ഓഹരി മുറിച്ച് വിൽക്കുമ്പോൾ…

0
1293
Business document report on paper and tablet with sales data and financial business growth graph on table background.

കയ്യിലുണ്ടായിരുന്ന 100 ഓഹരികള്‍ 500 ആയി ഉയര്‍ന്നു. അതേസമയം ഓഹരിയുടെ മാര്‍ക്കറ്റ് വില അഞ്ചിലൊന്നായി കുറയുകയും ചെയ്തു. കമ്പനി അതിന്‍റെ സ്റ്റോക്ക് സ്പ്ലിറ്റ് നടത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത് എന്ന പ്രാഥമിക ധാരണയുണ്ടെങ്കിലും പല നിക്ഷേപകരും സ്റ്റോക്ക് സ്പ്ലിറ്റ് എന്തിനാണ് നടത്തുന്നതെന്നും സ്പ്ലിറ്റിന് ശേഷം കമ്പനിയുടെ മൂലധന ഘടനയിലും ഓഹരി ഇടപാടുകളിലെ ലിക്വിഡിറ്റിയിലുമൊക്കെ ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമെന്നതുമൊക്കെ അന്വേഷിക്കാറുണ്ട്.

എന്താണ് സ്റ്റോക്ക് സ്പ്ലിറ്റ് ?

ഓഹരികളുടെ ഫേസ് വാല്യു കുറച്ചുകൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് ഒരു നിശ്ചിത അനുപാതത്തില്‍ കൂടുതല്‍ ഷെയറുകള്‍ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് സ്റ്റോക്ക് സ്പ്ലിറ്റ് എന്നറിയപ്പെടുന്നത്. ഫേസ് വാല്യു കുറയുന്നതിന് തുല്യ അനുപാതത്തിലാണ് ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നത് എന്നതിനാല്‍ കമ്പനിയുടെ മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ സ്റ്റോക്ക് സ്പ്ലിറ്റ് ഒരു മാറ്റവും വരുത്തുന്നില്ല.
പ്രായോഗിക തലത്തില്‍ സ്റ്റോക്ക് സ്പ്ലിറ്റ് നടക്കുന്നതെങ്ങനെയാണെന്ന് നോക്കാം. ഓഹരിയൊന്നിന് നിലവില്‍ 400 രൂപാ മാര്‍ക്കറ്റ് വിലയുള്ള ഒരു കമ്പനി അതിന്‍റെ ഫേസ് വാല്യു 10 രൂപയില്‍ നിന്നും 5 രൂപയോ 2 രൂപയോ ഒരു രൂപയോ ആക്കി കുറച്ച് സ്പ്ലിറ്റ് നടത്തുകയാണെന്നിരിക്കട്ടെ. പ്രസ്തുത കമ്പനിയുടെ 100 ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം മൂന്നു സന്ദര്‍ഭങ്ങളിലും ഓഹരിയുടെ വിലയിലും എണ്ണത്തിലും മറ്റും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്താണെന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കുന്നു.

സ്റ്റോക്ക് സ്പ്ലിറ്റ് നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ?

നിലവിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷത്തില്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം വര്‍ധിക്കുമെങ്കിലും സ്പ്ലിറ്റിന് ആനുപാതികമായി മാര്‍ക്കറ്റ് വിലയില്‍ കുറവ് വരുന്നതിനാല്‍ നിിക്ഷേപത്തിന്‍റെ ആകെ മൂല്യത്തില്‍ വലിയ വ്യത്യാസമൊന്നും വരണമെന്നില്ല. അതേസമയം ഓഹരിയുടെ വിപണി വില കുറയുന്നതു കാരണം ക്രയവിക്രയത്തിനുള്ള സാധ്യത അഥവാ ലിക്വിഡിറ്റി വര്‍ധിക്കുമെന്നൊരു ഗുണമുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ താഴ്ന്നു നില്‍ക്കുന്ന വില ഭാവിയില്‍ ഉയര്‍ന്നു പോയേക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു.

പുതുതായി വരുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആഗ്രഹമുണ്ടായിരുന്നിട്ടും ഉയര്‍ന്ന വില കാരണം വാങ്ങാന്‍ സാധിക്കാതെ പോയ ഓഹരികള്‍ സ്പ്ലിറ്റിനെ തുടര്‍ന്ന് കൈവശപ്പെടുത്താനുള്ള സന്ദര്‍ഭം വന്നുചേരുന്നു. മുകളില്‍ നല്‍കിയ ഉദാഹരണത്തിലെ 400 രൂപയുണ്ടായിരുന്ന ഓഹരി അതിന്‍റെ ഫേസ് വാല്യു 10ല്‍ നിന്നും ഒരു രൂപയാക്കി കുറച്ചപ്പോള്‍ 40 രൂപയിലേക്ക് എത്തുന്നതായി കാണാം. പുത്തന്‍ നിക്ഷേപകര്‍ക്ക് പ്രസ്തുത ഓഹരിയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇവിടെ വന്നു ചേരുന്നത്. ലിക്വിഡിറ്റി അധികമുള്ള ഓഹരികളില്‍ ഇന്‍ട്രാഡേ ട്രേഡര്‍മാരുടെ സാന്നിധ്യം വര്‍ധിക്കുമെന്നതും മറ്റൊരു അനുകൂല ഘടകമാണ്.
സ്റ്റോക്ക് സ്പ്ലിറ്റ് നടത്തിയ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ മാറ്റമുണ്ടാകില്ലെന്ന് തുടക്കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. അതേസമയം സ്റ്റോക്ക് സ്പ്ലിറ്റ് എന്ന നീക്കത്തിന്‍റെ ഫലമായി ധാരാളം ഇടപാടുകാര്‍ ഓഹരിയുമായി ബന്ധപ്പെടുന്നതിനാല്‍ കമ്പനി ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കൂടുതല്‍ ജനകീയമാകുന്നു എന്നും വിലയിരുത്താം.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here