്‍പ്പേര്, സാങ്കേതിക വൈദഗ്ധ്യത്തിലെ മികവ്, പേറ്റന്‍റ് അവകാശം, വിപണിയിലെ വര്‍ധിച്ച സാന്നിധ്യം എന്നിങ്ങനെ പലതും. ഇന്ത്യന്‍ വിപണിയിലെ ടാറ്റാ ഗ്രൂപ്പും ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ് കോര്‍പറേഷനുമെല്ലാം വിപണിയില്‍ മേല്‍ക്കോയ്മ സ്ഥാപിച്ച് പ്രശസ്തി നേടിയ ബ്രാന്‍ഡുകള്‍ക്ക് ഉദാഹരണങ്ങളാണ്.


ډ കമ്പനി നടത്തിപ്പിലെ സുതാര്യത: കോര്‍പറേറ്റ് ഗവര്‍ണന്‍സ് അഥവാ കമ്പനിയുടെ മാനേജ്മെന്‍റ്, ബോര്‍ഡ് അംഗങ്ങള്‍, കമ്പനി നടത്തിപ്പുമായി നേരിട്ട് ബന്ധമുള്ള ഗ്രൂപ്പുകള്‍ എന്നിവര്‍ പിന്തുടര്‍ന്ന് വരുന്ന നയങ്ങളും നിര്‍ദേശങ്ങളുമെല്ലാം കമ്പനിയുടെ സ്വാഭാവിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതായിരിക്കണം എന്നു മാത്രമല്ല അവ പൂര്‍ണമായും നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായതും സുതാര്യവുമായിരിക്കണം എന്നുള്ളത് വളരെ പ്രധാനമാണ്. കമ്പനി പുറത്തുവിടുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും കണക്കുകളും യഥാസമയം ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കുക, അവരുടെ അവകാശങ്ങളും അധികാരങ്ങളും കൃത്യമായി ഉപയോഗിക്കാന്‍ അവസരം നല്‍കുക, കമ്പനി നിയമം അനുശാസിക്കുന്ന ചട്ടങ്ങളും നിര്‍ദേശങ്ങളും കൃത്യതയോടെ പാലിക്കുക എന്നിവയെല്ലാം ശരിയായ കോര്‍പറേറ്റ് ഗവര്‍ണന്‍സ് നടക്കുന്നുണ്ടോ എന്നറിയാന്‍ സഹായിക്കുന്ന പരിശോധനാ സൂചകങ്ങളാണ്.


ډ സ്വതന്ത്രരായ ഡയറക്ടര്‍മാരുടെ സാന്നിധ്യം: മാനേജ്മെന്‍റിന്‍റെ പ്രകടനം നിഷ്പക്ഷമായി വിലയിരുത്താനും ഓഹരി ഉടമകളുടെ താല്‍പര്യം ശരിയായി സംരക്ഷിക്കാനും സ്വതന്ത്രരും നിഷ്പക്ഷരും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ വ്യക്തികള്‍ കമ്പനിയുടെ ഡയറക്ടേഴ്സ് ബോര്‍ഡിലുണ്ടെങ്കില്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത് വളരെ പോസിറ്റീവ് ആയസൂചനയാണ് നല്‍കുന്നത്. മികച്ച കോര്‍പറേറ്റ് ഗവര്‍ണന്‍സ് പുലര്‍ത്തിവരുന്ന ഭൂരിപക്ഷം കമ്പനികളും ഇത്തരത്തില്‍ ഇന്‍ഡിപെന്‍ഡന്‍ഡ് ഡയറക്ടര്‍മാരെ തങ്ങളുടെ ബോര്‍ഡില്‍ നിയമിച്ചിരിക്കുന്നതായി കാണാം.

കമ്പനി അനാലിസിസില്‍ ഗുണഗണങ്ങളുടെ പഠനം ഒരളവു വരെ നാം ചര്‍ച്ച ചെയ്തു. കണക്കുകളുടെയും സംഖ്യകളുടെയും വിശകലനം അടുത്ത ആഴ്ച തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here